UPDATES

നട്ടെല്ല് പണയം വച്ച ഇന്ത്യന്‍ മാധ്യമ മുതലാളിമാര്‍ക്ക് ന്യൂയോര്‍ക്ക് ടൈംസ് ഉടമയില്‍ നിന്ന് പഠിക്കാനുള്ളത്

ഒരു ജനാധിപത്യത്തില്‍ എന്തായിരിക്കണം ഒരു പ്രസാധകന്റെ ചുമതലയെന്ന്, അയാള്‍ ചെയ്യേണ്ടത് എന്താണ് എന്ന് തെളിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ ആ യുവാവ് ചെയ്തത്- എഡിറ്റോറിയല്‍

കാര്യങ്ങളെ കുറിച്ച് ബോധമുള്ളവര്‍ സാധാരണ ചെയ്യുക മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ്. എന്നാല്‍ തങ്ങള്‍ തന്നെ തെറ്റു ചെയ്യാനും പിന്നീട് അത് തിരുത്താനുമൊക്കെ കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും.

ഇന്ത്യയിലെ കുത്തക മാധ്യമ മുതലാളിമാര്‍ക്ക് അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തില്‍ നിന്ന് വളരെ രസകരവും ഒപ്പം വിജ്ഞാനപ്രദവുമായ ഒരു കാര്യം പഠിക്കാനുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസ് പ്രസാധകന്‍  ആര്‍തര്‍ ഗ്രെഗ് സല്‍സ്ബര്‍ഗറെ (A.G Sulzberger) ഒരു അനൗദ്യോഗിക വിരുന്നിന് ക്ഷണിച്ചു. അത്തരത്തിലൊരു മീറ്റിംഗിന് അത് രണ്ടാം തവണയായിരുന്നു ട്രംപ് അദ്ദേഹത്തെ ക്ഷണിക്കുന്നത്. ആദ്യ തവണ കൂടിക്കാഴ്ചയ്ക്ക് ശേഷം സംഭവിച്ചത്, ട്രംപ് താന്‍ സല്‍സ്ബര്‍ഗറുമായി ‘വ്യാജ വാര്‍ത്തകളെ’ക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് അവാസ്തവമാണെന്ന് ചൂണ്ടിക്കാട്ടി 38-കാരനായ ഈ പ്രസാധകന് നിഷേധക്കുറിപ്പ് ഇറക്കേണ്ടി വന്നു.

ഇതിന് സമാനമായ രീതിയിലുള്ള കൂടിക്കാഴ്ചയ്ക്ക് ട്രംപില്‍ നിന്ന് ക്ഷണം വന്നതോടെ  സല്‍സ്ബര്‍ഗര്‍ ചെയ്തത് തനിക്ക് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്നും പക്ഷേ, പ്രസിഡന്റിന് ഒരു ഔദ്യോഗിക (on-the-record) കൂടിക്കാഴ്ചയ്ക്ക് താത്പര്യമുണ്ടെങ്കില്‍ തന്റെ രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം ആകാമെന്നും ട്രംപിനെ അറിയിക്കുകയായിരുന്നു. ട്രംപ് ഇക്കാര്യം അംഗീകരിച്ചു.

Also Read: സീ ന്യൂസ് തലവന്‍ സുഭാഷ് ചന്ദ്രയും നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കിലെത്തിയ ദുരൂഹമായ ആ 3000 കോടി രൂപയും

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ആ കൂടിക്കാഴ്ച നടന്നു. മാധ്യമങ്ങളെക്കുറിച്ച് തുടര്‍ച്ചയായി അപലപിച്ചു കൊണ്ട് സംസാരിക്കുകയും ജനങ്ങളുടെ ശത്രുക്കളെന്ന് മാധ്യമങ്ങളെ വിളിക്കുകയും ലോകം മുഴുവനുമുള്ള സ്വേച്ഛാധിപതികള്‍ മുഴുവന്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ‘വ്യാജ വാര്‍ത്തകള്‍’ എന്ന പദപ്രയോഗത്തെ പോപ്പുലറൈസ് ചെയ്യുകയും ചെയ്ത, ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ആ ഓഫീസിലെ Resolute Table-ന്റെ ഒരു വശത്ത് ഇരുന്നു. ആ മേശയുടെ മറുവശത്ത് ന്യൂയോര്‍ക്ക് ടൈംസിന്റെ ആ ചെറുപ്പക്കാരനായ ഉടമ-പ്രസാധകനും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകരും. തങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് തന്നെ ട്രംപിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വിധേയരായിരുന്നു ന്യൂയോര്‍ക്ക് ടൈംസ്.

ഇനി അത്, ഇന്ത്യയിലാണ് അത്തരമൊരു കൂടിക്കാഴ്ച നടന്നിരുന്നതെങ്കിലോ? അപ്പുറത്ത് ഇരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നെങ്കിലോ? ആക്രോശങ്ങളും ഒച്ചയും കൊണ്ട് എതിരാളികളുടെ വായടപ്പിക്കുന്ന അവതാരകര്‍ അങ്ങേയറ്റം മൃദൃത്വമുള്ളവരാകും, മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ചോദ്യങ്ങള്‍ ഓരോന്നായി പുറത്തു വരും, ഗൗരവകരമായ വിഷയങ്ങളോ അതിനെ തുടര്‍ന്നുള്ള ചോദ്യങ്ങളോ ഉണ്ടാകില്ല. വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കുമൊക്കെ ലഭിക്കുക ചെത്തി മിനുക്കിയെടുത്ത അതിന്റെ ഒരു ഭാഗമായിരിക്കും. മോദി എന്തായിരിക്കും അവരോട് പറഞ്ഞിട്ടുണ്ടാവുക, അവര്‍ എന്താണ് പറഞ്ഞിട്ടുണ്ടാവുക എന്നതൊന്നും, ആ അഭിമുഖത്തിനപ്പുറം നാം അറിയാന്‍ പോകുന്നുമില്ല.

Also Read: മോദിയോട് അര്‍ണബ് ചോദിക്കാന്‍ മറന്ന ചോദ്യങ്ങള്‍

എന്നാല്‍ ഒരു ജനാധിപത്യത്തില്‍ എന്തായിരിക്കണം ഒരു പ്രസാധകന്റെ ചുമതലയെന്ന്, അയാള്‍ ചെയ്യേണ്ടത് എന്താണ് എന്ന് തെളിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ ആ യുവാവ് ചെയ്തത്.

ഇന്റര്‍വ്യൂ പുരോഗമിച്ചുകൊണ്ടിരിക്കെ, സല്‍സ്ബര്‍ഗര്‍ ഇടപെട്ട് ട്രംപിനോട് ചോദിച്ചു: “മാധ്യമ സ്ഥാപനങ്ങളെ ഏതു വിധത്തിലും കൈകാര്യം ചെയ്യാമെന്നൊരു അന്തരീക്ഷം സര്‍ക്കാരില്‍ രൂപപ്പെട്ട് വന്നിട്ടുണ്ടെന്ന് മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ നേരിട്ടു പറയുന്നത് നമ്മള്‍ കാണുന്നുണ്ട്”– അദ്ദേഹം പറഞ്ഞു. “ചരിത്രപരമായിതന്നെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ എക്കാലത്തേയും വലിയ വക്താക്കളായിരുന്നു അമേരിക്കയും താങ്കള്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ കസേരയില്‍ ഇരുന്നിട്ടുള്ളവരും എന്ന കാര്യം താങ്കള്‍ക്ക് അറിയാമോ?”

മാധ്യമങ്ങളെ താറടിക്കുന്ന പ്രവണത പുന:പരിശോധിക്കണമെന്ന് സല്‍സ്ബര്‍ഗര്‍ ട്രംപിനോട് പറഞ്ഞു. “താങ്കളോട് ശരിയായ വിധത്തിലല്ല പെരുമാറുന്നതെന്ന് താങ്കള്‍ക്ക് തോന്നുന്ന സ്ഥാപനങ്ങളെ മാത്രമല്ല അത്തരം കാര്യങ്ങള്‍ ബാധിക്കുന്നത്”– അദ്ദേഹം പറഞ്ഞു. “ഇത് ലോകം മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട്. അതുപോലെ തന്നെ വസ്തുതാപരമായ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ അവരവരുടെ ജീവന്‍ തന്നെ ഇതിനായി സമര്‍പ്പിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകരേയും അത് ബാധിക്കുന്നൂ”.

“എനിക്കത് മനസിലാവും”, തന്നെക്കുറിച്ച് മാധ്യമങ്ങള്‍ എന്താണ് എഴുതുന്നത് എന്നതിലുള്ള പരാതി വീണ്ടും ഉന്നയിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ട്രംപ് പറഞ്ഞു.

“എന്നെക്കുറിച്ച് വരുന്ന ഒരു മോശം വാര്‍ത്തയില്‍ സത്യമുണ്ടെങ്കില്‍ ഞാനത് കാര്യമാക്കില്ല, ഞാന്‍ ശരിക്കും കാര്യമാക്കില്ല” -യു.എസ് പ്രസിഡന്റ് പറഞ്ഞു. “നിങ്ങക്കറിയില്ലേ, നമ്മളൊക്കെ വലിയ ആളുകളാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് മനസിലാകും. എന്നെക്കുറിച്ച് നിരവധി മോശം വാര്‍ത്തകള്‍ വന്നിട്ടുണ്ട്, വളരെ മോശം വാര്‍ത്തകള്‍. അപ്പോഴൊക്ക ഞാന്‍ കരുതും ഇതില്‍ എന്തെങ്കിലും സത്യമുണ്ടാവും അതുകൊണ്ട് തന്നെ ഞാന്‍ പരാതിപ്പെടാറുമില്ല. എന്നാല്‍ നിങ്ങളെക്കുറിച്ച് വളരെ മോശം വാര്‍ത്തകള്‍ വരികയും അത് സത്യമല്ലാകാതിരിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് പറയേണ്ടി വരും, അത് ചെയ്തത് ശരിയായില്ല എന്ന്”.

Also Read: മോദിയുടെ ചിയര്‍ലീഡര്‍ സുധീര്‍ ചൗധരിക്ക് ജിന്‍ഡാല്‍ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍

മാധ്യമങ്ങള്‍ തങ്ങളെ ഒരു പ്രത്യേക രീതിയിലാണ് ചിത്രീകരിക്കുന്നതെന്ന് എല്ലാ പ്രസിഡന്റുമാരും പരാതിപ്പെട്ടിട്ടുണ്ടെന്ന് സല്‍സ്ബര്‍ഗര്‍ ചൂണ്ടിക്കാട്ടി. “ഭൂമിയിലെ ഏറ്റവും പ്രബലമായ അധികാരക്കസേരയില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് ഇത്തരത്തിലുള്ള ശക്തമായ മാധ്യമ സമീപനങ്ങളും”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു: “പക്ഷേ എനിക്കിത് വളരെ മേശമായാണ് അനുഭവപ്പെടുന്നത്. എന്തായാലും ഇതിനെ നേരിടുക തന്നെ. ഇത്തരത്തില്‍ ഇതിനു മുമ്പാരും ഇതുപോലെ നേരിടണ്ടി വന്നിട്ടുണ്ടാവില്ല”.

അപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് ഉടമ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പറഞ്ഞത് ഇങ്ങനെയാണ്: “അധികാരത്തിലിരിക്കുന്ന വ്യക്തികളെയും ഇന്‍സ്റ്റിറ്റ്യൂഷനുകളെയും കുറിച്ച് കര്‍ശനമായും ശക്തമായും എഴുതുക എന്നതാണ് എന്റെ പത്രത്തിന്റെ ഉത്തരവാദിത്തം.”

നട്ടെല്ല് ഊരിവച്ചിരിക്കുന്ന നമ്മുടെ മാധ്യമ കച്ചടവക്കാര്‍ക്ക് അത് തിരികെയെടുക്കാനും അധികാരത്തിലിരിക്കുന്നവരോട് ഇങ്ങനെ രണ്ട് വര്‍ത്തമാനം പറയാനും അതുവഴി ഈ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.

Also Read: വാര്‍ത്താ മുറിയിലെ അംബാനി എന്ന അപകടം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍