UPDATES

മോദിയുടെ ചിയര്‍ലീഡര്‍ സുധീര്‍ ചൗധരിക്ക് ജിന്‍ഡാല്‍ നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍

കല്‍ക്കരി കുംഭകോണത്തില്‍ ജിന്‍ഡാലുമായി ബന്ധപ്പെട്ട ഒരു സ്‌റ്റോറി സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ സീ ന്യൂസിന്റെ എഡിറ്റര്‍മാര്‍ 100 കോടി രൂപ ജിന്‍ഡാലില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്

കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗവും കോര്‍പറേറ്റ് ലോകത്തെ വളര്‍ന്നു വരുന്ന പ്രമുഖരില്‍ ഒരാളുമായ നവീന്‍ ജിന്‍ഡാല്‍ 2012 ഒക്‌ടോബര്‍ 25-ന് ഡല്‍ഹിയില്‍ ഒരു പത്രസമ്മേളനം വിളിച്ചു. അസാധാരണമായ ഒരു ആരോപണമായിരുന്നു ജിന്‍ഡാല്‍ ഈ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയത്. കല്‍ക്കരി കുംഭകോണത്തില്‍ ജിന്‍ഡാലുമായി ബന്ധപ്പെട്ട ഒരു സ്‌റ്റോറി സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ സീ ന്യൂസിന്റെ എഡിറ്റര്‍മാര്‍ 100 കോടി രൂപ ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ജിന്‍ഡാല്‍ അന്ന് പുറത്തുവിട്ടു.

ലോകം മുഴുവന്‍ സഞ്ചരിക്കുന്ന, പോളോ കളിക്കമ്പക്കാരനായ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഇന്ത്യന്‍ യുവ ബിസിനസുകാരുടെ പോസ്റ്റര്‍ ബോയ് ആയ ജിന്‍ഡാല്‍ ഒരു കാര്യം കൂടി പറഞ്ഞു. സീ മാനേജ്‌മെന്റിനും എഡിറ്റര്‍മാര്‍ക്കും എതിരെ പണാപഹരണത്തിന് താന്‍ പോലീസില്‍ ഇതിനകം തന്നെ പരാതി നല്‍കിക്കഴിഞ്ഞു എന്ന്. ഏതെങ്കിലുമൊരു ഇന്ത്യന്‍ മാധ്യമത്തിനെതിരെ ഉയര്‍ന്ന അസാധാരണമായ ഒരു പണം തട്ടിപ്പു കേസായിരുന്നു അത്.

ഒരു മാസത്തിനുള്ളില്‍ ഡല്‍ഹി പോലീസ് സീ ന്യൂസ് എഡിറ്റര്‍മാരായ സുധീര്‍ ചൗധരി, സമീര്‍ അഹ്‌ലുവാലിയ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സീ മാനേജ്‌മെന്റ് ബഹളം കൂട്ടിയപ്പോള്‍ പണാപഹരണമാണ് നടന്നതെന്ന് വ്യക്തമാക്കി ജിന്‍ഡാലും രംഗത്തെത്തി. കേസ് നിലനില്‍ക്കുന്നുണ്ട് എന്നായിരുന്നു പോലീസിന്റെ വാദവും. ഏതാനും വര്‍ഷങ്ങളായി കേസ് ഇങ്ങനെ കോടതികളില്‍ നിന്ന് കോടതികളിലേക്ക് മാറി മാറി വന്നു കൊണ്ടിരിക്കുന്നു.

അങ്ങനെ 2016-ല്‍ സീ ന്യൂസ് എഡിറ്റര്‍മാരുടെ ശബ്ദത്തിന്റെ സാമ്പിള്‍ സമര്‍പ്പിക്കാനും സി.ഡിയിലെ ശബ്ദവുമായി അത് പരിശോധന നടത്താനും സുപ്രീം കോടതി ഉത്തരവിട്ടു. സി.ഡിയില്‍ ഉള്ളത് സീ ന്യൂസ് എഡിറ്റര്‍മാരുടെ ശബ്ദം തന്നെയാണ് എന്നായിരുന്നു പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്.

ഇതൊക്കെ നടന്നത്, ഒരു പക്ഷേ, നമ്മെ അത് അമ്പരപ്പിച്ചേക്കാം, മറ്റൊരു ഇന്ത്യയിലായിരുന്നു.

കാരണം, ഇന്നലെ, വെള്ളിയാഴ്ച, ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (JSPL) ഡല്‍ഹി പോലീസിനോട് സീ ന്യൂസ് എഡിറ്റര്‍മാര്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാനും കേസ് അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് എഴുതി. പ്രശ്‌നം ഒത്തുതീര്‍ന്നെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചില ‘ആശയക്കുഴപ്പങ്ങള്‍’ മൂലം ഉണ്ടായതാണ് എന്നുമാണ് JSPL വ്യക്തമാക്കിയത്. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായെന്നും അവിടെ കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്നും അവര്‍ പറയുന്നു.

സീ ഗ്രൂപ്പ് തലവന്‍ സുഭാഷ് ചന്ദ്ര ഇങ്ങനെ ട്വീറ്റ് ചെയ്തു: “സീ മാനേജ്‌മെന്റിനും സീയിലെ എഡിറ്റര്‍മാര്‍ക്കും എതിരെ JSPL-ഉം നവീന്‍ ജിന്‍ഡാലും പണാപഹരണം ആരോപിച്ച് ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതുപോലെ ജിന്‍ഡാലിനും -JSPLനും എതിരെയുള്ള എല്ലാ പരാതികളും സീ-യും പിന്‍വലിക്കുകയാണ്. ജീവിതത്തില്‍ നവീന് ഉന്നതിയുണ്ടാവാന്‍ ഞാന്‍ ആശംസിക്കുന്നു”.

ജിന്‍ഡാല്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു: “ആശയക്കുഴപ്പം മൂലം ഞങ്ങള്‍ തമ്മിലുണ്ടായ എല്ലാ തെറ്റിദ്ധാരണകളും നീങ്ങിയിരിക്കുന്നു. എല്ലാം കഴിഞ്ഞ കാര്യമാണ്. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി സുഭാഷ് ചന്ദ്ര. സമാധാനം ഉണ്ടാവട്ടെ”.

ഹരിയാനയില്‍ നിന്നുള്ള അഗര്‍വാള്‍ സമുദായക്കാര്‍ പെതുമധ്യത്തില്‍ വിഴുപ്പ് അലക്കിയതിന്റെ ‘അവിവേകം’ തിരിച്ചറിഞ്ഞിരിക്കുന്നു. ശതകോടികളുടെ ബിസിനസ് നടത്തുന്ന ജിന്‍ഡാല്‍ ആവട്ടെ, താന്‍ പറഞ്ഞ സത്യങ്ങളൊക്കെ ‘തെറ്റിദ്ധാരണ’യില്‍ നിന്നുണ്ടായതാണെന്ന് പ്രസ്താവിക്കുന്നു.

സുധീര്‍ ചൗധരി ഇന്ന് സീ ന്യൂസിലെ പ്രധാന വാര്‍ത്താവതാരകന്‍ കൂടിയാണ്. വര്‍ഗീയ വിഷം തുപ്പുന്ന അജണ്ടകളും വ്യാജ വാര്‍ത്തകളും വെറുപ്പും എല്ലാ ദിവസവും വൈകിട്ട് സീ ന്യൂസിന്റെ ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സംഘപരിവാറിന്റെ സ്വന്തം ആള്‍. 2017 സെപ്റ്റംബറില്‍, രാജ്യത്തെ ടെലിവിഷന്‍ വാര്‍ത്തകളുടെ സ്വയം നിയന്ത്രിത അതോറിറ്റിയായ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (NBSA), കവിയും ശാസ്ത്രജ്ഞനുമായ ഗൗഹര്‍ റാസയോട് ക്ഷമാപണം നടത്താന്‍ സീ ന്യൂസിനോട് നിര്‍ദേശിക്കുകയും ഒപ്പം അവര്‍ക്ക് പിഴ വിധിക്കുകയും ചെയ്തിരുന്നു. 2001-ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ആരാധകനാണ് റാസയെന്ന് സുധീര്‍ ചൗധരി ആരോപിച്ചതിനെതിരെ റാസ നല്‍കിയ പരാതിയിലായിരുന്നു ഇത്.

ജെഎന്‍യുവില്‍ ഫെബ്രുവരി ഒമ്പതിനു നടന്ന യോഗവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതിന് ഡല്‍ഹി പോലീസ് ആശ്രയിച്ച പ്രധാന വീഡിയോകളിലൊന്ന് സീ ന്യൂസിന്റേതായിരുന്നു. വ്യാജമായി നിര്‍മിക്കപ്പെട്ടതായിരുന്നു ആ വീഡിയോ എന്ന് തെളിഞ്ഞിട്ടും അതിന്റെ പേരില്‍ ക്ഷമാപണം നടത്താനോ ഉത്തരവാദിത്തം ഏല്‍ക്കാനോ സീ തയാറായില്ല. പകരം മാസങ്ങളോളം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും വ്യാജ വീഡിയോകള്‍ പുറത്തുവിടുകയുമായിരുന്നു അവര്‍ ചെയ്തത്.

മോദിയെ ഇന്‍റര്‍വ്യൂ ചെയ്ത സുധീര്‍ ചൗധരിയെക്കുറിച്ച് ചില കാര്യങ്ങള്‍

തന്റെ ടി.വിയിലെ പ്രധാന അവതാരകനായി സുധീര്‍ ചൗധരിയെ നിയോഗിക്കുന്നതിനും ഏറ്റവും പ്രധാന സമയം അനുവദിക്കുന്നതിനും ഇതൊന്നും സുഭാഷ് ചന്ദ്രയെ തടഞ്ഞില്ല. വളരെക്കുറച്ച് മാധ്യമങ്ങള്‍ക്ക് മാത്രം അഭിമുഖം നല്‍കുന്ന, മാധ്യമങ്ങളെ ഒരുവിധത്തിലും അഭിമുഖീകരിക്കാന്‍ തയാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമുഖം നല്‍കിയതും സുധീര്‍ ചൗധരിക്കായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ മുന്‍കൂട്ടി തയാറാക്കി നടത്തിയ ഒരു സ്‌റ്റേജ്ഡ് ഷോ. അങ്ങേയറ്റം ദേശസ്‌നേഹിയായാണ് ചൗധരി പെരുമാറാറ്. സൈനികരെ കുറിച്ച് വാതോരാതെ സംസാരിക്കും. ഒരു ഘട്ടത്തില്‍ പുതിയ 2000 രൂപാ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്നു വരെ അയാള്‍ പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയിലെ മോദിയുടെ ഏറ്റവും വലിയ ചീയര്‍ലീഡറാണ് ഇയാള്‍. ഇംഗ്ലീഷ് സംസാരിക്കുന്ന ‘ഉന്നതകുലര്‍’ക്കോ മറ്റ് ഇന്ത്യക്കാര്‍ക്കോ കാര്യമായ പിടിയില്ലാത്ത ഒരു ലോകമാണിത്. അവിടെയാണ് അവര്‍ ജനങ്ങള്‍ക്കുള്ളിലേക്ക് വിഷം വമിപ്പിക്കുന്നതും അവര്‍ പറയുന്നതാണ് ഇന്ത്യയെന്ന് തെറ്റിദ്ധരിപ്പിച്ച്, ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കുന്നതും.

ഇപ്പോള്‍ കാര്യങ്ങള്‍ പോലീസും സര്‍ക്കാരും തീരുമാനിക്കണം. തങ്ങള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുന്നോ എന്ന്. അതോ ഒരു വന്‍ ക്രിമിനല്‍ തട്ടിപ്പ് ഒത്തുതീര്‍പ്പാക്കാന്‍ കൂട്ടു നില്‍ക്കുന്നോ എന്ന്.

എന്തായാലും ഒരുകാര്യം ഉറപ്പാണ്. സീ ന്യൂസിനെതിരെ ഉയര്‍ന്ന ആരോപണം മാധ്യമ പ്രവര്‍ത്തനം നടത്തിയതിനല്ല, പണാപഹരണത്തിനാണ്. ഇന്ന് രാജ്യം എത്തി നില്‍ക്കുന്ന ഒരു സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള അധാര്‍മിക കാര്യങ്ങള്‍ അത്ര അറിയപ്പെടാത്തതോ പുതിയതോ അല്ല എന്നു മനസിലാവും. നിയമലംഘനത്തിന് ഇനി നീതിന്യായ വ്യവസ്ഥകള്‍ കൂടി കൂട്ടു നില്‍ക്കുമോ എന്നേ അറിയേണ്ടതുള്ളൂ.

ഹരിയാനയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗം കൂടിയാണ് സുഭാഷ് ചന്ദ്ര എന്നതും ഓര്‍ത്തിരിക്കേണ്ടതാണ്.

സീ ന്യൂസും ടൈംസ് നൗവും മോദിയോട് ചോദിച്ച ചില ‘കടുത്ത’ ചോദ്യങ്ങള്‍

സീ ന്യൂസ് എന്ന മാധ്യമ വല്ലായ്മ

പ്രിയപ്പെട്ട സീ ന്യൂസ്, എന്തിനാണ് നാം ഇങ്ങനെ അധാര്‍മികരും നികൃഷ്ടരുമാകുന്നത്?

ജെഎന്‍യു: ഒടുവില്‍ ഹിന്ദുത്വ ഇന്ത്യയുടെ അദൃശ്യയുദ്ധം വെളിവാക്കപ്പെടുകയാണ്

ഗൌഹര്‍ റാസയെ ‘ദേശദ്രോഹി’യാക്കി; ഫെബ്രുവരി 16-നു രാത്രി 9 മണിക്ക് സീ ടി വി മാപ്പ് പറയണം

ടൈംസ് നൌ, സീ ന്യൂസ് കാശ്മീര്‍ അസംബന്ധങ്ങള്‍ വിശ്വസിക്കരുത്

മോദിയോട് അര്‍ണബ് ചോദിക്കാന്‍ മറന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍