UPDATES

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

പൊതുജീവിതത്തിലെ ധാര്‍മികത എത്രത്തോളം ഇല്ലാതായി കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൊലപാതക, പിടിച്ചുപറി കേസുകളില്‍ ആരോപണ വിധേയനായ അമിത് ഷായെ ബി.ജെ.പി അധ്യക്ഷനായി നിയമിച്ചത്.

കോണ്‍ഗ്രസ് അത് വീണ്ടും തെളിയിക്കുകയാണ്, തങ്ങള്‍ കുടുംബാധിപത്യ വാഴ്ചയില്‍ നിന്ന് അണുവിട മാറാന്‍ തയാറല്ലെന്ന കാര്യം. കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ച് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ നടിക്കുന്നുവെങ്കില്‍ പോലും യാഥാര്‍ത്ഥ്യം അതല്ലല്ലോ.

ഇപ്പോള്‍ പുറത്തു വരുന്നത് റിപ്പോര്‍ട്ടുകളനുസരിച്ച് രാഹുല്‍ ഗാന്ധി അടുത്തു തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും. അത് എന്തുകൊണ്ടാണ് എന്നതിന്റെ ഉത്തരം: രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും മകനും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊച്ചു മകനും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രപ്രൗത്രനുമാണ് എന്നതാണത്.

തിങ്കളാഴ്ച സോണിയാ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വച്ച് പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സമയക്രമങ്ങള്‍ തീരുമാനിക്കും.

സംഘടനാ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് വിവിധ തീയതികള്‍ കൈമാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, പത്രികാ സമര്‍പ്പണം, പിന്‍വലിക്കല്‍, സൂക്ഷ്മപരിശോധന, തെരഞ്ഞെടുപ്പ് തുടങ്ങിയവ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന വിധത്തിലാണിത്.

പരിഹാസ്യമായ ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിക്കും.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒമ്പതിനു മുമ്പ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. നവംബര്‍ ഒടുവില്‍ തന്നെ രാഹുല്‍ ചുമതലയേല്‍ക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നുണ്ട്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി കഴിഞ്ഞാല്‍ സോണിയാ ഗാന്ധിക്ക് പാര്‍ട്ടിയിലുള്ള റോള്‍ എന്തായിരിക്കും എന്ന കാര്യത്തില്‍ പ്രവര്‍ത്തക സമിതി തീരുമാനമെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ തലപ്പത്തു തന്നെ സോണിയാ ഗാന്ധിയുണ്ടാവുമെന്നുംം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി അവര്‍ തുടരുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

1998-ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ സോണിയാ ഗാന്ധി ആ പാര്‍ട്ടിയുടെ അധ്യക്ഷ പദവി ഏറ്റവും കൂടുതല്‍ കാലം വഹിക്കുന്ന ആളുകൂടിയാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം സംബന്ധിച്ചും പ്രവര്‍ത്തക സമിതി കൂടുന്നതു സംബന്ധിച്ചുമുളള കാര്യങ്ങള്‍ ഏറെ നാളായി പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചാ വിഷയമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ രാഹുല്‍ ഗാന്ധി പാര്‍ട്ടി തലപ്പത്തെത്തണമെന്ന് പ്രവര്‍ത്തക സമിതി നിര്‍ദേശിച്ചെങ്കിലും തെരഞ്ഞെടുപ്പ് വഴി അവിടേക്ക് എത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ് ആ പാര്‍ട്ടിയെ ആരു നയിക്കുന്നു എന്നത് എങ്കിലും ഇന്ത്യ ഒരു ലിബറല്‍ ജനാധിപത്യത്തിലേക്ക് കടക്കുന്നതിനെ പുറകോട്ടു പിടിച്ചു വലിക്കുന്ന പലവിധ കാര്യങ്ങളിലൊന്നു കൂടിയാണ് ആ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് എന്നു പറയേണ്ടി വരും. കാരണം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിരവധി കുടുംബ വാഴ്ചയുടേയും പ്രഭുജനാധിപത്യത്തിന്റേയും വലിയൊരു പ്രാതിനിധ്യം കൂടിയാണ് ആ പാര്‍ട്ടി. ഏതാനും കുടുംബങ്ങളുടേയും മക്കള്‍-ബന്ധുക്കളുടേയും പിടിയില്‍ നില്‍ക്കുന്ന പാര്‍ട്ടി. അല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് തന്നെ നോക്കൂ, എത്ര പേരുടെ മക്കള്‍, ബന്ധുക്കള്‍ ഇവര്‍ക്കൊക്കെയാണ് മറ്റ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ പ്രാധാന്യം ആ പാര്‍ട്ടിയില്‍ ലഭിക്കുന്നത് എന്ന്.

ഗുജറാത്തില്‍ ജയിക്കാന്‍ പോകുന്നത് മോദിയുടെ സംഘടനാ കരുത്തോ അതോ രാഹുലിന്റെ പ്രചാരണ തന്ത്രങ്ങളോ?

എന്നാല്‍ ഈ കുടുംബ-മക്കള്‍-ബന്ധുവാഴ്ച എന്നത് കോണ്‍ഗ്രസിന്റെ കാര്യം മാത്രമായി ഒതുക്കേണ്ടതല്ല. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണ് എന്ന് പരിഹസിച്ച് വോട്ടു തേടിയ നരേന്ദ്ര മോദിയുടെ ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല എന്നു കാണാം. ബി.ജെ.പിയില്‍ നിരവധി രണ്ടാം തലമുറ നേതാക്കള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിലെ നല്ലൊരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെയൊക്കെ മക്കള്‍ തന്നെയാണ്. യശ്വന്ത് സിന്‍ഹയുടെ മകന്‍ മുതല്‍ രാജ് നാഥ് സിംഗിന്റെ മകനും അനുരാഗ് താക്കൂറും പൂനം മഹാജനുമൊക്കെ അതിന്റെ പ്രതിനിധികളാണ്.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തെ 45 വയസില്‍ താഴെയുള്ള മൂന്നില്‍ രണ്ട് എം.പിമാരും തങ്ങളുടെ അടുത്ത ബന്ധുക്കള്‍ രാഷ്ട്രീയക്കാരായുള്ളവരായിരുന്നു. ചെറുപ്പക്കാരായ എം.പിമാര്‍ക്കാകട്ടെ, ആ സീറ്റ് കിട്ടിയത് തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും. എല്ലാ പാര്‍ട്ടികളിലും പെട്ട വനിതാ എം.പിമാരില്‍ 70 ശതമാനം പേര്‍ക്കും ഇത്തരത്തിലൊരു കുടുംബ പാരമ്പര്യമുണ്ട്.

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയാകരുത്; രാജീവ് ഗാന്ധിയും

2014-ലെ ബി.ജെ.പി വിജയത്തോടെ ഈ പ്രവണതയ്ക്ക് കുറച്ചു കുറവുണ്ടായെങ്കിലും അത് ഇല്ലാതായില്ല എന്നു കാണാം. സമാജ്‌വാദി പാര്‍ട്ടിയുടെ അഞ്ച് എം.പിമാരും ഇതിന്റെ ഭാഗമായിരുന്നു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പകുതിയിലേറെ എം.പിമാര്‍ ഇത്തരമൊരു കുടുംബവാഴ്ചയുടെ ബാക്കിയായിരുന്നു. പകുതിയില്‍ താഴെ ടി.ഡി.പി എം.പിമാരുടെ കാര്യവും അങ്ങനെ തന്നെ.

ബി.ജെ.പി എം.പിമാരുടെ കാര്യമെടുത്താല്‍ ഈ കുടുംബ വാഴ്ച കുറച്ചുകൂടി കൂടുതലാണെന്നു കാണാം- അവരുടെ 16 ശതമാനം എം.പിമാരും ഈ കുടുംബവാഴ്ച വഴി വന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസിനെ പരിഗണിച്ചാല്‍ 41 ശതമാനം എം.പിമാരും ഇത്തരത്തിലുള്ളവരാണ് എന്നു കാണാം.

ഇത്തരത്തിലുള്ള കുടുംബവാഴ്ച ജനാധിപത്യത്തിന് അപകടരമാണെങ്കിലും അതിലുമേറെ മോശവും ഗുരുതരവുമായ മറ്റൊന്നുണ്ട്. അത് പൊതുജീവിതത്തിലെ ധാര്‍മികത എത്രത്തോളം ഇല്ലാതായി കഴിഞ്ഞു എന്നതാണത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൊലപാതക, പിടിച്ചുപറി കേസുകളില്‍ ആരോപണ വിധേയനായ അമിത് ഷായെ ബി.ജെ.പി അധ്യക്ഷനായി നിയമിച്ചത്. വിചാരണ നടത്തേണ്ടതിനു പകരം ഇരുത്തിയിരിക്കുന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷ പദവിയില്‍.

ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കള്ളപ്പണത്തിന്റെ വ്യാപനത്തെക്കുറിച്ച് അധികം അത്ഭുതപ്പെട്ടിട്ടു കാര്യമില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത്രയധികം കള്ളപ്പണമൊഴുകുന്ന മറ്റൊരു രാഷ്ട്രവുമുണ്ടാകില്ല ലോകത്ത്. ഒരു ലിബറല്‍ ജനാധിപത്യത്തിലേക്ക് ഇന്ത്യ കടക്കണമെങ്കില്‍ ഇതുപോലെ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതാകട്ടെ, അങ്ങേയറ്റം ദുഷ്‌കരവുമാണ് എന്നതാണ് ഓരോ ദിവസവും തെളിയിക്കുന്നത്.

രാഹുല്‍ ഗാന്ധി തേച്ചുമിനുക്കുന്നത് തിളങ്ങുന്ന വജ്രമാകുമോ? ഡിസംബര്‍ 18-ന് അറിയാം

‘ഇത് തലയും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍’: നോട്ട് നിരോധനത്തെ കുറിച്ചുള്ള ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം-പൂര്‍ണ്ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍