UPDATES

സിവില്‍ സര്‍വിസിനെ തൊഴുത്തില്‍ കെട്ടാന്‍ മോദി; ഫൗണ്ടേഷന്‍ കോഴ്സ് എന്തിന് വേണ്ടി?

പ്രധാനമന്ത്രിയുടെ ഓഫീസും ഈ തീരുമാനത്തിന്റെ ഉദ്ദേശവും യുക്തിയും വിശദീകരിച്ചിട്ടില്ല. മോദി സര്‍ക്കാരിന്റെ താല്‍പര്യാനുസൃതമായി പ്രവര്‍ത്തിക്കുന്ന പുതിയ റിക്രൂട്ടുകളെ ദേശീയ തലസ്ഥാനത്തേക്ക് കൊണ്ടുവരുകയാണ് പ്രധാന ലക്ഷ്യമെന്നാണ് സൂചന.

സിവില്‍ സര്‍വിസ് പരീക്ഷയുടെ മതിപ്പ് നശിപ്പിക്കുന്ന തരത്തില്‍ ആശങ്കയുണ്ടാക്കുന്ന നീക്കമാണ് അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍വീസ്, കേഡര്‍ അലോക്കേഷനിലും മറ്റും മാറ്റം വരുത്തും. വിവിധ സംസ്ഥാന കേഡറുകളെ നിയന്ത്രിക്കുന്ന മന്ത്രിസഭകളുടെ അഭിപ്രായം ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തേടിയിട്ടുണ്ട്. പ്രൊബേഷനിലുള്ളവര്‍ക്ക് മൂന്ന് മാസത്തെ ഫൗണ്ടേഷന്‍ കോഴ്‌സിന് ശേഷം മാത്രമേ സര്‍വീസും കേഡറും അനുവദിക്കാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശം. യു പി എസ് സി എക്‌സാമിന്റേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലല്ല, പകരം ഫൗണ്ടേഷന്‍ കോഴ്‌സിന്റെ അടിസ്ഥാനത്തില്‍. സിവില്‍ സര്‍വീസിനെ കൂടുതലായി കേന്ദ്ര സര്‍ക്കാരിന്റെ ഉപജാപങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണിത് എന്നാണ് വിലയിരുത്തല്‍.

നിലവിലെ ചട്ടമനുസരിച്ച് ഇന്റര്‍വ്യൂവില്‍ യോഗ്യത നേടുന്നവര്‍ക്ക് ഉടന്‍ തന്നെ യു പി എസ് സി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സര്‍വീസും കേഡറും അലോക്കേറ്റ് ചെയ്യുന്നു. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ റെവന്യു സര്‍വീസ് (ഐആര്‍എസ്) അടക്കം 24 അഖിലേന്ത്യ സര്‍വീസുകളിലേയ്ക്ക്. പുതിയ നിര്‍ദ്ദേശം നടപ്പാക്കപ്പെടുകയാണെങ്കില്‍ ഉന്നതനിലവാരമുള്ള പരീക്ഷയും ഇന്റര്‍വ്യൂവും പാസാകുന്നവര്‍ പിന്നെയും മൂന്ന് മാസത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് തീരും വരെ കാത്തുനില്‍ക്കേണ്ടി വരും. ഏറ്റവും മോശപ്പെട്ട കാര്യം എന്താണെന്ന് വച്ചാല്‍ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ നിയന്ത്രിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ക്കുള്ള ഫൗണ്ടേഷന്‍ കോഴ്‌സ് തീരുമാനിക്കുന്ന അക്കാഡമികളോ ഇവരുടെ കരിയര്‍ തീരുമാനിക്കും എന്നതാണ്. ഫൗണ്ടേഷന്‍ കോഴ്‌സ് നടത്തുന്ന അക്കാഡമികളുടെ ഡയറക്ടര്‍മാര്‍ നിലവില്‍ സര്‍വീസിലുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായിരിക്കും. സിവില്‍ സര്‍വീസ് റാങ്ക്, സീനിയോറിറ്റി, കേഡര്‍ ഇതെല്ലാം സര്‍ക്കാരിന്റെ ഉപജാപത്തിനവായി തുറന്നിടാനുള്ള വഴിയാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ ശക്തമായി എതിര്‍ത്ത് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും തമിഴ്‌നാട് പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരമായി ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദലിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അതേസമയം പേഴ്‌സണല്‍ മന്ത്രായത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിംഗിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞത് നിര്‍ദ്ദേശം പരിഗണനയിലാണെന്നും എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും ഈ തീരുമാനത്തിന്റെ ഉദ്ദേശവും യുക്തിയും വിശദീകരിച്ചിട്ടില്ല. മോദി സര്‍ക്കാരിന്റെ താല്‍പര്യാനുസൃതമായി പ്രവര്‍ത്തിക്കുന്ന പുതിയ റിക്രൂട്ടുകളെ ദേശീയ തലസ്ഥാനത്തേക്ക് കൊണ്ടുവരുകയാണ് പ്രധാന ലക്ഷ്യമെന്നാണ് സൂചന.

പുതിയ കേഡര്‍ അലോക്കേഷന്‍ നയവും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. സര്‍വീസുകള്‍ പ്രാദേശികവത്കരിക്കപ്പെടാതെ ദേശീയ സ്വഭാവത്തില്‍ മുന്നോട്ട് പോകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം. സ്വന്തം സംസ്ഥാനം മാറ്റി നിര്‍ത്തി, വിവിധ സംസ്ഥാനങ്ങളുടെ ഓപ്ഷന്‍ കേഡര്‍ തിരഞ്ഞെടുക്കാനായി നല്‍കും. കേഡറിനെ അഞ്ച് സോണുകളാക്കി തിരിക്കും. പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞയാഴ്ച ഈ നിര്‍ദ്ദേശവുമായി കേഡറുകളെ നിയന്ത്രിക്കുന്ന മന്ത്രാലയങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം എന്നാണ് ഡിഒപിടി പറയുന്നത്. പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് ഡിഒപിടിയുടെ ആവശ്യം. അങ്ങനെയെങ്കില്‍ ഈ വര്‍ഷം തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാമെന്ന് പറയുന്നു. ഒരാഴ്ചക്കുള്ളില്‍ മറുപടി അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിഒപിടിയുടെ കത്ത്:

സിവില്‍ സര്‍വീസ് പരീക്ഷയുടേയും ഫൗണ്ടേഷന്‍ കോഴ്‌സിന്റേയും കൂടി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് അലോക്കേറ്റ് ചെയ്യുന്നതിന്റെ പ്രായോഗിക സാധ്യതകള്‍ പരിശോധിക്കാനാണ് ആവശ്യം. അതേസമയം ഫൗണ്ടേഷന്‍ കോഴ്‌സില്‍ എങ്ങനെയാണ് മികവ് പരിശോധിക്കുക, എന്തായിരിക്കും അതിന്റെ മാനദണ്ഡം എന്ന് ഡിഒപിടിയുടെ കത്ത് വ്യക്തമാക്കുന്നില്ല. ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഭാഗമായി നടത്തുന്ന ഏതെങ്കിലും ഒബ്ജക്ടീവ് എക്‌സാം മാത്രമാണോ പെര്‍ഫോമന്‍സിന്റെ മൂല്യനിര്‍ണയം നടത്തുക, അതോ മറ്റ് ഘടകങ്ങള്‍ ഫാക്കല്‍ട്ടിയോ അക്കാഡമിയിലെ ഉദ്യോഗസ്ഥരോ പരിശോധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ട് ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍