UPDATES

“ആ ഞായറാഴ്ച ട്വീറ്റ് മറന്നേക്കൂ”: സമ്പൂര്‍ണ വൈദ്യുതീകരണം സംബന്ധിച്ച മോദിയുടെ അവകാശവാദവും യാഥാര്‍ത്ഥ്യവും

ഭരണം ഇന്ത്യയുടെ ചില പോക്കറ്റുകളിലേക്ക് മാത്രം ഒതുങ്ങുന്നത് പോലെ, മാവോയിസ്റ്റ് നിയന്ത്രിത പ്രദേശങ്ങളെ നമ്മള്‍ അവഗണിച്ചത് പോലെ, നഗരചേരികളിലെ വൈദ്യുതിയും വെള്ളവുമില്ലാത്ത കുടിലുകളെ അവഗണിച്ച പോലെ, ആരോഗ്യരക്ഷയും വിദ്യാഭ്യാസവും വ്യക്തികള്‍ക്ക് നിഷേധിക്കുന്നത് പോലെ, വൈദ്യുതിയും ചിലര്‍ക്ക് മാത്രം, പണം മുടക്കാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രം നല്‍കുന്ന ആനുകൂല്യമാണ്.

മണിപ്പൂരിലെ ലെയ്‌സാങ് ഗ്രാമം ഇന്ത്യയിലെ മറ്റ് ആയിരക്കണക്കിന് ഗ്രാമങ്ങളെ പോലെ വൈദ്യൂതീകരിക്കപ്പെടുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു – പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇങ്ങനെ ട്വീറ്റ് ചെയ്തു. ലെയ്‌സാങില്‍ വൈദ്യുതി എത്തിയത്തോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതീകരണം പൂര്‍ത്തിയായതായി കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചിരുന്നു. സേനാപതി ജില്ലയിലെ ലെയ്‌സാങില്‍ 19 കുടുംബംഗങ്ങളാണുള്ളത്. ഔദ്യോഗിക കണക്ക് പ്രകാരം നാഷണല്‍ പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന രാജ്യത്തെ മറ്റ് 5.97 ലക്ഷത്തിധികം വരുന്ന ഗ്രാമങ്ങളോടൊപ്പം ലെയ്‌സാങും ചേര്‍ന്നു. 2011ലെ സെന്‍സസ് കണക്ക് പ്രകാരം 5,97,463 ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. ഇതിനര്‍ത്ഥം ഇന്ത്യയില്‍ വൈദ്യുതിയില്ലാത്ത വീടില്ലെന്നാണോ. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മൂടിവയ്ക്കുന്ന ഒരു സര്‍ക്കാര്‍ തന്ത്രം മാത്രമാണിത്.

2006ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കവേ എന്താണ് ഗ്രാമീണ വൈദ്യുതീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അത് വ്യക്തമാക്കിയിരുന്നു. ഗ്രാമീണ വൈദ്യുതീകരണ നയം ഇങ്ങനെ പറയുന്നു – ഒരു ദലിത് കോളനി അടക്കമുള്ള ജനവാസ പ്രദേശത്ത് ട്രാന്‍സ്‌ഫോമറും വൈദ്യുതി ലൈനുകളും വന്നാല്‍ അത് വൈദ്യുതീകരണമായി. ചട്ടപ്രകാരം 10 ശതമാനം വീടുകളിലെങ്കിലും വൈദ്യുതി എത്തിയിരിക്കണം. എന്നാല്‍ ഓരോ വീടിനും വേണ്ട വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച കൃത്യമായ കണക്കുണ്ടായിരുന്നില്ല.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇക്കാര്യത്തില്‍ അവര്‍ അവരുടെ പിആര്‍ പണി തുടങ്ങി. 76,000 കോടി രൂപയുടെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതി ലക്ഷ്യം വച്ചിരുന്നത് 18,452 ഗ്രാമങ്ങളുടെ വൈദ്യുതീകരണമാണ്. പിന്നീട് 1,275 ഗ്രാമങ്ങള്‍ കൂടി ഇതിനൊപ്പം ചേര്‍ത്തു.

10 വര്‍ഷം കൊണ്ട് 5.77 ലക്ഷം ഗ്രാമങ്ങളാണ് മുന്‍ സര്‍ക്കാര്‍ വൈദ്യുതീകരിച്ചത്. ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതായാണ് മോദി സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ യാഥാര്‍ത്ഥ്യം ലജ്ജാകരമാണ്. രാജ്യത്തെ 3.14 കോടി വീടുകളില്‍ വൈദ്യുതിയില്ല. അതായത് 17.99 കോടി ഗ്രാമീണ ഭവനങ്ങളില്‍ 17 ശതമാനം. ബിഹാറില്‍ 25.64 ഗ്രാമീണ വീടുകളിലും ഉത്തര്‍പ്രദേശില്‍ 44.2 ഗ്രാമീണ വീടുകളിലും വൈദ്യുതിയില്ല. ആസാമില്‍ 43.3 ശത്മാനം, ഝാര്‍ഖണ്ഡില്‍ 52.25 ശതമാനം, ഒഡീഷയില്‍ 36.34 ശതമാനം എന്നിങ്ങനെയാണ് ഗ്രാമങ്ങളിലെ വൈദ്യുതിയില്ലാത്ത വീടുകളുടെ കണക്ക് സംബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.

2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ദീന്‍ദയാല്‍ പദ്ധതി പ്രകാരം ആയിരം ദിവസത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നാണ്. രാജ്യത്തിന്റെ ആളോഹരി വൈദ്യുതി ഉപഭോഗം 1200 മണിക്കൂറില്‍ 1200 കിലോവാട്ടിലെത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിട്ടത്. ആഗോളതലത്തിലെ കണക്കുകളെടുത്താല്‍ ഇത് വളരെ കുറഞ്ഞ ഉപഭോഗമാണ്.

ഗ്രാമീണ ഭവനങ്ങള്‍ക്കും കര്‍ഷകര്‍ക്കും മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ദീന്‍ദയാല്‍ പദ്ധതി ഫീഡറുകള്‍ വിഭജിച്ചു. സബ് ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കുകള്‍ ശക്തിപ്പെടുത്തുന്നതിലും മൈക്രോ ഗ്രിഡ്, ഓഫ് ഗ്രിഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കുന്നതിലും ശ്രദ്ധിച്ചു.

വൈദ്യുതി ആവശ്യമുള്ള, ‘സന്നദ്ധരാ’യ വീടുകള്‍ക്ക്/കുടുംബങ്ങള്‍ക്ക് വേണ്ടി എന്ന പേരില്‍ ഒരു പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വീടുകളുടെ വൈദ്യുതീകരണം 2018 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണം. ആരാണ് ഈ ‘സന്നദ്ധ’രായ കുടുംബങ്ങളെ കണ്ടെത്തുക. എന്താണ് ഈ ‘സന്നദ്ധ’ കുടുംബങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? വൈദ്യുതി കണക്ഷന് പണം നല്‍കാന്‍ കഴിയുന്ന വീടുകള്‍. സര്‍ക്കാരിന് പ്രാപ്യമായവ. ഈ പട്ടികയിലേയ്ക്ക് കൂടുതല്‍ യോഗ്യരെ ചേര്‍ക്കാം.

ഭരണം ഇന്ത്യയുടെ ചില പോക്കറ്റുകളിലേക്ക് മാത്രം ഒതുങ്ങുന്നത് പോലെ, മാവോയിസ്റ്റ് നിയന്ത്രിത പ്രദേശങ്ങളെ നമ്മള്‍ അവഗണിച്ചത് പോലെ, നഗരചേരികളിലെ വൈദ്യുതിയും വെള്ളവുമില്ലാത്ത കുടിലുകളെ അവഗണിച്ച പോലെ, ആരോഗ്യരക്ഷയും വിദ്യാഭ്യാസവും വ്യക്തികള്‍ക്ക് നിഷേധിക്കുന്നത് പോലെ, വൈദ്യുതിയും ചിലര്‍ക്ക് മാത്രം, പണം മുടക്കാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രം നല്‍കുന്ന ആനുകൂല്യമാണ്. 15 കോടിയോളം ഇന്ത്യക്കാര്‍ക്ക് ഒട്ടും വൈദ്യുതി ലഭ്യമല്ല എന്നതാണ് വസ്തുത. അതിനേക്കാള്‍ പല കോടി മനുഷ്യര്‍ക്ക് വൈദ്യുതി വല്ലപ്പോഴും ലഭ്യമാകുന്ന ഒന്നാണ്. നഗരങ്ങളിലെ സമ്പന്ന വര്‍ഗം അവരുടെ കൊട്ടാര സദൃശമായ വീടുകള്‍ സ്വകാര്യ ജനറേറ്ററുകളുമായി പ്രവര്‍ത്തിപ്പിക്കുന്നു. അപ്പോ ഞായറാഴ്ചത്തെ ആ നല്ല വാര്‍ത്തയുടെ ട്വീറ്റ് മറന്നുകളഞ്ഞേക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍