UPDATES

ആസാദി… ആസാദി… ആസാദി; നാം തിരിച്ചു നടക്കേണ്ട ജനാധിപത്യ ദൂരങ്ങള്‍

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

ജനാധിപത്യത്തിന്റെ ശത്രുക്കള്‍ക്ക് ഒരു ഏകതാന രൂപമില്ല. അവര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രത്യേക ഭാഷയല്ല സംസാരിക്കുന്നത്, അവര്‍ക്ക് പ്രത്യേക രൂപങ്ങളോ ഉത്തരവുകളോ ഒന്നുമില്ല. ഒരു ജനാധിപത്യ സമൂഹത്തിന്റെ ശത്രുക്കള്‍ ജീവിക്കുന്നത് വേലി കെട്ടിത്തിരിച്ച ഏതെങ്കിലും സമൂഹത്തിലല്ല, അവര്‍ ജീവിക്കുന്നത് അവര്‍ക്കായി പണിത ഏതെങ്കിലും നഗരത്തിലല്ല, ഏതെങ്കിലും ഒറ്റപ്പട്ട ഗ്രാമങ്ങളിലുമല്ല അവരുള്ളത്.

അവര്‍ നമുക്കിടയില്‍ തന്നെയുണ്ട്, ഇടയ്‌ക്കെങ്കിലും നമ്മള്‍ തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെ ശത്രുക്കളായി മാറുന്നത്.

ഇവിടെയാണ് അപകടം, വലിയൊരു വിഭാഗം ജനങ്ങള്‍ ആ രാജ്യത്തെ തന്നെ ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരായി മാറുന്ന സാഹചര്യം. ദേശീയ പതാക പുതച്ചും ദേശപ്രേമം വളര്‍ത്തുന്ന സിനിമകളിലൂടെയും ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ ആക്രോശിച്ചുമൊക്കെ നമ്മുടെ 72-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കേണ്ട ചിലതുണ്ട്.

അതായത്, ഈ ജനാധിപത്യ വ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യര്‍ തന്നെ അതിന്റെ എതിരാളികളായി മാറുന്ന അവസ്ഥ. ആ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ ഓരോന്നായി അവര്‍ തകര്‍ത്തെറിയുമ്പോഴാണ് അത് സംഭവിക്കുന്നത്. അതിനെയൊക്കെ അവര്‍ ന്യായീകരിക്കുകയും ചെയ്യും, രാജ്യത്തിന്റെ, സൈന്യത്തിന്റെ, ഇവിടുത്തെ ജനങ്ങളുടെ, സംസ്‌കാരത്തിന്റെ, പാരമ്പര്യത്തിന്റെ ഒക്കെ നിരവധിയായ ന്യായീകരണങ്ങള്‍ അവര്‍ കണ്ടു പിടിക്കും. കാരണം, ആ വിധത്തിലാണ് അവരുടെ നേതാക്കള്‍ അവരെ ബ്രെയിന്‍വാഷ് ചെയ്‌തെടുത്തിരിക്കുന്നത്.

അതില്‍ ചിലരാകട്ടെ, ഒറ്റപ്പെട്ട, വന മേഖലകളിലേക്ക് പോകുന്നു, അവിടെ ആയുധങ്ങള്‍ ഉപയോഗിക്കാനും ബോംബുകള്‍ നിര്‍മിക്കാനും പരിശീലിക്കുന്നു. അവിടെ നിന്ന് അവര്‍ നഗരങ്ങളിലേക്ക് എത്തുന്നു, തങ്ങളുടെ ആശയങ്ങളെ, പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍ മധ്യവയസ്‌കയും ധീരയുമായ ഒരു സ്ത്രീയുടെ നെഞ്ചിലേക്ക് അവര്‍ നിറയൊഴിക്കുന്നു, കമ്യൂണിസ്റ്റ് ആയ ഒരു വിദ്യാര്‍ത്ഥി ജനിച്ചത് ഒരു പ്രത്യേക സമുദായത്തിലാണ് എന്നതിന്റെ പേരില്‍ അയാളെ നിരന്തരം രാജ്യദ്രോഹിയെന്ന് മുദ്രകുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു, നിലനില്‍ക്കുന്ന അനാചാരങ്ങളെ, അവയുടെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുന്ന റാഷണലിസ്റ്റുകളെ വീട്ടിലെത്തി വെടിവച്ചു കൊല്ലുന്നു, തങ്ങളുടെ പ്രത്യയശാസ്ത്രത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയെ ആണ്‍ അഹന്തയുടെ കൂടി മറവില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു… അങ്ങനെ ആ സമൂഹത്തില്‍ അവര്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ചിലപ്പോള്‍ അവര്‍ കാത്തു നില്‍ക്കും, കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന്റെ പുറത്ത്, പ്രഭാത നടത്തത്തിനുള്ള പാര്‍ക്കുകളില്‍, അവര്‍ പറയുന്നത് അതൊക്കെ ഇന്ത്യയെ ശാക്തീകരിക്കാനാണ് എന്നാണ്, ഈ മനുഷ്യരില്‍ നിന്ന് ‘ഭാരത് മാതാ’യെ സംരക്ഷിക്കാനാണ് എന്നാണ്. കാരണം, അവരുടെ നേതാക്കള്‍ അവരോട് പറഞ്ഞു കൊടുത്തിട്ടുള്ളത് അങ്ങനെയാണ്.

രാജ്യത്തെ ഏറ്റവും ഉന്നതരായ നേതാക്കള്‍ പോലും അവര്‍ക്ക്, അവരുടെ ഗ്രൂപ്പുകള്‍ക്ക് ആശീര്‍വാദങ്ങളുമായി വരുന്നതിന് നമ്മള്‍ സാക്ഷിയാണ്. ആ നേതാക്കള്‍ വിശ്വസിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാന്‍ ആവശ്യമാണ്, അതുകൊണ്ട് ഇതൊക്കെ ചെയ്‌തേ മതിയാകൂ എന്നാണ്, അതില്‍ അവര്‍ വിശ്വസിക്കുന്നത് നാം കാണുന്നുണ്ട്, തങ്ങളുടെ പൊതുപ്രസംഗങ്ങളിലും മറ്റും തെളിഞ്ഞോ മറഞ്ഞോ ഒക്കെ അവര്‍ ഇതിനുള്ള അനുമതികളും പിന്തുണയും നല്‍കുന്നതും നാം കാണാറുണ്ട്. അതുമല്ലെങ്കില്‍ ജനാധിപത്യത്തെ എല്ലാ വിധത്തിലും അവസാനിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഒരൂകൂട്ടം മനുഷ്യരുടെ ചെയ്തികളെ എല്ലാ വിധത്തിലും കരുതിക്കൂട്ടിയുള്ള മൗനത്തിലൂടെ അവര്‍ പിന്തുണയ്ക്കുന്നതും നാം കാണുന്നുണ്ട്.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ നഗരങ്ങളിലെ ഒറ്റമുറി വീടുകളിലേക്ക്, ഗ്രാമങ്ങളിലേക്ക് ഒക്കെ മടങ്ങുന്നത് ഒറ്റ വിശ്വാസത്തിലാണ്, പോലീസും നീതിന്യായ സംവിധാനങ്ങളും തങ്ങളെ തൊടില്ല എന്ന വിശ്വാസത്തില്‍.

ആ നേതാക്കളോ? ഈ രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ജാതി, മത, വംശങ്ങളുടെ താത്പര്യങ്ങളില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ശ്രമിക്കാതെ, ഇന്ത്യ എന്ന ആശയത്തെ മൂര്‍ത്തമൂര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് യാതൊരു പങ്കും വഹിക്കാതെ അവര്‍ തങ്ങളുടെ വായില്‍ വരുന്ന വിവരക്കേടുകള്‍ വിളിച്ചു പറഞ്ഞും കോര്‍പറേറ്റ് തലവന്മാര്‍ക്ക് ഒത്താശ ചെയ്തും ഓരോ ദിവസവും ജനങ്ങള്‍ അധ്വാനിക്കുന്ന പൈസ കൊണ്ട് തങ്ങളുടെ കൊട്ടാരങ്ങളില്‍ അന്തിയുറങ്ങുന്നു.

അവരുടെ കോര്‍പറേറ്റ് മേലാളന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ഈ നേതാക്കള്‍ ചെയ്യുന്ന മറ്റൊരു പ്രധാന കാര്യം. ഒരു കോര്‍പറ്റേറ് മുതലാളി കടത്തില്‍ മുങ്ങി നില്‍ക്കുകയാണെങ്കിലും യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ ശരിയാക്കി നല്‍കുന്നു, രാജ്യത്ത് നിന്ന് കോടികള്‍ കടത്തിയ മറ്റൊരാള്‍ക്ക് രാജ്യത്തെ തുറമുഖങ്ങള്‍ മുഴുവന്‍ സ്വന്തമാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു, മറ്റൊരാളാണെങ്കില്‍, ഇതുവരെ രാജ്യത്തെ എല്ലാ വിധത്തിലുള്ള സിസ്റ്റങ്ങളെയും അട്ടിമറിക്കുകയും നിയമവ്യവസ്ഥയെ തന്നെ കാഴ്ചക്കാരാക്കുകയും ചെയ്തതിന് പ്രതിഫലമായി നമ്മുടെ കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കാനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നിര്‍മിക്കാന്‍ എക്‌സ്‌ലെന്‍സ് പദവികള്‍ നല്‍കുന്നു, മറ്റൊരാള്‍ക്ക് നല്‍കുന്നത് രാജ്യത്തിന്റെ വിനിമയ മേഖലയിലെ വിഭവശേഷിയാണ്; ഒടുവില്‍ ഇവരെല്ലാം ചേര്‍ന്ന് രാജ്യത്തെ സ്വതന്ത്രമായ പത്രങ്ങളും മറ്റ് മാധ്യമങ്ങളുമെല്ലാം വിലയ്‌ക്കെടുക്കുകയും തങ്ങളുടെ രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി പ്രൊപ്പഗണ്ട ആരംഭിക്കുകയും ചെയ്യുന്നു.

ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ കൊലപ്പെടുത്തുന്നതിനെ, ആക്രമിക്കുന്നവരെ ഈ കോര്‍പറേറ്റ് മുതലാളിമാര്‍ നടത്തുന്ന ടി.വി ചാനലുകളും അവരുടെ അവതാരകരും പ്രത്യക്ഷത്തില്‍ തന്നെ ന്യായീകരിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്. അവരുടെ സ്റ്റുഡിയോകളിലിരുന്ന് അവര്‍ നമ്മോട് പറയുന്നത് ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ്; യാതൊരു ലജ്ജയുമില്ലാതെ.

അതിനൊപ്പം, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാര്‍ ഒരുക്കുന്ന വന്‍ പണച്ചിലവുള്ള രാഷ്ട്രീയ നാടകത്തിന് കോടികള്‍ വാരിയെറിയേണ്ട ബാധ്യതയും ഈ കോര്‍പറ്റേ് മുതലാളിമാര്‍ക്കാണ്. രാഷ്ട്രീയ എതിരാളികള്‍ അധികാരം പിടിക്കാതിരിക്കാനായി അവര്‍ ഏതറ്റം വരെയും പോകും. ഒരു ജഡ്ജിയോ ഒരു മാധ്യമ പ്രവര്‍ത്തകനോ ആരുമായിക്കൊള്ളട്ടെ, തങ്ങളുടെ പാതയില്‍ ഏതെങ്കിലുമൊരാള്‍ എതിര്‍പ്പുയര്‍ത്തിയാല്‍ അവര്‍ നിശബ്ദരാക്കപ്പെടും. ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ സ്ഥാനം ആ സ്ഥാപനങ്ങളുടെ പുറത്തായിരിക്കും. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ജഡ്ജിക്ക് അര്‍ഹതപ്പെട്ട എല്ലാ സ്ഥാനങ്ങളും നിഷേധിക്കുകയും ഏറ്റവും സീനിയര്‍ ആണെങ്കിലും ഏറ്റവും ജൂണിയറായി അവരോധിക്കുകയും ചെയ്യും.

ഈ കോര്‍പറേറ്റ് മുതലാളിമാര്‍ പരമാവധി ‘വികസി’ക്കാനും മുങ്ങുന്ന തങ്ങളുടെ സാമ്രാജ്യത്തെ പിടിച്ചു നിര്‍ത്താനുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകളടക്കം കോടികള്‍ അവരുടെ അക്കൗണ്ടിലേക്കൊഴുക്കും. അവരുടെ മക്കളുടേയും കുടുംബങ്ങളുടേയും ‘നല്ല ഭാവി’യെ ഈ ബാങ്കുകള്‍ സുരക്ഷിതമാക്കും. രാജ്യത്തെ കായിക സ്ഥാപനങ്ങള്‍ തങ്ങളുടെ തീന്‍മുറികളില്‍ ഇരുന്ന് അവര്‍ നയിക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഭരിക്കാന്‍ തങ്ങളുടെ രാഷ്ട്രീയ അടിമകളെ അവര്‍ നിയോഗിക്കും.

ഏതുസന്ദര്‍ഭത്തിലാണോ ഈ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഈ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുന്നത്, വരാനിരിക്കുന്ന അപകടത്തെ കുറിച്ച് ഈ രാഷ്ട്രീയ യജമാനന്മാര്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. അവര്‍ ഏതാനും ആയിരം ഡോളറുകള്‍ നല്‍കി സ്വന്തമാക്കുന്ന പാസ്‌പോര്‍ട്ടുകളുമായി ചെറുകിട ദ്വീപുകളിലേക്ക് തങ്ങളുടെ സാമ്രാജ്യം പറിച്ചു നടും. അവരെ പിടികൂടാന്‍ എന്ന വ്യാജേനെ അന്വേഷണ ഏജന്‍സികളെ നിയോഗിക്കുന്നതായി പൊതുപ്രസംഗങ്ങളില്‍ ഈ നേതാക്കള്‍ വാതോരാതെ കള്ളം പറയും, നാടകം കളിക്കും.

എന്നാല്‍ ഒരിക്കലെങ്കിലും ഈ വന്‍ രാഷ്ട്രീയ നാടകങ്ങള്‍ പൊളിഞ്ഞു വീഴാതിരിക്കില്ല.

ഒരിക്കല്‍, ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവരും ഭീതിയില്‍ മാത്രം കഴിയുന്നവരും ഓരോ നിമിഷവും നമ്മുടെ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരാല്‍ ചവിട്ടിയരയ്ക്കപ്പെടുന്നവരുമായ ഒരു ജനത പോളിംഗ് ബൂത്തുകളിലേക്ക് നടന്നെത്തുന്നത് ആരെയും ഭയന്നിട്ടായിരിക്കില്ല. അവര്‍ നമ്മുടെ ശുഷ്‌കമായ ജനാധിപത്യത്തിന്റെ മേല്‍ അടയിരിക്കുന്ന ഈ ഇത്തിള്‍ക്കണ്ണികളെ, വര്‍ഗീയ ഭ്രാന്തന്മാരെ തൂത്തെറിയുകയും കെട്ടിപ്പൊക്കിയിരിക്കുന്ന സാമ്രാജ്യത്തെ മുച്ചൂടും തകര്‍ത്തു കളയുകയും ചെയ്യും. മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് ചെയ്ത ആ ആയിരങ്ങളെ ഓര്‍മയുണ്ടാവുമല്ലോ, അവരുടെ വിണ്ടു പൊട്ടിയ കാലുകളേയും.

ഈ രാജ്യത്തിന്റെ അസ്ഥികൂടമെങ്കിലും ബാക്കി വച്ചിട്ടുണ്ടെങ്കില്‍ അവരത് പുതുക്കിപ്പണിയും. ഒരാളെങ്കിലും ഈ രാജ്യത്തെക്കുറിച്ച്, അതിന്റെ മൂല്യവ്യവസ്ഥയെക്കുറിച്ച് ഓര്‍ക്കുന്നുണ്ടെങ്കില്‍ അഭിമാനിക്കുന്നുണ്ടെങ്കില്‍ ഭരണഘടന എന്നത് ഒരു പുസ്തകം മാത്രമല്ല എന്നവര്‍ തെളിയിക്കും. അതുവരെ മാത്രമേ ഈ വാചാടോപം മാത്രം നടത്തുന്ന അക്രമികളും ഭീരുക്കളും അല്‍പ്പജ്ഞാനികളുമായ ഫാസിസ്റ്റുകള്‍ക്ക് ഈ ജനാധിപത്യ രാജ്യത്ത് നിലനില്‍പ്പുണ്ടാവൂ. നമ്മുടെ സര്‍വകലാശാലകളിലെ ചെറുപ്പക്കാരുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന ആസാദി എന്ന മുദ്രാവാക്യം അവര്‍ക്കുള്ള മുന്നറിയിപ്പാണ്.

നമ്മള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്, തര്‍ക്കിക്കാനുള്ള ജനാധിപത്യ ഇടം

ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം വെടികൊണ്ട് മരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് മോദി സംസാരിക്കുമോ?

മാധ്യമങ്ങളെ, കോടതികളെ, സൈന്യത്തെ എല്ലാം കാവി പുതപ്പിക്കുന്നു: കനയ്യ കുമാര്‍ / അഭിമുഖം

നമ്മുടെ ജനാധിപത്യം മരിക്കുകയാണ്; തെളിവുകള്‍ ഇനിയും ആവശ്യമുണ്ടോ?

വെറും പി ആര്‍ അഭ്യാസം മാത്രമാകുന്ന ഇന്ത്യന്‍ ജനാധിപത്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍