UPDATES

സോറി ഗൗരി, നിങ്ങളെ ഈ രാജ്യം അര്‍ഹിക്കുന്നില്ല

കര്‍ണാടകത്തിലെ സംഘപരിവാര്‍ നേതാക്കളില്‍ ഏറ്റവും വിഷരൂപിയായ ഒരാളാണ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സര്‍ക്കാരിലെ സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രിയായി ചുമതലയേറ്റത്

നിങ്ങളുടെ കണ്ണീരും പേടികളുമൊക്കെ മാറ്റിവയ്ക്കുക. എന്നിട്ട് നമുക്ക് ചുറ്റും നടക്കുന്നതെന്തെന്ന് അങ്ങേയറ്റം വസ്തുനിഷ്ടമായി, കണ്ണു തുറന്നു നോക്കുക, നിങ്ങളുടെ രാഷ്ട്രീയമോ അതിന്റെ വിശേഷണങ്ങളോ എന്തുമാകട്ടെ, അതൊന്നും, കൂട്ടിക്കുഴയ്ക്കാതെ വസ്തുതകള്‍ മാത്രം നോക്കുക.

അപ്പോള്‍ മനസിലാകും, എന്തുകൊണ്ടാണ് ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക, ബംഗളുരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍ വെടിയുണ്ടകളാല്‍ തുളയ്ക്കപ്പെട്ട് കൊല്ലപ്പെട്ടതെന്ന്. അതിനൊപ്പം, എന്തുകൊണ്ട് ഗൗരിയെ ഈ  രാജ്യം അര്‍ഹിക്കുന്നില്ല എന്നും നമുക്ക് മനസിലാകും. കാരണം:

കഴിഞ്ഞ ഒരാഴ്ചയുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ നോക്കുക.

കര്‍ണാടകത്തിലെ സംഘപരിവാര്‍ നേതാക്കളില്‍ ഏറ്റവും വിഷരൂപിയായ ഒരാളാണ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സര്‍ക്കാരിലെ സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രിയായി ചുമതലയേറ്റത്. മാനനഷ്ടക്കേസില്‍ ഗൗരി ലങ്കേഷിനെ ശിക്ഷിക്കാന്‍ ഇടയാക്കിയ കേസ് കൊടുത്ത നേതാവിന്റെ അടുത്ത അനുയായി. തങ്ങള്‍ക്കുള്ള 300-ലധികം എം.പിമാരില്‍ നിന്നാണ് അനന്ത് കുമാര്‍ ഹെഗ്ഡയ്ക്ക് തന്റെ രാഷ്ട്രീയ പ്രതിബദ്ധതയും ഭരണപാടവും തെളിയിച്ചതിനുള്ള പുരസ്‌കാരമായി മോദിയും കൂട്ടരും മന്ത്രിപദവി നല്‍കിയത്. അല്ലെങ്കില്‍ അങ്ങനെയാണ് മുഖ്യധാരാ മാധ്യമങ്ങളിലൂടെ നമ്മെ അറിയിച്ചത്.

എല്ലാ വിധത്തിലും ക്രിമിനല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരാളാണ് അയാള്‍. എല്ലാവരുടേയും മുന്നില്‍ വച്ച് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കുകയും സാധ്യമാകുന്ന ഏതവസരത്തിലും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ഒക്കെ ചെയ്യുന്ന ഒരാള്‍. ഹിന്ദുത്വ ആശയത്തില്‍ വിശ്വസിക്കാത്ത ആര്‍ക്കെതിരെയും വിഷം തുപ്പുന്നത് അഭിമാനമായി കൊണ്ടു നടക്കുന്ന ഒരാള്‍. ഇസ്ലാമും സമാധാനവുമായി ഒരിക്കലും ചേര്‍ന്നു പോകില്ല, ഇന്ത്യ എന്തിനാണ് റോഹിങ്ഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കുന്നത് എന്നൊക്കെയാണ് അയാളുടെ നിരന്തര പല്ലവികള്‍. പൊളിറ്റിക്കല്‍ ഇസ്ലാം നശിപ്പിച്ചു കൊണ്ടിരിക്കുന്ന പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റേയും അതേ മാതൃകയിലുള്ള ഹിന്ദുത്വയില്‍ അടിസ്ഥാനപ്പെടുത്തിയ രാജ്യമാണ് അയാള്‍ കൊതിക്കുന്നത്.

അയാള്‍ മന്ത്രിയായി ചുമതലയേറ്റതിന് വെറും രണ്ടു ദിവസങ്ങള്‍ക്കകമാണ് ലിബറല്‍, മതേതര മൂല്യങ്ങളെ മുറുകെ പിടിച്ചിരുന്ന, 55 വയസുള്ള പ്രസാദാത്മകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്.

എന്തുകൊണ്ടാണ് ഗൗരിയെ പോലൊരാളെ ഈ രാജ്യം അര്‍ഹിക്കുന്നില്ല എന്നതിന് അധികം ആലോചനകളുടെ ആവശ്യമില്ല. അതിന് കുറച്ചു നാളുകളായി നമ്മുടെ ഈ ജനാധിപത്യ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാവും. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് മന്ത്രിയായുള്ള ഹെഗ്‌ഡെയുടെ സ്ഥാനാരോഹണവും തൊട്ടു പിന്നാലെയുള്ള ഗൗരിയുടെ കൊലപാതകവും.

രാഹുല്‍ ഗാന്ധി മറ്റൊരു വിദേശയാത്ര കൂടി കഴിഞ്ഞ് തിരിച്ചെത്തി, അടുത്തതിന് പോകുന്നതിന് മുമ്പ് ഗുജറാത്തില്‍ പോയിരുന്നു. അവിടെ വച്ച് മോദിയെ വിമര്‍ശിക്കുകയും ചെയ്തു. കുറച്ചു കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് മോദി ഭരിക്കുന്നത് എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ തന്റെ സ്വന്തം പാര്‍ട്ടിയും കുടുംബവും കോര്‍പറേറ്റുകളുമായി ഉണ്ടാക്കിയിരുന്ന ചങ്ങാത്തത്തെക്കുറിച്ച് അദ്ദേഹം ഓര്‍ക്കാതിരുന്നതാവുമോ? യു.പി.എ സര്‍ക്കാര്‍ ഈ കോര്‍പറേറ്റുകള്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ബാങ്ക് വായ്പാ ഇളവുകള്‍ എത്രയായിരുന്നു, ഏതു വിധത്തിലാണ് രാജ്യത്തെ കട്ടു മുടിക്കുന്നതിന് കൂട്ടുനിന്നത്.

കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ എല്ലാമെല്ലാമായ നേതാവായിരുന്നു ശങ്കര്‍ സിംഗ് വഗേല. മോദിയെ ഇന്നത്തെ മോദിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാള്‍. അയാളെയായിരുന്നു ഇത്ര കാലവും കോണ്‍ഗ്രസ് ആ സംസ്ഥാനത്ത് ആശ്രയിച്ചിരുന്നത്. ആ ഗുജറാത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മതേതര മൂല്യങ്ങള്‍ അന്വേഷിക്കുകയാണ്. 2002-ലെ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ, ബലാത്സംഗം ചെയ്യപ്പെട്ടവരുടെ, പച്ചയ്ക്ക് കത്തിക്കപ്പെട്ടവരുടെ ദുരന്തം നിറഞ്ഞ ഓര്‍മകളും അതിന്റെ ഇരകളും ഇന്നും നിലനില്‍ക്കുന്ന ആ നാട്ടില്‍ ഇപ്പോഴാണ് കോണ്‍ഗ്രസ് മതേതരത്വം അന്വേഷിച്ചു തുടങ്ങുന്നത്.

ഡല്‍ഹിയിലാണെങ്കില്‍ മന്ത്രിസഭാ വികസനം നടത്തിയതിനു പിന്നാലെ നോട്ട് നിരോധനത്തെ ന്യായീകരിക്കുന്ന തിരക്കിലാണ് മോദി. പ്രധാനമന്ത്രിയുടെ നടപടി തെറ്റാണെന്ന് ആര്‍ബിഐ തന്നെ കണക്കുകള്‍ നിരത്തിയിട്ടും, അദ്ദേഹത്തിന്റെ നടപടി തീര്‍ര്‍ത്തും മണ്ടത്തരമായിരുന്നെന്ന് വിദഗ്ധരൊക്കെ ചൂണ്ടിക്കാട്ടിയിട്ടും രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോയിട്ടും തന്റെ വാദത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുകയാണ് മോദി. ഇത് മോദിയുടെ മാത്രം പ്രശ്‌നമല്ല, നാം നമ്മുടെ രാഷ്ട്രീയ വര്‍ഗത്തിന്റെ ധാര്‍മികതകളിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കുക, ഒരുപാട് മോദിമാരെ നമുക്ക് അവിടെ കാണാന്‍ സാധിക്കും.

ഈയൊരാഴ്ച മുഴുവന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പണി എന്തായിരുന്നു? ഒരു സ്വേച്ഛാധിപത്യ രാജ്യത്തെ പ്രജകളെ പോലെ അവരൊക്കെ മുട്ടിലിഴഞ്ഞു. അങ്ങേയറ്റം സൂക്ഷ്മതയോടെ, കാര്യപ്രാപ്തിയുള്ള മന്ത്രിമാരെ തീരുമാനിച്ചിരിക്കുന്നു എന്നു പറഞ്ഞ് മോദിക്ക് സ്തുതിഗീതം പാടുകയായിരുന്നു നമ്മുടെ ദിനപത്രങ്ങള്‍. ദോക്ലാമില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ വിജയക്കൊടി നാട്ടി എന്നതായിരുന്നു നമ്മുടെ ടി.വി ചാനലുകളുടെ മുഖ്യവിഭവം. ഇതിനെല്ലാം പുറമെ, നമ്മുടെ ബ്യൂറോക്രാറ്റുകളോ? അവര്‍ തങ്ങള്‍ക്ക് ലഭിച്ച ജിയോ കണക്ഷനുള്ള പുതിയ ഗൂഗില്‍ ഫോണില്‍ വിനിമയ സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

ഇങ്ങനെയൊരു രാജ്യത്താണ് ഗൗരി ലങ്കേഷ് എന്ന നിര്‍ഭയയായ പത്രപ്രവര്‍ത്തക, വിയോജിക്കാനുള്ള തന്റെ സ്വാതന്ത്ര്യം മുറുകെ പിടിച്ചും ഭരണഘടന തനിക്ക് അനുവദിച്ചു തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും തീരുമാനിച്ചു കൊണ്ട് ഹിന്ദുത്വയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയത്. അങ്ങനെയാണ് അവര്‍ ശാസ്ത്രീയ യുക്തികളെ മുറുകെ പിടിച്ചത്, നിയമത്തെ മുന്നില്‍ നിര്‍ത്തിയുള്ള ഭീഷണികളെ തൃണവല്‍ഗണിച്ചത്, വീട്ടിലേക്ക് ഒറ്റയ്ക്ക് കാറോടിച്ചു പോയത്. ഇത്തരമൊരു രാജ്യത്ത് അവര്‍ കൊല്ലപ്പെടാതിരുന്നതിലല്ലേ നാം അത്ഭുതപ്പെടേണ്ടത്?

നാം ജീവിക്കുന്ന ഈ യഥാര്‍ത്ഥ ഇന്ത്യ എന്താണെന്ന് ഇനിയെങ്കിലും മനസിലാക്കേണ്ടതുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ നിറയുന്ന നമ്മുടെ രോഷപ്രകടനങ്ങളും തെരുവുകളില്‍ ഇപ്പോഴും കുറെയെങ്കിലും ബാക്കി നില്‍ക്കുന്ന ചുരുട്ടിയ മുഷ്ടികളും ഒക്കെ തീര്‍ക്കുന്ന പ്രതിരോധം കഴിയുമ്പോള്‍ ഒന്നുകൂടി നോക്കൂ, ഏതാണ് യഥാര്‍ത്ഥ ഇന്ത്യ? എം.എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലെ സര്‍ക്കാര്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എന്താണ് ചെയ്തത്? ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍, നിലവിലെ ഭരണകൂടത്തിന് പാദസേവ ചെയ്തിട്ട് തങ്ങള്‍ ഉദാത്ത മാധ്യമ പ്രവര്‍ത്തനം എന്ന് വീമ്പിളക്കുന്ന മുഖ്യാധാരാ മാധ്യമങ്ങള്‍, പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും കഴിക്കുന്ന ഭക്ഷണത്തിനും ധരിക്കുന്ന വസ്ത്രത്തിനും വരെ കാവല്‍ക്കാരെ നിര്‍ത്തി നമ്മുടെയൊക്കെ കഴുത്തില്‍ കത്തി വച്ചു നില്‍ക്കുന്ന ഫ്രഞ്ച് ഗ്രൂപ്പുകളും അവരുടെ സൂക്ഷിപ്പുകാരും… സൂക്ഷിച്ചു നോക്കൂ, ഇതൊക്കെയല്ലേ നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍?

ഒന്നുകൂടി ശ്രദ്ധിച്ചു നോക്കൂ, ഒരു ലിബറല്‍ ജനാധിപത്യ രാജ്യത്തെ ഇന്ന് എന്തിന്റെ പേരിലാണ് അങ്ങനെ വിശേഷിപ്പിക്കാന്‍ ബാക്കിയുള്ളത്? പേടിയില്ലാതെ എതിരഭിപ്രായം പറയാനുള്ള ഏതെങ്കിലുമൊരു സ്‌പേസ് നിങ്ങള്‍ക്ക് കാണിച്ചു തരാമോ? രാഷ്ട്രീയ ധാര്‍മികത എന്നത് നമ്മുടെ പൊതുജീവിതത്തില്‍ കാണിച്ചു തരാമോ? നമ്മുടെ ഭരണഘടനയെ മാനിക്കുന്ന, ആ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളെ പരിരക്ഷിക്കുകയും പിന്തുടരുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ള എത്ര രാഷ്ട്രീയ നേതാക്കളെ ഇന്നു നാം കാണുന്നുണ്ട്?

സോറി ഗൗരി, നിങ്ങളെ ഈ രാജ്യം അര്‍ഹിക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍