UPDATES

മുന്നോക്ക സംവരണം എന്ന തെരഞ്ഞെടുപ്പ് അജണ്ട ഭരണഘടനയെ ചോദ്യം ചെയ്യുമ്പോള്‍

2019 മുന്‍ നിര്‍ത്തിയുള്ള ഈ രാഷ്ട്രീയ നീക്കത്തെ പരിശോധിക്കാനുള്ള ഏക സാധ്യത നിലനില്‍ക്കുന്നത് സുപ്രീം കോടതിയിലാണ്- എഡിറ്റോറിയല്‍

ഏതെങ്കിലുമൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനോട് സംസാരിച്ചു നോക്കുക, മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയുമായി സഖ്യം ഉണ്ടാക്കുന്ന കാര്യത്തില്‍ അത്ര വലിയ താത്പര്യമൊന്നും തങ്ങള്‍ പ്രകടിപ്പിക്കാത്തതിന്റെ കാരണം, ഒരുപക്ഷേ, അയാള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മായാവതിയുടെ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാകാതിരുന്നതിന്റെ കാരണങ്ങള്‍ അവര്‍ ന്യായീകരിക്കുകയും ചെയ്യും, ഒപ്പം, യുപിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടായില്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാട് വ്യക്തമാക്കുകയും ചെയ്യും.

അതിന്റെ കാരണം, കോണ്‍ഗ്രസ് വിശ്വസിക്കുന്നതും ഒപ്പം കണക്കുകള്‍ കാണിക്കുന്നതും, ഒരു കാര്യമാണ്. അതായത്, വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ ബിജെപിയുടെ കോര്‍ വോട്ട് ബാങ്കായിരുന്ന വലിയൊരു ശതമാനം മുന്നോക്ക ജാതിക്കാര്‍ അടുത്ത കാലത്ത് അവരെ വിട്ടകന്നിരിക്കുന്നു. അതിന് നിരവധി കാരണങ്ങളുണ്ട്. കച്ചവടക്കാരെ വന്‍ കുഴപ്പത്തില്‍ കൊണ്ടു ചാടിച്ച നോട്ട് നിരോധനം മുതല്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതും, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രം തടയല്‍) നിയമത്തിന് അനുകൂലമായി ബിജെപി നിലപാടെടുത്തതിലൂടെ ദളിത് വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമൊക്കെ അതിന്റെ കാരണങ്ങളാണ്.

കുറച്ചു ദശകങ്ങള്‍ക്ക് ശേഷമാണ് ബിജെപിയെ വിട്ട് ഈ മുന്നോക്ക ജാതിക്കാര്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നത്. ആ പ്രവണത തുടര്‍ന്നാല്‍ ബിജെപിക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ 150 സീറ്റിലെങ്കിലും കുറവുണ്ടാകും എന്നാണ് കണക്കുകള്‍. അതായത്, അത് ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിക്കും എന്നു സാരം.

Also Read: ഉയർന്ന ജാതിവിഭാഗങ്ങൾക്ക് 10% സാമ്പത്തിക സംവരണം നടപ്പിലാക്കാൻ മോദി; കാബിനറ്റ് അംഗീകാരമായി; ഇനി ഭരണഘടനാ ഭേദഗതി

രാഷ്ട്രീയത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പൊതുവെ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താത്പര്യമില്ലാത്ത കാര്യമാണ്. അത് കോണ്‍ഗ്രസ് ആകട്ടെ, ബിജെപിയാകട്ടെ. ജനാധിപത്യത്തേയും സമൂഹത്തെയും സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകള്‍ അത്രത്തോളം ഇടുങ്ങിയതാണെന്ന് നാം നിരവധി വേളകളായി കണ്ടു കൊണ്ടിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പ് എങ്ങനെ വിജയിക്കാം എന്നതാണ് അവരുടെ ഏറ്റവും വലിയ വേവലാതി, അതിനായി അവര്‍ എന്തും ചെയ്യും. നരേന്ദ്ര മോദിയാകട്ടെ, ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിനായി ഏതു പുതിയ മാര്‍ഗവും സ്വീകരിക്കും. ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ പുലര്‍ത്തേണ്ട സാമൂഹിക പ്രതിബദ്ധതകളൊക്കെ കാറ്റില്‍പ്പറത്തി ഏതു വിധത്തിലുമുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം സ്വീകരിക്കുകയും ചെയ്യുന്നതിന് നാം നിരവധി തവണ സാക്ഷികളായിട്ടുമുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ, തിങ്കളാഴ്ച മോദി സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയം. അതായത്, മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, ഇതുവരെ സംവരണ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് മാത്രം ഉണ്ടായതാണ്, അതിനു പിന്നില്‍ മറ്റൊരു കാര്യവുമില്ല. കാരണം, ഈ സംവരണം കൂടി വരുന്നതോടെ രാജ്യമൊട്ടാകെയുള്ള വിവിധ വിഭാഗങ്ങള്‍ ഇതിന്റെ പരിധിയില്‍ വരികയും സംവരണം ഏര്‍പ്പെടുത്തിയത് ഏത് ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണോ അത് അര്‍ഹിക്കുന്നവര്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കാതെ വരികയും ചെയ്യും.

Also Read: എവിടെയാണ് ശൂദ്രർ? നായര്‍, ജാട്ട്, പട്ടേല്‍, യാദവ്… നവബ്രാഹ്മണ്യ വക്താക്കളോ അവരിന്ന്? കാഞ്ച ഐലയ്യ എഴുതുന്നു

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ കുറവുള്ള എല്ലാ മതവിഭാഗങ്ങളിലും പെട്ട മുന്നോക്ക ജാതിക്കാര്‍ക്കാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന സംവരണം ലഭിക്കുക. അഞ്ചേക്കറില്‍ കുറവ് കൃഷിസ്ഥലം ഉള്ളവര്‍, വീട് 1000 ചതുശ്ര അടിയില്‍ കുറവുള്ളവര്‍, അല്ലെങ്കില്‍ മുന്‍സിപ്പല്‍ മേഖലയില്‍ 100 അടിയില്‍ കുറവ് സ്ഥലമുള്ളവര്‍, മുന്‍സിപ്പല്‍ മേഖലയില്‍ അല്ലാതെ 200 അടിയില്‍ കുറവ് സ്ഥലമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ബില്ലില്‍ സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഇത് അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തിയുള്ള ഒരു ഗിമ്മിക്ക് മാത്രമായി തീരാനുള്ള സാധ്യതകളും ഉണ്ട്. അതിന് നിവരധി കാരണങ്ങളുമുണ്ട്.

ഇത്തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റി മറിച്ച ഒരു നീക്കമുണ്ടായത് വി.പി സിംഗിന്റെ കാലത്താണ്. 1990-ല്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കാനുള്ള മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് മേല്‍ മേല്‍ക്കൈ നേടുക എന്നതും വി.പി സിംഗിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ അത് തുണച്ചില്ല. ഇതിന് സമാന്തരമായി സംഭവിച്ചത് മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തെക്കൂടി തങ്ങള്‍ക്കുള്ള വളക്കൂറുള്ള ഒന്നാക്കി മാറ്റി ബിജെപി അയോധ്യാ പ്രക്ഷോഭം തുടങ്ങിവയ്ക്കുകയും രഥയാത്ര അടക്കമുള്ളവ നടത്തുകയും ബാബറി മസ്ജിദ് പൊളിക്കുകയും അതുവഴി ഇന്ത്യന്‍ മതേതരത്വത്തിന് മേല്‍ എക്കാലത്തും വലിയ പ്രഹരമായി അത് മാറുകയും ചെയ്തു എന്നതാണ്.

Also Read: ബനിയ മൂലധനത്തിന്റെ സേവകനായാണ്, അല്ലാതെ ശൂദ്ര പ്രതിനിധിയായല്ല മോദി അധികാരത്തിലെത്തുന്നത്: കാഞ്ചാ ഐലയ്യ- ഭാഗം 2

മോദി സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഭരണഘടനാ ഭേദഗതി ആദ്യം ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത് സുപ്രീം കോടതിയില്‍ തന്നെയായിരിക്കും.

1962-ലെ M R Balaji And Others vs State Of Mysore കേസില്‍ സുപ്രീം കോടതി അടിവരയിട്ട് പറയുന്നത് ഇങ്ങനെയാണ്. “പൊതുവായും ഒപ്പം മൊത്തത്തിലും പറയുമ്പോള്‍ സംവരണം എന്നത് 50 ശതമാനത്തില്‍ താഴെ നില്‍ക്കണം”. മണ്ഡല്‍ വിധി (Indra Sawhney Etc vs Union Of India And Others (1992)യിലും സുപ്രീം കോടതി ഈ ഉത്തരവ് ശരിവയ്ക്കുകയാണ് ഉണ്ടായത്.

ഈ മണ്ഡല്‍ വിധിയില്‍ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഒരു സുപ്രധാന ചോദ്യത്തിന് ഉത്തരം പറയുന്നുണ്ട്. ചോദ്യം ഇതായിരുന്നു: “സാമ്പത്തിക സ്ഥിതിയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ പിന്നോക്കക്കാര്‍ എന്ന് അടയാളപ്പെടുത്താന്‍ സാധിക്കുമോ?”

അതിന്റെ ഉത്തരം കോടതി പറഞ്ഞത് ഇങ്ങനെയാണ്: “സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു വിഭാഗത്തെ പിന്നോക്കമായി അടയാളപ്പെടുത്താന്‍ സാധിക്കുകയില്ല”.

“ഇക്കാര്യം പരിഗണിക്കേണ്ടത്, അല്ലെങ്കില്‍ മറ്റുള്ള കാര്യങ്ങള്‍ക്കൊപ്പം പരിഗണിക്കേണ്ടത്, സാമൂഹികമായ പിന്നോക്കാവസ്ഥയുടെ കൂടി അടിസ്ഥാനത്തിലായിരിക്കണം സംവരണം നിശ്ചയിക്കേണ്ടത്. എന്നാല്‍ അതു മാത്രം അടിസ്ഥാനമാക്കിയാല്‍ പോര താനും. ഇതാണ് ഈ കോടതിക്ക് ഇക്കാര്യത്തില്‍ പൊതുവായി പറയാനുള്ളത്”, ജസ്റ്റിസ് ബി.പി ജീവന്‍ റെഡ്ഡി എഴുതിയ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കുന്നു.

Also Read: ബനിയകളെന്ന സാമൂഹിക കൊള്ളക്കാരും ബ്രാഹ്മണരെന്ന ആത്മീയ ഫാസിസ്റ്റുകളും; കാഞ്ച ഐലയ്യ പ്രതികരിക്കുന്നു

ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 സംവരണം അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാകണം, ഒപ്പം, ഇരു സഭകളിലുമുള്ള അംഗസംഖ്യയുടെ പകുതിയെങ്കിലും ആ സമയത്ത് അവിടെ ഉണ്ടായിരക്കണം, പകുതിയില്‍ അധികം സംസ്ഥാന സര്‍ക്കാരുകള്‍ ഇത് അംഗീകരിക്കണം എന്നിങ്ങനെയുള്ള കടമ്പകള്‍ കൂടി കടക്കണം. അതിനു പുറമെയാണ് സുപ്രീം കോടതിയില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി. അതിന്റെ കാരണം, മേല്‍പ്പറഞ്ഞ വിധി ന്യായങ്ങള്‍ക്ക് പുറമെ കേശവനന്ദ ഭാരതി കേസില്‍ 11 അംഗ ബഞ്ച് പറഞ്ഞ വിധിയും പുതിയ സംവരണ നീക്കത്തിന് എതിരാണ് എന്നതാണ്. അതായത്, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കുന്ന ഭരണഘടനാ ഭേദഗതികള്‍ നിലനില്‍ക്കുന്നതല്ല (ultra virus) എന്നാണ് ആ ബഞ്ച് നിരീക്ഷിച്ചത്. പാര്‍ലമെന്റിനോ മറ്റ് നിയമനിര്‍മാണ സഭകള്‍ക്കോ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കാന്‍ അധികാരമില്ലെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 വ്യവസ്ഥ ചെയ്യുന്ന തുല്യതയെ തകര്‍ക്കലായിരിക്കും അതെന്നുമാണ് കോടതി വ്യക്തമാക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും മോദി സര്‍ക്കാരിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കാന്‍ സാധ്യത. അതുകൊണ്ടു തന്നെ 2019 മുന്‍ നിര്‍ത്തിയുള്ള ഈ രാഷ്ട്രീയ നീക്കത്തെ പരിശോധിക്കാനുള്ള ഏക സാധ്യത നിലനില്‍ക്കുന്നതും കോടതിയിലായിരിക്കും.

Also Read: സ്വന്തം അധ്വാനത്തിന് വില കല്‍പ്പിക്കാത്ത ശൂദ്രര്‍ എന്ന ബ്രാഹ്മണരുടെ ആത്മീയ, സാമൂഹ്യ, രാഷ്ട്രീയ അടിമകള്‍: കാഞ്ച ഐലയ്യ- ഭാഗം 3

സംവരണം ഔദാര്യമല്ല; കീഴാള ജനതയുടെ അവകാശമാണ്

പാഠം ഒന്ന്: സംവരണം ദാരിദ്ര്യനിർമ്മാർജ്ജനത്തിനല്ല

ജാതി സംവരണത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയം; 1997-ലെ യെച്ചൂരിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാകുന്നത് എങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍