UPDATES

വിദേശം

ഇറാനുമായുള്ള ആണവകരാറില്‍ നിന്നുമുള്ള ട്രംപിന്റെ പിന്മാറ്റം: യുദ്ധവെറിയുടെ ചതി

ഈയൊരൊറ്റ ഭ്രാന്തന്‍ നീക്കത്തില്‍, ഡൊണാള്‍ഡ് ട്രംപ്, ഇപ്പോള്‍ത്തന്നെ സംഘര്‍ഷത്തില്‍ പുകയുന്ന മേഖലയെയും മഹത്തായ പേര്‍ഷ്യന്‍ നാഗരികതയെയും അഗാധമായ കുഴപ്പങ്ങളിലേക്ക് വീണ്ടും തള്ളിയിട്ടിരിക്കുന്നു.

ഓരോ സന്ദര്‍ശകനും ഇറാനെക്കുറിച്ചുള്ള തനതായ അഭിപ്രായവുമായാണ് മടങ്ങിവരിക. ഗംഭീരമായ പേര്‍ഷ്യന്‍ നാഗരികത സകലരേയും ഇപ്പോഴും ആശ്ചര്യപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. അതൊരു ലോകം തന്നെയാണ്. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി മിതവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള സമരമാണ് പ്രധാന വിഷയം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ യുഎസ്-ഇറാന്‍ ആണവ കരാര്‍ പടിഞ്ഞാറന്‍ ഉദാര ജനാധിപത്യവാദികള്‍ ഇറാനിലെ മിതവാദികള്‍ക്ക് നല്‍കിയ സമ്മാനവും, അന്താരാഷ്ട്ര വേദിയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് നല്കിയ ഹസ്തദാനവുമായിരുന്നു.

പക്ഷേ ഡൊണാള്‍ഡ് ട്രംപ് എന്ന അമേരിക്കയുടെ കഴുകന്‍ കച്ചവടക്കാരന്‍ പ്രസിഡണ്ട് ഒരൊറ്റ നീക്കത്തില്‍ അതെല്ലാം അട്ടിമറിച്ചിരിക്കുന്നു. അമേരിക്കയെ ഒരിയ്ക്കലും വിശ്വസികരുതെന്ന ഇറാനിലെ യാഥാസ്ഥിതികരുടെ വാദത്തിന് അയാള്‍ ബലം പകര്‍ന്നു. മേഖലയിലെ എതിരാളികളായ രാജ്യങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഇറാനെ ഒറ്റപ്പെടുത്തി നിര്‍ത്തുമെന്നും മേഖലയിലെ ഭീകരവാദത്തിന്റെ പ്രായോജകരാണ് അവരെന്നു തുടര്‍ന്നും സ്ഥാപിക്കാനും അയാള്‍ ഉറപ്പ് നല്‍കി. തന്‍റെ ഒരൊറ്റ നിരുത്തരവാദപരമായ നടപടി കൊണ്ട് ട്രംപ് മേഖലയെ വീണ്ടും കുഴപ്പങ്ങളുടെ ഗര്‍ത്തങ്ങളിലേക്ക് വലിച്ചിട്ട്. പക്ഷേ അപ്പോള്‍ ആരാണ് പറഞ്ഞത് ട്രാപ് ഉദാരവാദിയാണെന്ന്?

ട്രംപ് ഇറാനോട് എന്താണ് ചെയ്തത്?

ഇറാന്‍റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണ്. നാണയത്തിന്‍റെ മൂല്യം കുത്തനെ താഴോട്ട് പോകുന്നു. രൂക്ഷമായ വിലക്കയറ്റം ജനങ്ങളെ വലയ്ക്കുന്നു. അഞ്ച് വര്‍ഷമായുള്ള വരള്‍ച്ച രാജ്യത്തെ ഉണക്കിയൊടിക്കുന്നുണ്ട്. മിതവാദി രാഷ്ട്രീയക്കാരും യാഥാസ്ഥിതികരും തമ്മിലുള്ള പോര് സൈന്യം അധികാരം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരിക്കുന്നു.

2005-ലെ ആണവ കരാര്‍ പല കാര്യങ്ങളും ഉദ്ദേശിച്ചുള്ളതായിരുന്നു: ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ മുകളിലുള്ള സമ്മര്‍ദം അയയ്ക്കാനും പടിഞ്ഞാറിന് മുന്നിലുള്ള തടസങ്ങള്‍ നീക്കാനുമായിരുന്നു അത്. ഇറാനിലെ മിതവാദികളെ ശക്തിപ്പെടുത്താനും പടിഞ്ഞാറുമായി ഇടപാടുകള്‍ ആകാമെന്ന് ആ രാജ്യത്തെ ബോധ്യപ്പെടുത്താനുമായിരുന്നു ആ കരാര്‍. ഇറാനിലെ ഇപ്പോള്‍ ഏറ്റവും വലിയ നഷ്ടം സംഭവിക്കുക ആ രാജ്യത്തിന്റെ മിതവാദിയായ പ്രസിഡണ്ട് ഹസന്‍ റൂഹാനിക്കാണ്. അമേരിക്കക്കാരുമായുള്ള ഇടപാടില്‍ കൈപൊള്ളിയ വിഡ്ഢിയും ദുര്‍ബലനുമായി അയാള്‍ ചിത്രീകരിക്കപ്പെടും.

ട്രംപ് കരാറില്‍ നിന്നും പിന്മാറി മിനിറ്റുകള്‍ക്കകം റൂഹാനി പറഞ്ഞത് ഇറാന്‍ യുറേനിയം സംപൂഷ്ടീകരണം ഉടനെ തുടങ്ങില്ലെന്നും കരാറിലെ മറ്റ് കക്ഷികളുമായി-റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ജര്‍മ്മനി – വീണ്ടും അതില്‍ ചര്‍ച്ചകള്‍ നടത്തുമെന്നുമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആണവകരാര്‍ ഇല്ലാതാകുന്നത് ഇറാനിലെ നേതൃത്വത്തിന് മാത്രമള്ള, വിശാലാടിസ്ഥാനത്തില്‍ മേഖലയ്ക്കാകെ ദോഷകരമാണ്. ട്രംപ് കരാറില്‍ നിന്നു പിന്‍വാങ്ങുന്നതിന് മുമ്പുതന്നെ കരാര്‍, ഇറാന്‍കാരുടെ സാമ്പത്തിക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. രാജ്യത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്ന നിലയിലാണ് റൂഹാനി അതിനെ ആഭ്യന്തരമായി സ്വീകാര്യമാക്കിയത്. വിദേശ കമ്പനികള്‍ ഇറാനിലേക്ക് നിക്ഷേപവും സാങ്കേതിക വിദ്യയുമായി ഒഴുകിയെത്തുമെന്നും, ദശലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ കിട്ടുമെന്നും അയാള്‍ വാഗ്ദാനം ചെയ്തു.

ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ടിട്ട് ഏറെക്കാലമായെങ്കിലും, സുരക്ഷാസേനകള്‍, നീതിന്യായ സംവിധാനം, സര്‍ക്കാര്‍ ടെലിവിഷന്‍ എന്നിവയില്‍ നിയന്ത്രണമുള്ള യാഥാസ്ഥിതികര്‍, വിജയാഘോഷത്തിനാണ് തയ്യാറെടുക്കുന്നത്. കാരണം ഒരു ഇടപാടിലും യു എസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അവര്‍ എല്ലായ്‌പ്പോഴും വാദിച്ചിരുന്നു.

ഈ അവസരം മുതലെടുത്ത് റൂഹാനിയെ മറികടന്നു അധികാരം പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കും. പക്ഷേ കടുത്ത യാഥാസ്ഥികനായ മഹാമൌദ് അഹ്മദിനെജാദിന്റെ ഏറ്റുകൊല്ലത്തെ ഭരണത്തിനു ശേഷമാണ് റൌഹാനി വന്നത്. യാഥാസ്ഥിതികരും മിതവാദികളും ഒരുപോലെ പരാജയപ്പെട്ടു എന്നത് ഇറാനിലെ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

ഇസ്‌ളാമിക റിപ്പബ്ലിക്കിനും അതിന്റെ നിലവിലെ പ്രത്യയശാസ്ത്രത്തിനും നിലനില്‍ക്കാനാവുമോ എന്ന തരത്തിലേക്ക് ഭരണകൂട നയങ്ങളോടുള്ള അതൃപ്തി വ്യാപകമാണ്. കാര്യങ്ങള്‍ ശരിയാക്കാന്‍ കരുത്തനായ ഒരു സൈനിക മേധാവി വരുന്നതിനെക്കുറിച്ചുള്ള സംസാരങ്ങളെ ഇത് കൊഴുപ്പിക്കുന്നുണ്ട്.

EXPLAINER: ഇറാൻ ആണവകരാറില്‍ നിന്നും എന്തുകൊണ്ട് ട്രംപ് പിന്‍മാറി?

മേഖലയിലെ യാഥാര്‍ത്ഥ്യം

മേഖലയില്‍ ഇതിന് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും സൌദി രാജകുമാരന്‍ ബിന്‍ സല്‍മാന്റെയും കൂടെച്ചേര്‍ന്ന് ട്രംപ്, തന്റെ മുന്‍ഗാമി ബറാക് ഒബാമ ഏര്‍പ്പെട്ട അന്താരാഷ്ട്ര കരാര്‍ ലംഘിച്ചു എന്നു നിരീക്ഷകര്‍ കരുതുന്നു.

സൌദി അറേബ്യയിലും ഇസ്രയേലിലുമുള്ള പലരും വാദിക്കുന്നത്, ആണവ കരാറുലെ ദശലക്ഷക്കണക്കിന് ഡോളര്‍ വ്യവസ്ഥകള്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി ഉപയോഗിക്കുന്നതിന് പകരം, ടെഹ്‌റാന്‍ മുതല്‍ ടാഞ്ചിയര്‍ വരെ ഭീകരവാദവും സംഘര്‍ഷങ്ങളും വ്യാപിപ്പിക്കാനാണ് ഇറാന്‍ ശ്രമിച്ചത് എന്നാണ്.

ഊരാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിമതരുടെ മുദ്രാവാക്യം ‘അമേരിക്കക്ക് മരണം’ എന്നാണെന്ന് ഒരു സൌദി പത്രാധിപര്‍ ഓര്‍മിപ്പിക്കുന്നു. ഇറാന്‍ നല്കിയ ഹൂതി മിസൈലുകളാണ് ഈയിടെ, ഇസ്ലാമിലെ രണ്ടു വിശുദ്ധ കേന്ദ്രങ്ങളുള്ള രാജ്യത്തിന്റെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വന്നത്. ബെയ്‌റൂട്ടിലെ അമേരിക്കന്‍ താവളങ്ങള്‍ 1983-ല്‍ ആക്രമിച്ച ലെബനനിലെ ഹെസ്‌ബോള്ളയെ ഇറാന്‍ പിന്തുണയ്ക്കുന്നു. 2011 മുതലുള്ള ആഭ്യന്തരയുദ്ധത്തില്‍ ബോംബുകള്‍ മുതല്‍ രാസായുധങ്ങള്‍ വരെ ഉപയോഗിയ്ക്കുന്ന സിറിയയിലെ ഭരണാധികാരി ബഷര്‍ അല്‍ അസദിനെയും ഇറാന്‍ പിന്തുണയ്ക്കുന്നു.

നിരവധി അമേരിക്കക്കാരുടെയും ബ്രിട്ടീഷുകാരുടെയും ഇറാഖികളുടെയും കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഇറാഖിലെ അസൈബ് അല്‍ അല്‍-ഹഖ് തുടങ്ങിയ സംഘങ്ങളെയും ഇറാന്‍ പിന്തുണയ്ക്കുന്നുണ്ട്. പടിഞ്ഞാറന്‍ സഹാറയിലെ വിഘടന പോരാളികളായ പോളിസാരിയോവിന് ഇറാന്‍റെ പിന്തുണയുള്ള ഹിസ്‌ബുള്ള ആയുധങ്ങളും പരിശീലനവും നല്‍കുന്നതായി തെളിവ് കിട്ടിയതായി മൊറോക്കോ ഈയിടെ പറഞ്ഞിരുന്നു. ഇറാന്‍ വിമര്‍ശകരുടെ ആരോപണങ്ങള്‍ ഇങ്ങനെ പലതാണ്.

ചക്രവാളത്തിലേക്ക് നോക്കിക്കൊണ്ട്, കാലടികള്‍ക്കടിയിലെ മരണക്കുഴികളില്‍ വീഴാതെ, കുഞ്ഞുചുവടുകളുമായി നേടുന്ന ഒന്നാണ് സമാധാനം. ഈയൊരൊറ്റ ഭ്രാന്തന്‍ നീക്കത്തില്‍, ഡൊണാള്‍ഡ് ട്രംപ്, ഇപ്പോള്‍ത്തന്നെ സംഘര്‍ഷത്തില്‍ പുകയുന്ന മേഖലയെയും മഹത്തായ പേര്‍ഷ്യന്‍ നാഗരികതയെയും അഗാധമായ കുഴപ്പങ്ങളിലേക്ക് വീണ്ടും തള്ളിയിട്ടിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍