UPDATES

തളരാത്ത പോരാട്ടമാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്; പിണറായി ഈ വൃദ്ധനോട് നീതി ചെയ്യുമോ?

ഒരു റോഡ് അപകടത്തില്‍ ഒരു സാധാരണ മലയാളി മരിച്ച സംഭവത്തില്‍ പിണറായി വിജയന് സ്വയം വേറിട്ട് നില്‍ക്കുന്ന ഒരു ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള പുനര്‍നിര്‍മ്മിതിക്ക് അവസരമുണ്ട്.

ചിലപ്പോള്‍ രാഷ്ട്രീയമായും, സാമൂഹ്യമായും സാമ്പത്തികമായും മറ്റ് ചിലപ്പോള്‍ ധാര്‍മ്മികമായുമുള്ള കാരണങ്ങളാല്‍ അല്‍പ്പം കടന്ന് ചിന്തിക്കുക എന്നത് പ്രധാനമാണ്. സഖാവ് പിണറായി വിജയന്‍റെ യൗവനം കമ്മ്യൂണിസ്റ്റ് വീരഗാഥയുടെ ഭാഗമാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളോടും അതിന്റെ മൂല്യങ്ങളോടും പ്രതിജ്ഞാബദ്ധനായ നേതാവ് എന്ന നിലയില്‍ ഇത് പിണറായിക്ക് ഇടപെടാന്‍ പറ്റിയ സമയമാണ്. അല്‍പ്പം കടന്നുള്ള, കളത്തിന് പുറത്തുള്ള ചിന്തക്കുള്ള സമയം. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണ് എന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ പറ്റിയ സമയം. ഇത് ഉന്നതശീര്‍ഷനായ ഒരു രാഷ്ട്രീയ വ്യക്തിത്വമായി പിണറായിയെ ഉയര്‍ത്തുകയും അദ്ദേഹത്തിന് രാഷ്ട്രീയമായി വളരെയധികം ഗുണം ചെയ്യുകയും ചെയ്യും.

ലോകത്തെ മാറ്റിയ ഇത്തരം സന്ദര്‍ഭങ്ങള്‍ നിറഞ്ഞതാണ് ചരിത്രം. 1893 ജൂണ്‍ ഏഴിന് ഒരു യുവ അഭിഭാഷകനെ ദക്ഷിണാഫ്രിക്കന്‍ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ടപ്പോള്‍ അദ്ദേഹം ആ അപമാനത്തെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി സ്വന്തം വരുമാനത്തില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. വിക്കുള്ള സമ്പന്ന ബ്രാഹ്മണനും മറ്റുള്ളവരും തങ്ങള്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങളോ അവകാശങ്ങളോ ഇല്ലാത്തവര്‍ക്ക് വേണ്ടി കമ്മ്യൂണിസത്തിന്‍റെ പേരില്‍ പോരാട്ടത്തിന് ഇറങ്ങിയില്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ആധുനിക കേരളം രൂപപ്പെടുമായിരുന്നോ?

ഒരു റോഡ് അപകടത്തില്‍ ഒരു സാധാരണ മലയാളി മരിച്ച സംഭവത്തില്‍ പിണറായി വിജയന് സ്വയം വേറിട്ട് നില്‍ക്കുന്ന ഒരു ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള പുനര്‍നിര്‍മ്മിതിക്ക് അവസരമുണ്ട്. 78 വയസുകാരനായ ഗോപിനാഥന്‍ പിള്ളയുടെ കാര്യമാണ് പറയുന്നത്. ആലപ്പുഴ താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കേതില്‍ വീട്ടില്‍ ഗോപിനാഥന്‍ പിള്ള. ബുധനാഴ്ച രാവിലെ വിചിത്രമായ ഒരു റോഡ് അപകടമാണുണ്ടായത്. ഒരു മിനി ലോറി അദ്ദേഹത്തിന്റെ വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗോപിനാഥന്‍ പിള്ളയുടെ മരണത്തില്‍ ഞങ്ങള്‍ എന്തെങ്കിലും അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. അതൊരു സാധാരണ റോഡ് അപകടമായിരിക്കാം. അല്ലെങ്കില്‍ ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ താല്‍പര്യങ്ങള്‍ക്കെതിരെ നിയമസാധ്യതകള്‍ ഉപയോഗിച്ച് മുന്നോട്ട് പോകുന്ന അവസാനത്തെ വ്യക്തികളേയും ഉന്മൂലനം ചെയ്യുക എന്ന വലിയ ഗൂഢാലോചനയുടെ ഭാഗമായിരിക്കാം. ഈ ക്രിമിനല്‍ സിന്‍ഡിക്കേറ്റ് ഇതുവരെ പിടിയിലായിട്ടില്ല.

ഇത് വെറും നിര്‍ത്ഥകമായ വാദമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ദയവായി ഇത് വായിക്കൂ.

തന്‍റെ പാര്‍ട്ടിയായ ബിജെപിലെ നേതാക്കള്‍ക്കെതിരെ തന്നെ ഡല്‍ഹി മാധ്യമങ്ങള്‍ക്ക് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്ന കൗശലക്കാരനും കുഴപ്പക്കാരനുമായിരുന്നു ഒരു കാലത്ത് നരേന്ദ്ര മോദി. ഇത്തരത്തില്‍ എതിരാളികളെ വെട്ടി വീഴ്ത്തി, വളരെ നാടകീയമായി 2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീട് ഗുജറാത്തില്‍ സംഭവിച്ചത് അതുവരെയില്ലാത്ത തരത്തിലുള്ള വര്‍ഗീയ ധ്രുവീകരണവും ഭരണകൂടത്തിന്‍റെ ക്രിമിനല്‍ നടപടികളുമാണ്. ഇനിയും പൂര്‍ണമായി അന്വേഷണ വിധേയമാകാത്ത കാര്യങ്ങള്‍.

ഇവിടെയാണ് കേരള മുഖ്യമന്ത്രി ഇടപെടണം എന്ന് ഞങ്ങള്‍ കരുതുന്നത്. വയോധികനായ പിള്ളയുടെ മരണം ഇവിടെ ഒരു കാരണമായി എന്ന് മാത്രം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ ഗോധ്ര ദുരന്തമുണ്ടായി. കൊല്ലപ്പെരാന്‍ കര്‍സേവകരുടെ മൃതദേഹങ്ങള്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ ജില്ലാ ഭരണകൂടത്തോട് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് അഹമ്മദാബാദിലേക്ക് പ്രകടനമായി പോവുകയും വര്‍ഗീയ കലാപത്തിന് തീ കൊളുത്തുകയും ചെയ്തു. കലാപം കെട്ടടങ്ങിയപ്പോളേക്കും ഗുജറാത്തിലെ മുസ്ലീങ്ങള്‍ക്ക് ഭരണകൂടം അവരുടെ സ്ഥാനം എന്താണ് എന്ന് കാണിച്ചുകൊടുത്തിരുന്നു. രണ്ട് തരത്തിലുള്ള കാര്യങ്ങളാണ് ഉടലെടുത്തത്. ഒന്ന് ഭീകരാക്രമണമായിരുന്നു – ഇതില്‍ പ്രധാനം അക്ഷര്‍ധാം ക്ഷേത്രത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു. മറ്റൊരു കാര്യം ഏറ്റുമുട്ടല്‍ പരമ്പരകളാണ്. എല്ലാത്തിലും കൊല്ലപ്പെടുന്നത് മോദിയെ കൊല്ലാന്‍ വരുന്ന ഭീകരരാണ് എന്നാണ് ഭാഷ്യം.

ഭീകരാക്രമണ കേസിന് പിന്നീട് എന്ത് സംഭവിച്ചു? ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞ് ജയിലിലടച്ചിരുന്നവര്‍ നിരപരാധികളാണ് എന്ന് സുപ്രീംകോടതി കണ്ടെത്തുകയും ചെയ്തു. അപ്പോള്‍ ചോദ്യം ഇതാണ് 32 പേരുടെ ജീവനെടുത്ത അക്ഷര്‍ധാം ആക്രമണം നടത്തിയത് ആരായിരുന്നു? 2012ല്‍ വ്യാജ ഏറ്റുമുട്ടലുകളെന്ന് ആരോപിക്കപ്പെടുന്ന ഗുജറാത്തിലെ 22 കേസുകളില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആയിരിക്കെ 2003നും 2006നും ഇടയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ചാണ് ഇത്.

ഇതില്‍ സ്വാഭാവികമായും രണ്ട് കേസുകളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2005 നവംബര്‍ 26ന് സൊഹ്‌റാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയേയും വ്യാജ ഏറ്റുമുട്ടലില്‍ വെടി വച്ച് കൊന്നു എന്നാണ് ഒരു കേസ്. പട്ടാപ്പകല്‍ നടത്തിയ ഈ കൊലപാതകം ആസൂത്രണം ചെയ്തത് ആഭ്യന്തര മന്ത്രിയായ അമിത് ഷാ ആണെന്നായിരുന്നു സിബിഐയുടെ ആദ്യ കണ്ടെത്തല്‍. ഇതിനായി ഏറ്റുമുട്ടല്‍ വിദഗ്ധരായ ഒരു സംഘം പൊലീസുകാരെ നിയോഗിക്കുകയായിരുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; അമിത് ഷായ്ക്കെതിരെയുള്ള കേസുകള്‍ ഇതുവരെ

സൊഹ്‌റാബുദീന്‍ കേസിന്റെ വിചാരണ സുപ്രീം കോടി ഗുജറാത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റി. കേസില്‍ ആദ്യം വാദം കേട്ട ജസ്റ്റിസ് ജെടി ഉത്പത് അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അമിത് ഷാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ദിവസത്തിന്റെ തലേ ദിവസം ഉത്പത്തിന് സ്ഥലം മാറ്റ ഉത്തരവ് കിട്ടി. ഒരേ ജഡ്ജി തന്നെ വാദം കേള്‍ക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നത്. അടുത്തതായി എത്തിയ ജഡ്ജി ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനകളെ തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ തുറന്ന വിമര്‍ശനവും കലാപവുമായി, ചരിത്രപരമായ നീക്കമെന്ന് വിശേഷിപ്പിക്കാനാകും വിധം ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്ത് വരുന്നു.

സൊഹ്‌റാബുദീന്‍ കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പ് 2004 ജൂണ്‍ 15ന് നാല് ഭീകരരെ എറ്റുമുട്ടലില്‍ വധിച്ചതായി ഗുജറാത്ത് പൊലീസ് അവകാശപ്പെട്ടിരുന്നു. സൊഹ്‌റാബുദീന്‍ കേസിലെ ഡിഐജി ഡിജി വന്‍സാരയുടെ നേതൃത്വത്തിലുള്ള അതേ സംഘമാണ് ഈ കേസിലുമുണ്ടായിരുന്നത്. 19 കാരിയായ ഇഷ്രത് ജഹാന്‍ റാണയും മലയാളിയായ ജാവേദ് ഗുലാം ഷെയ്ഖും (പ്രാണേഷ് കുമാര്‍ പിള്ള സാജിദയുമായുള്ള പ്രണയ വിവാഹത്തെ തുടര്‍ന്ന് 90കളില്‍ മതം മാറി ജാവേദ് ഷെയ്ഖ് എന്ന പേര് സ്വീകരിച്ചു) ഉള്‍പ്പെടുന്നു.

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

പ്രാണേഷിന്റെ പിതാവായ, റോഡ് അപകടത്തില്‍ കൊല്ലപ്പെട്ട ഈ വയോധികന്‍ ഒരു വലിയ പോരാട്ടം നടത്തിയ മനുഷ്യനാണ്. ജാവേദ് എന്ന പ്രാണേഷിന് നീതി കിട്ടുന്നതിനായി പോരാടിയിരുന്ന മനുഷ്യരില്‍ അവശേഷിച്ചിരുന്ന ഒരേയൊരാള്‍. ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി നിര്‍ഭയമായി നിലകൊള്ളുകയും ക്രിമിനല്‍ സിന്‍ഡിക്കേറ്റിന് എതിരായി നിയമവഴിയില്‍ പോരാടുകയും ചെയ്യുന്ന ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാള്‍. പ്രാണേഷ് ഒരു ക്രിമിനലായിരുന്നോ, അയാള്‍ ഒരു ഭീകരനായിരുന്നോ, മകനോടുള്ള സ്‌നേഹത്താലുള്ള അന്ധത കൊണ്ടാണോ ഗോപിനാഥന്‍ പിള്ള നിയമ പോരാട്ടം നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഇനി യാതൊരു പ്രസക്തിയുമില്ല. അത് ചര്‍ച്ച ചെയ്യാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.

നമ്മള്‍ ഇപ്പോള്‍ ചോദിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയ്ക്കും ഈ രാജ്യത്തെ നിയമങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്നാണ്. വര്‍ഗീയ രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റ് ഗുജറാത്തിലെ കാര്യങ്ങളെല്ലാം തകിടം മറച്ചിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ക്രൂരവും അധമമവുമായ ഭരണകൂട ശക്തിയും കോര്‍പ്പറേറ്റ് ഫണ്ടും ഉപയോഗിച്ച് അധികാരത്തില്‍ പടികള്‍ കയറിയ നരേന്ദ്ര മോദിയാണ്. ഈ സത്യം അറിയാവുന്നവരില്‍ ഭൂരിഭാഗം പേരും ഇന്ന് നിശബ്ദരാണ്. പലരും സ്വകാര്യമായി ഇതേക്കുറിച്ച് പരാതിപ്പെടുമ്പോളും പൊതുസമൂഹത്തിന് മുന്നില്‍ നിശബ്ദത പാലിക്കുന്നു.

ഇത് പിണറായി വിജയനും കേരളത്തിനും ചരിത്രപരമായ അവസരമാണ്. ഈ രാജ്യത്തിന് നിയമത്തിന് വിലയുണ്ടെന്നും അതില്‍ പ്രതീക്ഷ അര്‍പ്പിക്കാമെന്നും ബോധ്യപ്പെടുത്താനുള്ള അവസരമാണ്. ഒരു വൃദ്ധന്റെ അപകടമരണമെങ്കിലും ഇതിന് കാരണമാകട്ടെ. പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ വൃദ്ധന് വേണ്ടി പോരാടാനോ പൊതുജനങ്ങളില്‍ നിന്ന് സഹായം തേടാനോ ധനസമാഹരണം നടത്താനോ ആരെങ്കിലും മുന്നോട്ട് വരുമോ. കാരണം ഒരു വൃദ്ധന്റെ സാധാരണ ഗതിയിലുള്ള മരണമല്ല ഇത്. അതിലുപരിയായ മാനങ്ങള്‍ ഇതിലുണ്ട്. ഇത് എംഎല്‍എമാര്‍ ബലാത്സംഗം ചെയ്യുകയും ബലാത്സംഗം ചെയ്യുന്ന എംഎല്‍എമാരെ ഭാരത് മാതയുടെ പേരില്‍ ആദരിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കാലത്ത് രാജ്യത്ത് നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനായി നടത്തിയ തളരാത്ത പോരാട്ടമാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെടുന്നതെങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍