UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസുകാരേ, ആശയക്കുഴപ്പം കൊണ്ട് ആര്‍എസ്എസിനെ നേരിടാനാവില്ല

ആര്‍എസ്എസിന്റെ അധികാരം ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഘടനയ്ക്ക് മുറിവേല്‍പ്പിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ കരുത്തോടെയും വിവേകത്തോടെയും കോണ്‍ഗ്രസ് ഇതിനെ നേരിടണം. അതേസമയം തങ്ങളുമായി യോജിക്കുന്നവരുമായി മാത്രമേ സംവദിക്കൂ എന്ന് തീരുമാനിച്ചാല്‍ അത് രാഷ്ട്രീയമായ ഒളിച്ചോട്ടമായിരിക്കും.

ഒരു അടിയുറച്ച കോണ്‍ഗ്രസുകാരന്‍ എന്ന് എല്ലാവരും ധരിച്ചിരുന്ന പ്രണബ് മുഖര്‍ജി കോണ്‍ഗ്രസിനെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നാഗ്പൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കാന്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

“നിങ്ങള്‍ പ്രണബ് മുഖര്‍ജിയോട് ചോദിക്കൂ. ഒന്നും പറയാനില്ല എന്ന് മാത്രമാണ് ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്” – കോണ്‍ഗ്രസ് വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം വരികള്‍ക്കിടയില്‍ വായിച്ചാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ആര്‍എസ്എസിന്റെ ക്ഷണം സ്വകരിച്ച് അവരുടെ പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബിന്റെ തീരുമാനം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പലരും ഇതിനെ വഞ്ചനയായി പോലും കരുതുന്നു. ആശയപരമായി ശത്രുവായ ആര്‍എസ്എസുമായി ഒരു സംവാദവും സാധ്യമല്ലെന്ന് അവര്‍ കരുതുന്നു. ഞങ്ങളെ പോലെ ചിന്തിക്കുന്നവരും അല്ലാത്തവരും എന്നതിനിടയിലുള്ള അതിര്‍ത്തി മറികടക്കുകയാണ് പ്രണബ് മുഖര്‍ജി. പ്രണബ് മുഖര്‍ജിയെ പോലൊരു നേതാവ് പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ ആര്‍എസ്എസിന് മുഖ്യധാരയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും എന്ന് അവര്‍ കരുതുന്നു.

കോണ്‍ഗ്രസ് മുക്ത ഭാരതത്തിനുള്ള ബിജെപിയുടെ ആഹ്വാനം കോണ്‍ഗ്രസ് കൂടി ഭാഗമായ ഒരു വലിയ രോഗ ലക്ഷണത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പ്രതിയോഗിയെ ഉന്മൂലനം ചെയ്യേണ്ട ശത്രുവായി ബിജെപി ചിത്രീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഈ പ്രത്യയശാസ്ത്ര വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകാതെ സ്വയം നിഷ്‌കാസിതരാകാനാണ് ശ്രമിക്കുന്നത്. വിഭാഗീയമായ കാഴ്ചപ്പാടുകള്‍ കൊണ്ടും ഭരണഘടനാതീതമായ പ്രവര്‍ത്തനങ്ങള്‍ കാരണവുമാണ് ആര്‍എസ്എസിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അതേസമയം മിക്കപ്പോഴും കോണ്‍ഗ്രസ് ഈ പ്രത്യയശാസ്ത്ര യുദ്ധത്തെ വെറും പ്രഹസനമാക്കുകയും ഇത് ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.

ആര്‍എസ്എസുമായി സംവദിക്കുന്നത് അതിനെ കൂടുതല്‍ മുഖ്യധാരയിലേയ്ക്ക് അടുപ്പിക്കാനാണ് സഹായകമാവുക എന്ന വാദത്തിന് ആര്‍എസ്എസിന് അധികാരത്തില്‍ നിയന്ത്രണമുള്ള ഒരു ഭരണകൂടം നിലവിലിരിക്കെ എത്രത്തോളം സാധുതയുണ്ടാകും എന്ന ചോദ്യമുണ്ട്. പ്രധാന അധികാര സ്ഥാനങ്ങളിലെ നിയമനങ്ങള്‍ അടക്കം അതിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് കേഡര്‍മാരെ ഒരുക്കുക എന്നതിന് പുറമെ ആര്‍എസ്എസ് ഇന്ത്യയുടെ ഭരണ നയം തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസിന്റെ അധികാരം ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഘടനയ്ക്ക് മുറിവേല്‍പ്പിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ കരുത്തോടെയും വിവേകത്തോടെയും കോണ്‍ഗ്രസ് ഇതിനെ നേരിടണം. അതേസമയം തങ്ങളുമായി യോജിക്കുന്നവരുമായി മാത്രമേ സംവദിക്കൂ എന്ന് തീരുമാനിച്ചാല്‍ അത് രാഷ്ട്രീയമായ ഒളിച്ചോട്ടമായിരിക്കും.

തീര്‍ച്ചയായും പ്രണബ് മുഖര്‍ജി അദ്ദേഹത്തിന്റെ ദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ഇന്ന് വരെ കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ അദ്ദേഹം പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ക്രോധത്തിനും വിട്ടുവിഴ്ചയില്ലാത്ത മനോഭാവത്തിനും ഇടയിലും പാര്‍ട്ടി ആവശ്യപ്പെടുന്ന ഘട്ടത്തിലെല്ലാം അദ്ദേഹം ഒരു സമാധാന വാഹകനായിട്ടുണ്ട്. ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലാത്തവരുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായ ഘട്ടങ്ങളിലെല്ലാം പ്രണബ് മുഖര്‍ജി സഹായത്തിനുണ്ടായിരുന്നു. ഉദാഹരണത്തിന് 2011ല്‍ ജന്‍ ലോക് പാല്‍ ബാല്‍ ബില്‍ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്ന സമയം. ലോക്പാല്‍ പ്രക്ഷോഭത്തിന്റെ നേതാവ് അണ്ണ ഹസാരെ അംഗീകരിച്ച, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച 10 അംഗ ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിയുടെ ചെയര്‍മാനായിരുന്നു പ്രണബ് മുഖര്‍ജി. നാഗ്പൂരിലേയ്ക്ക് പോകണോ വേണ്ടയോ എന്ന തീരുമാനം അദ്ദേഹത്തിന് തന്നെ വിട്ടുകൊടുക്കുന്നതാണ് ഉചിതം. അതേസമയം ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആര്‍എസ്എസിന്റെ പരിപാടിക്ക് അദ്ദേഹം പോകുന്നതിനെ തങ്ങള്‍ എങ്ങനെ കാണുന്നു എന്നത് പറയേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. അത് മറ്റാര്‍ക്കും വിട്ടുകൊടുക്കാനാകില്ല. അത് മുഖര്‍ജിയോട് തന്നെ ചോദിക്കൂ എന്ന് പറഞ്ഞല്ല ഈ പ്രശ്‌നത്തെ നേരിടേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍