UPDATES

‘മന്‍ കി ബാത്’ എന്തായാലും പ്രധാനമന്ത്രി അത് പറഞ്ഞേ തീരൂ; സോഷ്യല്‍ മീഡിയ വഴിയുള്ള കലാപാഹ്വാനങ്ങള്‍ നിര്‍ത്താന്‍

സോഷ്യല്‍മീഡിയയെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി ജനങ്ങളുമായി സംസാരിക്കണം. അദ്ദേഹത്തെ കേള്‍ക്കാന്‍ ആളുകളുണ്ട്. അതുകൊണ്ട് അദ്ദേഹം നിര്‍ബന്ധമായും അത് പറയണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ റീച്ച് അപാരമാണ്. മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ എല്ലാ മാസവും പ്രധാനമന്ത്രി മോദി സര്‍ക്കാരിന്റെ നയങ്ങളേയും മറ്റ് വിവിധ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നു. വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നടക്കുന്ന വ്യാപകമായ അപവാദ പ്രചാരണങ്ങള്‍ക്കതിരെ മന്‍ കി ബാത്ത് വഴി സംസാരിക്കാന്‍ മോദി തയ്യാറാകണം. ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ വഴി കൊലപാതകങ്ങള്‍ വരെ നടക്കുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിലെ ധൂലെയില്‍ അഞ്ച് പേരെ നാട്ടുകാര്‍ തല്ലിക്കൊന്നത്, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ്.

കഴിഞ്ഞ 25 ദിവസങ്ങളില്‍ ഇത്തരം 14 ആക്രമണങ്ങളാണുണ്ടായത്. മൂന്ന് വ്യത്യസ്ത പ്രദേശങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. അറിയാവുന്നവരോ അറിയാത്തവരോ ആയ മനുഷ്യരെ ആളുകള്‍ സംഘം ചേര്‍ന്ന് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത് എങ്ങനെയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും. ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കില്‍ വിശദമായ അന്വേഷണം വേണ്ടി വരും. രണ്ടാമത്തെ ചോദ്യം നോക്കുകയാണെങ്കില്‍ നുണകള്‍ പ്രചരിപ്പിക്കുന്നതിനും അക്രമത്തിന് തിരി കൊളുത്തുന്നതിനുമെതിരെ സോഷ്യല്‍ മീഡിയയ്ക്ക് പ്രധാനമന്ത്രി നല്‍കുന്ന മുന്നറിയിപ്പ് വളരെയധികം ഗുണം ചെയ്യും എന്ന് കരുതാവുന്നതാണ്.

2014ല്‍ അധികാരമേറ്റത് മുതല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സോഷ്യല്‍മീഡിയയെ നേരിട്ട് ജനങ്ങളുമായി ബന്ധപ്പെടുന്നതിനായി ഉപയോഗിക്കുന്നു. സോഷ്യല്‍മീഡിയയെ മറ്റ് മാധ്യമങ്ങളെ മറികടക്കാനുള്ള ഒരു പബ്ലിസിറ്റി ടൂള്‍ ആയി ഉപയോഗിക്കുന്നു എന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി പറയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായാണിത്. ഈ വിമര്‍ശനത്തില്‍ കഴമ്പുള്ളപ്പോള്‍ തന്നെ, മോദിയുടെ നിരന്തരമുള്ള സോഷ്യല്‍ മീഡിയ ഇടപെടല്‍ – കുട്ടികളുടെ പരീക്ഷ മുതല്‍ പോസിറ്റീവ് തിങ്കിംഗ് വരെ – ഉന്നത ഭരണ, ഔദ്യോഗിക പദവികളും സാധാരണക്കാരനും തമ്മിലുള്ള അകലം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇത് വളരെയധികം കേള്‍വിക്കാരെ മോദിക്കുണ്ടാക്കിയിട്ടുണ്ട്. പിന്തുടരുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഉത്തരവാദിത്തവും കൂടുന്നു.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നുണ പ്രചരിപ്പിക്കാന്‍ മുന്‍വിധികള്‍ സൃഷ്ടിക്കുന്നത്, വെറുപ്പും ഭയവും പടര്‍ത്തുന്നത് തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചതുകൊണ്ട് മാത്രം ഒരു ആള്‍ക്കൂട്ട കൊല തടയാനാകില്ല. പ്രാദേശിക ഭരണകൂടത്തിലേയും പൊലീസിലേയും പഴുതുകള്‍ അടയ്ക്കണം. ധൂലെയില്‍ പൊലീസ് നിഷ്‌ക്രിയമായിരുന്നു. 3500നടുത്ത് വരുന്ന അക്രമികള്‍ക്ക് മുന്നില്‍ എട്ട് പൊലീസുകാര്‍ നിസഹായരായി. ദുര്‍ബലമായ പൊലീസ്, നിയമ സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ആള്‍ക്കൂട്ട അക്രമ കേസുകളില്‍ നീതി ഏറെക്കുറെ അസാധ്യമാക്കുന്നു. സ്‌കൂളുകളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സിവില്‍ സൊസൈറ്റി നെറ്റ്‌വര്‍ക്കുകളുമെല്ലാം കഠിനപ്രയത്‌നം ചെയ്യണം.

പ്രധാനമന്ത്രി ഇത്തരത്തിലൊരു സന്ദേശം നല്‍കുകയാണെങ്കില്‍ അത് ആളുകളിലേയ്‌ക്കെത്തും. ആശയവിനിമയം വളരെ എളുപ്പമായിരിക്കുന്ന കാലത്ത്, മാധ്യമങ്ങള്‍ വളരെയധികം വിപുലമായിരിക്കുന്ന കാലത്ത് സത്യവും മിഥ്യയും തമ്മില്‍, വിമര്‍ശനവും അധിക്ഷേപവും തമ്മില്‍, യാഥാര്‍ത്ഥ്യവും വ്യാജ കഥകളും തമ്മിലൊക്കെയുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുത്തരുത് എന്ന് ആളുകളെ ബോധ്യപ്പെടുത്തണം. സോഷ്യല്‍മീഡിയയെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി ജനങ്ങളുമായി സംസാരിക്കണം. അക്രമത്തിന് പ്രേരിപ്പിക്കും വിധം അത് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് പ്രധാനമന്ത്രി പറയണം. അദ്ദേഹത്തെ കേള്‍ക്കാന്‍ ആളുകളുണ്ട്. അതുകൊണ്ട് അദ്ദേഹം നിര്‍ബന്ധമായും അത് പറയണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍