UPDATES

ബാമിയാനിലെ ബുദ്ധന്മാരും ത്രിപുരയിലെ ലെനിനും: ചരിത്രത്തെ പേടിക്കുന്നവരുടെ പ്രതിമാ പേടികള്‍

പ്രതിമകളല്ല, ചരിത്രമെഴുതുന്നത്. മനുഷ്യവംശത്തിന്റെ സങ്കീര്‍ണ്ണമായ നിര്‍മ്മിതിയുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ് അവ. എന്നാല്‍ ചരിത്രത്തെക്കുറിച്ച് അജ്ഞരാണെങ്കില്‍ വില കുറഞ്ഞ പ്രതിമകളാണ് ചരിത്രമെന്ന് നിങ്ങള്‍ തെറ്റദ്ധരിച്ചേക്കാം.

1939ല്‍ നാസി ജര്‍മ്മനി ഗര്‍ജ്ജിക്കുകയായിരുന്നു. അത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലുകളിലൊന്നിലേയ്ക്ക് – രണ്ടാം ലോക യുദ്ധത്തിലേയ്ക്ക് – ലോകത്തെ തള്ളിവിട്ടു. അതേസമയം ആ രാജ്യത്തിന്റെ ഒരു വിദൂര കോണില്‍ ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ ഓട്ടോ വോള്‍സിംഗ് ശാന്തനായി തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ധാരണ, ചരിത്രം, പിന്നെ ഏറ്റവും പ്രധാനമായി പ്രതികള്‍ – ഇതെല്ലാം എങ്ങനെ മാറുമെന്ന് ആലോചിച്ച് സ്തംഭിച്ച് നില്‍ക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ രണ്ടാം ലോക യുദ്ധം കത്തിപ്പിടിക്കുകയായിരുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ജൊവാചിം ഹാന്‍, 200ലധികം ഭാഗങ്ങള്‍ ചേര്‍ത്ത് ലയണ്‍മാന്‍ ഓഫ് ദ ഹോളന്‍സ്റ്റീന്‍ സ്റ്റാഡെല്‍ എന്ന പ്രതിമ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയത്. സ്വാബിയന്‍ ആല്‍പ്‌സില്‍ നിന്നുള്ള ലോവന്‍മെന്‍ഷ് ഫിഗറിന്‍ (ലയണ്‍ മാന്‍) ആണ് ലോകത്തെ ഏറ്റവും പഴക്കമുള്ള പ്രതിമയെന്ന് കരുതപ്പെടുന്നു – 30,000ത്തിനും 40,000 ഇടയ്ക്ക് വര്‍ഷങ്ങളുടെ പഴക്കം.

ലോകത്ത് എല്ലായിടത്തും പ്രതിമകള്‍ ചരിത്രം മനസിലാക്കാനുള്ള നല്ല വഴികളിലൊന്നാണ്. പല പ്രതിമകളും ഒരു ചരിത്ര സംഭവത്തേയോ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയേയോ അനുസ്മരിക്കുന്നതിനായാണ്. പല പ്രതിമകളും യുദ്ധരംഗങ്ങളും പോരാളികളേയും ചിത്രീകരിക്കുന്നു. അവരില്‍ പലരും കുതിരപ്പുറത്തിരിക്കുകയാണ്. ചിലത് പൊതുവായ കലയാണ് – ഇവയെല്ലാം പറയുന്നത് നമ്മുടെ തന്നെ കഥയാണ്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പോലുള്ള ചിലത് സ്വന്തമായി ഒരു ജീവിതമായി മാറും.

തകര്‍ന്ന പ്രതിമകള്‍ക്കും കഥകള്‍ പറയാനുണ്ട്. 2001 മാര്‍ച്ചില്‍ താലിബാന്‍ നേതാവ് മുല്ല ഒമര്‍ അഫ്ഗാനിസ്ഥാനിലെ ബാമിയാനിലുള്ള ബുദ്ധ പ്രതിമകള്‍ തകര്‍ക്കാന്‍ ഉത്തരവിട്ടു. ക്ലാസിക്കല്‍ ഗാന്ധാര കലാ പരമ്പരയില്‍ പെട്ട ഈ പ്രതിമകള്‍ ഡൈനാമിറ്റ് വച്ച് തകര്‍ത്തു. മനോഹരമായ ബാമിയാന്‍ താഴ്‌വരയിലെ ആ ഒഴിഞ്ഞ ഗുഹാഭാഗങ്ങള്‍ ഇനി ഒരു പ്രാകൃത ഭരണാധികാരിക്ക് മനുഷ്യവംശത്തോട് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഇനി എന്നെന്നേക്കും പറഞ്ഞുകൊണ്ടിരിക്കും എന്ന വസ്തുത താലിബാന്‍ ഒരുപക്ഷേ മറന്നുപോയിരിക്കാം.

ബാമിയാന്‍ ബുദ്ധന്മാരുമായി, വില കുറഞ്ഞ ത്രിപുരയിലെ ലെനിന്‍ പ്രതിമയെ താരതമ്യപ്പെടുത്തുകയല്ല ചെയ്യുന്നത്. എന്നാല്‍ തീര്‍ച്ചയായും ഇതില്‍ സമാനതയുണ്ട് – വെറുപ്പിനേക്കാളും വലിയ പ്രത്യയശാസ്ത്രം നിങ്ങള്‍ക്കില്ലാത്ത പക്ഷം ആഘോഷിക്കാനുള്ള വഴി എന്ന് പറയുന്നത് നഗരത്തിലെ പ്രതിമകള്‍ വലിച്ചു താഴെയിടുക, മറ്റുള്ളവരെ ആക്രമിക്കുക, വീടുകള്‍ക്ക് തീയിടുക, സമാധാനം തകര്‍ക്കുക എന്നതൊക്കെയാണ്. ഈ പ്രവണത ബിജെപിയുടെ മാത്രം പ്രത്യേകതയല്ല. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും – ഇടതുപക്ഷ പാര്‍ട്ടികളടക്കം സാന്നിധ്യമറിയിക്കുന്നതിനായും ശക്തി പ്രകടിപ്പിക്കുന്നതിനായും സമൂഹത്തിലെ ആധിപത്യം പ്രദര്‍ശിപ്പിക്കുന്നതിനായും അക്രമവും നശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ ഇതിന് നല്ല ഉദാഹരണമാണ്.

പ്രതിമകള്‍ ആധുനിക രാഷ്ട്രീയത്തില്‍ അവിഭാജ്യ ഘടകങ്ങളാണ്. അതുകൊണ്ടാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നോയ്ഡ, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ പാര്‍ക്കുകളുണ്ടാക്കി അവിടെ തന്റേതടക്കമുള്ള കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ചത്. അവ മികച്ച സൃഷ്ടികളാണ് പല ദലിത് കോളനികളിലും അംബേദ്കറാണ് പ്രിയപ്പെട്ട പ്രതിമ. അവയില്‍ മിക്കതും വളരെ മോശമായി നിര്‍മ്മിക്കപ്പെട്ടവയാണെങ്കിലും.

കുതിരപ്പുറത്തിരിക്കുന്ന യോദ്ധാക്കളുടെ പ്രതിമകള്‍ക്ക് ആഗോള നിലവാരമുണ്ട്. ചോരക്കൊതിയന്മാരായ യോദ്ധാക്കള്‍ക്ക് പോലും നമ്മുടെ ഓര്‍മ്മകളില്‍ ഇടമുണ്ട്. ഇപ്പോള്‍ കുതിരപ്പുറത്തിരിക്കുന്നവരുടെ ഇത്തരം പ്രതിമകള്‍ നിര്‍മ്മിക്കുമ്പോളുള്ള ആഗോളതലത്തിലുള്ള ട്രെന്‍ഡ് എന്താണെന്ന് വച്ചാല്‍ രണ്ട് കാലും വായുവില്‍ ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ അതിനര്‍ത്ഥം കുതിരപ്പുറത്തിരിക്കുന്ന യോദ്ധാവ് ആ യുദ്ധ സ്ഥലത്ത് മരിച്ചുവെന്നാണ്. ഒരു കാല്‍ മാത്രം ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ യോദ്ധാവിന് പരിക്കേറ്റു എന്നോ യുദ്ധത്തിലേറ്റ പരിക്ക് മൂലം പിന്നിട് മരിച്ചുവെന്നോ ആണ്. കുതിരയുടെ നാല് കാലുകളും നിലത്ത് തന്നെയുണ്ടെങ്കില്‍ യോദ്ധാവ് മരിച്ചത് യുദ്ധത്തിലല്ല എന്നാണ് അത് സൂചിപ്പിക്കുന്നത്.

കുതിരപ്പുറത്തേറിയ യോദ്ധാക്കള്‍ ചില സമൂഹങ്ങളില്‍ വീരനായകന്മാരായിരിക്കാം. എന്നാല്‍ മറ്റ് പലര്‍ക്കുമിടയില്‍ അയാള്‍ വില്ലനായിരിക്കും. ഇത്തരത്തില്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യത്യസ്ത ആഖ്യാനങ്ങളുടെ പ്രശ്‌നം യാഥാര്‍ത്ഥ്യമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യ ഇത്തരമൊരു ആഖ്യാന സംഘര്‍ഷത്തിനുള്ള ശ്രമത്തിന് മോദി കാലത്ത് സാക്ഷ്യം വഹിച്ചു. ചൈനീസ് നിര്‍മ്മിതമായ പട്ടേല്‍ പ്രതിമയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ഇത് സ്റ്റാച്യു ഓഫ് യൂണിറ്റി (ഐക്യ പ്രതിമ) എന്ന് വിളിക്കപ്പെടുന്നു എന്നത് വിചിത്രമാണ്. സത്യത്തില്‍ ഇത് ഇന്ത്യയ്ക്ക് പുതിയൊരു ആഖ്യാനം രചിക്കാനുള്ള ഗതികെട്ട ശ്രമത്തിന്റെ ഭാഗമാണ്. പട്ടേലിന്റെ ഉയരം കൂടിയ ഒരു പ്രതിമ, അദ്ദേഹത്തെ, സ്വാതന്ത്ര്യത്തിനായി പോരാടിയ സമുന്നത നേതാക്കളില്‍ ഏറ്റവും ഉന്നതനായി മാറ്റുമെന്ന ചിന്ത.

ഒരുപക്ഷെ മോദി വിജയിച്ചേക്കാം. അധികാരോന്മാദത്തിന്റെ ഭാഗമായുള്ള ശ്രമങ്ങളെ ആളുകള്‍ മറന്നേക്കാം. പ്രതിമകളുടെ ശക്തിയെന്തെന്ന് മോദിയുടെ അനുയായികള്‍ക്കറിയാം. അതിനാല്‍ എല്ലാ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെയും പ്രതിമകള്‍ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കും. ലെനിന് ശേഷം ഇപ്പോള്‍ പെരിയാര്‍ പ്രതിമകളാണ് ലക്ഷ്യം. പക്ഷെ പ്രതിമകളല്ല, ചരിത്രമെഴുതുന്നത്. മനുഷ്യവംശത്തിന്റെ സങ്കീര്‍ണ്ണമായ നിര്‍മ്മിതിയുടെ ഉപോല്‍പ്പന്നങ്ങള്‍ മാത്രമാണ് അവ. എന്നാല്‍ ചരിത്രത്തെക്കുറിച്ച് അജ്ഞരാണെങ്കില്‍ വില കുറഞ്ഞ പ്രതിമകളാണ് ചരിത്രമെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍