UPDATES

“എത്ര കാലം അവരുടെ കളത്തില്‍ കളിക്കും”? കൈരാന പറയുന്നത്

മുസ്ലീങ്ങളും ജാട്ടുകളും ഒരേ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുന്ന മുസഫര്‍ നഗര്‍ കലാപാനന്തര കാലത്തേക്ക് കടക്കുകയാണ് പടിഞ്ഞാറന്‍ യു പി

എസ് പി-ബി എസ് പി സഖ്യം ബിജെപിയെ തോല്‍പ്പിച്ച ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയാണ് കൈരാന ഉപതെരഞ്ഞെടുപ്പും വന്നത്. കാര്യമായ ചര്‍ച്ചകള്‍ക്ക് ശേഷം ആര്‍എല്‍ഡിയും ഈ വിശാല സഖ്യത്തില്‍ ചേര്‍ന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന സമയംവരെ എസ് പി നേതാവായിരുന്ന തബസും ഹസന്‍ ബീഗം ആയിരുന്നു അവരുടെ സ്ഥാനാര്‍ത്ഥി. ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല എന്ന പതിവ് ബി എസ് പി തെറ്റിച്ചില്ല. ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണച്ചില്ലെങ്കിലും ബിജെപി വിരുദ്ധ സ്ഥാനാര്‍ത്ഥിക്കാണ് മായാവതിയുടെ പിന്തുണ എന്നത് വ്യക്തമായിരുന്നു. കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും കെട്ടിവെച്ച കാശുപോയ കോണ്‍ഗ്രസ് ഇത്തവണ മത്സരത്തിനിറങ്ങിയില്ല.

അപ്പോള്‍ ഇത് പുതിയ പരീക്ഷണമായിരുന്നു. അന്തരിച്ച മുന്‍ എം പി ഹുക്കും സിംഗിന്റെ മകള്‍ മൃഗാങ്ക സിംഗിനെ ഹിന്ദു ഏകീകരണവും സഹതാപ ഘടകവും പ്രതീക്ഷിച്ച് ബിജെപി മത്സരത്തിനിറക്കിയപ്പോള്‍, മറുവശത്ത് ജാട്ട് നേതൃത്വത്തിലുള്ള ആര്‍എല്‍ഡി എല്ലാ പ്രതിപക്ഷ കക്ഷികളും പിന്തുണച്ച ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. പ്രചാരണം നയിച്ചത് ആര്‍എല്‍ഡി നേതാവും അജിത് സിംഗിന്റെ മകനുമായ ജയന്ത് ചൌധരിയും.

ബിജെപി ഇതിനെ ഒരു ‘ഹിന്ദു-മുസ്ലീം’ തെരഞ്ഞെടുപ്പാക്കി മാറ്റുമെന്നതായിരുന്നു അയാളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് അപായസാധ്യതയല്ലേ എന്ന ചോദ്യത്തിന്, “ആ അപായം നേരിടാന്‍ തയ്യാറാകേണ്ട സമയമായി. എത്ര കാലമാണ് അവരുടെ കളത്തില്‍ കളിക്കുക?” എന്നാണ് ജയന്ത് ചൌധരി മറുപടിയായി ചോദിച്ചത്.

പക്ഷേ 2013-ന്റെ നിഴല്‍ ഇനിയും പൂര്‍ണമായും മാഞ്ഞില്ല. ചൌധരിയും ആര്‍എല്‍ഡിയും തബസുമിനെ –മുസ്ലീം സ്ഥാനാര്‍ത്ഥിയെ- ജാട്ട് മേഖലകളിലേക്ക് കൊണ്ടുപോയില്ല. ആര്‍എല്‍ഡി ജാട്ടുകളുടെ കക്ഷിയായതുകൊണ്ട് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണം എന്നാണ് ജാട്ടുകളോട് ആവശ്യപ്പെട്ടത്; ബിജെപി അവരെ വഞ്ചിച്ചെന്നും. ചരണ്‍ സിംഗിന്റെ ഓര്‍മ്മ ഉണര്‍ത്താനായി ‘ചൌധരി സാഹെബിന്റെ’ കക്ഷിക്ക് വോട്ട് ചെയ്യണം എന്നും അഭ്യര്‍ത്ഥിച്ചു. ഉപജീവന ആശങ്കകളെക്കുറിച്ച് അവര്‍ സംസാരിച്ചു. കൈരാന എന്നു ഗൂഗിളില്‍ തപ്പിയാല്‍ വര്‍ഗീയകലാപങ്ങള്‍ എന്നാണ് തെളിയുന്നതെന്ന് ജയന്ത് പറഞ്ഞു. ഈ പ്രതിച്ഛായ മാറ്റാനുള്ള സമയമായി. ജാട്ടുകള്‍ വലിയ തോതില്‍ ആര്‍എല്‍ഡിയിലേക്ക് തിരിച്ചുവന്നു എന്നാണ് കരുതേണ്ടത് ഉപതെരഞ്ഞെടുപ്പ് ഫലം കൊണ്ട് മനസിലാക്കേണ്ടത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ ആര്‍എല്‍ഡിക്കാണ് സാധ്യത എന്നു വലുതായി ബോധ്യപ്പെടുത്തേണ്ടാത്ത മുസ്ലീം പ്രദേശങ്ങളിലാണ് തബസും പ്രചാരണം നടത്തിയത്. ഇതിനൊപ്പം മായാവതിയുടെ പിന്തുണയുടെ ബലത്തില്‍ കുറച്ചു ദളിത് വോട്ടുകളും വന്നു. ബിജെപിക്ക് വളരെ ചെറിയൊരു സാമൂഹ്യ സഖ്യം മാത്രമാണ് ബാക്കി കിട്ടിയത്: ഗുജ്ജറുകള്‍ (സ്ഥാനാര്‍ത്ഥിയുടെ ജാതി); സവര്‍ണ ജാതിക്കാര്‍; ജാട്ടുകള്‍ ഒഴികെയുള്ള ഒരു വിഭാഗം ഒ ബി സി എന്നിവരുടേത്.

എന്താണ് ഇത് കാണിക്കുന്നത്

കൈരാന ഫലം ചില പ്രധാനപ്പെട്ട സൂചനകള്‍ നല്‍കുന്നു. മുസ്ലീങ്ങളും ജാട്ടുകളും ഒരേ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകുന്ന മുസഫര്‍ നഗര്‍ കലാപാനന്തര കാലത്തേക്ക് കടക്കുകയാണ് പടിഞ്ഞാറന്‍ യുപി എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ആദ്യ വസ്തുത. എന്നാല്‍ സാമൂഹ്യമായ ഐക്യം മടങ്ങിവന്നു എന്നു ഇതിനര്‍ത്ഥമില്ല. ജാട്ട്‌ മേഖലകളില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയെ വ്യാപകമായി പ്രചരിപ്പിച്ചില്ല, മുസ്ലീം മേഖലകളില്‍ സ്ഥാനാര്‍ത്ഥി പാര്‍ട്ടിയേയും എടുത്തുപറഞ്ഞില്ല എന്നതാണ് വസ്തുത. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്ന് കരുതി അഖിലേഷ് യാദവ് പ്രചാരണത്തിന് എത്തിയില്ല (ഈ മേഖലകളില്‍ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ യുപി മുഖ്യമന്ത്രി അഖിലേഷായിരുന്നു; ജാട്ടുകള്‍ ഇപ്പോഴും സംശയത്തോടെയാണ് എസ് പിയെ കാണുന്നതും). സമുദായങ്ങള്‍ തമ്മില്‍ ഇപ്പോഴും വലിയ വിടവുകളുണ്ട് എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നതും ഈ കാര്യങ്ങള്‍ തെളിയിക്കുന്നതും.

രണ്ട്, കണക്കുകളാണ് പിഴവില്ലാതെ പ്രവര്‍ത്തിക്കുന്നത്. വിഘടിച്ചു നിന്ന പ്രതിപക്ഷം ബിജെപിക്ക് ഗുണം ചെയ്യുന്നു. ഒന്നിച്ചു നില്‍ക്കുന്ന പ്രതിപക്ഷം, അസാധ്യമായ സാമൂഹ്യ സഖ്യങ്ങളും വോട്ടുകളുടെ കേന്ദ്രീകരണവും ഉണ്ടാക്കിക്കൊണ്ട് കടുത്ത രാഷ്ട്രീയ വെല്ലുവിളി സൃഷ്ടിക്കുന്നു. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് ഭാഗ്പത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പരോക്ഷമായി കൈരാനായിലെ സമ്മതിദായകരുമായി ബന്ധപ്പെട്ട പ്രശങ്ങള്‍ സൂചിപ്പിച്ചെങ്കിലും, ഒടുവില്‍ പ്രാദേശിക കണക്കുകള്‍ അതിനെയെല്ലാം മറികടന്നു. പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ജനങ്ങള്‍ വ്യത്യസ്തമായ യുക്തിയായേക്കും പ്രയോഗിക്കുക. അമിത് ഷാ ഈ വെല്ലുവിളിയെക്കുറിച്ച് ബോധവാനാണ്. അതുകൊണ്ടാണ് യുപിയില്‍ 50 ശതമാനം വോട്ടുകള്‍ നേടേണ്ടതിനെക്കുറിച്ച് അയാള്‍ പറഞ്ഞത്. എന്നാല്‍ അതായിരിക്കും 2019-ല്‍ ഷാ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഉപതെരഞ്ഞെടുപ്പു ഫലങ്ങൾ: ഇന്ത്യൻ മനസ്സ് ചായുന്നത് എങ്ങോട്ട്?

അവസാനമായി, കൈരാന തെരഞ്ഞെടുപ്പ് ആര്‍എല്‍ഡിയെ തിരികെ കൊണ്ടുവരികയും അവര്‍ക്ക് രാഷ്ട്രീയമായ ഇടം വീണ്ടും നല്കുകയും ചെയ്തിരിക്കുന്നു. പടിഞ്ഞാറന്‍ യുപിയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് ആ കക്ഷിയുള്ളത്. പക്ഷേ ഏതാണ്ട് അപ്രസക്തമാകുന്ന നിലയില്‍ നിന്നും തങ്ങള്‍ക്കിപ്പോഴും ഒരു സാമൂഹ്യ വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് അവര്‍ തെളിയിച്ചു. ലവ് ജിഹാദും’ ഹിന്ദുക്കളുടെ ‘പലായന’വും കലാപവുമൊക്കെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ഉഴുതു മറിച്ചിട്ടിരിക്കുന്ന പടിഞ്ഞാറന്‍ യുപി മേഖലയിലെ നിര്‍ണായകമായ 10 സീറ്റിലെങ്കിലും ആര്‍എല്‍ഡി നിര്‍ണായക ശക്തിയുമാണ്. 2014-ല്‍ ബിജെപി  കൊണ്ടുപോയ ജാട്ട് വോട്ടുകള്‍ തിരികെ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലുമാണ് ആ പാര്‍ട്ടി. ആര്‍എല്‍ഡിയില്‍ ഇതൊരു തലമുറ മാറ്റത്തിന്റെ ഘട്ടം കൂടിയാണ്. അജിത് സിംഗില്‍ നിന്നും മകന്‍ ജയന്ത് ചൌധരി ഇപ്പോള്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു.

യു പിയിലെ 80 സീറ്റുകള്‍ 2019-ലേക്ക് നിരത്തി വെച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ സ്വാധീനമുള്ള സംസ്ഥാനം എല്ലാ സാധ്യതകള്‍ക്കുമായി തുറന്നിരിക്കുന്നു.

കൈരാന അരക്കിട്ടുറപ്പിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത; മോദിയുടെ ‘ഫിറ്റ്‌നസ് ചാലഞ്ച്’ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു

തല്ലിയോടിക്കപ്പെടുന്ന നിതീഷിന്റെ അധാർമിക രാഷ്ട്രീയം; ബിഹാറികൾ ജനാധിപത്യ ഇന്ത്യയെ ഓർമിപ്പിക്കുന്നതെന്ത്?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍