UPDATES

ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ ഒരേയൊരു പ്രത്യയശാസ്ത്രം കള്ളപ്പണമാണ്

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനം – കള്ളപ്പണം, ചങ്ങാത്ത മുതലാളിത്തം, ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍, ഭരണഘടനയോട് പൂര്‍ണമായ അനാദരവ് തുടങ്ങിയവയുടെ എല്ലാം ഒരു വലിയ ഷോ ആയി മാറിയിരിക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് കടക്കുമ്പോള്‍ ഞങ്ങള്‍ വായനക്കാര്‍ക്ക് ഒരു ഭാരത ദര്‍ശന യാത്ര നിര്‍ദ്ദേശിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗൗരവമായ പ്രതിസന്ധിയെ അടുത്തറിയുന്നതിനായി. അത് കേരളത്തില്‍ നിങ്ങള്‍ക്ക് അനുഭവിക്കാനാവില്ല. കേരളത്തില്‍ അതിന്റെ തീരെ ചെറിയ കാര്യങ്ങളേ കാണാനാകൂ. യഥാര്‍ത്ഥ പ്രതിസന്ധിയെക്കുറിച്ച് ശരിക്ക് അറിയണമെങ്കില്‍ നിങ്ങള്‍ കേരളത്തിന് പുറത്ത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കടക്കണം. ഈ ജനാധിപത്യത്തെ തലകീഴായി മറിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രതിസന്ധി. ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായി നമ്മള്‍ ആഘോഷിക്കുന്നതിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പല ഗന്ധങ്ങളും നിറങ്ങളുമാണ്. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിന് വില കുറഞ്ഞ മദ്യത്തിന്റെ മണമാണ്.

ഉത്തര്‍പ്രദേശിലെയോ, പഞ്ചാബിലേയോ ബിഹാറിലേയോ ഒരു തിരഞ്ഞെടുപ്പ് റാലിക്ക് നിങ്ങള്‍ പോയാല്‍ മദ്യത്തിന്റെ ഈ രൂക്ഷഗന്ധമാണ് നിങ്ങളെ സ്വീകരിക്കുക. ചില പ്രദേശങ്ങളില്‍ ഇത് കഞ്ചാവിന്റെ മണമാകാം. മണമില്ലാത്ത മറ്റൊന്നുണ്ട്. എന്നാല്‍ കാര്യങ്ങളെ വിലയിരുത്താനുള്ള ഉയര്‍ന്ന ശേഷിയുള്ള അഴിമുഖത്തിന്റെ വായനക്കാരെ സംബന്ധിച്ച് വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന അത് തിരഞ്ഞെടുപ്പിലെ കള്ളപ്പണത്തിന്റെ ശക്തിയാണ്.

ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 40,000 കോടി രൂപ ചിലവായേക്കുമെന്നാണ് ഏകദേശ കണക്ക്. ഒരുപക്ഷെ ഇത് ലോകത്തെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ്. 40,000 കോടിയില്‍ 10,000 കോടി ചിലവഴിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരുമാണ്. തിരഞ്ഞെടുപ്പ് നടത്തുന്നതിനും സുരക്ഷയ്ക്കുമായി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി 50 ലക്ഷം രൂപയ്ക്കും 70 ലക്ഷം രൂപയ്ക്കും ഇടയില്‍ ചിലവാക്കാനാണ് അനുമതി. മത്സരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ചാണ് ചിലവഴിക്കുന്ന തുക നോക്കുക. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 20 ലക്ഷത്തിനും 28 ലക്ഷത്തിനുമിടയിലാണ്. സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയും അവരെ പിന്തുണക്കുന്നവരും ചിലവഴിക്കുന്നതും ഇതില്‍ ഉള്‍പ്പെടും. അതേസമയം സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയോ അതിന്റെ നേതാക്കളോ അവരുടെ പൊതുപരിപാടികള്‍ക്കായി ചിലവാക്കുന്ന തുക ഇതില്‍ പെടില്ല.

വലിയ തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവാക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ 712.48 കോടി രൂപ ചിലവാക്കിയതായാണ് ബിജെപി പുറത്തുവിട്ട കണക്ക്. കോണ്‍ഗ്രസ് ചിലവാക്കിയത് 486.21 കോടി രൂപ. എന്‍സിപി ചിലവാക്കിയത് 64.48 കോടി. ബി എസ് പി 30.06 കോടി. എല്ലാവരും കൂടി ഏതാണ്ട് 30,000 കോടി രൂപയോളം വരുമോ. പണപ്പെരുപ്പവും കൂടിയ ചിലവും കണക്കിലെടുക്കുമ്പോള്‍ 40,000 കോടി രൂപയില്‍ ചിലവ് ഒതുങ്ങുമോ. ഈ പണത്തിന്റെ ഉറവിടങ്ങള്‍ അന്വേഷിച്ചാല്‍ കോര്‍പ്പറേഷനുകളും വലിയ വ്യവസായികളും കണ്‍സ്ട്രക്ഷന്‍ മാഫിയകളും ഖനി മാഫിയകളും വെറ്റില കച്ചവടക്കാരും മറ്റ് പല തരം ബിസിനസുകളുമായി ബന്ധപ്പെട്ടവരും ഇന്ത്യന്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്ന് നിങ്ങള്‍ക്ക് മനസിലാകും. ആയിരക്കണക്കിന് കോടി രൂപയുട കള്ളപ്പണം ഇവര്‍ തിരഞ്ഞെടുപ്പിലേയ്ക്ക് ഒഴുക്കുന്നു. ജനാധിപത്യത്തിന്റെ ഈ ആഘോഷത്തെ ഒരു കള്ളപ്പണ പദ്ധതിയാക്കി മാറ്റുന്നു.

1952ലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൊത്തം ചിലവായത് 10 കോടിയിലും കുറച്ചധികം മാത്രം പണമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനം – കള്ളപ്പണം, ചങ്ങാത്ത മുതലാളിത്തം, ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍, ഭരണഘടനയോട് പൂര്‍ണമായ അനാദരവ് തുടങ്ങിയവയുടെ എല്ലാം ഒരു വലിയ ഷോ ആയി മാറിയിരിക്കുന്നു. അതുകൊണ്ട് വായനക്കാരേ, നിങ്ങള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി ഉറക്കെ വാദിക്കുന്നതിന് മുമ്പായി, ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തുന്നതിന് മുമ്പായി, നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കായി പോരാടുന്നതിന് മുമ്പായി നിങ്ങള്‍ക്ക് അറിയാമോ ഇന്ത്യന്‍ തിരഞ്ഞെടുപ്പിലെ ഒരേയൊരു പ്രത്യയശാസ്ത്രത്തിന്റെ പേര് കള്ളപ്പണം എന്നാണ് എന്ന്? ആര്‍ക്കാണോ കൂടുതലായി അതുള്ളത്, അവര്‍ക്ക് വിജയ സാധ്യത കൂടുതലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍