UPDATES

മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടം ഇങ്ങനെ; സ്വകാര്യ ആശുപത്രികളുടെ കൊള്ളലാഭം തടഞ്ഞ ഉദ്യോഗസ്ഥന്‍ തെറിച്ചു

ഔഷധകമ്പനികളുടേയും ആശുപത്രികളുടെയും കൊള്ളലാഭമെടുക്കുന്നതിനെതിരെയുള്ള നടപടികള്‍ NPPA നിര്‍ത്തിവെക്കേണ്ടിവരും എന്നാണ് ഇതുറപ്പാക്കുന്നത്

നമ്മുടേത് പോലൊരു വക്രീകരിക്കപ്പെട്ട ജനാധിപത്യത്തില്‍ ആരാണ് കൂടുതല്‍ ശക്തര്‍? ദശലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളോ, അതോ ഒരു ചെറിയ സംഘം ഉത്‌പാദകരോ? ഉത്തരം നിങ്ങള്‍ക്കറിയാം. തങ്ങള്‍ ആ ഉത്പാദക വര്‍ഗത്തിന്റെ അടിമകളാണെന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ വീണ്ടും തെളിയിച്ചു.

ഔഷധ നിര്‍മ്മാണ കമ്പനികളുടേയും സ്വകാര്യ ആശുപത്രികളുടെയും സമ്മര്‍ദത്തിന് ലജ്ജയില്ലാതെ വഴങ്ങിയ കേന്ദ്രം, National Pharmaceutical Pricing Authority (NPPA)യുടെ തലവന്‍ ഭൂപേന്ദ്ര സിംഗിനെ സ്ഥലം മാറ്റി. സ്വകാര്യ ആശുപത്രികളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു റിപ്പോര്‍ട്ട് അയാള്‍ നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്.

NPPA തലവന്‍ എന്ന നിലയില്‍ stent-കളുടേയും മുട്ടു മാറ്റലിനുള്ള ഉപകരണങ്ങളുടെയും വിലകള്‍ക്ക് സിംഗ് പരിധി നിശ്ചയിച്ചിരുന്നു. കോര്‍പ്പറേറ്റ് ആശുപത്രികള്‍ ഈടാക്കുന്ന കൊള്ളലാഭവും അയാള്‍ തുറന്നുകാട്ടി. All India Drug Action Network (AIDAN), NPPA തലവനെ ‘സ്ഥലം മാറ്റിയതിന്റെ സമയത്തിലും രീതിയിലും‘ ആശങ്ക പ്രകടിപ്പിച്ചു. ഈ സ്ഥലംമാറ്റം ‘കൊള്ള ലാഭം ഉണ്ടാക്കുന്നതിനെതിരെ നടപടികള്‍ എടുക്കുന്ന സമയത്ത് പൊതുതാത്പര്യത്തെ ഗുരുതരമായി ബാധിക്കും’ എന്ന് AIDAN പറഞ്ഞു.

സിംഗിന്റെ സ്ഥലംമാറ്റം NPPA-യുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ഔഷധകമ്പനികളുടേയും ആശുപത്രികളുടെയും കൊള്ളലാഭമെടുക്കുന്നതിനെതിരെയുള്ള നടപടികള്‍ NPPA നിര്‍ത്തിവെക്കേണ്ടിവരും എന്നാണ് ഇതുറപ്പാക്കുന്നത്.

AIDAN പറയുന്നു, “മരുന്നുകളും ചികിത്സാ ഉപകരണങ്ങളും മിതമായ നിരക്കില്‍ ലഭിക്കുന്നു എന്നുറപ്പാക്കാനുള്ള പല നടപടികളും സിംഗ് എടുത്തിരുന്നു. ഇത് ചികിത്സാ വ്യാപാര മേഖലയെ അസ്വസ്ഥരാക്കി. Stent-കളുടേയും മുട്ടുമാറ്റല്‍ ചികിത്സാ ഉപകരണങ്ങളുടെയും വില നിയന്ത്രിക്കാനുള്ള ചരിത്രപ്രധാനമായ നടപടി NPPA എടുത്തിരുന്നു. കൂടുതല്‍ സുതാര്യതയും രോഗികളുടെയും ചികിത്സാ മേഖലയുടെയും പരാതികള്‍ കേള്‍ക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അന്യായമായി രോഗികളില്‍ നിന്നും പിഴിഞ്ഞെടുത്ത നൂറുകണക്കിനു കോടി രൂപ തിരിച്ചുപിടിച്ച നടപടിയോടെ നടപ്പാക്കല്‍ പ്രക്രിയയും ശക്തിപ്പെട്ടിരുന്നു.”

ആര്‍എസ്എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ദേശീയ കണ്‍വീനര്‍ അശ്വിനി മഹാജന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ട് ഇങ്ങനെ എഴുതി, “ഔഷധ നിര്‍മ്മാണ സംഘത്തിനെതിരെ താങ്കളുടെ നിര്‍ണായക കക്ഷിയായിരുന്നു ഭൂപേന്ദ്ര സിംഗ്. Stent-കളുടേയും മുട്ടുമാറ്റിവെക്കല്‍ ഉപകരണങ്ങളുടെയും വില നിയന്ത്രിച്ച്, 1,700 ശതമാനത്തിലേറെ കൊള്ളലാഭമെടുക്കുന്ന കോര്‍പ്പറേറ്റ് ആശുപത്രികളെ തുറന്നുകാണിച്ചു; മറ്റ് ചികിത്സാ ഉപകരണങ്ങളുടേയും മറ്റും വില കുറച്ചുകൊണ്ടുവരാനും ശ്രമിച്ചു, പക്ഷേ സ്ഥലംമാറ്റമായിരുന്നു ‘സമ്മാനം’.”

കോര്‍പ്പറേറ്റ് ആശുപത്രികളുടെയും ഔഷധ കമ്പനികളുടേയും സമ്മര്‍ദ്ദത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങി എന്ന് Alliance of Doctors for Ethical Healthcare (ADEH)യും വെളിയാഴ്ച്ച കുറ്റപ്പെടുത്തി.
ഇന്ത്യയിലെ സ്വകാര്യ ആരോഗ്യരക്ഷാ രംഗത്തെ, പ്രത്യേകിച്ച് കോര്‍പ്പറേറ്റ് ആശുപത്രികളുടെ തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നതില്‍ 1985-ലെ യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിംഗ് പ്രധാന പങ്ക് വഹിച്ചു എന്ന് ADH പറയുന്നു.

“അയാളുടെ കാലാവധി കഴിയുന്നതിന് മുമ്പ്, ആ ഒഴിവ് പോലും നികത്താതെ അടിയന്തരമായി ഭൂപേന്ദ്ര സിംഗിനെ മാറ്റിയത്, സര്‍ക്കാരിന്റെ ഉദ്ദേശത്തെക്കുറിച്ച് സംശയം ഉണര്‍ത്തുന്നു. സര്‍ക്കാര്‍ ഔഷധ സമ്മര്‍ദ്ദ സംഘത്തിന് വഴിപ്പെട്ടു എന്ന് ADH കരുതുന്നു”, അവര്‍ പ്രസ്താവനയില്‍  പറഞ്ഞു.

മറ്റൊരു ഇന്ത്യന്‍ ധനിക കുടുംബം കൂടി പ്രതിക്കൂട്ടില്‍; മല്‍വീന്ദര്‍-ശിവേന്ദര്‍ സഹോദരങ്ങളുടെ കഥ

അവസാന പിടിവള്ളി?

വില നിയന്ത്രണത്തിന് പുറത്തുള്ള മരുന്നുകള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടും, വൈദ്യപരിശോധനകള്‍ക്കും കയ്യുറകളും കുത്തിവെപ്പ് സൂചിയും പോലുള്ളവക്ക് അമിത തുക ഈടാക്കിയും സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും പെരുപ്പിച്ച തുക ഈടാക്കുന്നതിനെതിരെ സിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പെട്ടന്നുള്ള ഈ സര്‍ക്കാര്‍ നടപടിക്കു കാരണമെന്ന് കരുതുന്നു.

13.64 രൂപയ്ക് വാങ്ങുന്ന ഒരൊറ്റ കുത്തിവെപ്പിന് ഒരു രോഗിയില്‍ നിന്നും ആശുപത്രി 189.95 രൂപ ഈടാക്കുന്നുവെന്ന് അയാള്‍ കണ്ടെത്തി- 1000 ശതമാനത്തിലേറെ ലാഭം. അമിത ലാഭത്തില്‍ ആശുപത്രികള്‍ വില്‍ക്കുന്ന ഉത്തരം മരുന്നുകളുടെ ഒരു പട്ടികയും റിപ്പോര്‍ട്ടിലുണ്ട്.

രോഗികളുടെ ബില്ലിന്റെ 25 ശതമാനവും വില നിയന്ത്രണത്തിന് പുറത്തുള്ള മരുന്നുകളുടെതാണ്. ഇവയ്ക്ക് അമിതവില ഈടാക്കും. 10 ശതമാനം പല ഉപകരണങ്ങളുടേയും വിലയാണ്, 15 ശതമാനം ബില്‍ രോഗം കണ്ടെത്താനുള്ള പരിശോധനകളുടെതും.

വില നിയന്ത്രണം ഒഴിവാക്കാന്‍ ഔഷധ നിര്‍മ്മാതാക്കള്‍ ‘പുതിയ മരുന്നു’കളും നിശ്ചിത ‘മരുന്ന് കൂട്ടുകളും’ ഉണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഈ മരുന്നുകള്‍, ഔഷധ നിര്‍മ്മാതാക്കളുടെയും വൈദ്യ സമൂഹത്തിന്റെയും മുന്‍ഗണനയാകുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ പുതിയ മരുന്നുകള്‍ക്ക് നിര്‍മ്മാതാക്കള്‍ 10 ശതമാനത്തോളം വാര്‍ഷിക വില വര്‍ദ്ധനവ് വരുത്തുന്നുണ്ട്. വില നിയന്ത്രണം ഒഴിവാക്കാന്‍ കമ്പനികള്‍ ഒരുതരത്തിലുള്ള ചികിത്സഗുണവുമില്ലാത്ത മരുന്ന് കൂട്ടുകള്‍ ഉണ്ടാക്കുകയും, പക്ഷേ ഈ മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും, ആശുപത്രികളും മരുന്ന് നിര്‍മ്മാതാക്കളും കനത്ത ലാഭം കൊയ്യുകയും ചെയ്യുന്നു എന്ന് NPPA ചൂണ്ടിക്കാണിക്കുന്നു.

ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഡെങ്കു പനി ബാധിച്ച് മരിച്ച ആദ്യ സിംഗ് എന്ന 7 വയസുകാരന്റെ കുടുംബം ആശുപത്രിയിലെ 18 ലക്ഷം രൂപയുടെ ബില്ലിനെക്കുറിച്ച് പരാതി പറഞ്ഞപ്പോഴാണ് പല സ്വകാര്യ ആശുപത്രികളെയും കുറിച്ച് NPPA അന്വേഷണം തുടങ്ങിയത്. 15 ദിവസത്തെ ആശുപത്രി വാസത്തില്‍ 660 സൂചികള്‍ക്കും 2700 കയ്യുറകള്‍ക്കും ആശുപത്രി തങ്ങളില്‍ നിന്നും പണം ഈടാക്കിയതായി കുടുംബം കണ്ടെത്തിയിരുന്നു.

കിടക്ക തുടയ്ക്കാനുള്ള wet wipes 33 രൂപയ്ക്കുള്ളത്, 350 രൂപയ്ക്കാണ് രോഗികള്‍ക്ക് വിറ്റതെന്ന്- ഏതാണ്ട് 950 ശതമാനം ലാഭത്തിന്- സര്‍ക്കാര്‍ സമിതി കണ്ടെത്തി. എന്നാല്‍ ഇങ്ങനെ പകല്‍ക്കൊള്ള നടത്തിയ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാന്‍ NPPA-ക്കു കഴിയുന്നില്ല എന്നതാണ് വെല്ലുവിളി. നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെയാവട്ടെ, സ്വകാര്യ മരുന്ന് ലോബിയുടെ താത്പര്യത്തിന് വഴങ്ങി സര്‍ക്കാര്‍ പീഡിപ്പിക്കുകയും ചെയ്യുന്നു. അഴിമതിക്കെതിരെ പോരാട്ടം വാഗ്ദാനം ചെയ്ത് ഭരണത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ നടക്കുന്നത് ഇത്തരത്തില്‍ വമ്പന്‍ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളും അഴിമതി മൂടിവയ്ക്കലുമാണ് എന്നതാണ് ഇതൊക്കെ തെളിയിക്കുന്നത്.

നമ്മളെ സ്വയം സേവകരാക്കുന്ന മോദി സര്‍ക്കാര്‍

ഗുണനിലവാരമില്ലാത്ത ജീവന്‍രക്ഷാ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇപ്പോള്‍ ട്രംപിന് പിന്നാലെയാണ്

ജനറിക് മരുന്നുകള്‍; തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍

റാന്‍ബാക്‌സിയുടെ തട്ടിപ്പ് മരുന്ന് നിങ്ങളും കഴിച്ചിട്ടുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍