UPDATES

ട്രെന്‍ഡിങ്ങ്

ആ തോക്ക് ഒരിക്കലും അഗര്‍വാള്‍മാര്‍ക്ക് നേരേ ചൂണ്ടില്ല; അത് പാവപ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ്

ചെമ്പ് ശുദ്ധീകരണശാലയില്‍ നിന്നുള്ള പുക മലിനീകരണവും ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതും ചൂണ്ടിക്കാട്ടി ഫാക്ടറി അടച്ചു പൂട്ടണമെന്നത് ജനങ്ങളുടെ വളരെക്കാലമായുള്ള ആവശ്യമാണ്- എഡിറ്റോറിയല്‍

ആധുനിക ഇന്ത്യയുടെ ‘പുതിയ വികസന മാതൃക’ ഒരു പുതിയ തലത്തില്‍ എത്തിയിരിക്കുന്നു. ഇത്തവണ അത് ഈ മഹത്തായ രാജ്യത്തിന്റെ തെക്കേ അറ്റത്താണ് സംഭവിച്ചിരിക്കുന്നത്.

തൂത്തുക്കുടിയില്‍ 11 പേരാണ് ആ ‘പുതിയ വികസന മാതൃക’യ്ക്ക് വേണ്ടി ഇന്നലെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നത്. പാവപ്പെട്ടവര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു പോലും നിഷേധിച്ചുകൊണ്ട് ഏതാനും സമ്പന്നരുടെ പോക്കറ്റുകള്‍ നിറയ്ക്കാനുള്ള എളുപ്പവഴിയില്‍ നടപ്പാക്കുന്ന വികസന മാതൃക.

ഈ പുതിയ ഇന്ത്യന്‍ കഥയുടെ വഴികളെ സൂചിപ്പിക്കുന്ന ഒരു സൈന്‍ ബോര്‍ഡ് മാത്രമാണ് തൂത്തുക്കുടി. നിങ്ങള്‍ ഇന്ത്യയുടെ ഹൃദയാന്തര്‍ഭാഗങ്ങളിലേക്ക് ചെന്നാല്‍ പാവപ്പെട്ടവരുടെ ഇതുപോലുള്ള നിരവധി ‘ത്യാഗകഥകള്‍’ കേള്‍ക്കാം. വെട്ടിയരിഞ്ഞു തള്ളുന്ന മരങ്ങള്‍, ചുവടോടെ അവസാനിപ്പിക്കുന്ന വനങ്ങള്‍, അവയ്‌ക്കൊപ്പമൊക്കെ ഈ പുതിയ ഇന്ത്യയിലെ അധാര്‍മിക മേലാളന്മാരുടെ ഉറക്കെയുള്ള ചിരികളും.

അവരെ നിങ്ങള്‍ തൂത്തുക്കുടിയില്‍ കാണും, അവരെ നിങ്ങള്‍ ഛത്തീസ്ഗഡിലെ റായ്ഗഡിലും കോര്‍ബാന്‍ അടക്കമുള്ള പട്ടണങ്ങളിലുമൊക്കെ കാണും. ഒഡീഷയിലെ മൈനിംഗ് ബെല്‍റ്റിലും അവരുണ്ട്. ഗുജറാത്തിലുടനീളം നിങ്ങള്‍ക്കവരെ കാണാം, ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലും ചെറു പട്ടണങ്ങളിലും അവരുണ്ട്, ഈ രാജ്യത്തെ അടിയോടെ തുരന്നുകൊണ്ടിരിക്കുന്ന, ജനങ്ങളേയും ഭൂമിയേയും കൊന്നു കൊണ്ടിരിക്കുന്ന, ലോകത്തിലെ സമ്പന്നന്മാരുടെ ഫോബ്‌സ് ലിസ്റ്റില്‍ ഇടംപിടിക്കാനായി വെമ്പുന്ന ആ കൊള്ളക്കാരുടെ ആര്‍ത്തിയുടെ കഥകള്‍ എവിടെയുമുണ്ട്.

ഈ അധാര്‍മിക കൊള്ളക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ വൃന്ദമാണ് മറ്റൊരു കാഴ്ച. രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ചെലവഴിക്കാനുള്ള വെളുത്തതും കറുത്തതുമായ അവരുടെ പണം വേണം, ധാര്‍മികതയുടെ എല്ലാ അംശവും ഊറ്റിയെടുക്കപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ, ഈ നെറികെട്ട വ്യവസായികള്‍ക്ക് വേണ്ടി പാവപ്പെട്ടവരെ അടിച്ചമര്‍ത്താന്‍ എതറ്റം വരെയും പോകും.

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കമ്പനി രണ്ടു ദശകം മുമ്പ് കോപ്പര്‍ യൂണിറ്റ് തുടങ്ങിയപ്പോള്‍ മുതല്‍ അത് നടത്തുന്ന മലിനീകരണത്തിനെതിരെ പൊതുജനങ്ങള്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായ വേദാന്ത റിസോഴ്‌സസിന്റെ സബ്‌സിഡിയറി ഗ്രൂപ്പായ വേദാന്ത ലിമിറ്റഡാണ് രാജ്യത്തെ ഏറ്റവും വലിയ ചെമ്പ് നിര്‍മാതാക്കളായ ഈ കമ്പനിയുടെ ഉടമസ്ഥര്‍. നിലവിലുള്ള ഉത്പാദനം വര്‍ധിപ്പിച്ച് വര്‍ഷം 800,000 ടണ്‍ ആക്കാനുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ വീണ്ടും സംഘടിച്ചതാണ് ഇന്നലെ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.

ചെമ്പ് ശുദ്ധീകരണശാലയില്‍ നിന്നുള്ള പുക മലിനീകരണവും ഫാക്ടറിയിലെ അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതും ചൂണ്ടിക്കാട്ടി ഫാക്ടറി അടച്ചു പൂട്ടണമെന്നത് ജനങ്ങളുടെ വളരെക്കാലമായുള്ള ആവശ്യമാണ്.

1997-ല്‍ ഈ ഫാക്ടറി സ്ഥാപിക്കപ്പെട്ടതു മുതല്‍ മലിനീകരണം ചൂണ്ടിക്കാട്ടി പ്രതിഷേധം നടക്കുന്നുണ്ട്. 2003-ല്‍ ഫാക്ടറിയില്‍ നിന്ന് ഗ്യാസ് ലീക്ക് ഉണ്ടായതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത ഇത് പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കമ്പനി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ട്രിബ്യൂണല്‍ റദ്ദാക്കി. അതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

എന്നാല്‍ പാറ്റ്‌നയില്‍ നിന്നുള്ള അര്‍ധ സാക്ഷരനായ, ഇന്ന് ലോകത്തിലെ വമ്പന്‍ കോടീശ്വരന്മാരില്‍ ഒരാളായ വേദാന്തയുടെ ഉടമ അനില്‍ അഗര്‍വാളിനെ ഇതൊന്നും പിന്തരിപ്പിച്ചില്ല. ഇന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച ആ ‘പുതിയ വികസന മാതൃക’ ഇന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് അയാള്‍. വേദാന്തയുടെ കോപ്പര്‍ മൈനില്‍ നിന്നുള്ള മാരകമായ അവശിഷ്ടങ്ങള്‍ സാംബിയയിലെ കാഫു നദിയില്‍ ഒഴുക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് വന്‍ തോതില്‍ രോഗങ്ങള്‍ പിടിപെടുകയും മത്സ്യങ്ങള്‍ ചത്തു പൊന്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2,000-ത്തിലധികം വരുന്ന തദ്ദേശീയര്‍ കോടതിയെ സമീപിച്ചു. “കോര്‍പറേറ്റ് നിരുത്തരവാദവും ക്രിമിനല്‍ നടപടിയുമാണ് സംഭവിച്ചത്. കോര്‍പറേറ്റ് ലോകത്തിന് ഏതുവിധത്തിലുള്ള കാര്യവും ചെയ്യാനുള്ള കൂസലില്ലായ്മ ഉണ്ടെന്നുള്ളതിന്റെ ഉദാഹരണം കൂടിയാണിത്”- ഒരു ലോക്കല്‍ കോടതി ജഡ്ജി വേദാന്തയുടെ നടപടിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

അനില്‍ അഗര്‍വാളിനെപ്പോലെ, നവീന്‍ ജിന്‍ഡാലിനേയും അയാളുടെ സഹോദരങ്ങളെയും പോലുള്ളവരെ മനസിലാക്കണമെങ്കില്‍ ഒരു ആഗോള ശ്രദ്ധ തന്നെ ആവശ്യമാണ്. അതായത്, മധ്യേന്ത്യയിലെ മൈനിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ലണ്ടനിലെ മെയ്‌ഫെയര്‍ വരെ നോക്കേണ്ടതുണ്ട്. ബ്രിട്ടീഷ് രാജ്ഞി ജീവിക്കുന്നിടത്ത് നിന്ന് ഏറെ അകലെയല്ലാതെ, ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച വീടുകളുള്ള അവിടെയാണ് അഗര്‍വാള്‍ താമസിക്കുന്നത്.

അവിടെ നിന്ന് മധ്യേന്ത്യയിലേക്കൊന്നു തിരിഞ്ഞു നോക്കുക. ഛത്തീസ്ഗഡിലെ കോര്‍ബ പട്ടണത്തില്‍ സൂര്യന്‍ വല്ലപ്പോഴുമേ എത്താറുള്ളൂ. ഭൂമിയെ എല്ലാ വിധത്തിലും നശിപ്പിച്ചു കൊണ്ട്, അതില്‍ നിന്ന് കോടികള്‍ സമ്പാദിച്ച്, ഇന്ത്യയിലെ ഈ കഴുത്തറപ്പന്‍ കൊള്ളക്കാര്‍ നടത്തുന്ന പുതിയ മൈനിംഗ് വികസനത്തിന്റെ ബാക്കിയായ കറുത്ത പുക സ്ഥിരമായി മൂടി നില്‍ക്കുന്ന പട്ടണമാണിത്. ഇവിടെയാണ് അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള, അലുമിനിയം പ്ലാന്റായി തുടങ്ങി ഇന്ന് കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാല്‍ക്കോ എന്ന വമ്പന്‍ കമ്പനി സ്ഥിതി ചെയ്യുന്നത്. 2001 വരെ പൊതുമേഖലാ സ്ഥാപനമായിരുന്ന, പിന്നീട് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അഗര്‍വാളിന് എഴുതിക്കൊടുത്ത അതേ ബാല്‍ക്കോ.

അവിടെ നിന്ന് ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റായ്ഗഡ് എന്ന പട്ടണത്തിലെത്തും. ഈ പട്ടണവും പുകയും അഴുക്കും മൂടിയിരിക്കുന്നത് കാണാം. റായ്ഗഡ് നവീന്‍ ജിന്‍ഡാലിന്റെ കോട്ടയാണ്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നാണ് ഹരിയാനക്കാരായ ജിന്‍ഡാല്‍ കുടുംബം കോടികളുടെ ആസ്തികള്‍ പടുത്തുയര്‍ത്തിയത്- ഒരു പക്ഷേ ഇന്നത് ഒരു ലക്ഷം കോടി രുപയിലധികം വരും.

സര്‍ക്കാരുകളും മൈനിംഗ് കമ്പനികളുമൊക്കെ ചേര്‍ന്ന് ഗ്രാമങ്ങളും വനങ്ങളും പുഴകളുമൊക്കെ തുടച്ചു മാറ്റുകയാണ്. തലമുറകളായി ആ മണ്ണില്‍ ജീവിക്കുന്ന, അതിന്റെ അവകാശികളായ ആദിവാസികളടക്കമുള്ള തദ്ദേശീയ ജനത ചുവന്നു കലങ്ങിയ കണ്ണുകളും നെഞ്ചു പറിയുന്ന ചുമയുമായി എഴുന്നേറ്റ് നിന്ന് ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ ഭരണകൂടം ചെയ്യുന്നത് ഈ മൈനിംഗ് കമ്പനികളുടെ കൂടി സഹായത്തോടെ പോലീസിനെ ഉപയോഗിക്കുകയാണ്; അവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയാണ്.

ആ വെടിയുണ്ടകള്‍, അത് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ തോക്കില്‍ നിന്നാണെങ്കിലും കമ്പനികളുടെ വാടക കൊലയാളികളില്‍ നിന്നാണെങ്കിലും അത് ചെന്നു തറയ്ക്കുക അതിജീവനത്തിനായി പൊരുതുന്ന പാവപ്പെട്ടവരുടെ നെഞ്ചത്ത് തന്നെയാണ്. അല്ലാതെ ഈ രാജ്യത്തെ മുടിച്ചു തേച്ചുകഴുകുന്ന ഈ കഴുത്തറപ്പന്‍ കൊള്ളക്കാരുടെ നെഞ്ചത്തല്ല.

രണ്ടരപ്പതിറ്റാണ്ടിന്റെ ജീവന്മരണ പോരാട്ടത്തെയാണ് വെടിയുണ്ടകൾ കൊണ്ട് നേരിടുന്നത്; തൂത്തുക്കുടിയിൽ നടക്കുന്നതെന്ത്?

ഖനന ഭീമന്‍ അനില്‍ അഗര്‍വാള്‍ കൈ നനയാതെ മീന്‍പിടിക്കുമോ?

കോര്‍പ്പറേറ്റ് ഭീമന് വേണ്ടി ജനങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍: തൂത്തുക്കുടിയില്‍ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍