UPDATES

ആര്‍എസ്എസ്-ബിജെപിക്കാരോടാണ്: ഭരിക്കാന്‍ പോയിട്ട് ഈ ജനാധിപത്യത്തിന് പോലും നിങ്ങള്‍ യോഗ്യരല്ല

നിങ്ങള്‍ മാധ്യമങ്ങളെ ആക്രമിക്കുമ്പോള്‍, നിരായുധരായി ജോലി ചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയുമൊക്കെ ആക്രമിക്കുമ്പോള്‍ ഒരു കാര്യം മനസിലാക്കണം, നിങ്ങള്‍ക്ക് ഈ ജനാധിപത്യത്തില്‍ സ്ഥാനമില്ല – എഡിറ്റോറിയല്‍

ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇതിഹാദ്-ഉല്‍-മുസ്ലീമെന്‍ (AIMIM) എന്ന പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം തുടങ്ങൂന്നത് ഒരു നിസാം അനുകൂല പാര്‍ട്ടിയായിട്ടാണ്. നിരവധി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തും മതേതര ഇന്ത്യയെ എതിര്‍ത്തുമൊക്കെയായിരുന്നു ആ പാര്‍ട്ടി തുടക്കത്തില്‍. എന്നാല്‍ ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച എം.പിമാരില്‍ ഒരാളാണ് ഒവൈസി. അതുപോലെ ജമാഅത്തെ ഇ-ഇസ്ലാമി ഹിന്ദ് (JIH) അതിന്റെ തുടക്കത്തില്‍ വ്യത്യസ്തമായ രാഷ്ട്രീയ ധാര പിന്തുടര്‍ന്നിരുന്ന പാര്‍ട്ടിയാണ്. എന്നാല്‍ പിന്നീട് അത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ അംഗീകരിക്കുകയും ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുകയും ചെയ്തു.

ആര്‍എസ്എസിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലുള്ള നിരവധി ഫയലുകളിലൊന്നില്‍, അതങ്ങ് ബ്രിട്ടീഷുകാരുടെ കാലമായിരുന്ന 1933 മുതലുള്ളത്, സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥരായ എം.ജി ഹാലെറ്റും സി.എം ത്രിവേദിയും തങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും ഇതില്‍ പറയുന്നുണ്ട്. അതിലൊരു പേജില്‍ ത്രിവേദി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: “സംഘപരിവാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് തങ്ങള്‍ അക്രമരാഷ്ട്രീയത്തിന് എതിരാണ് എന്നാണ്. എന്നാല്‍ ചിലപ്പോഴൊക്കെ എനിക്ക് തോന്നുന്നത് അതുവെറും ഭംഗിവാക്ക് പറച്ചില്‍ മാത്രമാണ് എന്നാണ്”. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു പറയുന്നു: “എന്തായാലും സംഘ് എന്നത് ഒരു വര്‍ഗീയ സംഘടനയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ഡോ. മൂഞ്‌ജെയെ പോലുള്ളവര്‍ പ്രതിനിധീകരിക്കുന്നത് സായുധ ഹിന്ദുയിസത്തെയാണ്”.

അത് ചരിത്രമാണ്, ഏറെക്കാലം പഴക്കമുള്ളത്.

ഇതുപോലെ തങ്ങള്‍ നിലനില്‍ക്കുന്ന, അല്ലെങ്കില്‍ തുടക്കം കുറിച്ച ആശയധാരയില്‍ നിന്നു മാറി മറ്റൊരു വിധത്തില്‍ രൂപപ്പെട്ടു വരുന്ന നിരവധി സംഘടനകള്‍ ഈ ജനാധിപത്യ രാജ്യത്തുണ്ട്. അവര്‍ ഈ രാജ്യത്തെ നിയമ വ്യവസ്ഥയെ അംഗീകരിക്കുകയും ഈ മഹത്തായ ജനാധിപത്യത്തിന്റെ ബഹുസ്വരതയെ പിന്‍പറ്റുകയും ചെയ്യുന്നവരാണ്.

ഈ വിവിധ കാലഘട്ടങ്ങളിലുടെ കടന്ന് സാംസ്‌കാരിക, പരിഷ്‌കൃത യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഓരോ സംഘടനയും വളരുന്നത്. അപ്പോള്‍ AIMIM-നും ജമാഅത്തിനും ഒക്കെ ഉണ്ടായതുപോലെ ഒരു പരിണാമം ആര്‍എസ്എസിനും ഉണ്ടായിക്കാണും എന്ന് നമ്മള്‍ പ്രതീക്ഷിക്കും. എന്നാല്‍ ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍, മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ്, ഒപ്പം, സ്ത്രീവിരുദ്ധതയുടേയും പതാകാവാഹകരായി സംഘപരിവാറും അവരുടെ അണികളും കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ ഒരു കാര്യം ഉറപ്പിക്കുന്നതാണ്. ഈ ജനാധിപത്യത്തിന്റെ സമാധാനപരമായ നിലനില്‍പ്പിനും അസ്തിത്വത്തിനും ഭീഷണിയാണ് അവര്‍ എന്നത്.

മതവെറിയും നിയമവ്യവസ്ഥയെ മാനിക്കാതിരിക്കലും മനുഷ്യരുടെ സ്വാതന്ത്ര്യത്തോടും സ്വകാര്യതയോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമൊക്കെ അസഹിഷ്ണുതയും പുലര്‍ത്തുന്ന കേരളത്തിലും ഡല്‍ഹിയിലുമൊക്കെയുള്ള സംഘപരിവാരവും അവരുടെ അനുബന്ധ സംഘടനകളും ഒറ്റപ്പെട്ടതോ പരിഗണിക്കാതിരിക്കേണ്ടതോ ആയ ഒന്നല്ല. മറിച്ച്, താലിബാന്റെ ഇന്ത്യന്‍ പതിപ്പിനേക്കാള്‍ ഒട്ടും മെച്ചമല്ല അവര്‍ എന്നതുകൊണ്ടാണത്.

സമാധാനം മാത്രം ലക്ഷ്യമിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഇവിടെ അര്‍ത്ഥമില്ല. പക്ഷേ, അത് മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. കാരണം, കേരളത്തിലുടനീളവും ഡല്‍ഹിയിലും ഇക്കഴിഞ്ഞ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സംഭവപരമ്പരകളുടെ ഉത്തരവാദിത്തം സംഘപരിവാറിന്റെ വാതില്‍ക്കലാണ് ചെന്നു നില്‍ക്കുന്നത് എന്നതുകൊണ്ടാണിത്.

ബിജെപിയുടേയും ആര്‍എസ്എസിന്റെയും ഉന്നതങ്ങളില്‍ നിന്നുള്ള മൗനാനുവാദത്തോടെ, ഇടനിലയില്‍ എല്ലാ വിധ പിന്തുണയും നല്‍കിക്കൊണ്ട്, താഴേത്തട്ടില്‍ തങ്ങളുടെ പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ വിട്ടുകൊണ്ട് നടത്തുന്ന അക്രമങ്ങള്‍ ഒരു കാര്യം നമ്മോട് വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. ആര്‍എസ്എസും അതിന്റെ രാഷ്ട്രീയ വിഭാഗവും ഈ രാജ്യം ഭരിക്കാന്‍ പക്വരായിട്ടില്ല എന്നത്. ഏതൊക്കെ സമയത്ത്, എവിടെയൊക്കെ അവര്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അക്രമത്തില്‍ പാതയുമായി ഒരുവിഭാഗം ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മറ്റ് പ്രവര്‍ത്തികളോടുള്ള എതിര്‍പ്പും മുന്‍നിര്‍ത്തി ബിജെപിക്ക് വോട്ട് ചെയ്ത് അവരെ അധികാരത്തിലേറ്റിയവര്‍ക്ക് ഇന്ന് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസിലാവുന്നുണ്ട്. അതുകൊണ്ട് തന്നെ അതിന്റെ പ്രതിഫലനവും ഉണ്ടാവും. അതാണ് 2004-ല്‍ കണ്ടത്, അതാണ് 2019-ല്‍ കാണാന്‍ പോകുന്നതും. അത് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വന്‍ പ്രകടനം കാഴ്ച്ച വയ്ക്കുന്നു എന്നതുകൊണ്ടല്ല; മറിച്ച് 2014 മുതല്‍ സര്‍ക്കാര്‍ എന്ന നിലയിലുള്ള അവരുടെ കഴിവുകേടും നിയമവ്യവസ്ഥയെ മാനിക്കാതെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളും മൂലമായിരിക്കും ജനം ‘വലിച്ചു താഴെയിറക്കാന്‍’ പോകുന്നത്.

ബിജെപിക്ക് വോട്ടു ചെയ്ത് അധികാരത്തിലേറ്റിയവര്‍ തങ്ങളുടെ സമാധാനപരമായ ജീവിതം താറുമാറാക്കാനായി ആ സംഘപരിവാര്‍ കൂടാരത്തിലെ അസംഖ്യം വരുന്ന മതവെറി സംഘങ്ങള്‍ക്ക് വോട്ടു ചെയ്തവരല്ല. ഒരു കാര്യം ഉറപ്പിച്ചോളൂ, ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തില്‍ അവരുണ്ടാക്കിക്കൊണ്ടിരിക്കുന്ന കുഴപ്പങ്ങള്‍ കൊണ്ട് മാത്രം ദേശീയ തലത്തില്‍ അധികാരത്തില്‍ വരാന്‍ ബിജെപി ബുദ്ധിമുട്ടും. കേരളത്തിലാകട്ടെ, ബിജെപി ഒരുവിധത്തിലും വലിയൊരു രാഷ്ട്രീയ ശക്തിയായി ഇനി വളരാന്‍ പോകുന്നില്ല, കാരണം, തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയും അക്രമം വിതയ്ക്കുകയും ചെയ്യുന്നതിനെ കേരളത്തിലെ വോട്ടര്‍മാര്‍ അനുകൂലിക്കില്ല.

ശബരിമല വിഷയം ആരംഭിച്ചപ്പോള്‍ മുതല്‍ ബിജെപിയിലെയും സംഘപരിവാറിലെ മറ്റു സംഘടനകളിലേയും അംഗങ്ങള്‍ തങ്ങളുടെ സ്വഭാവത്തിന്റെ മറ്റൊരു വശം കൂടി വെളിപ്പെടുത്തുന്നുണ്ട്. അത് മാധ്യമങ്ങളോടുള്ള അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും കേരളത്തിലുടനീളവും ഡല്‍ഹിയിലുമൊക്കെ അവര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരെ പോലും അവര്‍ വെറുതെ വിട്ടില്ല.

ഞങ്ങള്‍ക്ക് മനസിലാകും, നിങ്ങള്‍ക്ക് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരുന്ന രീതിയില്‍ കാര്യങ്ങളെ കാണാനും ചര്‍ച്ച ചെയ്യാനുമുള്ള ആത്മവിശ്വാസമുണ്ടാകില്ല, നിങ്ങളുടെ നേതാക്കള്‍ക്ക് സ്വതന്ത്രമായ മാധ്യമങ്ങളെയും മാധ്യമ സ്വാതന്ത്ര്യത്തെയും പ്രസ് കോണ്‍ഫറന്‍സ് പോലും പേടിയാണ് എന്നതും ഞങ്ങള്‍ക്ക് മനസിലാകും. നിങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കേണ്ടതില്ല എന്നാണെങ്കില്‍ ഞങ്ങള്‍ കാര്യമാക്കില്ല. ഞങ്ങളുമായി സഹകരിക്കാന്‍ നിങ്ങള്‍ക്ക് താത്പര്യമില്ലെങ്കില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല.

പക്ഷേ, നിങ്ങള്‍ മാധ്യമങ്ങളെ ആക്രമിക്കുമ്പോള്‍, നിരായുധരായി ജോലി ചെയ്യുന്ന സ്ത്രീകളെയും പുരുഷന്മാരെയുമൊക്കെ ആക്രമിക്കുമ്പോള്‍, ജനാധിപത്യത്തിന്റെ നാലാം തൂണെന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ ഒരുകാര്യം മനസിലാക്കണം, നിങ്ങള്‍ക്ക് ഈ ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും നിങ്ങള്‍ ഈ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും.

കുറെക്കാലമായി നിങ്ങള്‍ പ്രദര്‍ശപ്പിച്ചു കൊണ്ടിരിക്കുന്ന, സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നതു മുതല്‍ മാധ്യമങ്ങളെ ആക്രമിക്കുന്ന വരെ നീളുന്ന, നിങ്ങള്‍ക്ക് ഈ ജനാധിപത്യ സമൂഹത്തിലുള്ള വിശ്വസമില്ലായ്മ എന്നത് ഞങ്ങളുടെ ജോലി ചെയ്യുന്നതില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ പോന്നതല്ല. കൈകളില്‍ നോട്ട് ബുക്കുകളും പേനയുമേന്തി, തോളില്‍ ക്യാമറയുമുറപ്പിച്ച് ക്ഷമയോടെ ഞങ്ങള്‍ അവിടെ നില്‍ക്കും, നിങ്ങള്‍ എന്താണ് പറയുന്നത് എന്നു കേള്‍ക്കാന്‍.

പക്ഷേ, നിങ്ങള്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ നിങ്ങള്‍ ഒരു വ്യക്തിയെ മാത്രമല്ല ആക്രമിക്കുന്നത് എന്നോര്‍മ വേണം. അത് ദശകങ്ങളായി ഈ ജനാധിപത്യത്തെ കാത്തു സൂക്ഷിക്കുന്ന ഓരോ വോട്ടര്‍മാരുടേയും കരണത്തിനിട്ടുള്ള അടിയാണ്. ഇന്ത്യന്‍ ജനാധിപത്യം അങ്ങനെയാണ് സംഘപ്രവര്‍ത്തകരേ, അവരില്‍ ദരിദ്രരുണ്ട്, നിസഹായരുണ്ട്, അക്ഷരാഭ്യാസമില്ലാത്തവരുണ്ട്, പക്ഷേ, തോന്ന്യവാസം എന്താണ് എന്നു മനസിലാക്കാനും അക്രമം എന്താണ് എന്നു മനസിലാക്കാനുമുള്ള വകതിരിവുള്ളവരാണ് ആ ജനങ്ങള്‍.

ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ, ജനാധിപത്യത്തിന്റെ ആണക്കല്ലിളക്കുന്ന ഓരോ അക്രമിയേയും കണ്ടെത്താനും നിയമവ്യവസ്ഥയ്ക്ക് മുമ്പാകെ എത്തിക്കാനും ഇവിടുത്തെ സര്‍ക്കാരുകള്‍ക്കും നിയമ സംവിധാനത്തിനും സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍