UPDATES

ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

ദേശീയ, മതേതര, ഉദാര നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു യഥാര്‍ത്ഥ രാഷ്ട്രീയ സഖ്യം രൂപപ്പെടുത്താന്‍ ഇന്ത്യക്കുള്ള അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്- എഡിറ്റോറിയല്‍

വന്‍ ഭൂരിപക്ഷത്തോടു കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചു വന്നിരിക്കുകയാണ്. എന്നാല്‍ നിരവധി പേര്‍ ഇതിനെ കാണുന്നത് ഇന്ത്യന്‍ ജനാധിപത്യം പൂത്തുലയുന്നതിന്റെ ആഘോഷമായിട്ടല്ല. മറിച്ച്, ഇതിനകം തന്നെ വിള്ളലുകള്‍ വീണ, ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞ ജനാധിപത്യ സ്ഥാപനങ്ങളുടെ ഭാവി എന്തായിത്തീരും എന്ന ആശങ്കയാണ് അവര്‍ക്കുള്ളത്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടേയും കാരണക്കാരന്‍ മോദിയാണ് എന്ന് കുറ്റപ്പെടുത്തുക എളുപ്പമാണ്. ജുഡീഷ്യറിയേയും മാധ്യമങ്ങളെയും എന്‍ജിഓകളെയും മറ്റ് സ്ഥാപനങ്ങളെയുമൊക്കെ ഈ വിധമാക്കിയതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയും. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതിന് അദ്ദേഹത്തെ പഴിചാരാന്‍ സാധിക്കും. ഇന്ത്യന്‍ സമൂഹത്തെ ഈ വിധത്തില്‍ സാമുദായികമായി വിഭജിച്ചതിന് അദ്ദേഹം കുറ്റക്കാരനാണ്. ശാസ്ത്ര മേഖലയിലെ കോമാളിത്തങ്ങള്‍ക്ക് അദ്ദേഹമാണ് ഉത്തരവാദി. ഇന്ത്യന്‍ സാമ്പത്തിക രംഗം ഈ വിധം തകര്‍ന്നതിനും കാരണക്കാരന്‍ മറ്റാരുമല്ല. തൊഴില്‍ സൃഷ്ടിക്കുക എന്നതുപോലുള്ള നിരവധി വാഗ്ദാനങ്ങളും പാലിച്ചിട്ടില്ല.

പക്ഷേ, മോദി ഒരിക്കലും യഥാര്‍ത്ഥത്തിലുള്ള താന്‍ ആരാണ് എന്നത് ഒരിക്കലും മറച്ചു വച്ചിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഹിന്ദുത്വ ഇന്ത്യ എന്ന ആശയത്തിനു വേണ്ടി നിലകൊണ്ടിട്ടുള്ള നേതാവാണ് അദ്ദേഹം. അതിനൊപ്പമാണ് ക്രോണി ക്യാപിറ്റലിസവും അതിതീവ്ര ദേശീയതയും കൂടി ചേരുന്നത്.

അതേ സമയം, ഇവിടെ നോക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എന്താണ് സംഭവിക്കുന്നത് എന്നതു കൂടിയാണ്. ആ പാര്‍ട്ടി, പ്രത്യേകിച്ച് അതിന്റെ നേതൃത്വത്തിലിരിക്കുന്ന ഗാന്ധി-നെഹ്‌റു കുടുംബം, പെരുമാറിയിരുന്നത് തങ്ങളുടെ കുടുംബാധിപത്യത്തെ പൂവിട്ടു പൂജിക്കുന്ന, ഇന്നും കുഴപ്പത്തില്‍ക്കൂടി പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ വ്യവവസ്ഥയാണ് ഇന്ത്യ എന്ന രീതിയിലാണ്. തങ്ങളുടെ ബംഗ്ലാവുകളിലൊന്നില്‍ നിന്ന് പ്രിയങ്കാ ഗാന്ധിയെ താഴെയിറക്കി നിര്‍ത്തിയാല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെ മൊത്തത്തില്‍ മാറ്റിയെഴുതാന്‍ കഴിയും എന്നാണ് അവര്‍ കരുതിയത്.

2019-ലെ തെരഞ്ഞെടുപ്പിനെ മറ്റേതൊരു തെരഞ്ഞെടുപ്പും നേരിടുന്നതു പോലെയാണ് കോണ്‍ഗ്രസ് പരിഗണിച്ചത്. 2014-ലെ വേനല്‍ക്കാലത്ത് നരേന്ദ്ര മോദി-അമിത് ഷാമാരുടെ രഥം ദേശീയ തലസ്ഥാനത്തേക്ക് ഉരുണ്ടു തുടങ്ങിയ സമയം മുതല്‍ പുതിയ രാഷ്ട്രീയ  യാഥാര്‍ത്ഥ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികള്‍ എന്താണെന്ന് മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ യാഥാര്‍ത്ഥ്യം എന്നത് അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തെ ബിജെപിയല്ല ഇന്നത്തേത് എന്നതാണ്. സംഘപരിവാറിന്റെ ആശയങ്ങള്‍ക്കൊത്ത് നയങ്ങള്‍ രൂപീകരിക്കുന്ന, സാമുദായിക വികാരം യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ ഇളക്കിവിടുന്ന, പശുവിന്റെ പേരിലുള്ള അക്രമങ്ങളുമൊക്കെ ഒക്കെ നടത്തുന്ന ഒരു ബിജെപിയെ അവര്‍ക്ക് മനസിലാക്കാന്‍ പോലും സാധിച്ചില്ല.

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടും മുഖ്യധാരാ മാധ്യമങ്ങളെ വെറും കുഴലൂത്തുകാരാക്കി മാറ്റിക്കൊണ്ടും അവര്‍ മുന്നോട്ടു പോയപ്പോള്‍ തങ്ങളുടെ ചരിത്രത്തിലേക്കും വേരുകളിലേക്കും ഒന്നു തിരിഞ്ഞു നോക്കാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാനോ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

ഓരോ പ്രതിസന്ധികളോടും കോണ്‍ഗ്രസ് പ്രതികരിച്ച വിധങ്ങള്‍

റാഫേല്‍ കുംഭകോണം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരുതിയത്, ഏതാനും പത്രസമ്മേളനങ്ങളിലൂടെയും ട്വീറ്റുകളിലൂടെയുമൊക്കെ ആ വിഷയം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്നാണ്. റാഫേലില്‍ നടന്നിട്ടുള്ളത് അഴിമതിയാണ്, മോദിക്കാലത്ത് ക്രോണി ക്യാപിറ്റലിസം എങ്ങനെയാണ് ബിസിനസ് നടത്തുന്നത് എന്നതിന്റെ ഒരുദാഹരണം കൂടിയാണത്. ഇതിന്റെ പേരില്‍ ഏതാനും പ്രതിഷേധങ്ങളും നിരത്തുകളില്‍ അരങ്ങേറി. എന്നാല്‍ അതൊന്നും മോദി-ഷാമാരുടെ രാഷ്ട്രീയ മൂലധനത്തെ പിടിച്ചു കുലുക്കാന്‍ പോന്നതായിരുന്നില്ല.

നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസ് അതിനോട് പ്രതികരിച്ചത്? എടിഎമ്മുകള്‍ക്ക് മുമ്പില്‍ വരിനിന്ന് തളര്‍ന്നു വീണു മരിച്ചവര്‍ക്കൊപ്പം നില്‍ക്കാന്‍ അവര്‍ക്കായോ? ഈ വിഡ്ഡിത്തം നിറഞ്ഞ പരിപാടി സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞോ? അവിടെയും ഏതാനും പത്രസമ്മേളനങ്ങള്‍ അരങ്ങേറി. പേരിനുള്ള ചില പ്രതിഷേധങ്ങളും.

രാജ്യത്തെ ഉന്നത നീതിപീഠം പ്രതിസന്ധിയിലായപ്പോള്‍, മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്, ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ പുറത്തിറങ്ങി പത്രസമ്മേളനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നു? ഒരു അടിക്കുറിപ്പ് മാത്രമായി അവരുടെ പ്രതിഷേധം ഒടുങ്ങി.

സാമ്പത്തികരംഗം ഇപ്പോഴത്തെ വിധത്തില്‍ തകര്‍ന്നു തുടങ്ങിയപ്പോള്‍, തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായപ്പോള്‍, രാഹുല്‍ ഗാന്ധി എന്തെങ്കിലും ചെയ്‌തോ? രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കാലിയാക്കിക്കൊണ്ട് ഇവിടുത്തെ കോര്‍പറേറ്റ് കള്ളന്മാര്‍ ഓരോന്നായി നാടു വിട്ടപ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ?

അതിനൊക്കെയുള്ള പ്രതികരണമെന്ന നിലയില്‍ സ്വന്തം സഹോദരിയെ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നേ കളത്തിലിറക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അവര്‍ തെരഞ്ഞെടുപ്പ് പ്രചരണം നയിച്ച സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. കാലാകാലങ്ങളായി ഗാന്ധി-നെഹ്‌റു കുടുംബം അട്ടിപ്പേറാക്കി വച്ചിരിക്കുന്ന അമേത്തി ഉള്‍പ്പെടെ.

തങ്ങളുടെ നടപടികള്‍ക്ക് മോദി സര്‍ക്കാരിനെ ഉത്തരവാദികളാക്കാന്‍, അവരുടെ പ്രതിസന്ധികളെ വേണ്ട വിധത്തില്‍ പുറത്തു കൊണ്ടുവരാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി അമ്പേ പരാജയപ്പെടുയായിരുന്നു. അതാകട്ടെ, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തിനു മുന്നില്‍ തുറന്നു വച്ച പ്രതിസന്ധികളുടേയും വിഡ്ഡിത്തങ്ങളുടേയും തെറ്റായ നയങ്ങളുടേയും നീണ്ട നിര ഉള്ളപ്പോള്‍ തന്നെ.

തെറ്റായ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരായി ആരും പ്രതിഷേധിക്കാതിരിക്കുകയോ അവയെല്ലാം ‘മോദി മാജിക്കി’ല്‍ ചെന്ന് ലയിച്ചു ചേരുകയോ അല്ല ചെയ്തത്. അതിന് ഉദാഹരണമായിരുന്നു കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന ചെറുസംഘങ്ങള്‍. പൊതു പ്രതിഷേധങ്ങള്‍ വളരെ ഫലപ്രദമായി എങ്ങനെ നടത്താമെന്ന് അവര്‍ കാണിച്ചു തന്നു, തങ്ങള്‍ക്കുള്ള വിയോജനത്തിന്റെ ശക്തി എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവര്‍ക്കായി.

എന്തിനേറ, പ്രശാന്ത് ഭൂഷണെപ്പോലൊരാള്‍ ചെയ്ത കാര്യങ്ങള്‍ പോലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കൊതിരെ സ്ഥിരതയോടെയും ശക്തമായും നിലകൊള്ളാനും അത് കുറെയൊക്കെ പൊതുജനമധ്യത്തിലെത്തിക്കാനും സാധിച്ച അദ്ദേഹം ചെയ്തതു പോലും ദശകങ്ങളുടെ പാരമ്പര്യം പേറുന്ന മുഖ്യ പ്രതിപക്ഷ പാര്‍ട്ടിക്ക് സാധിച്ചില്ല.

രാജ്യത്തെ ഭരണഘടന പ്രതിസന്ധിയിലാണെന്നും മോദി സര്‍ക്കാര്‍ ഇവിടുത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കൊക്കെ ഭീഷണിയാണെന്നും പൊതുജനത്തെ ബോധ്യപ്പെടുത്താനോ അതിനനുസരിച്ച് ദേശീയ തലത്തില്‍ ഒരു ബദല്‍ ആഖ്യാനം രൂപപ്പെടുത്താനോ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതിനു പകരം സ്‌കൂള്‍ കുട്ടികളെ പോലെ വഴക്കടിച്ച് അവര്‍ ഓരോ സംസ്ഥാനങ്ങളിലായി സാധ്യതകളെ അവസാനിപ്പിച്ചു, ഡല്‍ഹിയില്‍ ഞങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം പോകില്ല, യുപിയില്‍ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകില്ല, ജമ്മു-കാശ്മീരില്‍ പോലും കൂട്ടു ചേരില്ല… അങ്ങനെ പോയി അവരുടെ ന്യായങ്ങള്‍.

തുറന്ന ഹൃദയത്തോടും വിട്ടുവീഴ്ചയോടും കൂടിയ, ശക്തമായ ലിബറല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ ഒരു വിശാല സഖ്യം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ സംഭവിച്ചത് ഒരു ഉദാര ഇന്ത്യക്ക് ഉത്കണ്ഠയുടേയും ഭയത്തിന്റേയും ഒക്കെച്ചേര്‍ന്ന ഒരു അഞ്ച് വര്‍ഷം കൂടി സമ്മാനിക്കുക എന്നതാണ്. അല്ലെങ്കില്‍ മറ്റൊരു യാഥാര്‍ത്ഥ്യം ഇന്ത്യക്ക് മുമ്പില്‍ തുറന്നു വയ്ക്കുക കൂടിയാണ്. ദേശീയ, മതേതര, ഉദാര നയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു യഥാര്‍ത്ഥ രാഷ്ട്രീയ സഖ്യം രൂപപ്പെടുത്താന്‍ ഇന്ത്യക്കുള്ള അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ് എന്നതാണ് അത്. അവിടെ, കോണ്‍ഗ്രസിന്റെ സ്ഥാനം ഒടുവില്‍ അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലുമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍