UPDATES

വിദേശം

ചുട്ടുപൊള്ളുന്ന ഈ ‘ശീതയുദ്ധം’ മൂന്നാം ലോക യുദ്ധ ഭീഷണി ഉയര്‍ത്തുന്നുണ്ടോ?

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് ഇങ്ങനെ മുന്നറിയിപ്പ് നല്‍കി – ശീതയുദ്ധം തിരിച്ചുവന്നിരിക്കുന്നു – പകയോടെ, വൈരനിര്യാതന ബുദ്ധിയോടെ, തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍. നിര്‍ഭാഗ്യവശാല്‍ ഈ യുദ്ധം ഒട്ടും ശീതികരിക്കപ്പെട്ടതല്ല. ഇത് ചുട്ടുപൊള്ളുന്നതാണ്.

സിറിയയിലെ നിലവില പ്രതിസന്ധി ഉണ്ടാക്കാനിടയുള്ള ഒരു മൂന്നാം ലോക യുദ്ധത്തിന് തയ്യാറായിരിക്കാനാണ് റഷ്യന്‍ ടിവി ചാനല്‍ റോസിയ 24 പ്രേക്ഷകരോട് പറഞ്ഞത്. ഈ ചാനലിന്റെ ഉടമസ്ഥര്‍ ക്രെംലിന്‍ (റഷ്യന്‍ ഗവണ്‍മെന്റ്) ആണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജീവിക്കാന്‍ വേണ്ട അവശ്യവസ്തുക്കളെക്കുറിച്ച് അത് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ബോംബ് ഷെല്‍ട്ടറുകളില്‍ കഴിയുമ്പോള്‍ റേഡിയേഷനില്‍ നിന്ന് രക്ഷപ്പെടുന്നതിനായി അയോഡിന്‍ പാക്ക് കൂടെ കരുതേണ്ടതിന്റെ ആവശ്യകതയെ പറ്റി അത് പറയുന്നു. കുറച്ച് മധുരവും കൂടുതല്‍ വെള്ളവും കരുതണം. അരി കരുതണം എന്നൊക്കെ പറയുന്നു.

അതേസമയം ന്യൂയോര്‍ക്കില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് ഇങ്ങനെ മുന്നറിയിപ്പ് നല്‍കി – ശീതയുദ്ധം തിരിച്ചുവന്നിരിക്കുന്നു – പകയോടെ, വൈരനിര്യാതന ബുദ്ധിയോടെ, തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍. നിര്‍ഭാഗ്യവശാല്‍ ഈ യുദ്ധം ഒട്ടും ശീതികരിക്കപ്പെട്ടതല്ല. ഇത് ചുട്ടുപൊള്ളുന്നതാണ്. സംഘര്‍ഷങ്ങളും വെറുപ്പും നിറഞ്ഞ പശ്ചിമേഷ്യന്‍ ഭൂപ്രദേശത്ത് അത് തിളച്ച് മറിയുന്നു. സിറിയയിലെ റഷ്യന്‍, ഇറാന്‍ സൈന്യങ്ങള്‍ക്ക് ഒരു ഗ്രനേഡ് എറിയാവുന്ന വിധം അടുത്താണ് അമേരിക്കന്‍ സൈന്യമുള്ളത്. കഴിഞ്ഞ ദിവസം യുഎസ്, യുകെ, ഫ്രഞ്ച് യുദ്ധവിമാനങ്ങളും മിസൈലുകളും സിറിയന്‍ ഭരണകൂടത്തെ ല്ക്ഷ്യം വച്ച് ആക്രമണം തുടങ്ങിയിരിക്കുന്നു.

ഇത്തരത്തിലൊരു ഭീകരമായ സാഹചര്യത്തില്‍ ലോകം ഇതിന് മുമ്പ് എത്തിയത് എപ്പോളായിരുന്നു എന്നത് വേണമെങ്കില്‍ സംവദിക്കാവുന്ന വിഷയമാണ്. എന്നാല്‍ നമ്മള്‍ സമാനതകളില്ലാത്ത ഒരു സാഹചര്യത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നതാണ് വസ്തുത. ഇത്തരത്തിലൊരു ആഗോള പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത് സിറിയയും നമ്മുടെ ലോക നേതാക്കളുടെ മാനസികനിലയുമാണ്. ഇപ്പോത്തെ സാഹര്യത്തെ ഒന്നാം ലോകയുദ്ധം തുടങ്ങുന്ന സമയവുമായാണ് പലരും താരതമ്യം ചെയ്യുന്നത്. സരാജെവോയിലെ ചെറിയ ചീറ്റലിനേക്കാള്‍ (ഇപ്പോള്‍ ബോസ്‌നിയ – ഹെര്‍സെഗോവിനയുടെ തലസ്ഥാനം. ഇവിടെ വച്ചാണ് ഒന്നാം ലോക യുദ്ധത്തിന് തുടക്കം കുറിച്ച സംഭവം ആര്‍ച്ച് ഡ്യൂക്ക് ഫെര്‍ഡിനാന്റിനെ വധം നടക്കുന്നത്) വലിയ അപകടങ്ങളാണ് ഇപ്പോളുള്ളത്. അന്നില്ലാത്ത ആണവായുധങ്ങള്‍ ഇന്നുണ്ട്.

ഓസ്ട്രിയന്‍ ആര്‍ച്ച് ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്റ് വധിക്കപ്പെട്ട 1914 ജൂണ്‍ 28 എന്ന ദിവസം 20ാം നൂറ്റാണ്ടിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. ഓസ്‌ട്രോ-ഹംഗേറിയന്‍ കിരീടാവകാശിയായ ഫ്രാന്‍സ് ഫെര്‍ഡിനാന്റിനേയും ഭാര്യ സോഫിയേയും തീവ്രവാദി ഗവ്‌റിലോ പ്രിന്‍സിപ് വെടി വച്ച് കൊല്ലുകയായിരുന്നു. ഓസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്വത്തിന് കീഴില്‍ നിന്നുള്ള സെര്‍ബിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബ്ലാക് ഹാന്‍ഡ് ഗാംഗ് എന്ന തീവ്രവാദ ഗ്രൂപ്പില്‍ അംഗമായിരുന്നു ഗവ്‌റിലോ പ്രിന്‍സിപ്. ആര്‍ച്ച് ഡ്യൂക്കിന്റെ കൊലപാതകം സെര്‍ബിയയ്‌ക്കെതിരെ പഴയ ചില കണക്കുകള്‍ തീര്‍ക്കാനും അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഓസ്ട്രിയ – ഹംഗറിക്ക് അവസരമൊരുക്കി. പ്രധാന യൂറോപ്യന്‍ ശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിലേയ്ക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേയ്ക്കും ഇത് നയിച്ചു. ഇത് ഒന്നാം ലോകയുദ്ധത്തിന് തുടക്കം കുറിച്ചു.

1914ലെ ബാല്‍കന്‍സിനേക്കാള്‍ സങ്കീര്‍ണമാണ് സിറിയയിലെ സ്ഥിതിഗതികള്‍. സിറിയയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഭൂരിഭാഗവും അസദ് ഗവണ്‍മെന്റിന്‍റെ ഔദ്യോഗിക സിറിയന്‍ സൈന്യത്തിന്റേയും ഇവരെ സഹായിക്കാനായി രംഗത്തുള്ള റഷ്യന്‍, ഇറാന്‍ സേനകളുടേയും നിയന്ത്രണത്തിലാണ്. ബാക്കിയുള്ള ഇടങ്ങളില്‍ വിവിധ പ്രാദേശിക വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍ തുര്‍ക്കിഷ് ആക്രമണത്തിലൂടെ പിടിച്ചെടുത്തിരുന്നു. മാന്‍ബിജില്‍ ഐഎസിനെതിരെ യുഎസ് പ്രത്യേക സേനയുമായി ചേര്‍ന്നാണ് കുര്‍ദിഷ് ട്രൂപ്പുകളുടെ നീക്കങ്ങള്‍.

ഐഎസ്‌ഐസിന്റെ കലിഫേറ്റിന്റെ അവശേഷിപ്പുകള്‍ കൂടി തുടച്ചുനീക്കപ്പെടുന്നതോടെ എണ്ണപ്പാടങ്ങള്‍ക്കും ഭൂപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള മത്സരം വേഗത്തില്‍ തന്നെ ജേതാക്കള്‍ തമ്മില്‍ തുടങ്ങും. കുര്‍ദുകള്‍ക്കൊപ്പമുള്ള യുഎസ് ട്രൂപ്പുകള്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടി വച്ച് വീഴ്ത്തുകയും അസദ് അനുകൂല റഷ്യന്‍ ട്രൂപ്പുകളുമായി വെടി വയ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ സിറിയയില്‍ പുതിയൊരു യുദ്ധമുന്നണി അതിവേഗം രൂപപ്പെടുന്നു. ഇറാന്‍റെ ശത്രുവായ ഇസ്രയേലും ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ്‌സും സിറിയയില്‍ നിലയുറപ്പിച്ചിട്ടുണ്ട് (ടെഹ്‌റാനില്‍ നിന്ന് ലെബനീസ് തീരം വരെയുള്ള ഭൂപ്രദേശത്ത്.)

ലെബനീസ് ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളക്ക് ഇറാന്‍ വലിയ തോതില്‍ ആയുധമെത്തിക്കുന്നത് തടയാനും ഗൊലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ഇറാന്‍ സൈന്യത്തെ അകറ്റിനിര്‍ത്താനും ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. അതേസമയം ഒരു യുദ്ധത്തിലേയ്ക്ക് നയിക്കുന്ന തരത്തില്‍ വലിയ ആക്രമണത്തിന് ഇസ്രയേല്‍ തുനിയുന്നില്ല. കഴിഞ്ഞയാഴ്ച സിറിയയിലെ ഹോംസ് പ്രവിശ്യയിലുള്ള, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഡ്രോണ്‍ ബേസിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പകരം ചോദിക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസും റഷ്യയും തമ്മില്‍ ഒരു ധാരണയിലെത്താന്‍ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലും ഇറാനും ഏറ്റമുട്ടലിന്റെ വക്കിലാണ്.

യുദ്ധം കേവലം ഭൂമിശാസ്ത്രപരം മാത്രമല്ല. യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവ പറയുന്നത് തങ്ങള്‍ വ്യോമാക്രമണം നടത്തിയത് രാസായുധ ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പുറത്താണ് എന്നാണ്. രാസായുധങ്ങള്‍ നിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. യുകെയില്‍ റഷ്യന്‍ മുന്‍ ചാരനും മകളും ഇരകളായ രാസായുധ ആക്രമണം മറന്നുപോകരുത്. ഇതിന് ഉത്തരവാദികള്‍ ലോക ശക്തികളാണ് എന്ന വസ്തുത നമ്മള്‍ മനസിലാക്കണം. ഇത്രയുമധികം സൈനിക സന്നാഹങ്ങള്‍ ഇത്ര ചെറിയൊരു ഭൂപ്രദേശത്ത്. പ്രതീക്ഷിക്കാത്ത വലിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

പിന്നെയുള്ളത് ലോകനേതാക്കളുടെ മാനസികനിലയാണ് – പ്രത്യേകിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ. വാഷിംഗ്ടണും മോസ്‌കോയും തമ്മിലുള്ള ആശയവിനിമയം ചരിത്രത്തിലെ തന്നെ ഏറ്റവും ചുരുങ്ങിയ നിലയ്ക്കാണുള്ളത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇറാന്‍ പോലുള്ള രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെയും അവസ്ഥ ഇതാണ്. പരസ്പരം അധിക്ഷേപകരമായ തരത്തില്‍ സംസാരിക്കുകയും ദേശീയവാദ വായ്ത്താരി ആവര്‍ത്തിക്കുകയും ചെയ്യുന്നു. സിറിയയെക്കുറിച്ച് പറയുമ്പോളെല്ലാം ഡൊണാള്‍ഡ് ട്രംപ് റഷ്യയേയും ഇറാനേയും കുറിച്ച് പറയുന്നു.

ട്രംപിന്‍റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഇറാനെതിരെ തീവ്രമായ നിലപാട് സ്വീകരിക്കുന്നയാളാണ്. ഇസ്രയേലിന്റേയും സൗദി അറേബ്യയുടേയും വാദങ്ങള്‍ ബലപ്പെടുത്താന്‍ മാത്രമേ ഇദ്ദേഹത്തിന്റെ നിലപാട് സഹായിക്കൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനെതിരായ അന്വേഷണം ഊര്‍ജ്ജിതമാകുമ്പോളാണ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപിനുള്ള ഭിന്നത പ്രത്യക്ഷമാകുന്നത്. ഇപ്പോള്‍ അത് വ്യക്തിപരമായ ശത്രുത എന്ന പോലെയാണ് കാണുന്നത്. അസദിനെ റഷ്യ നിലയ്ക്ക് നിര്‍ത്തുന്നില്ലെന്നും ഇത് വഞ്ചനയാണെന്നുമാണ് ട്രംപിന്റെ നിലപാട്. ഡൂമ രാസായുധ ആക്രമണത്തിന് ശേഷം മിസൈലുകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കോളാന്‍ പറഞ്ഞ് ട്രംപും അസദ് ഭരണകൂടത്തിനെതിരായ ആക്രമണത്തിന് യുഎസ് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആക്രമണത്തിന് ശേഷം പുടിനും രംഗത്തെത്തിയിരുന്നു. യുഎസ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയ ട്രംപിന്റെ മാനസികനില വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. തനിക്കെതിരെ ആഭ്യന്തര അന്വേഷണം മുറുകുന്ന സാഹചര്യത്തില്‍ ലിബറല്‍ മൂല്യങ്ങളോട് ശത്രുത പുലര്‍ത്തിയും മുമ്പേ തന്നെ അസ്ഥിരമായ മനസുമായും നീങ്ങുന്ന ട്രംപ് വൈറ്റ് ഹൗസില്‍ തുടരുന്നത് ലോകസമാധാനത്തിന് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍