UPDATES

വിശുദ്ധ പശുക്കള്‍: ഇന്ത്യയിലും റുവാണ്ടയിലും

മനുഷ്യന്റെ ഭ്രാന്തിന്റെയും വംശീയ വെറുപ്പിന്റെയും ആധുനികകാല മ്യൂസിയമാണ് റുവാണ്ട

കുഴപ്പം പിടിച്ച ഈ ജനാധിപത്യത്തിന്റെ ആരെങ്കിലുമൊക്കെ എന്നും വിളിച്ചുപറയുന്നുണ്ട്, ഏതെങ്കിലും മൂലയ്ക്കുനിന്നും ഇന്ത്യ എന്ന ആശയത്തിന്റെ അടിസ്ഥാന തത്വങ്ങൾ. തിങ്കളാഴ്ച്ച അങ്ങനെ ചെയ്യുന്നതിന്റെ ഊഴം സുപ്രീം കോടതി ജസ്റ്റിസുമാരായ ഏ കെ സിക്രിയുടെയും അശോക് ഭൂഷണിന്റേയും ആയിരുന്നു. ദേശീയ തലസ്ഥാനമായ ഡൽഹിയിലെ രണ്ടു ചരിത്രപ്രധാനമായ പ്രതിഷേധ വേദികളിൽ നിന്നും പ്രതിഷേധക്കാരെ വിലക്കാനാകില്ലെന്നു അവർ വിധി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം “ഭരണനിർവഹണത്തിൽ കാര്യവിവരമുള്ള ഒരു പൗരസമൂഹം പങ്കുവഹിക്കുന്ന ഒരു ജനാധിപത്യത്തിൽ” നിർണായകമാണ് എന്ന് സുപ്രീം കോടതി പറഞ്ഞു.

പക്ഷെ ബധിരരാണ് എന്ന് നടിക്കുന്നവർ ഒന്നും കേൾക്കില്ല. പശുവിന്റെ പേരിൽ ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടം നടത്തുന്ന കൊലകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിധവകളുടെയും കുട്ടികളുടേയും അടക്കിപ്പിടിച്ച കരച്ചിലുകൾ അവർ കേൾക്കില്ല. ഭയത്തിന്റെ പുതപ്പിൽ മൂടി ഉറങ്ങാൻ പോകുന്ന ന്യൂനപക്ഷങ്ങളുടെ കരച്ചിൽ അവർ കേൾക്കില്ല. മഹാന്മാരായ ബുദ്ധിജീവികളുടെ മുങ്ങിപ്പോകുന്ന ശബ്ദങ്ങൾ അവർ കേൾക്കില്ല. ഹരീഷിനെയും പെരുമാൾ മുരുഗനെയും പോലുള്ള എഴുത്തുകാരുടെ ശബ്ദവും അവർ കേൾക്കില്ല.

അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വെല്ലുവിളി. മത, രാഷ്ട്രീയ, സാമൂഹ്യ വേര്‍തിരിവുകള്‍ക്കപ്പുറം ഒരു വിഭാഗം ഇന്ത്യയുടെ വൈവിധ്യത്തെ ബഹുമാനിക്കുന്നതിലും അതിന്റെ കുറവുകളെ നിയമപരവും ജനാധിപത്യപരവുമായ രീതികളിലൂടെ കൈകാര്യം ചെയ്യുന്നതിലും ബോധപൂര്‍വ്വം പ്രകടിപ്പിക്കുന്ന വിസമ്മതം. അവരുടെ ഭരണഘടനാ ലംഘനം പൂർണ ബോധ്യത്തോടെയും ഉറച്ച തീരുമാനത്തോടെയും ആണെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിനെ സംരക്ഷിക്കാനുള്ള വഴിയെന്താണ്?

അക്രമാസക്തരായ ആൾക്കൂട്ടം തെരുവുകളിലിറങ്ങി ആളുകളെ അടിച്ചുകൊല്ലുമ്പോൾ, സമൂഹത്തെ ഭയപ്പെടുത്തുമ്പോൾ, നൂറുകണക്കിനാളുകളെ പുകച്ചു കൊല്ലുമ്പോൾ അത്തരം ചോദ്യങ്ങൾ ഇന്ത്യക്കു മാത്രമായുള്ളതല്ല. അത് ചരിത്രത്തിലുടനീളം ലോകത്തിന്റെ പല കോണുകളിലും ആവർത്തിച്ചാവർത്തിച്ചു ചോദിച്ചിട്ടുണ്ട്. വിജയിച്ച സമൂഹങ്ങൾ ഇത്തരം കുറ്റവാളികളുമായി നേരിട്ടുള്ളിടത്തെല്ലാം അതിനെ രാഷ്ട്രീയ പ്രവർത്തകരോ സിദ്ധാന്തമോ ആയിക്കണ്ടിട്ടല്ല, മറിച്ച് ആ സമൂഹങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ലംഘനം എന്ന രീതിയിലാണ്.

ഏറ്റവും സമകാലികമായ ഉദാഹരണം റുവാണ്ടയാണ്‌. അവിടേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനമായി 200 പശുക്കളെ കയറ്റി അയക്കുന്നതെന്നു സാന്ദർഭികമായി ഓർക്കണം. 1994-ലെ നരകം നിറച്ച വേനലിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് മോദിക്ക് റുവാണ്ടയിലെ നേതാക്കളോടും സാധാരണ ജനങ്ങളോടും ചോദിക്കാവുന്നതാണ്. ആധുനിക ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ നടന്നതും ഭയാനകവുമായ വംശീയ കൂട്ടക്കൊലയിൽ, സൈന്യവും സാധാരണക്കാരായ ഹുടു ഗോത്രവർഗക്കാരും ചേർന്ന് 10 ലക്ഷത്തിലേറെ ആളുകളെയാണ്, അതിൽ 90 ശതമാനവും ടുട്സി ഗോത്രക്കാരായിരുന്നു, കൊന്നൊടുക്കിയത്. ലോകം കാഴ്ച്ചക്കാരായി നിന്നപ്പോൾ അവർ കൊലപാതക നിരക്കിൽ നാസികളെ മറികടന്നു.

വാസ്തവത്തിൽ, തന്റെ സായുധ വിമത സേനയായ റുവാണ്ടൻ ദേശാഭിമാന മുന്നണിയെ – Rwandan Patriotic Front-ഒരു സൈനികാധികാരം പിടിച്ചെടുക്കുന്നതിലേക്കു നയിച്ച് കൂട്ടക്കൊല അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകിയ റുവാണ്ടൻ പ്രസിഡണ്ട് പോൽ കാഗ്മെക്കൊപ്പം മോദി അല്പസമയം ചെലവഴിക്കണം. ഇന്നിപ്പോൾ ഏകാധിപത്യ പ്രവണതകളുടെ പേരിൽ കാഗ്മയ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

മനുഷ്യരുടെ ഭ്രാന്തിന്റെ ഏറ്റവും പുതിയ സ്മാരകമാണ് റുവാണ്ട. സാധാരണ മനുഷ്യരുടെ മനസിലേക്ക് വെറുപ്പിന്റെ വിഷം കയറ്റുന്നതിൽ ക്ഷുദ്ര ശക്തികൾ വിജയിച്ചാൽ ഒരു സമൂഹത്തിനു എന്ത് സംഭവിക്കും എന്നതിന്റെ തെളിവ്. റുവാണ്ട ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമുക്ക് ചുറ്റും നമ്മുടെ രാജ്യത്തുതന്നെ അത്തരം സമൂഹങ്ങളുണ്ട്. 2002-ൽ ഗുജറാത്ത്, 1984-ൽ വടക്കേ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാശ്മീരിലും നടക്കുന്ന നിരവധി വംശഹത്യകൾ. അവയെല്ലാം നോക്കൂ: അതിന്റെയെല്ലാം കേന്ദ്രമായി ഒരു പരാതിയുണ്ടാകും, അല്ലെങ്കിൽ അങ്ങനെ കരുതുന്ന ഒന്ന്. അവയെ ആളിക്കത്തിക്കുന്നത് ഒരു ചെറു സംഘം വെറുപ്പിന്റെ ഭ്രാന്ത് പ്രചരിപ്പിക്കുന്നവരാണ്, ജനാധിപത്യ മാർഗങ്ങളെ നിരസിക്കുന്നവർ, രാജ്യത്തെ നിയമങ്ങളെ ലംഘിക്കുന്നവർ, ഉന്മാദം ആളിക്കത്തിക്കുന്നവർ. ഈ വെറുപ്പിൽ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന നേതാക്കൾ എക്കാലത്തുമുണ്ട്. അത് ഇസ്‌ലാമിനെ അപമാനിക്കുന്നതിന്റെ പേരിലാകാം, പ്രവാചക നിന്ദയുടെ പേരിലാകാം, പശു മാതാവിന്റെ പേരിലാകാം, അല്ലെങ്കിൽ ഏതെങ്കിലും ക്രിസ്ത്യൻ വിശ്വാസമാകാം.

റുവാണ്ടയിൽ ഈ വെറുപ്പിന്റെ പ്രചാരണം തുടർച്ചയായി ഏറ്റെടുത്തത് ജനപ്രിയ റേഡിയോ സ്റ്റേഷൻ Radio Télévision Libre des Mille Collines (RTLM) ആയിരുന്നു. ഇന്ത്യയിൽ മുഖ്യധാര മാധ്യമങ്ങളും പുതുതലമുറ മാധ്യമങ്ങളുമാണ്. വിഷം വ്യാപിക്കാൻ തുടങ്ങുന്നു. അത് സർഗാത്മക സ്വാതന്ത്ര്യത്തെ തടയുന്നു, എതിരഭിപ്രായമുള്ള മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കുന്നു, നമ്മളെയെല്ലാം ഇതിന്റെ പ്രചാരകരാകാൻ നിർബന്ധിക്കുന്നു. നാമെന്താണ് എഴുതേണ്ടതെന്ന്, കേൾക്കേണ്ടതെന്ന്, കാണേണ്ടതെന്ന് അവർ തീരുമാനിക്കുന്നു.
അങ്ങനെയിരിക്കെ സാഹചര്യം തങ്ങൾക്കായി കൃത്യമായി പാകമാകുന്ന ഒരു ദിവസം അക്രമം അഴിച്ചുവിടാനും സംഘടിതവും ആസൂത്രിതവുമായ വംശഹത്യക്ക് ഒരു ന്യായം കണ്ടെത്തുകയും ചെയ്യും. റുവാണ്ടയിൽ അത് 1994 ഏപ്രിൽ 6-നായിരുന്നു. റുവാണ്ടൻ പ്രസിഡണ്ടും ഏകാധിപതിയുമായിരുന്ന ജുവേനൽ ഹബ്യാരിമനയേയും ബുറുണ്ടി പ്രസിഡണ്ട് സിപ്രിയെൻ എന്റാര്യമിറയെയും കൊണ്ട് പറന്ന വിമാനം റുവാണ്ടൻ പ്രസിഡണ്ടിന്റെ വസതിയുടെ ഏതാണ്ട് മുകളിലായി വെടിവെച്ചിട്ടത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കൊന്നത് ടുട്സികളാണെന്ന് ഹുടു ഗോത്രക്കാർ കുറ്റപ്പെടുത്തി. എന്നാൽ 10 ലക്ഷം ആള്‍ക്കൂട്ടക്കൊലയ്ക്ക് ശേഷം സത്യം പുറത്തുവന്നു; ഒരു ഹുടു സൈനിക വിഭാഗമാണ് അത് ചെയ്തത്.

സത്യം പുറത്തുവരുന്നതിനു മുമ്പ്, യുദ്ധത്തിന്റെ മഞ്ഞുമറയ്ക്കുള്ളിൽ, രാജ്യത്തെ 73 ലക്ഷം വരുന്ന ജനസംഖ്യയുടെ 15% വരുന്ന ടുട്സി വംശക്കാരെ തുടച്ചുനീക്കാനുള്ള ഒരു വംശഹത്യ പദ്ധതി ഹുടു നേതാക്കൾ അഴിച്ചുവിട്ടു. കൊലപാതകവും ബലാത്സംഗവും മനുഷ്യ കുലത്തെ ഇല്ലാതാക്കാനുള്ള മാർഗ്ഗമല്ലെന്നു റുവാണ്ടയിൽ വീണ്ടും തെളിഞ്ഞു. അവശേഷിച്ചത് 300,000 ടുട്സികൾ, ആയിരക്കണക്കിന് വിധവകൾ, അതിൽ പലരും ബലാത്സംഗത്തിന്റെ ഇരകൾ, അതിൽ മിക്കവറും HIV പോസിറ്റിവ് ആയവർ, 400,000 അനാഥരായ കുട്ടികൾ.

മനുഷ്യന്റെ ഭ്രാന്തിന്റെയും വംശീയ വെറുപ്പിന്റെയും ആധുനികകാല മ്യൂസിയമാണ് റുവാണ്ട.

ആവർത്തിക്കുന്ന ഈ ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തിൽ, പുരോഗനപരമായ സാമൂഹ്യ പദവിയുടെ പേരിൽ എപ്പോഴും പ്രശംസിക്കപ്പെടുന്ന കേരളത്തിന്, ഭരണഘടനാ ലംഘനം വെറുമൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്ന് രാജ്യത്തെ കാണിക്കാൻ ധാർമികമായ ചുമതലയുണ്ട്. ഹരീഷിനെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുന്ന ക്ഷുദ്ര ഹിന്ദുത്വ ശക്തികളെയും മുസ്‌ലിം, ക്രിസ്ത്യൻ സംഘങ്ങളെയും ഒരു രാഷ്ട്രീയ വിഭാഗമായി മാറാൻ അനുവദിച്ചുകൂടാ. അവർ വെറും സാമൂഹ്യവിരുദ്ധരായ കുറ്റവാളികളാണ്, അവരെ ക്രമസമാധാന ഭീഷണിയായി കൈകാര്യം ചെയ്യണം. അതിൽ കൂടുതലുമില്ല, കുറവുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍