UPDATES

രാജസ്ഥാന്‍ എന്ന ബനാന റിപ്പബ്ലിക്

ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വാതില്‍ വഴി കടത്താന്‍ ശ്രമിക്കുന്ന നിയമം നാളെ രാജ്യം മുഴുവന്‍ പ്രാബല്യത്തിലാക്കാന്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തയാറായാലും നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ താന്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് മറികടക്കാന്‍ ഒരെളുപ്പവഴി കണ്ടു പിടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇത്രയേറെ അമ്പരപ്പിക്കുന്ന ഒരു നടപടിയുണ്ടായിട്ട് അവരുടെ പാര്‍ട്ടി നേതാക്കള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം, തുടരുന്ന നിശബ്ദത ജനാധിപത്യത്തെക്കുറിച്ച് അവര്‍ക്കൊക്കെയുള്ള ധാരണ എന്താണെന്നതിന്റെ തെളിവ് കൂടിയാണ്.

പിന്നീട് നിയമമാക്കാന്‍ ഉദ്ദേശിച്ച് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ക്രിമിനല്‍ നിയമം (രാജസ്ഥാന്‍ ഭേദഗതി) ഓര്‍ഡിനന്‍സ് 2017, എങ്ങനെയാണ് ജനാധിപത്യം അട്ടിമറിക്കുന്നത് എന്നതിന്റെ ഒരു ‘ക്ലാസിക്’ ഉദാഹരണമാണ്. ഇന്ന് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ബില്‍ സഭയില്‍ അവതരിപ്പിക്കും എന്നാണ് കരുതുന്നത്.

തെറ്റായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ ജുഡീഷ്യറിയേയും ഉദ്യോഗസ്ഥരേയും സംരക്ഷിക്കുന്നതാണ് പുതിയ ഭേദഗതി എന്നാണ് വിവക്ഷ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ഉന്നംവയ്ക്കുന്നത് മാധ്യമങ്ങളെ പീഡിപ്പിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ മറച്ചു വയ്ക്കാനും ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുമാണ് എന്നതാണ്.

അമ്പരപ്പിക്കുന്ന ഓര്‍ഡിനന്‍സ്

കഴിഞ്ഞ സെപ്റ്റംബര്‍ ആറിനു തന്നെ തയാറാക്കിയിരുന്ന ഓര്‍ഡിനന്‍സ് ഇതുവരെ പൊതുജനത്തിന്റെ അറിവില്‍ വരാതെ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

സി.ആര്‍.പി.സി സെക്ഷന്‍ 187 അനുസരിച്ച് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍, ജഡ്ജിമാര്‍, മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവരെ വിചാരണ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ‘സംരക്ഷണം’ ഇപ്പോള്‍ തന്നെയുണ്ട്.

എന്നാല്‍ രാജസ്ഥാന്‍ ഓര്‍ഡിനന്‍സ് ചെയ്യുന്നത് ഈ വിഭാഗങ്ങള്‍ക്ക് വീണ്ടും രണ്ടു രത്തില്‍ കൂടി ‘സംരക്ഷണം’ ഉറപ്പുവരുത്തുകയാണ്. അതായത്, ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് സി.ആര്‍.പി.സി സെക്ഷന്‍ 156 അനുസരിച്ച് പോലീസിനോ സെക്ഷന്‍ 190 അനുസരിച്ച് മജിസ്‌ട്രേറ്റിനോ അന്വേഷണം പ്രഖ്യാപിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഈ ആരോപണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കും അനുമതിയില്ല.

ഈ ബില്‍ നിയമസഭയില്‍ പാസാവുകയാണെങ്കില്‍- 200 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 162 എം.എല്‍.എമാര്‍ ഉള്ളതിനാല്‍ ഇത് ഏറെക്കുറെ ഉറപ്പാണ്- ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയോ വിരമിച്ചതോ അല്ലാത്തതോ ആയ ജഡ്ജിമാര്‍ക്കും മജിസ്‌ട്രേറ്റുമാര്‍ക്കും എതിരെയോ, ‘അവര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍’ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കില്ല. അല്ലെങ്കില്‍ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയിരിക്കണം. ഇത് ലംഘിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ രണ്ടു വര്‍ഷത്തെ തടവാണ്.

ഇവരെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്ന അതോറിറ്റി, ആരോപണത്തിന്മേലുള്ള അന്വേഷണവുമായി മുന്നോട്ടു പോകണോ എന്നത് തീരുമാനിക്കേണ്ടത് ആറു മാസത്തിനുള്ളിലാണ്. ഈ സമയത്തിനുള്ളില്‍ വിചാരണ സംബന്ധിച്ച് അതോറിറ്റി തീരുമാനമെടുത്തിട്ടില്ലെങ്കില്‍ അനുമതി നല്‍കിയതായി കണക്കാക്കാം. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടു പോകണോ അതോ അന്വേഷണം നടത്തേണ്ടതില്ലേ എന്ന കാരത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ നിയമം അനുശാസിക്കുന്നുമില്ല.

ഇവിടെ പുതിയ നിയമത്തിനു പിന്നിലെ ഉദ്ദേശം വളരെ വ്യക്തമാണ്. മാധ്യമങ്ങളെ നിശബ്ദരാക്കുകയും നിയമം കൃത്യമായി നടപ്പാക്കുന്നതില്‍ നിന്ന് ജുഡീഷ്യറിയെ തടയുകയും ചെയ്യുക എന്നതു തന്നെയാണത്.

അതായത്, ഇപ്പോള്‍ സംഭവിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനാ ഭേദഗതി നടത്തുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നിഷേധിക്കുക തന്നെയാണ്. ഇപ്പോള്‍ പിന്‍വാതില്‍ വഴി കടത്താന്‍ അവര്‍ ശ്രമിക്കുന്നത് നാളെ രാജ്യം മുഴുവന്‍ പ്രാബല്യത്തിലാക്കാന്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തയാറായാലും നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല എന്നതാണ് നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങള്‍ തെളിയിക്കുന്നത്.

രാജ്യത്തെ ഭരണഘടനയെയാണ് നിങ്ങള്‍ നോക്കുകുത്തിയാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍