UPDATES

മഹാരാജാസിലെ എസ് എഫ് ഐക്കാരെ, ഇത് അഭിമന്യുവിനോട് കാണിക്കുന്ന അനീതിയാണ്-എഡിറ്റോറിയല്‍

സംഘപരിവാറിന്റെ ആക്രമോത്സുക രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ക്കുന്ന പിണറായി വിജയന്‍ ഹിംസയുടെ കാമ്പസ് രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ മുന്നിട്ടിറങ്ങണം

2018 ജൂലൈ രണ്ടിന് അഭിമന്യു എന്ന ചുറുചുറുക്കുള്ള എസ് എഫ് ഐ പ്രവര്‍ത്തകന്‍ വര്‍ഗീയ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ചപ്പോള്‍ കെ എസ് യു മഹാരാജാസ് തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ അഭിമന്യുവിന്റെ ചിത്രമാക്കി. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പ്രശംസിച്ച ഈ നടപടി കേരളത്തിലെ കാമ്പസുകളില്‍ പുതിയ തരം രാഷ്ട്രീയം ഉദയം ചെയ്യുന്നതിന്റെ തുടക്കമായി എല്ലാവരും കണ്ടു. എന്നാല്‍ അഭിമന്യു കൊല്ലപ്പെട്ട് 6 മാസങ്ങള്‍ക്ക് ഇപ്പുറം ആക്രമോത്സുക കാമ്പസ് രാഷ്ട്രീയത്തിന് അവസാനമില്ല എന്നു മഹാരാജാസ് തന്നെ തെളിയിച്ചിരിക്കുന്നു.

അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട് ഗുരുതരമായി പരുക്കേറ്റ അര്‍ജ്ജുന്‍ എന്ന എസ് എഫ് ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട സംഘം കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്. ഒരു സാധാരണ കാമ്പസ് സംഘട്ടനം എന്നതിലുപരി അത് നടന്നിരിക്കുന്നത് മഹാരാജാസ് കോളേജില്‍ ആണെന്നും നേതൃത്വം കൊടുത്ത വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നു എന്നതും നമ്മുടെ കലാലയങ്ങളിലെ രാഷ്ട്രീയ സംസ്കാരം എങ്ങോട്ടേക്ക് പോകുന്നു എന്നതിന്റെ സൂചനയാണ്.

കഴിഞ്ഞ ദിവസം കാമ്പസില്‍ വച്ചുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എസ്.യു ചൊവ്വാഴ്ച സമരത്തിന് ആഹ്വാനം ചെയ്യുകയും, ഇതു തടയാനുള്ള ശ്രമത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതി. കാമ്പസിനകത്തെ ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് എസ് എഫ് ഐക്കാരുടെ വിശദീകരണം.

കാരണങ്ങള്‍ എന്തു തന്നെയായാലും കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിണ്ണമിടുക്കിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ജനാധിപത്യ രാഹിത്യത്തിന്റെയും കറുത്ത കാലത്തിലൂടെ തന്നെയാണ് കടന്നു പോകുന്നത് എന്നു വ്യക്തം. ഇടുക്കിയിലെ വട്ടവടയില്‍ നിന്നുള്ള ഒരു തൊഴിലാളി കുടുംബത്തിന്റെ ഏക പ്രതീക്ഷയായ ദരിദ്ര ബാലന്റെ ജീവനെടുത്ത കഠാരകള്‍ ഇനിയും പുറത്തെടുക്കപ്പെടുക തന്നെ ചെയ്യും. അത് മറ്റൊരു വിദ്യാര്‍ഥിയുടെ നെഞ്ചിലേക്ക് കയറിയിറങ്ങുക തന്നെ ചെയ്യും. പുരോഗമന നാട്യം കൊണ്ടുനടക്കുന്ന മലയാളി സമൂഹം അതിനെ കുറിച്ച് കവിതകളും കഥകളും രചിക്കുകയും സിനിമകളും സംഗീത ആല്‍ബങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കൊല്ലപ്പെട്ടവന്റെ വീട്ടില്‍ രാഷ്ട്രീയ നേതൃത്വം പാഞ്ഞെത്തും. കുടുംബത്തെ ഏറ്റെടുക്കും. ഫണ്ട് പിരിച്ചു വലിയ വീടുകള്‍ പണിയും. പുസ്തകങ്ങള്‍ ശേഖരിച്ചു വലിയ ഗ്രന്ഥശാലകള്‍ നിര്‍മ്മിക്കും. അഭിമന്യുവിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ.

തങ്ങളെയോ തങ്ങള്‍ക്ക് ചുറ്റുമുള്ളവരെയോ അണുവിട പോലും മാറ്റാത്ത ഈ പ്രൊപ്പഗണ്ട നാടകങ്ങള്‍ കൊണ്ട് എന്തു പ്രയോജനം. ഹിംസയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ കഴിയാത്ത, ഷെല്‍ഫുകളില്‍ പൊടിപിടിച്ചു കിടക്കാന്‍ മാത്രം പുസ്തകങ്ങള്‍ സൂക്ഷിച്ചു വെക്കുന്ന ഓര്‍മ്മയുടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി?

Read More: അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍റെ നേതൃത്വത്തില്‍ മഹാരാജാസില്‍ കെ എസ് യുക്കാര്‍ക്ക് മര്‍ദ്ദനം; പ്രതിഷേധം ശക്തം

കേരളത്തിലെ കാമ്പസുകളില്‍ എസ് എഫ് ഐ എന്ന സംഘടനയ്ക്കിപ്പോള്‍ അപ്രമാദിത്യമുണ്ട്. കെ എസ് യു അവരുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്നെല്ലാം പരാജിതരായി പിന്‍വാങ്ങുമ്പോള്‍ കാമ്പസ് പുത്തന്‍ രാഷ്ട്രീയത്തിന് കാതോര്‍ക്കുകയാണ് എന്നാണ് വിപ്ലവ വാചകമടി. വര്‍ഗ്ഗീയ രാഷ്ട്രീയത്തെ കാമ്പസില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രതിരോധ സേനയാണ് തങ്ങള്‍ എന്നാണ് അവകാശവാദം. പക്ഷേ, മഹാരാജാസില്‍ നിന്നും കേരളവര്‍മ്മയില്‍ നിന്നും മടപ്പള്ളി കോളേജില്‍ നിന്നുമൊക്കെ പുറത്തുവന്ന വാര്‍ത്തകള്‍ സ്വേച്ഛാധികാര പ്രമത്തരായ യാതൊരു ജനാധിപത്യ അവകാശങ്ങളും വകവെച്ചു കൊടുക്കാത്ത രാഷ്ട്രീയ വേദിയായി കേരളത്തിലെ കാമ്പസുകള്‍ മാറുകയാണ് എന്ന സൂചനയാണ് നല്‍കുന്നത്. അതില്‍ ഒന്നാം പ്രതി എസ് എഫ് ഐ തന്നെ.

രാജ്യത്തെമ്പാടും ലോകത്തും യുവത്വം തെരുവില്‍ ഇറങ്ങുന്നുണ്ട്. അത് തമ്മിലടിക്കാനല്ല. അന്തസ്സോടെ ജീവിക്കാനും പഠിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ്. അനീതിക്കെതിരെയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ്. യുദ്ധങ്ങള്‍ക്കും ജാതി വെറിക്കും കലാപങ്ങള്‍ക്കും എതിരാണ്…

കേരളം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയിലും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടികളില്‍ ഒന്നു നിലയിലും സി പി എം രാഷ്ട്രീയ പക്വത കാണിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ കുട്ടിസഖാക്കള്‍ക്ക് എന്താണ് കാമ്പസ് രാഷ്ട്രീയം എന്നു പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ തെരുവില്‍ വീഴുന്ന ഓരോ ചോരത്തുള്ളിക്കും ആ പാര്‍ട്ടി ഉത്തരം പറയേണ്ടിവരും.

അതിനെക്കാള്‍ ഉപരി കാമ്പസുകളിലെ ഹിംസയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെടണം. പ്രളയ കാലത്ത് കേരളത്തെ നിശ്ചയദാര്‍ഡ്യത്തോടെ നയിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ഏറെ അഭിമാനത്തോടെ പറയുകയും ചെയ്തിട്ടുള്ള മുഖ്യമന്ത്രി യുവത്വത്തെ ഇനിയും തെരുവിലടിക്കാന്‍ അനുവദിക്കരുത്. രാഷ്ട്രീയ താത്പര്യത്തോടെ താങ്കള്‍ ഇതിന് നേരെ കണ്ണടക്കുകയാണെങ്കില്‍ സംഘപരിവാറിന്റെ ആക്രമോത്സുക രാഷ്ട്രീയത്തെ നഖശിഖാന്തം എതിര്‍ക്കുന്ന താങ്കളുടെ വാദങ്ങള്‍ വാചകമടി മാത്രമായി കാണേണ്ടിവരും.

2018 എസ് എഫ് ഐയെ സംബന്ധിച്ചിടത്തോളം പ്രധാനമാകുന്നത് അഭിമന്യുവിന്റെ വേര്‍പാട് കൊണ്ടുമാത്രമല്ല. കഴിഞ്ഞ 40 വര്‍ഷമായി കലാലയ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി നമ്മുടെ ഇടയിലൂടെ സഞ്ചരിച്ച, കഥകള്‍ പറഞ്ഞ, പ്രസംഗിച്ച,സൌഹൃദ സംഭാഷണങ്ങള്‍ നടത്തിയ സൈമണ്‍ ബ്രിട്ടോ എന്ന പോരാളി മണ്‍മറഞ്ഞ വര്‍ഷം കൂടിയാണ്.

മറ്റൊരു ‘രക്തസാക്ഷി’യുടെ അല്ലെങ്കില്‍ ‘ബലിദാനി’യുടെ (എന്തു പേരിട്ടു വിളിച്ചാലും), ജീവനെടുക്കാനുള്ള ഈ തെരുവ് യുദ്ധം അവസാനിപ്പിക്കുക തന്നെ വേണം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍