UPDATES

മിക്ക സ്ഥാപനങ്ങളുടെയും അടിവേരിളക്കി; അടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്; ഒപ്പം ജനാധിപത്യവും

ഇതുവരെ പാലിച്ചു പോന്നിട്ടുള്ള എല്ലാ കീഴ്‌വഴക്കങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു വ്യാഴാഴ്ചയുണ്ടായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നമ്മുടെ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക് നേര്‍ക്കു നടക്കുന്ന ഭീഷണി, അതിനെ പുകഴ്ത്തി വശത്താക്കല്‍, ‘മാനേജ്’ ചെയ്യല്‍, നിശബ്ദരാക്കല്‍ തുടങ്ങിയവയൊക്കെ ശക്തമായിട്ടുണ്ടെന്ന് ഏറെക്കാലമായി നിരീക്ഷകരും ആക്ടിവിസ്റ്റുകളുമൊക്കെ ആരോപിക്കുന്ന കാര്യമാണ്. ഇതിന്റെ ആഴം എത്രത്തോളമുണ്ടെന്നതിന്റെ ഭയാനകമായ ഒരു ചിത്രമാണ് ഇന്നലെ വൈകുന്നേരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുണ്ടായ നടപടികള്‍ തെളിയിക്കുന്നത്.

ഇതുവരെ പാലിച്ചു പോന്നിട്ടുള്ള എല്ലാ കീഴ്‌വഴക്കങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു വ്യാഴാഴ്ചയുണ്ടായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും രണ്ടാഴ്ചയുടെ ഇടവേളയില്‍ നിയമസഭയുടെ കാലാവധി കഴിയാനിരിക്കെ, ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു പ്രഖ്യാപിക്കുക എന്നതായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറിച്ചത്.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി ഈ നടപടിയോട് പ്രതികരിച്ചത് ‘ഗൗരവമായ ചോദ്യങ്ങള്‍’ ഉയര്‍ത്തുന്ന ഒന്നാണ് ഇത് എന്നായിരുന്നു. ഗുജറാത്തിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രതികരിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവയ്പിക്കാന്‍ ബി.ജെ.പി കമ്മീഷനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ്.

വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ വിവിധ റാലികളില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ നീട്ടിവച്ച കമ്മീഷന്റെ നടപടി മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനും മറ്റും ചെയ്തുകൊടുത്ത ഇളവാണെന്നത് വ്യക്തവുമാണ്. അതല്ലാതെ മറ്റൊരു കാര്യവും അസംബന്ധംം നിറഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ കാണാന്‍ കഴിയില്ല.

നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക, ആ മാസം 18-ന് ഫലവും പ്രഖ്യാപിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജോതി പറഞ്ഞത് ഹിമാചലിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുമ്പു തന്നെ ഗുജറാത്തിലെ വോട്ടിംഗും പൂര്‍ത്തിയാക്കും എന്നാണ്.

ഗുജറാത്ത് നിയമസഭയുടെ കാലാവധി 2018 ജനുവരി 22-നും ഹിമാചലിലേത് ജനുവരി ഏഴിനുമാണ് അവസാനിക്കുക.

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങളില്‍ ഒരുമിച്ച് ആറുമാസത്തെ സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണ ചെയ്തു പോരുന്നത്. അതനുസരിച്ച് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും ഒരുമിച്ചാണ് പ്രഖ്യാപിക്കാറ്.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസമുള്ളപ്പോള്‍ പിരിച്ചു വിടപ്പെട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത് ഒഴിച്ചാല്‍ 1998 മുതല്‍ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാറ്.

“ഇത് ഗൗരവകരമായ കാര്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രണ്ടു സംസ്ഥാനങ്ങളിലേയും കാലാവധി അവസാനിക്കുന്നത് ഏതാണ്ട് ഒരുമിച്ചാണ്. പിന്നെന്തുകൊണ്ടാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ വൈകിപ്പിക്കുന്നത്?” ഖുറേഷി അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിനു കീഴില്‍ വിവിധ പദവികള്‍ വഹിച്ചയാളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജോതി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിപ്പിക്കുന്നത് വൈകുന്നതിന് കാരണമായി ജോതി പറഞ്ഞത്, സംസ്ഥാനത്ത് അനാവശ്യമായി നീണ്ടകാലം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ പ്രാബല്യത്തിലാകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് എന്നാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ സാധാരണ 46 ദിവസങ്ങളില്‍ കൂടാന്‍ പാടില്ല എന്നാണ്- ജോതി പറയുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല എന്നതാണ് വാസ്തവം. 2007-ലേയും 2012-ലേയും തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഗുജറാത്തിലും ഹിമാചലിലും പെരുമാറ്റ ചട്ടങ്ങള്‍ പ്രാബല്യത്തിലുണ്ടായിരുന്നത് 83 ദിവസങ്ങളായിരുന്നു. ഇത് അനാവശ്യമായി ഭരണകാര്യങ്ങള്‍ തടസപ്പെടുത്തുന്നു എന്നാണ് ജോതിയുടെ പക്ഷം. തീയതി നീട്ടി വയ്ക്കാനുള്ള കാരണമായി ജോതി പറഞ്ഞ മറ്റൊരു കാര്യം, സംസ്ഥാനത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ തടസപ്പെടുമെന്നും അതിനാല്‍ തീയതി പ്രഖ്യാപിക്കുന്നത് നീട്ടി വയ്ക്കണമെന്നും ഗുജറാത്ത് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു എന്നതാണ്.

തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ ബാധകമായ ഒരന്തരീക്ഷം സംസ്ഥാനത്തുണ്ടാക്കുക എന്നതു ലക്ഷ്യം വച്ചാണ് പെരുമാറ്റ ചട്ടം പ്രഖ്യാപിക്കുന്നത്. നിലവിലുള്ള സര്‍ക്കാരുകള്‍ക്ക് ഇതുവഴി ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഇതനുസരിച്ച്, ഭരിക്കുന്ന സര്‍ക്കാരുകള്‍ പെരുമാറ്റ ചട്ടം നിലവിലുള്ള സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങള്‍, ആനുകൂല്യങ്ങള്‍, പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ദിവസം മുതല്‍ വോട്ടിംഗിന്റെ തീയതി വരെ ഈ പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയും ചെയ്യും.

ഗുജറാത്തിലെ ബി.ജെ.പി ഈ മാസം 16-ന് ഗുജറാത്ത് ഗൗരവ് യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. മോദി ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുമായി തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവച്ചതിന് യാതൊരു ബന്ധവുമില്ല എന്നാണ് ജോതി പറയുന്നത്.

എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യമെന്നും വോട്ടര്‍മാരെ ലക്ഷ്യമിട്ട് ചില പദ്ധതികള്‍ അവസാന നിമിഷം പ്രഖ്യാപിക്കാനും മറ്റുമായി തീയതി നീട്ടി വയ്ക്കാന്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

“തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവച്ചതിന്റെ കാരണം വ്യക്തമാണ്. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ അധികാരത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു കൊണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ ബി.ജെ.പിയെ വിറളി പിടിപ്പിച്ചിരിക്കുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ ഗുജറാത്തിലെ ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നു”- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തങ്ങള്‍ കമ്മീഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 22 വര്‍ഷമായി നടപ്പാക്കാന്‍ കഴിയാത്ത പൊള്ള വാഗ്ദാനങ്ങളുമായി എത്തുന്ന തട്ടിപ്പ് സാന്താക്ലോസായാണ് മോദി 16ന് ഗുജറാത്തിലെത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍