UPDATES

കൈരാന ഇന്ത്യയുടെ ഭാവി പറയും; വിശാലസഖ്യത്തിന്റെ പരീക്ഷണശാലയാകാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകള്‍

നാല് ലോകസഭാ മണ്ഡലങ്ങളിലും ചില അസംബ്ലി മണ്ഡലങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 31നും.

കർണാടകത്തിൽ എച്ച്ഡി കുമാരസ്വാമിയുടെ സ്ഥാനാരോഹണച്ചടങ്ങിൽ കണ്ടത്, 2019 തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ വിശാലസഖ്യം ഉരുത്തിരിഞ്ഞു വരാനുള്ള സാധ്യതയുടെ ചിത്രമായിരുന്നു. എന്നാൽ‌, പ്രതിപക്ഷം എവിടെ നിൽക്കുന്നു എന്നതിന്റെ ഒരു യഥാര്‍ത്ഥ പരീക്ഷണം വരാനിരിക്കുന്നതേയുള്ളൂ. നരേന്ദ്ര മോദിയും ബിജെപിയും ഇപ്പോഴും എത്രത്തോളം ജനകീയമാണ് എന്നതിനുത്തരവും, രാജ്യം എങ്ങോട്ടാണ് നീങ്ങുന്നത് എന്ന ചോദ്യത്തിന്റെ മറുപടിയും തിങ്കളാഴ്ച കിട്ടും!

അന്നാണ് നാല് ലോക്സഭാ മണ്ഡലങ്ങളിലും ചില അസംബ്ലി മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 31-നും.

ഈ ഉപതെരഞ്ഞെടുപ്പുകൾ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഏറെ നിർണായകമാണ്. ഇതിന്റെ പ്രധാന കാരണം, ഈ മണ്ഡലങ്ങളെയെല്ലാം നിലവിൽ എൻഡിഎ സ്ഥാനാർത്ഥികളാണ് പ്രതിനിധീകരിക്കുന്നത് എന്നതാണ്. നാല് ലോക്സഭാ സീറ്റുകളിൽ മൂന്നെണ്ണത്തിലും ബിജെപിയാണുള്ളത്. ഒരെണ്ണം മാത്രം ബിജെപിയുടെ സഖ്യകക്ഷിയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പീപ്പിൾസ് ഡെമോക്രാറ്റിക് അലയൻസിന്റേതാണ്.

കൈരാന, ഉത്തർപ്രദേശ്

കൈരാനയിലെ ഉപതെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഗോരഖ്പൂരിലും ഫൂൽപുരിലും നേരിട്ട കനത്ത തിരിച്ചടികൾക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത് എന്നതാണ് കാരണം.

ബിജെപി സ്ഥാനാര്‍ഥിക്കെതിരെ ഒരു സഖ്യം ഇതിനകം ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട് കൈരാനയിൽ. ആർഎൽഡി, ബിഎസ്‌പി, എസ്‌പി എന്നിവരുടെ സഖ്യത്തെയാണ് ഈ മണ്ഡലത്തിൽ ബിജെപി നേരിടേണ്ടത്. ബിജെപി എംപി ഹുക്കും സിങ്ങിന്റെ മരണത്തോടെ ഈ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകുകയായിരുന്നു.

സിറ്റിങ് എംപിയുടെ മരണം മൂലം സംഭവിച്ചിരിക്കാനിടയുള്ള സഹതാപ വോട്ടുകൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ഇതിനായി ഹുക്കും സിങ്ങിന്റെ മകൾ മൃഗംഗ സിങ്ങിനെത്തന്നെ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ബിജെപി. അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആർഎൽഡി കൈരാനയിൽ തബസ്സും ഹസ്സനെയാണ് എതിരാളിയായി രംഗത്തിറക്കിയിട്ടുള്ളത്. അവര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ തുറന്ന പിന്തുണയുണ്ട്. വർഗീയമായ ചേരിതിരിവുകൾക്ക് ഏറെ സാധ്യതയുള്ള ഈ മണ്ഡലത്തിൽ ബിഎസ്‌പിയും കോൺഗ്രസ്സും സ്ഥാനാര്‍ത്ഥികളെ നിർത്തിയിട്ടില്ല.

മതാടിസ്ഥാനത്തിൽ വോട്ടുകൾ ക്രോഡീകരിക്കപ്പെടുന്നത് ഈ മണ്ഡലത്തിൽ മുൻകാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്. ജാട്ട് സമുദായക്കാരും മുസ്ലിങ്ങളും തമ്മിൽ സംഘർഷം നിലനില്‍ക്കുന്ന മണ്ഡലമാണിത്. 2013ൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം നടന്ന സ്ഥലം കൂടിയാണ് കൈരാന. ഈ സംഭവത്തിനു ശേഷം 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹുക്കും സിങ്ങാണ് വിജയിച്ചത്. ഹുക്കും സിങ്ങിന് അന്ന് ലഭിച്ചത് 5,65,909 വോട്ടാണ്. സമാജ്‍വാദി പാര്‍ട്ടിയുടെ നഹിദ് ഹസ്സന്‍ പരാജയപ്പെട്ടു. ഇദ്ദേഹത്തിന് ലഭിച്ചത് 3,29,081 വോട്ടായിരുന്നു. ഇതിനു പിന്നാലെയായിരുന്നു കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൈരനായില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നു എന്ന പ്രചരണവും ഇത് ബിജെപി വോട്ടാക്കി മാറ്റിയതും. കഴിഞ്ഞ ദിവസം ഇവിടെ പ്രചരണം നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുസഫര്‍നഗര്‍ കലാപം സൂചിപ്പിച്ചു കൊണ്ടാണ് വോട്ട് തേടിയത്. അതായത്, ഇത്തവണയും ശക്തമായ ധ്രുവീകരണം തന്നെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

ജാട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ അജിത്‌ സിംഗിന്റെ പിന്‍ബലത്തില്‍ ആ സമുദായത്തിന്റെ വോട്ടും മുസ്ലീങ്ങളുടെ വോട്ടുമാണ് വിശാലസഖ്യം ലക്ഷ്യം വയ്ക്കുന്നത്. ഗുജ്ജര്‍ സമുദായാംഗമാണ് മൃഗംഗ സിംഗ്. ഇവരുടെയും ഒപ്പം ജാട്ടുകളുടെയും വോട്ടുമാണ് ബിജെപി ലക്‌ഷ്യമിടുന്നത്.

എന്നാൽ, നിലവിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അന്നത്തേതിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട് കൈരാന മണ്ഡലത്തിന്. പ്രതിപക്ഷം ഐക്യത്തിലെത്തുകയും വർഗീയാടിസ്ഥാനത്തിൽ വോട്ടുകൾ വിഭജിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സീറ്റായിരുന്ന ഫൂൽപുരിലുമാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റതെന്ന് ഓർക്കണം. 2019 പൊതുതെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുന്ന പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ ഒരു പരീക്ഷണശാലയായിരിക്കും ഈ തെരഞ്ഞെടുപ്പ്.

പൽഘാർ, മഹാരാഷ്ട്ര

ബിജെപി എംപി ചിന്താമൺ വാങ്ഗ ജനുവരി 30ന് അന്തരിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്രയുടെ നോർത്ത് കൊങ്കൺ മേഖലയിൽപ്പെടുന്ന പൽഘാറിൽ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. പട്ടികവർഗ സ്ഥാനാർത്ഥികൾ‌ക്ക് സംവരണം ചെയ്തിട്ടുള്ള മണ്ഡലമാണിത്.

നോമിനേഷൻ സമർപ്പണത്തിനു മുമ്പു തന്നെ വരാനിരിക്കുന്ന മത്സരത്തിന്റെ ചൂട് വെളിവാക്കിക്കൊണ്ട് വിവിധ കക്ഷികളിലെ നേതാക്കൾ പാർട്ടികൾ മാറുന്ന പ്രവണതയും ഈ മണ്ഡലത്തിൽ കണ്ടു. മരണപ്പെട്ട എംപിയുടെ മകൻ ശ്രീനിവാസ് വാങ്ഗ ബിജെപിയുടെ ശത്രുവായി മാറിയ ശിവസേനയോടൊപ്പം ചേർന്നു. കോൺഗ്രസ്സ് നേതാവായ രാജേന്ദ്ര ഗാവിത് ബിജെപിയില്‍ ചേർന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനിടെ കോൺഗ്രസ്സും എൻസിപിയും തമ്മിലുള്ള സഖ്യം രൂപപ്പെട്ടു. ബിജെപിയുടെ വോട്ടുകൾ വിഭജിച്ചെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ശിവസേനയും രംഗത്തുണ്ട്. ത്രികോണമത്സരം എന്ന് വിളിക്കാമെങ്കിലും ശിവസേന സ്ഥാനാർത്ഥി പ്രധാനമായും ബിജെപി വോട്ടുകൾ വിഴുങ്ങാനേ സാധ്യതയുള്ളൂ.

ബണ്ടാര-ഗോണ്ടിയ, മഹാരാഷ്ട്ര

മെയ് 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ സീറ്റുകളിലൊന്നാണിത്. ബിജെപിയുടെ നാനാ പടോലെ ബിജെപിയിൽ നിന്നും രാജി വെച്ച് കോൺഗ്രസ്സിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2014 ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് ഇദ്ദേഹം ബിജെപിയിൽ ചേര്‍ന്നത്. എൻസിപിയുടെ രാജ്യസഭാ എംപിയായിരുന്ന പ്രഫുൽ പട്ടേലിനെ ഇദ്ദേഹം 1.5 ലക്ഷം മാർജിനിൽ തോൽപ്പിച്ചു. എന്നാല്‍ മോദിയുടെ കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാരോപിച്ച് പിന്നീട് എംപി സ്ഥാനം രാജി വയ്ക്കുകയായിരുന്നു.

ഈ സീറ്റിൽ ബിജെപിയുടെ ഹേമന്ത് പാട്‌ലെയും എൻസിപിയുടെ മധുകർ കുക്ഡെയും തമ്മില്‍ നേരിട്ടുള്ള മത്സരം നടക്കും.

മുസഫർ നഗറിലൂടെ 2019ലേക്ക് വഴി വെട്ടുന്ന ബിജെപി

ബിജെപിക്കും പ്രതിപക്ഷ പാർട്ടികൾക്കും ഈ വരുന്ന ഉപതെരഞ്ഞെടുപ്പുകൾ ഒരു ലിറ്റ്മസ് ടെസ്റ്റാണ്. ഏതു വഴിയിലൂടെയാണ് രാജ്യം വരുന്ന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയെന്നതിന്റെ സൂചനകൾ നൽകും ഇവ. ഇക്കാരണത്താൽ തന്നെ അതിന്റെ അലകൾ നേതാക്കളുടെ വാക്കുകളിൽ പ്രകടമാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു പ്രസംഗത്തിൽ മുസാഫർ നഗർ കലാപം ആവർത്തിച്ച് ഉന്നയിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഇനിയുമൊരു കലാപത്തിനുള്ള അവസരം ‘സാമൂഹ്യവിരുദ്ധ ശക്തികൾ’ക്ക് നൽകരുതെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജാട്ട് സമുദായത്തിൽ പെട്ട സച്ചിൻ, ഗൗരവ് എന്നീ യുവാക്കളുടെ മരണത്തെ പ്രസംഗത്തിൽ മൂന്നുതവണ ആവർത്തിച്ചോർമ്മിപ്പിച്ചു യോഗി. ഷാനവാസ് ഖുറേശി എന്നയാൾ തങ്ങളുടെ ഒരു ബന്ധുവിനെ അപമാനിച്ചത് ചോദിക്കാൻ ചെന്ന സച്ചിനെയും ഗൗരവിനെയും കവാൽ ഗ്രാമത്തിൽ വെച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഉത്തർപ്രദേശ് മുഖ്യമന്ത്രി തന്റെ അനുയായികളെ ഓർമിപ്പിച്ചു. ഈ സംഭവത്തെത്തുടർന്നായിരുന്നു മുസഫർനഗറിൽ മഹാപഞ്ചായത്ത് വിളിച്ചു ചേർക്കപ്പെടുകയും ജാട്ടുകളും മുസ്ലിങ്ങളും തമ്മിൽ കലാപമുണ്ടാകുകയും ചെയ്തത്.

അതെസമയം, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദൾ വ്യാഴാഴ്ച ഒരു പ്രതീകാത്മകവിജയം കൈവരിക്കുകയുണ്ടായി. ലോക് ദൾ സ്ഥാനാർത്ഥി കൻവർ ഹസ്സനെ പാളയം വിടുവിച്ച് ആർഎൽ‍ഡിയിലേക്ക് കൊണ്ടുവരാൻ അജിത് സിങ്ങിന് സാധിച്ചു. മണ്ഡലത്തിലെ ആർഎൽഡി-എസ്‌പി സ്ഥാനാർത്ഥി തബാസ്സും ഹസ്സന്റെ അളിയനാണ് കക്ഷി.

ആർഎൽഡിക്കും കൻവാർ ഹസ്സനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക് ദൾ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

സിഎസ്ഡിഎസ്-ലോക്‌നീതി നടത്തിയ സർവ്വേ പ്രകാരം ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ സർവ്വേയുടെ ഡാറ്റ നൽകുന്ന സൂചനകൾ ബിജെപിയുടെ ദേശീയരാഷ്ട്രീയത്തിനെതിരായ വികാരം അതിശക്തമാണെന്നും കാണാൻ കഴിയും.

സർവ്വേ പറയുന്നതു പ്രകാരം രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിതരും മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് മറ്റൊരവസരം കൂടി നൽകുന്നതിനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ഹിന്ദുക്കളും ഉയർന്ന ജാതിക്കാരും ഒബിസി വിഭാഗവും മോദിക്ക് ഇനിയുമൊരവസരം നൽകണമെന്ന അഭിപ്രായക്കാരാണ്.

സർവ്വേയിൽ ശ്രദ്ധേയമായ മറ്റൊരു വസ്തുത, മോദിയെയും രാഹുലിനെയും ഇഷ്ടപ്പെടുന്നവരുടെ എണ്ണമാണ്. ഇരുവരെയും ഇഷ്ടപ്പെടുന്നവർ തുല്യ (43 ശതമാനം) എണ്ണത്തിലെത്തിയിരിക്കുന്നു. രാഹുൽ ഗാന്ധി തന്നെ എതിർത്തിരുന്നവരുടെ പ്രീതി പിടിച്ചു പറ്റുമ്പോൾ മോദി തന്നെ അനുകൂലിച്ചിരുന്നവരുടെ അപ്രീതി പിടിച്ചു പറ്റിയിരിക്കുന്നു. 35 ശതമാനമാണ് മോദിയെ കൈവെടിഞ്ഞവര്‍. രാഹുലിന്റെ കാര്യത്തിൽ ഇത് 22 ശതമാനമാണ്. മുമ്പ് വെറുക്കുകയും ഇപ്പോൾ ഇഷ്ടപ്പെടുകയും ചെയ്യുന്നവരുടെ എണ്ണത്തിലും മോദി രാഹുലിനെക്കാൾ പിന്നിലാണ്. മോദിയെ തുടക്കത്തിൽ വെറുക്കുകയും ഇപ്പോൾ ഇഷ്ടപ്പെടുകയും ചെയ്യുന്നത് 25 ശതമാനം പേരാണെങ്കിൽ രാഹുലിനെ മുമ്പ് വെറുക്കുകയും ഇപ്പോൾ ഇഷ്ടപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം 29 ശതമാനമാണ്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍