UPDATES

സോണിയ ഗാന്ധി; കോര്‍പറേറ്റ്-മതഭ്രാന്തന്മാരുടെ കാലത്തെ ഒരു മതേതര സോഷ്യലിസ്റ്റ്

സോണിയാ ഗാന്ധിക്ക് അവരുടേതായ പരാജയങ്ങളുമുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനമായത് രണ്ടാം യുപിഎ സര്‍ക്കാരിനെ അടിമുടി വിഴുങ്ങിയ അഴിമതിയില്‍ അവര്‍ കാഴ്ചക്കാരിയായി നിന്നു എന്നതാണ്.

നെഹ്‌റു-ഗാന്ധി കുടുംബത്തിലെ മരുമകള്‍ എന്ന നിലയില്‍ സോണിയാ ഗാന്ധിയില്‍ നിന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഒന്നുണ്ടായിരുന്നു: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സ്വത്തിനെ പരിരക്ഷിക്കുക, അത് അടുത്ത തലമുറയ്ക്ക് കൈമാറുക. അത് അവര്‍ കൃത്യമായി തന്നെ ചെയ്തു.

എന്നാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സംബന്ധിച്ചിടത്തോളം അവര്‍ ചെയ്ത ഏറ്റവും മോശപ്പെട്ട കാര്യവും അതു തന്നെയാണ് എന്നു പറയേണ്ടി വരും. അതായത്, അവര്‍ ഒരു കൂട്ടം കുടുംബ രാഷ്ട്രീയക്കാരെ സംരക്ഷിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്തതു വഴി ശരിയായ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരേണ്ടിയിരുന്ന വലിയൊരു വിഭാഗത്തെ ഇല്ലാതാക്കി.

അതേ സമയം, അതു മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള സോണിയാ ഗാന്ധിയുടെ സംഭാവന എന്നു പറയുന്നത്. ഒരു പക്ഷേ, വിശാലാര്‍ത്ഥത്തില്‍ ആലോചിച്ചാല്‍, ഏറെക്കാലം രാഷ്ട്രീയത്തോട് എന്നും വൈമനസ്യം പ്രകടിപ്പിച്ചിരുന്ന അവരെ വിലയിരുത്തിയാല്‍, ആധുനിക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലും ഭരണത്തിലും ഏറ്റവും സ്വാധീനശേഷിയുള്ള ഒരാള്‍ എന്ന നിലയില്‍ കൂടിയായിരിക്കും അവരെ അടയാളപ്പെടുത്തുക.

ഇറ്റലിയില്‍ ജനിച്ച ഈ ഇന്ത്യക്കാരിയുടെ രാഷ്ട്രീയ കരിയര്‍ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയത് 2004-ലാണ്. രാജീവ് ഗാന്ധി വധക്കേസില്‍ സംശയസ്ഥാനത്ത് നിര്‍ത്തപ്പെട്ടിരുന്ന ഡിഎംകെയോടുള്ള അതൃപ്തി മാറ്റിവച്ച് ഒരു വിശാല സഖ്യത്തിന് അവര്‍ കൈകോര്‍ത്തപ്പോഴായിരുന്നു അത്. ആ സഖ്യത്തെ വിജയകരമായി തന്നെ നയിച്ചു കൊണ്ട് അവര്‍ ബിജെപിക്ക് മേല്‍ അത്ഭുതപ്പെടുത്തുന്ന വിജയം നേടി. മതഭ്രാന്തും വൃത്തികെട്ട വര്‍ഗീയതയും സമാസമം ചേര്‍ത്ത് പ്രതിപക്ഷം കളിച്ചപ്പോള്‍, മറ്റാരും ആലോചിക്കുക പോലും ചെയ്യാത്ത ഒരു കാര്യം അവര്‍ ചെയ്തു. പ്രധാനമന്ത്രി പദം വേണ്ടെന്ന് വച്ച് ഡോ. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കി. അധികാര രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അത്തരത്തിലുള്ള വലിയ ത്യാഗങ്ങളൊന്നും നമുക്ക് കണ്ടെത്താന്‍ കഴിയില്ല. അത് ഇന്ന് ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പരിവാരങ്ങളും കളിച്ചു കൊണ്ടിരിക്കുന്ന നാടകത്തിന് പൂര്‍ണമായും വിരുദ്ധമാണ് താനും.

സോണിയ പ്രധാനമന്ത്രിയായാല്‍ താന്‍ മുടി വടിച്ച്, പയറും കടലയും മാത്രം കഴിച്ചു ജീവിക്കുമെന്ന സുഷമ സ്വരാജിന്റെ ഭീഷണിയും ഉമാഭാരതിയടക്കമുള്ളവരുടെ എതിര്‍പ്പും ഉയര്‍ന്നപ്പോഴായിരുന്നു 2004-ലെ സോണിയാ ഗാന്ധിയുടെ ആ തീരുമാനം. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചു കൊണ്ടും ദേശീയ ഉപദേശക സമിതി (NAC) എന്ന ഔദ്യോഗിക തിങ്ക് ടാങ്കിന്റെ അധ്യക്ഷ എന്ന സ്ഥാനം കൈയാളിയും അധികാരം മറ്റൊരു വഴിയില്‍ തന്നെ സോണിയാ ഗാന്ധി തന്നില്‍ കേന്ദ്രീകരിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലയളവിലുടനീളം അനുകമ്പാര്‍ഹമായ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ അതില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഒപ്പം, അവരുടെ പരാജയങ്ങളും.

സാമ്പത്തികശാസ്ത്രപരമായി ഇടത്തോട്ട് തിരിയാതെ കോണ്‍ഗ്രസിന് മുന്നോട്ട് നീങ്ങാനാവില്ല

പത്തുവര്‍ഷത്തെ യുപിഎ ഭരണത്തില്‍ സോണിയാ ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവനകള്‍, നെഹ്‌റുവിയന്‍ സെക്കുലറിസത്തെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അജണ്ടയിലേക്ക് തിരികെ കൊണ്ടു വന്നു എന്നതും നിയോ-ലിബറല്‍ സാമ്പത്തിക നയങ്ങളിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിനെ മിതപ്പെടുത്തി എന്നതുമാണ്. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണായക നിയമങ്ങളായ വിവരാവകാശ നിയമ (RTI) ത്തിനും ദേശീയ തൊഴിലുറപ്പു പദ്ധതി (MNREG) ക്കും പിന്നിലുണ്ടായിരുന്ന പ്രധാന ശക്തികേന്ദ്രവും അവര്‍ അധ്യക്ഷയായ NAC തന്നെയായിരുന്നു.

അതിനേക്കാളേറെ, 2002-ലെ ഗുജറാത്ത് കലാപത്തെ മുന്‍നിര്‍ത്തി 2004-ല്‍ സോണിയാ ഗാന്ധി മുന്നില്‍ നിന്നു നയിച്ച പ്രചരണം തന്നെയായിരുന്നു തന്റെ പാര്‍ട്ടിക്കേറ്റ പരാജയത്തിന് പ്രധാന കാരണമെന്ന് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

ഇന്നു നാം കാണുന്ന വിവിധ രീതികളിലുള്ള അപഹസിക്കലുകളിലൂടെ ഇന്ത്യന്‍ ജനാധിപത്യം അപമാനിക്കപ്പെടുന്നുണ്ടെങ്കില്‍ സോണിയാ ഗാന്ധി ഓര്‍മിക്കപ്പെടുക ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് അവര്‍ക്കുണ്ടായിരുന്ന വ്യക്തമായ ധാരണയുടെ പേരിലായിരിക്കും. അവര്‍ക്ക് ഇന്ത്യയെന്നാല്‍ മതഭ്രാന്തന്മാര്‍ നയിക്കുന്ന, വര്‍ഗീയത ഓരോ ഞരമ്പിലും കുത്തി വച്ച ഒന്നായിരുന്നില്ല, മറിച്ച്, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്നതായിരുന്നു അവരുടെ ഇന്ത്യ എന്ന ആശയം.

പക്ഷേ, സോണിയാ ഗാന്ധിക്ക് അവരുടേതായ പരാജയങ്ങളുമുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനമായത് രണ്ടാം യുപിഎ സര്‍ക്കാരിനെ അടിമുടി വിഴുങ്ങിയ അഴിമതിയില്‍ അവര്‍ കാഴ്ചക്കാരിയായി നിന്നു എന്നതാണ്.

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

സോണിയാ ഗാന്ധി അത്ര എളുപ്പത്തിലൊന്നുമായിരുന്നില്ല അവരുടെ രാഷ്ട്രീയ കരിയറിന്റെ ഉച്ചകോടിയില്‍ എത്തിയത്. ഭര്‍ത്താവ് രാജീവ് ഗാന്ധി മരിച്ചതിനു തൊട്ടു പിന്നാലെ പി.വി നരസിംഹ റാവുവും മറ്റ് അടുപ്പക്കാരും ഗാന്ധി കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേലുണ്ടായിരുന്ന സ്വാധീനത്തിന്റേതായ എല്ലാ വഴികളും പൂര്‍ണമായി അടച്ചു. കുടുംബത്തിന്റെ ആശ്രിതരായി നിന്നിരുന്ന പലരും അവരെ ഉപേക്ഷിച്ചു.

1999-ലാണ് സോണിയാ ഗാന്ധി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുന്നത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ ബിജെപി, ഒറ്റ രാത്രി കൊണ്ട് മെനഞ്ഞ തന്ത്രമായിരുന്നു ബെല്ലാരിയില്‍ സുഷമ സ്വരാജിനെ കളത്തിലിറക്കുക എന്നത്. തിളങ്ങുന്ന ചുവന്ന പൊട്ടും വളകളും മംഗള്‍സൂത്രയും അണിഞ്ഞ് ‘ഭാരത സ്ത്രീ’ ഇമേജില്‍ അങ്ങനെ സുഷമ സ്വരാജ് ബെല്ലാരിയില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ചു.

സോണിയഗാന്ധി സഞ്ജന കപൂറിന് അയച്ച കത്ത് വൈറലാകുന്നു

സോണിയാ ഗാന്ധി വിജയിക്കുക മാത്രമല്ല, അന്നത്തെ രാഷ്ട്രപതി കെ.ആര്‍ നാരായണനു മുന്നില്‍, “ഞങ്ങള്‍ക്ക് 272 സീറ്റുകളുണ്ട്, ഇനിയും കൂടുതല്‍ പേര്‍ ചേരു”മെന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുകയും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. 1999 വരെ സോണിയാ ഗാന്ധി തന്നെത്തന്നെ ഒരു രാഷ്ട്രീയ അപ്രന്റീസായി വേണം കരുതിയിട്ടുണ്ടാവുക, ഒപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളില്‍ നീന്തി അത്രയൊന്നും പരിചയമില്ലാത്ത ഒരാളായും. പറഞ്ഞത് തിരിച്ചെടുക്കുകയും പറഞ്ഞത് വിഴുങ്ങുകയും മറിച്ചുള്ളത് ചെയ്യുകയും ചെയ്യുക എന്ന മഹത്തായ ‘ഇന്ത്യന്‍ രാഷ്ട്രീയകല’യില്‍ അവര്‍ അതുവരെ ഒരു ശിശുവായിരുന്നു.

മോദിയുടെ കേമത്തം എന്തിനെച്ചൊല്ലി? സോണിയ ഗാന്ധിക്കും ചിലത് ചോദിക്കാനുണ്ട്

എന്നാല്‍ 1998-ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായതു മുതല്‍ സോണിയാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നൂലാമാലകളെ അതിവേഗം പഠിച്ചെടുത്തു. ഇന്നും പരമ്പരാഗത ഇന്ത്യന്‍ രാഷ്ട്രീയക്കാരേക്കാരുടെ കുതന്ത്രങ്ങളില്‍ അത്ര താത്പര്യമില്ലാത്ത ഒരാളായി തന്നെ വേണം അവരെ കണക്കാക്കാനും.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ മൂന്നു തവണ മാത്രമാണ് ‘ഇനിയാര്’ എന്ന ചോദ്യം അതിനുള്ളില്‍ ഉയര്‍ന്നിട്ടുള്ളത്. അതിലൊന്ന് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും മറ്റൊന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടേയും മരണത്തെ തുടര്‍ന്നാണ്.

മൂന്നാമത്തെ അവസരമായിരുന്നു രാജീവ് ഗാന്ധിയുടെ മരണം. ഒടുവില്‍ രാജീവിന്റെ മരണത്തിന് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം സോണിയാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് പിച്ച വയ്ക്കുമ്പോള്‍ ആരും തന്നെ കരുതിയിട്ടുണ്ടാവില്ല, അവര്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ കാലം നയിക്കാന്‍ പോവുന്നയാല്‍ ആവുമെന്ന്. ഇപ്പോള്‍ അവര്‍, കോണ്‍ഗ്രസ് ബാറ്റണ്‍ നെഹ്‌റു-കുടുംബത്തിന്റെ അടുത്ത തലമുറയ്ക്ക് വിജയകരമായി കൈമാറിയിരിക്കുന്നു.

ദളിതരെ ചുട്ടുകൊല്ലുന്ന നാട്ടില്‍ വഴിതെറ്റുന്ന വംശീയാധിക്ഷേപ ചര്‍ച്ചകള്‍

2012ല്‍ സോണിയ എന്നെ പ്രധാനമന്ത്രിയാക്കുമെന്ന് കരുതി: പ്രണബ് മുഖര്‍ജി; എന്നേക്കാള്‍ യോഗ്യന്‍ പ്രണബ്: മന്‍മോഹന്‍ സിംഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍