UPDATES

വൈകിയാണെങ്കിലും മോദി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി തുടങ്ങിയത് നല്ല കാര്യമാണ്

മോദി വളരെ തിടുക്കത്തിലായിരുന്നു. ഒരുപക്ഷേ, ഗുജറാത്ത് കലാപത്തിനു ശേഷം അമേരിക്ക മോദിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ നിരോധനത്തിന്റെ ഓര്‍മ അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരിക്കണം

തന്റെ കഴിഞ്ഞ നാലു കൊല്ലത്തെ ഭരണത്തിനിടയില്‍ ഏറെക്കുറെ ഭേദപ്പെട്ട, ബാലന്‍സഡ് ആയിട്ടുള്ള പ്രസംഗങ്ങളില്‍ ഒന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വെള്ളിയാഴ്ച സിംഗപ്പൂരില്‍ ഷാങ്ഗ്രി-ലാ ഡയലോഗില്‍ വച്ച് നടത്തിയത്. ഇന്ത്യന്‍ വിദേശകാര്യ നയത്തിന്റെ അതിര്‍ത്തികളെ അദ്ദേഹം മാറ്റിവരച്ചു, അതോടൊപ്പം, ഒരുപക്ഷേ ആദ്യമായിട്ട് തന്നെ, ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണണ (strategic autonomy)ത്തിന് ഊന്നല്‍ നല്‍കി.

റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ കുറിച്ച് വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. “സിംഗപ്പൂരിനെപ്പോലെ, ഇന്ത്യ ഏതെങ്കിലും ശക്തിക്ക് പിന്നില്‍ നില്‍ക്കുന്നില്ല”, മോദി വ്യക്തമാക്കി. “ചൈനയുമായി ഇന്ത്യക്കുള്ള ബന്ധം പോലെ നിരവധി തലങ്ങള്‍ അടങ്ങിയിട്ടുള്ള മറ്റൊരു ബന്ധവും ഞങ്ങള്‍ക്കില്ല. സമാധാനപരമായ ഒരു അതിര്‍ത്തി നിലനിര്‍ത്തുന്നതിനും കാര്യങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ പക്വതയോടെയുള്ള നടപടികളാണ് ഞങ്ങള്‍ ചെയ്യുന്നത്”- ചൈനയുമായുള്ള ബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.

“ഇന്നത്തെ കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാന്‍ ആവശ്യമായ ഒരു ബഹുധ്രുവ ലോകത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രസിഡന്റ് പുട്ടിനുമായി ഞാന്‍ പങ്കുവച്ചു”- റഷ്യമായുള്ള ബന്ധത്തെക്കുറിച്ച് മോദി വ്യക്തമാക്കി. അമേരിക്കയെക്കുറിച്ച്, “അതേ സമയം തന്നെ അമേരിക്കയുമായുള്ള ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന സംശയങ്ങളെയും ആശങ്കകളെയുമൊക്കെ മറികടന്നു കൊണ്ട് ബന്ധം കൂടുതല്‍ ആഴത്തിലുള്ളതും സുദൃഡവുമാണ്” എന്ന് അദ്ദേഹം പറഞ്ഞു.

മോദി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഏറെ ആഹ്‌ളാദിക്കുകയും ഇന്ത്യയുമായി നിരവധി കരാറുകള്‍ അടക്കമുള്ളവയ്ക്ക് സാധ്യത കാണുകയും ചെയ്ത അമേരിക്കക്കാരെ പക്ഷേ, ആ വാക്കുകള്‍ അത്ര സന്തോഷിപ്പിച്ചിരിക്കാന്‍ ഇടയില്ല. ഇന്ത്യന്‍ വിദേശനയത്തെ അടിമുടി മാറ്റിമറിക്കാനുള്ള തീരുമാനം അമേരിക്കയെ യാതൊരു വിധത്തിലും തൃപ്തിപ്പെടുത്തില്ലെന്നുറപ്പ്. മോദിയുടെ ‘പോസിറ്റീവ്’ ആയ വാക്കുകള്‍ തങ്ങള്‍ ശ്രദ്ധിച്ചുവെന്നായിരുന്നു ചൈനയുടെ മറുപടി. റഷ്യക്കും അക്കാര്യത്തില്‍ യാതൊരു എതിര്‍പ്പുകളും ഉണ്ടാകാന്‍ വഴിയില്ല.

എന്നാല്‍, ആഗോള തലത്തില്‍ എന്നും ഇന്ത്യക്കുള്ള പ്രത്യേക സ്ഥാനം ഉണ്ടാക്കിയെടുത്ത നെഹ്‌റുവിന്റെ ശേഷി തനിക്കുണ്ടെന്നുള്ളതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് 2014-ലെ ആ കൊടുംവേനല്‍ സമയത്ത് അധികാരത്തിലേറിയ സമയത്ത് മോദി പറയേണ്ട വാക്കുകളായിരുന്നു അവ. പിറന്നുവീണ കാലം മുതല്‍ എല്ലാക്കാലത്തും ഇന്ത്യ തങ്ങളുടേതായ ആ തനതായ സ്ഥാനം ആഗോളതലത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശീതയുദ്ധ പ്രതിസന്ധികളിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷവും ഒക്കെ ഒരു ക്യാമ്പിന്റേയും ഭാഗമാകാതെ തന്നെ നിലനില്‍ക്കാനുള്ള ശേഷി തന്നെയായിരുന്നു ഇന്ത്യയുടെ പ്രത്യേകത. അതെല്ലായ്‌പ്പോഴും ചേരിചേരായ്മയുടെ നയം മുന്നോട്ടു വച്ചു. ആഭ്യന്തര തലത്തിലായാലും അന്താരാഷ്ട്ര തലത്തിലായാലും അത് മെച്ചമേ ഉണ്ടാക്കിയിട്ടുള്ളൂ താനും.

പക്ഷേ, മോദി വളരെ തിടുക്കത്തിലായിരുന്നു. ഒരുപക്ഷേ, ഗുജറാത്ത് കലാപത്തിനു ശേഷം അമേരിക്ക മോദിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ നിരോധനത്തിന്റെ ഓര്‍മ അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരിക്കണം. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രം ഏഷ്യയിലേക്ക് മാറിയ സാഹചര്യത്തില്‍ ചൈനയെ അടക്കി നിര്‍ത്തുന്നതിന് അമേരിക്കക്ക് ഒരു തന്ത്രപ്രധാന പങ്കാളിയെ ആവശ്യമുണ്ട്, അതുകൊണ്ട് തന്നെ ഇന്ത്യയെ അവര്‍ക്ക് അത്രയേറെ ആവശ്യവുമായിരുന്നു. അതുകൊണ്ടു തന്നെ കലാപത്തില്‍ മോദിക്കുള്ള പങ്ക് സംബന്ധിച്ച കാര്യങ്ങള്‍ മാറ്റിവയ്ക്കാന്‍ അവര്‍ തയാറുമായിരുന്നു. ഒടുവില്‍ സുഹൃത്ത് ‘ബരാക്കി’നെ ആഞ്ഞ് കെട്ടിപ്പിടിച്ചു കൊണ്ട് മോദി അതിലേക്ക് നടന്നു കയറുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ആഗോള രാഷ്ട്രീയത്തിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അദ്ദേഹം പതിയെ കണ്ണു തുറന്നു എന്നു വേണം മനസിലാക്കാന്‍. അതായത്, ഓരോ രാജ്യത്തിനും സ്ഥിരമായ താത്പര്യങ്ങളുണ്ട്, പക്ഷേ, സ്ഥിരമായ സുഹൃത്തുക്കളില്ല. ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കിന്റെ ഇറക്കുമതി ചുങ്കം ട്രംപ് മോദിയെക്കൊണ്ട് കുറപ്പിച്ചു. മരുന്നുകളുടെ വില നിര്‍ണയ കാര്യത്തിലും അമേരിക്ക തങ്ങളുടെ താത്പര്യങ്ങള്‍ ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. ഇറാന്‍ കാര്യത്തിലുണ്ടായ നാടകീയ പിന്മാറ്റത്തിലൂടെ ഇന്ത്യയുടെ അവസ്ഥയും അവര്‍ സങ്കീര്‍ണമാക്കി. ഇപ്പോള്‍ റഷ്യയുമായുള്ള പുതിയ ബന്ധത്തെ ഉലയ്ക്കാനും റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ സംവിധാനം വാങ്ങാനുമുള്ള തീരുമാനത്തോട് എതിര്‍പ്പും പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയുമാണ് അമേരിക്ക ചെയ്യുന്നത്.

മോദി ഇക്കാര്യങ്ങളൊക്കെ മനസിലാക്കി വരുന്നതേയുള്ളൂ. നയതന്ത്രം എന്നാല്‍ വ്യാപാരം അല്ലെന്നും ഒരു കച്ചവടക്കാരന്റെ മാനസികാവസ്ഥയോടെ കൈകാര്യം ചെയ്യേണ്ട കാര്യമല്ല അതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനെ കൈകാര്യം ചെയ്യേണ്ടത് അതീവ സൂഷ്മവും ശ്രദ്ധയോടെയുമാണ്. സിംഗപ്പൂരില്‍ നടത്തിയ പ്രസ്താവനയെ വിശ്വസിക്കാമെങ്കില്‍ മോദി ആ വഴിയെ നടന്നു തുടങ്ങിയിരിക്കുന്നു.

വൈകിയുണ്ടാകുന്ന തിരിച്ചറിവുകള്‍ മോദി ഭരണത്തിന്റെ ഒരു മുഖമുദ്രയായി മാറിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷവും നടത്തിയ രക്തച്ചൊരിച്ചിലും മരണങ്ങളും കാശ്മീരിലെ ‘അവസാന യുദ്ധ’മെന്ന ഭീഷണിയുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ റംസാന്‍ മാസത്തില്‍ അത് സമാധാനത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അത് കൊണ്ടു മാത്രം ഫലം ഉണ്ടാകണമെന്നില്ല. അതോടൊപ്പം, അത് എവിടെയെങ്കിലും കൊണ്ടു പോയി അവസാനിപ്പിക്കാനും കഴിയില്ല. ഇപ്പോഴത്തെ ശ്രമങ്ങള്‍ തിരിച്ചറിവു കൊണ്ടുണ്ടായിട്ടുള്ളതാണെങ്കില്‍ അത് മുന്നോട്ടു കൊണ്ടു പോകാന്‍ സര്‍ക്കാരിന് കഴിയണം.

ഇന്ത്യ ഭരിക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ടുകളുടെ ഒരു നീണ്ട നിര കൊണ്ടല്ലെന്നും സങ്കീര്‍ണമായ ഭരണ യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടുകൊണ്ടാണെന്നും വൈകിയാണെങ്കില്‍ പോലും മോദി ഭരണകൂടം മനസിലാക്കുന്നു എന്നത് നല്ല കാര്യമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍