UPDATES

ട്രെന്‍ഡിങ്ങ്

ആയുധങ്ങളല്ല, പക്വമായ രാഷ്ട്രീയ തീരുമാനങ്ങളായിരിക്കണം കശ്മീരിനെ വീണ്ടെടുക്കേണ്ടത്

അധികാരത്തിലേറിയതിനു ശേഷം സെക്യൂരിറ്റി, ഇന്റലിജൻസ് ഏജൻസികളെയും കൂട്ടി കശ്മീരില്‍ ഒരു ‘അവസാന യുദ്ധ’ത്തിന് ഇറങ്ങുകയായിരുന്നു ഡോവലും മോദിയും ചെയ്തത്-എഡിറ്റോറിയല്‍

സ്വതന്ത്ര ഇന്ത്യ ഇന്നുവരെ കണ്ടവയിൽ വെച്ചേറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് പുൽവാമയിൽ സംഭവിച്ചിരിക്കുന്നത്. പല കാരണങ്ങളാലും ഈ തലത്തിലുള്ള ഒരാക്രമണം, അതിന്റെ വലിപ്പം കൊണ്ടും സ്വഭാവം കൊണ്ടും, ഇന്ത്യയിൽ അത്ര സാധാരണമല്ല. ഇന്ത്യൻ പട്ടാളത്തിനു നേരെ ഇത്തരമൊരാക്രമണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ രാജ്യം കണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു പറയാമെന്നാണ് കശ്മീരിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. മരണസംഖ്യ 45നും 50നും ഇടയിലേക്ക് ഉയർന്നേക്കുമെന്ന് അനൗദ്യോഗികമായ വിവരങ്ങളുണ്ട്.

രണ്ടായിരാമാണ്ടിലെ ക്രിസ്തുമസ് ദിനത്തിൽ ഒരു 17 വയസ്സുകാരൻ ഒരു മാരുതി 800 കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പട്ടാളത്തിന്റെ 15ാം കോറിന്റെ ആസ്ഥാനമായ ബദാമി ഭാഗിന്റെ പ്രധാന ഗേറ്റിലൂടെ ഓടിച്ചു കയറ്റി. ഈ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത് എട്ടോളം പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കാർബോംബ് ആക്രമണമാണ് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നടന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ മുസ്ലിം തീവ്രവാദികൾ ഫിദായീനായി (ഒളിപ്പോരാളികള്‍) സെക്യൂരിറ്റി ക്യാമ്പുകളിൽ ആക്രമണത്തിന് തയ്യാറായി വരുന്നത് പതിവാണ്. ഇതുതന്നെയാണ് പാർലമെന്റ് ആക്രമണത്തിലും മുംബൈ താജ് ഹോട്ടൽ ആക്രമണത്തിലുമെല്ലാം നാം കണ്ടത്. കശ്മീരിലും ഇത് പലവട്ടം നമ്മൾ കണ്ടിരിക്കുന്നു. എന്നിരിക്കിലും വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ആക്രമണം നടത്തുന്നത് ഇന്ത്യയിൽ അത്ര സാധാരണമായ ഒരു രീതിയല്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെയും അൽഖായിദയുടെയും താലിബാന്റെയുമെല്ലാം ശൈലിയാണത്.

2016ലും സ്ഫോടക വസ്തുക്കൾ കയറ്റിയ വാഹനങ്ങള്‍ പിടിച്ചുണ്ടെങ്കിലും ഭീകരാക്രമണം നടക്കുകയുണ്ടായില്ല. ഇത്തരം ആക്രമണങ്ങള്‍ അത്ര എളുപ്പത്തിൽ നടത്തുക അസാധ്യവുമാണ്. എന്നിരിക്കെ, ഇന്നത്തെ ആക്രമണം നരേന്ദ്രമോദി സർക്കാർ കശ്മീരിൽ നടപ്പാക്കിയ നയങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. മോദി സർക്കാർ കശ്മീരിൽ നടപ്പാക്കിയ സുരക്ഷാപരമായ നയത്തിന്റെ പൂർണ പരാജയമാണ് ഈ ആക്രമണത്തില്‍ കാണാൻ കഴിയുന്നത്. 2008നു ശേഷം കശ്മീരിൽ അക്രമനിരക്ക് നിർണായകമായ തോതിൽ കുറഞ്ഞു വന്നിരുന്നു. 2013ലെത്തുമ്പോൾ കശ്മീർ ഏറെക്കുറെ ശാന്തതയിലേക്ക് തിരിച്ചെത്തിയിരുന്നു. ശാന്തമായ കശ്മീർ ഉൾപ്പെട്ട രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കാണ് 2014ലെ വേനൽക്കാലത്ത് നരേന്ദ്രമോദി തന്റെ തീവ്രദേശീയതാ രാഷ്ട്രീയവും മുഷ്കുമായി കയറിയിരുന്നത്. ഇതിന് അദ്ദേഹത്തെ ഉപദേശിക്കാനായി ഒരു കേരള കേഡർ ഐപിഎസ്സുകാരനും, സ്വയം ഒരു ജയിംസ് ബോണ്ടെന്നു സങ്കൽപ്പിക്കുന്നയാളും, യഥാർത്ഥത്തിൽ ഒരു ശരാശരി പൊലീസുകാരന്റെ ബൗദ്ധികനിലവാരം മാത്രമുള്ളയാളുമായ അജിത് ഡോവലും കൂടെക്കൂടി.

അധികാരത്തിലേറിയതിനു ശേഷം സെക്യൂരിറ്റി, ഇന്റലിജൻസ് ഏജൻസികളെയും കൂട്ടി കശ്മീരില്‍ ഒരു ‘അവസാന യുദ്ധ’ത്തിന് ഇറങ്ങുകയായിരുന്നു ഡോവലും മോദിയും ചെയ്തത്. കശ്മീരിലെ എല്ലാ പ്രശ്നങ്ങളും തങ്ങളുടെ കൈയൂക്കു കൊണ്ട് തീർപ്പാക്കാമെന്ന് ഇരുവരും ധരിച്ചു. പക്ഷെ അവരുടേത് അവസാന യുദ്ധമായല്ല മാറിയത്. പകരം കശ്മീരിലെ പുതിയ തലമുറയെ ഒന്നടങ്കം ഇന്ത്യാ വിരുദ്ധരും മനസ്സിൽ രോഷമെരിയുന്നവരുമാക്കി മാറ്റിത്തീർത്തു. മോദിയുടെ നയങ്ങൾ വളമാക്കി വളർന്നു വന്ന, പാകിസ്താന്റെ പിന്തുണയുള്ള ആ തലമുറയുടെ കേന്ദ്ര സർക്കാരിനോടുള്ള പ്രതികരണമാണ് പുൽവാമയിലെ കാർബോംബ് ആക്രമണം.

2019 പൊതുതെരഞ്ഞെടുപ്പിലേക്ക് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഈ സംഭവത്തോട് നരേന്ദ്ര മോദി എങ്ങനെ പ്രതികരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തന്റെ 56 ഇഞ്ച് നെഞ്ചളവ് പ്രദർശിപ്പികാനായി അദ്ദേഹം വീണ്ടും കശ്മീരികൾക്കെതിരെ പട്ടാളനീക്കങ്ങൾ നടത്തിയേക്കും. ഇതിന്റെ അനന്തരഫലം ഭീകരമായിരിക്കുമെന്ന് ഊഹിക്കാം. കശ്മീരിന്റെ അതിത്തികൾക്കുള്ളിൽ കഴിഞ്ഞ 20 വർഷത്തിനിടെ നടന്നിട്ടില്ലാത്ത ചിലത് സംഭവിക്കുമെന്നതിൽ സംശയം പുലർത്തേണ്ടതില്ല.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതലേ ഭീകരവാദത്തോട് നിരന്തരമായി പോരാടിയ ഒരു ദീർഘമായ ചരിത്രമുണ്ട് ഇന്ത്യക്ക്. നാഗാലാൻഡിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കശ്മീരിലും ശ്രീലങ്കയിലുമെല്ലാം നാം ഭീകരതയെയും സായുധകലാപങ്ങളെയും ആയുധം കൊണ്ട് എതിരിട്ടു. ഈ ആക്രമണപ്രത്യാക്രമണങ്ങളിൽ നിന്നെല്ലാം നമ്മൾ പഠിച്ച ഒരു പാഠമുണ്ട്. ആ പാഠത്തിന്റെ പ്രയോഗമാണ് കശ്മീരിനെ ദീർഘമായ ഒരു കാലയളവിൽ ശാന്തമാക്കി നിലനിർത്തിയത്. ഇന്ത്യയെ എതിരിട്ട എല്ലാ വിഭാഗങ്ങളോടും എതിരിട്ടപ്പോൾ നാം പഠിച്ച ആ പാഠം ഇതാണ്: അലക്ഷ്യമായതും വഴിപിഴച്ചതുമായ ആയുധപ്രയോഗങ്ങൾക്ക് തുനിഞ്ഞിറങ്ങിയ അക്കൂട്ടർക്കെല്ലാം തങ്ങൾക്ക് ശക്തമാംവിധം ന്യായീകരിക്കാൻ കഴിയുന്ന രാഷ്ട്രീയ ആവലാതികൾ കൈമുതലുള്ളവരായിരുന്നു. അങ്ങനെ ആയുധമെടുത്ത ഒരു സമൂഹത്തിനെതിരെ എത്ര വലിയ സേനയെ അയച്ചിട്ടും കാര്യമില്ലെന്ന് നമ്മുടെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞു. ആ സമൂഹങ്ങളോട് പക്വതയോടെ ഇടപെടുകയും സംസാരിക്കുകയും ചെയ്ത് പരിഹാരം കാണുക എന്നതു മാത്രമായിരുന്നു പോംവഴിയെന്ന് തിരിച്ചറിവുണ്ടായി. ഇത് നമ്മുടെ രാഷ്ട്രീയനേതൃത്വം പക്വതയാർജ്ജിച്ചതിന്റെ ലക്ഷണമായിരുന്നെന്ന് നിസ്സംശയം പറയാനാകും. ഇങ്ങനെ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്ത ഒരു രാഷ്ട്രീയ ചരിത്രം ഇന്ത്യക്കുണ്ട്. വാജ്പേയി, ഐകെ ഗുജ്റാൾ, രാജീവ് ഗാന്ധി, മൻമോഹൻ സിങ് തുടങ്ങിയ നേതാക്കളെല്ലാം ഈ രാഷ്ട്രീയ പക്വത കാണിച്ചവരാണ്. ആ വഴിക്ക് രാജ്യത്തെ മുന്നോട്ട് നയിച്ചവരുമാണ്. എന്നാല്‍, രാഷ്ട്രീയ പക്വതയെന്നത് എന്തെന്നറിയാത്ത, ഇന്ത്യയെന്ന വലിയ ആശയത്തെക്കുറിച്ച് ബോധമൊന്നുമില്ലാത്ത, ധാർഷ്ട്യം മാത്രം കൈമുതലായുള്ള ഭരണകൂടം ചെയ്തുകൂട്ടിയ അബദ്ധങ്ങളുടെ പരിണിത ഫലമാണ് നാമിന്ന് പുൽവാമയിൽ കണ്ട രക്തപ്പുഴ. ഇനിയുള്ള ദിവസങ്ങളിൽ പക്വമായ രാഷ്ട്രീയ തീരുമാനങ്ങളാണ് വരേണ്ടത്. തീരുമാനം എന്തായിരുന്നാലും, കശ്മീരിന്റെ വരുംതലമുറകളുടെ ഇന്ത്യ എന്ന രാജ്യത്തിലെ ഭാഗധേയം എന്തായിരിക്കണമെന്നത് നിർണയിക്കുന്ന ഒന്നായിരിക്കും അതെന്നത് കരുതേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍