UPDATES

ഈ റിപ്പബ്ലിക്കിന്റെ ജനാധിപത്യ ഭാവനയുടെ അതിര്‍ത്തി നിങ്ങള്‍ എവിടെ വരയ്ക്കും?

സമാധാനപരമായ പ്രതിഷേധങ്ങള്‍, നിയമപരമായ പോരാട്ടങ്ങള്‍ ഒക്കെക്കൊണ്ട് ഇവരോട് പറയേണ്ടതുണ്ട്, നമുക്ക് സെക്‌സി ദുര്‍ഗ്ഗ കാണണോ അതോ പത്മാവതി കാണണോ എന്നൊക്കെ നമ്മള്‍ സ്വയം തീരുമാനിച്ചു കൊള്ളാം എന്ന്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഗോവയില്‍ നടക്കുന്ന 48-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞത്. ഉദ്ഘാടന ചടങ്ങില്‍ വച്ച് കേന്ദ്ര വാര്‍ത്താ, പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനി പറഞ്ഞ ചില വാക്കുകള്‍, പ്രദര്‍ശിപ്പിച്ച മനോഭാവം ചില കാര്യങ്ങള്‍ വ്യക്തമാക്കി തരുന്നുണ്ട്. അത് എന്തുകൊണ്ടാണ് നമുക്ക് സെക്‌സി ദുര്‍ഗയോ ന്യൂഡോ പത്മാവതിയോ പോലുള്ള ചിത്രങ്ങളോ, അതുമല്ലെങ്കില്‍ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനമോ ഹാസ്യമോ, ഇനി അതുമല്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമോ ഒക്കെ അധികാരത്തിലുള്ളവരുടെ ദാക്ഷിണ്യത്തിലാണ് എന്നായിരുന്നു അവര്‍ അന്നവിടെ പ്രകടിപ്പിച്ച കാര്യങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടത്. അതായത്, ഈ രാഷ്ട്രീയ വര്‍ഗത്തിന് നിങ്ങളുടെ ഭാവനയ്ക്ക് അതിര്‍ത്തികള്‍ നിശ്ചയിക്കാന്‍ പറ്റും, അല്ലെങ്കില്‍ നിങ്ങളുടെ വന്യമായ സ്വപ്നങ്ങളെ പാതിവഴിയില്‍ തച്ചുടച്ചു കളയാന്‍ സാധിക്കും.

ചടങ്ങില്‍ വച്ച് സ്മൃതി ഇറാനി പറഞ്ഞത്, ഒരുകാലത്തെ പ്രശസ്തയായ ടി.വി സീരിയല്‍ നടി കൂടിയായിരുന്നു അവര്‍, തന്നെക്കുറിച്ചുള്ള തമാശകള്‍ താന്‍ കാര്യമായെടുക്കില്ലെന്നും നിലവിലുള്ള സര്‍ക്കാര്‍ എത്രത്തോളം സഹിഷ്ണുതയുള്ളവരാണ് എന്നതിന്റെ ഉദാഹരണമാണ് അതെന്നുമായിരുന്നു. ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു, സ്മൃതി ഇറാനിയുടെ പേരിന്റെ അറ്റത്തുള്ള ഇറാനി എന്ന പേരും സംവിധായകന്‍ മജീദ് മജീദിയുടെ രാജ്യമായ ഇറാനും തമ്മിലുള്ള പേരിലെ സാമ്യം തമാശയായി ചൂണ്ടിക്കാട്ടിയതിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അവരുടെ പ്രസ്താവന.

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

ആ തമാശ അങ്ങനെ വിട്ടുകളയാന്‍ അവര്‍ തയാറായില്ല. പകരം അവര്‍ പറഞ്ഞത്, ഈ തമാശ ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നതാണെന്ന് ആര്‍ക്കെങ്കിലും തോന്നാതിരിക്കാനും അവര്‍ രാജ്കുമാര്‍ റാവുവിന്റെ കാല് തല്ലിയൊടിച്ചു എന്ന് ആരോപണം കേള്‍ക്കാതിരിക്കാനും വേണ്ടിയാണ് താന്‍ പറയുന്നത് എന്നായിരുന്നു. സത്യത്തില്‍ കാലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് റാവുവിന്റെ കാല്‍ പ്ലാസ്റ്റര്‍ ചെയ്തിരിക്കുകയായയിരുന്നു അപ്പോള്‍.

“രാജ്കുമാര്‍, നിങ്ങള്‍ ഇറാനിയെ കളിയാക്കിയെന്ന് ഈ രാജ്യത്തോടു മുഴുവന്‍ പറയാന്‍ ആഗ്രഹിക്കുന്നു… അതുമൊരു മന്ത്രിയെ… എന്നിട്ടും ഈ സര്‍ക്കാര്‍ എത്രത്തോളം സഹിഷ്ണുതയുള്ളതാണെന്ന് ഇത് തെളിയിക്കുന്നു”– തന്റെ പ്രസംഗത്തില്‍ സ്മൃതി ഇറാനി പറഞ്ഞു. “ഞാന്‍ ഇതുകൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ നടന്റെ കാല് തല്ലിയൊടിച്ചു എന്ന് ആരെങ്കിലും പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”.

കാര്യം വ്യക്തമാണ്, പരോക്ഷമായാണ് പറഞ്ഞതെങ്കിലും നിങ്ങള്‍ക്ക് ‘അനുവദിക്കപ്പെട്ടിട്ടുള്ള അതിര്‍ത്തി’ ലംഘിച്ചാല്‍ ബിജെപി പ്രവര്‍ത്തര്‍, അല്ലെങ്കില്‍ നിലവിലുള്ള സര്‍ക്കാര്‍ നിങ്ങളുടെ കാല് തല്ലിയൊടിക്കും എന്നു തന്നെ. അല്ലെങ്കില്‍ രാഷ്ട്രീയപരമായി തങ്ങള്‍ കാര്യങ്ങളെ നേരിടുന്നത് ഏതു വഴിയാണ് എന്നത് വ്യക്തമാക്കുകയായിരുന്നു അവര്‍.

സെക്സി ദുര്‍ഗ്ഗ ഇനി ഹിന്ദുത്വയെ തുളയ്ക്കുന്ന ‘S’ കത്തിയാണ് സംഘപരിവാറുകാരേ…

അതുകൊണ്ടാണ് സെക്‌സി ദുര്‍ഗ്ഗ, എതിര്‍പ്പിനെ തുടര്‍ന്ന് പേരുമാറ്റി എസ് ദുര്‍ഗ്ഗ ആയിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യപ്പെട്ടത്. അതായത്, ആ ചിത്രത്തില്‍ എന്താണ് പറയുന്നത് എന്നതിനേക്കാള്‍, അവര്‍ കണക്കാക്കുന്നത് എന്തുകൊണ്ട് ആ ചിത്രത്തിന് സെക്‌സി അയേഷ അല്ലെങ്കില്‍ സെക്‌സി മേരി എന്നു പേരിട്ടില്ല എന്നതാണ്. സെന്‍സര്‍ ബോര്‍ഡിനാകട്ടെ, ചില തെറിവാക്കുകളാണ് പ്രശ്‌നം, അല്ലെങ്കില്‍ സാങ്കേതികമായ ചില വരട്ടു ന്യായങ്ങള്‍, അല്ലാതെ അവര്‍ നല്‍കേണ്ട അനുമതിയെക്കുറിച്ചല്ല.

ജൂറി ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കുകയും ഉറപ്പായും മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രമെന്ന് വ്യക്തമാക്കുകയും ചെയ്തവയാണ് സെക്‌സി ദുര്‍ഗ്ഗയും ന്യൂഡും. എന്നാല്‍ ഇറാനിയുടെ മന്ത്രാലയം അത് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഇതിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവുണ്ടായത്. എന്നാല്‍ ഇതിനെതിരെ മന്ത്രാലയം ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഉത്തരവില്‍ മാറ്റമുണ്ടായില്ല. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ജൂറി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി പ്രഖ്യാപിക്കുക വരെയുണ്ടായി. എന്നാല്‍ തങ്ങള്‍ക്ക് വേണ്ടാത്ത ഒരു ചിത്രം ഒരു വിധത്തിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന മര്‍ക്കട മുഷ്ടിയുടെ ഭാഗമായിരുന്നു ഒടുവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ പകപോക്കല്‍.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

പത്മാവതിയുടെ കാര്യത്തിലാകട്ടെ, സിനിമ കണ്ടിട്ടില്ലെങ്കില്‍ പോലും ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരും അവരുടെ മാതൃപ്രസ്ഥാനവും തിരിച്ചറിഞ്ഞ കാര്യം, ചില ഹിന്ദു സമുദായങ്ങളുടെ പ്രത്യേകിച്ച് രാജ്പുത്തുകളുടെ, സാമുദായിക വികാരം ഉണര്‍ത്തി വിടാനുള്ള ഉപാധിയായിട്ടായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ മെച്ചപ്പെട്ട ഒന്നും എടുത്തു കാണിക്കാനില്ലാത്ത ഒരു സര്‍ക്കാരിന്റെ കണ്‍കെട്ട് വേലകള്‍. സുചിന്തിതമായ മൗനം പാലിക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളോ സകല കാര്യത്തിനും വായിട്ടലയ്ക്കുന്ന ചെറുകിട നേതാക്കളുടെ മൗനമോ ഒക്കെ ഇതിന്റെ ഭാഗം തന്നെയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഈ വഴി രക്ഷിച്ചെടുക്കാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളോ ഒന്നും ഇപ്പോഴത്തെ സര്‍ക്കാരുമായി മാത്രം ചേര്‍ത്തു കെട്ടേണ്ടതല്ല. മുന്‍കാലങ്ങളിലുണ്ടായിട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ച ചില കാര്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്യുകയാണ് അവരിപ്പോള്‍ ചെയ്യുന്നത്.

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതല്ല പ്രശ്‌നം, കൊഞ്ഞനംകുത്തി കാണിക്കരുത്: സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിക്കുന്നു

ഇന്ത്യന്‍ ഭരണഘടനയിലെ ആദ്യ ഭേദഗതി വരുന്നത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാരിന്റെ കാലത്താണ്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനയിലെ 19-ാം അനുചേ്ഛദം ഭേദഗതി ചെയ്തു കൊണ്ടായിരുന്നു ഇത്. ഇവിടെയുണ്ടായ ഒരു വൈരുദ്ധ്യം നോക്കൂ: മാധ്യമ സ്വാതന്ത്ര്യം ഉള്‍പ്പെടെ അഭിപ്രായ സ്വാതന്ത്ര്യക്കാര്യം അമേരിക്ക തങ്ങളുടെ ഭരണഘടനയില്‍ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തുകയായിരുന്നു എങ്കില്‍ അതിന് നേര്‍ വിപരീതമായിരുന്നു നമ്മുടെ രാജ്യത്ത് നടന്നത്.

ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാക്കളെ നേരിടുന്നതിന് ബ്രിട്ടീഷുകാര്‍ ഫലവത്തായി ഉപയോഗിച്ച ഒന്നായിരുന്നു രാജ്യദ്രോഹക്കുറ്റം. എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്തു പോലും ഇതൊരു Non-cognizable Offence ആയിരുന്നു. അതായത്, ഒരു മജിസ്‌ട്രേറ്റിന്റെ വാറന്റില്ലാതെ രാജ്യദ്രോഹ കുറ്റത്തിന്റെ പേരില്‍ പോലീസിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യമല്ലായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഇന്ദിരാ ഗാന്ധി ഇതൊരു Cognizable Offence ആക്കി മാറ്റി.

പൈങ്കിളി നായികയില്‍ നിന്ന് കേന്ദ്രമന്ത്രി പദത്തില്‍ വരെ എത്തിയ സ്മൃതി ഇറാനി

ഇത്രയേ ഉള്ളൂ കാര്യം: അതായത്, ഇന്ത്യക്കാര്‍ക്ക് മികച്ച സിനിമകള്‍ നിര്‍മിക്കണമെങ്കില്‍, അതുപോലുള്ള പുസ്തകങ്ങള്‍ എഴുതണമെങ്കില്‍, വസ്തുതകള്‍ വിളിച്ചു പറഞ്ഞുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനം നടത്തണമെങ്കില്‍ അവര്‍ക്കുള്ള ഏറ്റവും വലിയ തടസം നമ്മുടെ രാഷ്ട്രീയ വര്‍ഗം തന്നെയാണ്. ബ്യൂറോക്രസി അവരുടെ കൈകളിലെ വെറും കളിപ്പാവകള്‍ മാത്രം. ഇന്നും കൊളോണിയല്‍ മാനസികാവസ്ഥ പുലര്‍ത്തുന്ന, തെരഞ്ഞെടുപ്പുകള്‍ എങ്ങനെ ജയിക്കണം എന്നു മാത്രം ആലോചിക്കുന്ന ആ രാഷ്ട്രീയ വര്‍ഗം തീരുമാനിക്കും നമ്മള്‍ ഏതു സിനിമ കാണണം, ഏതു പുസ്തകം നമ്മള്‍ വായിക്കണം, ഇനി അതിനുമപ്പുറം നമ്മുടെ സ്വപ്നങ്ങള്‍ക്ക് എവിടെ വരെ പരിധിയാകാം എന്നു വരെ. കാഞ്ച ഇളയ്യ എന്ന സാമൂഹിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമൊക്കെയായ മനുഷ്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ പുസ്തകത്തിന്റെ പേരില്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലുമാകാതെ കഴിയുന്നതും നമ്മുടെ കണ്‍മുന്നിലാണെന്ന് ഓര്‍ക്കണം.

അതുകൊണ്ട്, പൊതുജനം, എന്നും ഈ രാഷ്ട്രീയ വര്‍ഗത്തെ തിരുത്താന്‍ ആര്‍ജ്ജവം കാണിച്ചവര്‍, മുന്നിട്ടിറങ്ങേണ്ടതുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങള്‍, നിയമപരമായ പോരാട്ടങ്ങള്‍ ഒക്കെക്കൊണ്ട് ഇവരോട് പറയേണ്ടതുണ്ട്, നമുക്ക് സെക്‌സി ദുര്‍ഗ്ഗ കാണണോ അതോ പത്മാവതി കാണണോ എന്നൊക്കെ നമ്മള്‍ സ്വയം തീരുമാനിച്ചു കൊള്ളാം എന്ന്. അവിടെ തെരഞ്ഞെടുപ്പ് നമ്മുടേതാണ്. ഒരുകൂട്ടം പടുവിഡ്ഡികള്‍ക്ക് തീരുമാനിക്കാനുള്ളതല്ല ഒരു സമൂഹത്തിന്റെ ഭാവനാത്മകമായ ജീവിതം.

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍