UPDATES

കൊലയാളി സംഘങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍

പക്വമായ ഒരു ജനാധിപത്യത്തിലേക്ക് നാം എത്തുന്നതുവരെ ഷുജാദും ഗൗരിയും ഒക്കെ തങ്ങളുടെ രാജ്യത്തെ ഓര്‍ത്ത് നിലവിളിച്ചു കൊണ്ടിരിക്കും, അവരുടെ കുഴിമാടങ്ങള്‍ പോലും അതായിരിക്കും വിളിച്ചു പറയുന്നതും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വേരറുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ യാതൊരു വിധത്തിലുള്ള അങ്കലാപ്പുകളോ ശിക്ഷാഭയമോ ഇല്ലാതെ നമുക്കിടയില്‍ തന്നെ ചുറ്റിത്തിരിയുന്നുണ്ട്. അവരിന്നലെ കാത്തിരുന്നത് കാശ്മീരിലെ ഏറ്റവും പ്രശസ്തനായ ജേര്‍ണലിസ്റ്റിനെയായിരുന്നു. 2017 സെപ്റ്റംബറില്‍ ഗൗരി ലങ്കേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതും കാത്ത് അവര്‍ ബംഗളുരുവിലെ ആ ഹൗസിംഗ് കോളനിയില്‍ കാത്തു നിന്നിരുന്നു.

ആ കൊലയാളികള്‍ എല്ലായിടത്തും നിറഞ്ഞിട്ടുണ്ട്: നമ്മുടെ കോടതി മുറികള്‍ക്ക് പുറത്ത്, സ്വതന്ത്രരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു മേല്‍ എല്ലാ കണ്ണുകളും പതിപ്പിച്ച്, ദുരന്തങ്ങളും കലാപങ്ങളും കീറിമുറിക്കുന്ന മേഖലകളില്‍ സമാധാനത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നവരെ കാത്ത്, നമ്മുടെ നഗരജീവിതങ്ങളില്‍ ജനാധിപത്യ രീതിയിലുള്ള സംഭാഷണങ്ങളും ശാസ്ത്രീയ യുക്തികളും നിലനില്‍ക്കണമെന്ന് വാദിക്കുന്നവരുടെ പിന്നാലെ, ഒരു രാത്രിയിലെ സമാധാനപരമായ ഉറക്കത്തിനും അടുത്ത ദിവസത്തെ ഭക്ഷണത്തിനും വേണ്ടി കൊതിക്കുന്ന നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മനുഷ്യരെ കാത്ത്… അവര്‍ എല്ലായിടത്തുമുണ്ട്.

ആ കൊലയാളികള്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത് തന്റെ ഓഫീസില്‍ നിന്ന് വൈകിട്ട് ഏഴരയ്ക്ക് ഷുജാത് ബുഖാരി പുറത്തേക്കിറങ്ങുന്ന സമയത്താണ്. നമ്മളില്‍ പലരുടേയും സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു ഷുജാത്. കാശ്മീരില്‍ സമാധാനം പുലര്‍ന്നു കാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളുകളില്‍ ഒരാള്‍. സമാധാനപരമായ സംഭാഷണങ്ങളിലും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്ന ഒരാള്‍. പാക്കിസ്ഥാനുമായുള്ള രണ്ടാം ഘട്ട സംഭാഷണങ്ങളുടെ കാര്യത്തിലും ഏറെ സജീവമായിരുന്ന ആള്‍.

ഒരുകാര്യം നമുക്ക് ഉറപ്പിച്ചു പറയാവുന്നത് ഷുജാതിനെ കൊല്ലാനായി ആ ബജാജ് പള്‍സര്‍ ബൈക്കില്‍ വന്ന മൂന്നു പേര്‍ സമാധാനത്തിന്റെ ശത്രുക്കള്‍ തന്നെയാണ്, അതില്‍ കൂടുതലൊന്നുമില്ല. എന്നാല്‍ കാശ്മീരില്‍ സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത് ആയുധധാരികളായ തീവ്രവാദികള്‍ മാത്രമാണെന്ന് പറയുന്ന തരം നിഷ്‌കളങ്കത ഇവിടെ ചേരുമെന്ന് തോന്നുന്നില്ല.

യുദ്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് അറിയാവുന്നവര്‍ക്ക്, കാശ്മീരിനെ നന്നായി അറിയാവുന്നവര്‍ക്ക് ഒക്കെ ഈ കൊലപാതകത്തെ കുറിച്ച് മറ്റ് അഭിപ്രായങ്ങളും ഉണ്ടാവും. കാശ്മീരിന്റെ സമീപഭാവിയില്‍ ആനുപാതികമല്ലാത്ത മാറ്റങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എങ്കില്‍ പോലും, ഏറെ എതിര്‍പ്പുകള്‍ ഉണ്ടാക്കുന്ന ഒരു കൊലപാതകത്തിലൂടെ റംസാന്‍ മാസത്തിലെ വെടിനിര്‍ത്തല്‍ പോലുള്ളവ അവസാനിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ഭീഷണിയാവാം, കാശ്മീരിനെ എന്നും ഈ വിധത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന നിരവധി ഘടകങ്ങള്‍ നമ്മുടെ സുരക്ഷാ സംവിധാനത്തില്‍ തന്നെയുണ്ട്, സമാധാന പ്രക്രിയയെ അട്ടിമറിക്കണമെന്ന് ആഗ്രഹിക്കുന്ന അതിലെ ഏതെങ്കിലും രോഗാതുരമായ ഘടകങ്ങളാവാം. രാഷ്ട്രീയകാരണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു കൊലപാതകവും ആവാം? കാശ്മീരില്‍ നടക്കുന്ന സമാധാന ശ്രമങ്ങളെ ഇഷ്ടപ്പെടാത്ത നിരവധി പേര്‍ നമ്മുടെ പൊളിറ്റിക്കല്‍ സിസ്റ്റത്തിനകത്തുണ്ട്. കാശ്മീരിനേയും അവിടുത്തെ ജനങ്ങളെയും കുറിച്ച് രാജ്യത്തെ മറ്റു മനുഷ്യരുടെ ഇടയിലേക്ക് വെറുപ്പു മാത്രം പുറത്തുവിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ മുഖ്യധാരാ ടി.വി സ്റ്റുഡിയോകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്നവരാകാം? ഒരുതരത്തിലും തീര്‍പ്പു കല്‍പ്പിക്കാന്‍ വയ്യാത്ത വിധത്തിലുള്ള സാധ്യതകളാണ് അവിടെയുള്ളത്. തനിക്കെതിരെ യാതൊരു വിധത്തിലുള്ള അടിസ്ഥാനവുമില്ലാത്ത സാമുദായിക വെറി ആരോപിച്ച ഒരു പ്രമുഖ തിങ്ക് ടാങ്കിലെ ഒരു ‘വിദഗ്ധ’നെ കുറിച്ചായിരുന്നു ഷുജാതിന്റെ അവസാന ട്വീറ്റ്.

ജനാധിപത്യത്തോട് നേര്‍ക്കു നേര്‍ക്കുനേര്‍ സംവദിക്കാന്‍ ശേഷിയില്ലാത്ത ഈ കൊലയാളികള്‍ കാശ്മീരിലെ കുഴപ്പങ്ങളില്‍ മാത്രമല്ല ഇടംപിടിക്കുന്നത്. അവര്‍ നമ്മുടെയൊക്കെ പിന്നാമ്പുറങ്ങളിലുണ്ട്. നമ്മുടെ നഗരങ്ങളിലും നമ്മുടെ പല ഇന്‍സ്റ്റിറ്റ്യൂഷനുകളിലുമുണ്ട്.

ജനാധിപത്യം അവരൊയൊക്കെ അത്രയേറെ ശല്യപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ള ആരും ആ കൊലപാതക സംഘത്തിന്റെയൊപ്പം ചേര്‍ന്നേക്കാം.

നമ്മുടെ രാജ്യവും ഇവിടുത്തെ ജനങ്ങളും അതിലെ ഇന്‍സ്റ്റിറ്റ്യൂഷനുകളും നമ്മുടെ ‘ത്രസിപ്പിക്കുന്ന’ ജനാധിപത്യത്തെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ അവസാനിപ്പിക്കാന്‍ സമയമായി. അതിനു പകരം ചെയ്യേണ്ടത് അതില്‍ വീണിരിക്കുന്ന വിള്ളലുകളെ കുറിച്ച് ഇനിയെങ്കിലും സംസാരിക്കുക എന്നതാണ്. അല്ലെങ്കില്‍ ഈ കൊലയാളികള്‍ക്ക് രാജ്യം മുഴുവന്‍ താണ്ഡവമാടാന്‍ അവസരമൊരുക്കുകയാവും നമ്മള്‍ ചെയ്യുക.

നമ്മുടെ ജനാധിപത്യത്തെ, അതിലെ ഇന്‍സ്റ്റിറ്റ്യൂഷനുകളെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് ഇനിയെങ്കിലും ആത്മാര്‍ത്ഥതയോടെയുള്ള സംഭാഷണങ്ങള്‍ നാം തുടങ്ങേണ്ടതുണ്ട്. ജനാധിപത്യം എന്നത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടേത് മാത്രമോ, അത് സംരക്ഷിക്കാനുള്ള ഏക മാര്‍ഗം തെരഞ്ഞെടുപ്പ് മാത്രമോ അല്ല. അത് സംരക്ഷിക്കേണ്ടത് ജാഗരൂകരായ ഇവിടുത്തെ ജനാധിപത്യ വിശ്വാസികളുടെ കൂടി ഉത്തരവാദിത്തമാണ്. കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ആ മനുഷ്യര്‍ക്ക് വേണ്ടി എയര്‍പോര്‍ട്ടുകളിലേക്ക് ഒഴുകിയെത്തിയ ആ രാജ്യത്തെ പൗരന്മാരെ ഓര്‍ക്കണം. സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍ യൂറോപ്പിലെ നഗര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയ അവിടുത്തെ മനുഷ്യരെ കാണണം. സ്ലൊവാക്യയില്‍ അവിടുത്തെ ഏറ്റവും ബഹുമാന്യനായ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കൊല്ലപ്പെട്ടപ്പോള്‍ തെരുവുകളില്‍ നിറഞ്ഞ, പ്രധാന മന്ത്രിമാരെയെല്ലാം പുറത്താക്കുകയും ചെയ്ത അവിടുത്തെ ജനങ്ങളെപ്പോലെയാകണം നാം.

ജനാധിപത്യം പുലരുന്നത് തത്പരകക്ഷികളായ കരിയറിസ്റ്റുകളിലൂടെയല്ല, മറിച്ച് ഒറ്റപ്പെട്ട ഭിന്നാഭിപ്രായങ്ങളിലൂടെയാണ്. എത്ര ആളുകള്‍ പിന്തുണയ്ക്കാന്‍ ഉണ്ടെന്നല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നവരിലൂടെയാണ് ആ ജനാധിപത്യം നിലനില്‍ക്കുന്നത്.

ആ കൊലപാതകികളെ കണ്ടെത്തുകയും ഒറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ കാശ്മീര്‍ മാത്രമല്ല, രാജ്യത്തൊരിടത്തും സമാധാനവും സന്തോഷവുമുണ്ടാകില്ല. അത് ഷുജാദിന്റെ കൊലപാതകികളെ മാത്രമല്ല, ഈ ജനാധിപത്യത്തെ കശാപ്പു ചെയ്തു കൊണ്ടിരിക്കുന്ന കൊലയാളി സംഘത്തെ മുഴുവനായി തന്നെ. അത് സാധ്യമാകണമെങ്കില്‍ ജാഗരൂകരായ ജനങ്ങളും ശക്തമായ, സ്വതന്ത്രമായ മാധ്യമങ്ങളും, നീതി നടപ്പാകുന്നു എന്നുറപ്പാക്കുന്ന നീതിന്യായ സംവിധാനങ്ങളും, എല്ലാ വിധത്തിലും സ്വതന്ത്രമായ ജുഡീഷ്യറിയും ഇവിടെ ഉണ്ടായേ മതിയാവൂ. അവിടെ ഈ കാര്യങ്ങളൊക്കെ സാധ്യമാവുന്ന വിധത്തിലുള്ള അന്തരീക്ഷം ഒരുക്കാനുള്ള രാഷ്ട്രീയ സംവിധാനവും ഉണ്ടാവണം. എന്നാല്‍, നമുക്ക് ഇപ്പോള്‍ ഇതില്‍ ഏതെങ്കിലുമുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്.

അത്തരം പക്വമായ ഒരു ജനാധിപത്യത്തിലേക്ക് നാം എത്തുന്നതുവരെ ഷുജാദും ഗൗരിയും അതുപോലെയുള്ളവരും തങ്ങളുടെ രാജ്യത്തെ ഓര്‍ത്ത് നിലവിളിച്ചു കൊണ്ടിരിക്കും, അവരുടെ കുഴിമാടങ്ങള്‍ പോലും അതായിരിക്കും വിളിച്ചു പറയുന്നതും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഷുജാത് ബുഖാരി വധം: അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

റൈസിങ് കശ്മീർ എഡിറ്റർ ശുജാത് ബുഖാരി വെടിയേറ്റു മരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍