UPDATES

യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ കാര്യങ്ങള്‍ കൈവിടുകയാണ്; ഒരു ജനാധിപത്യത്തില്‍ ഒരിക്കലും പാടില്ലാത്ത കാര്യങ്ങള്‍

ബിജെപിയെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല, ഗുജറാത്താണ് ഇതിന്റെ പൂര്‍വ മാതൃക- എഡിറ്റോറിയല്‍

ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും കഴിയുന്തോറും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഭരണം സര്‍വത്ര അരാജകത്വത്തിലാണ്. മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ പാര്‍ശ്വവത്കരിച്ചുകൊണ്ടും ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുമുള്ള ഭരണപരവും രാഷ്ട്രീയവുമായ നടപടികളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റേത്. മുസ്ലീങ്ങളെ ജോലിക്ക് നിയമിക്കുന്നതില്‍ നിന്ന് കമ്പനികളേയും സ്ഥാപനങ്ങളേയും നിരുത്സാഹപ്പെടുത്തല്‍, പോലീസ് അടക്കമുള്ള നീതിന്യായ സംവിധാനങ്ങളുടെ സേവനം മുസ്ലീങ്ങള്‍ക്ക് അപ്രാപ്യമാക്കല്‍, സജീവ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കല്‍ എന്നിവയെല്ലാമാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.

ബുലന്ദ്ഷഹറില്‍ പശുവധത്തിന്റെ പേരില്‍ കലാപമുണ്ടാക്കിയവരെക്കുറിച്ച് പോലീസിന് വ്യക്തമായ ധാരണയുണ്ടെങ്കിലും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പകരം നിരപരാധികളായ മുസ്ലീങ്ങളെ പശുവധത്തിന്റെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മുസ്ലീങ്ങള്‍ക്ക് നീതിന്യായ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള അവകാശമില്ലെന്നുള്ള പ്രതിലോമകരമായ സന്ദേശമാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. കൂടുതല്‍ കുടിലമായ നീക്കങ്ങളിലേയ്ക്കാണ് സര്‍ക്കാര്‍ പോകുന്നത്. പൊതുവയ പാര്‍ക്കുകളില്‍ മുസ്ലീങ്ങള്‍ നമസ്‌കാരം നിര്‍വഹിക്കുന്നത് വിലക്കിക്കൊണ്ടുള്ള നോയ്ഡ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവും തുടര്‍ന്നുള്ള പൊലീസ് നടപടിയും പുറമേയ്ക്ക് കാണുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതങ്ങളുള്ള നടപടിയാണ്. യുപിയിലെ ഏറ്റവും സാര്‍വജനീനമായതും കോള്‍ സെന്ററുകളും ഐടി കമ്പനികളും ഗാര്‍മെന്റ് പ്രൊസസിംഗ് യൂണിറ്റുകളുമെല്ലാം അടങ്ങുന്ന വ്യവസായങ്ങളുള്ള, 57, 58, 59, 60 സെക്ടറുകളിലാണ് മുസ്ലീങ്ങളെ ജോലിക്കെടുക്കുന്നത് സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തുന്നത്. ഇത്തരം ഉത്തരവുകളും നീതിയുടെ കാര്യത്തിലുള്ള ഭരണകൂടത്തിന്റെ നിശബ്ദതയുമെല്ലാം വലതുപക്ഷം മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെ ഏറ്റവും ശക്തമായ അജണ്ടയുടെ ഭാഗമായി വരുന്നതാണ്.

ഇന്‍സെന്റീവുകള്‍ തടയുക, മുസ്ലീങ്ങള്‍ക്ക് ജോലി നല്‍കുന്നത് നിരുത്സാഹപ്പെടുത്തുക, ഇതേസമയം തന്നെ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി മുസ്ലീങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം കുറച്ചുകൊണ്ടുവരുക – ഈ ഫോര്‍മുലയാണ് വളരെ സജീവമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ നടപ്പാക്കപ്പെടുന്നത്. ബിജെപിയെ സംബന്ധിച്ച്, അതിന്റെ നിലവിലെ ഘടനയെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. വാസ്തവത്തില്‍ ഈ തന്ത്രം വളരെ പൂര്‍ണതയോടെ നടപ്പാക്കിയത് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ്. ബിജെപി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പുതിയ കാര്യമല്ലെങ്കിലും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇത് അന്യായവും അക്രമവുമായി അനുഭവപ്പെടുകയും ഇത് ചോദ്യം ചെയ്യപ്പെടുകയും വേണം.

നോയ്ഡ പാര്‍ക്കില്‍ മുസ്ലീങ്ങളുടെ നമസ്‌കാരം പോലുള്ള മത പരിപാടികളില്‍ ജീവനക്കാര്‍ പങ്കെടുത്താല്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനികളെയടക്കം അതിനെതിരായ നടപടികള്‍ നേരിടുന്നതിന് ബാധ്യസ്ഥരാക്കുന്ന ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി ഈ പാര്‍ക്കില്‍ മുസ്ലീങ്ങള്‍ അവരുടെ നമസ്‌കാരം നിര്‍വഹിച്ചുവരുന്നു. മുസ്ലീങ്ങളെ പാര്‍ക്കില്‍ നിന്ന് പുറത്താക്കുന്നു എന്നത് മാത്രമല്ല ഈ ഉത്തരവിന്റെ പ്രശനം. മുസ്ലീങ്ങളെ ജോലിക്ക് നിയമിക്കുന്ന ഫാക്ടറികള്‍ക്കും കമ്പനികള്‍ക്കുമുള്ള ഇന്‍സെന്റീവുകള്‍ നിര്‍ത്തുകയുമാണ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ നോയ്ഡയിലെ ഈ പാര്‍ക്കില്‍ ആയിരത്തിലധികം മുസ്ലീങ്ങള്‍ നമാസ് നിര്‍വഹിക്കാറുണ്ട്.

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

ഇവിടെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നതിന് അനുമതി വേണമെന്നെല്ലാം അധികൃതര്‍ പറയുന്നുണ്ട്. ഡിസംബര്‍ ഏഴ് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നതാണ് വസ്തുത. “പ്രാര്‍ത്ഥിക്കുന്നവര്‍ക്കിടയിലേയ്ക്ക് കയറി വന്ന് ഒരാള്‍ പറയുകയായിരുന്നു – നിങ്ങള്‍ ഇവിടെ നമസ്‌കരിക്കാന്‍ പാടില്ല എന്ന്. അയാള്‍ ഫോണില്‍ ഞങ്ങളുടെ വീഡിയോ എടുക്കാന്‍ തുടങ്ങി. ഞങ്ങളെ ഭീഷണിപ്പെടുത്തി. ഇവിടെ ഇനി പ്രാര്‍ത്ഥന നടത്തിയാല്‍ പ്രശ്‌നമുണ്ടാകുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി” – ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. ഈ ഗുണ്ട നോയ്ഡയിലെ മറ്റ് സെക്ടറുകളിലും ഇത്തരത്തില്‍ മുസ്ലീങ്ങളുടെ പ്രാര്‍ത്ഥന തടഞ്ഞതായി പരാതികളുണ്ട്. താന്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനാണ് എന്നാണ് സെക്യൂരിറ്റി ഗാര്‍ഡിനോട് ഇയാള്‍ പറഞ്ഞത്, ഇതാണ് ഫോര്‍മുല. ഒരു പ്രശ്‌നവുമില്ലാത്ത ഒരു സ്ഥലത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കും. ഇതിന് പിന്നാലെ സംസ്ഥാന ഭരണകൂടം മുസ്ലീങ്ങളേയും അവരെ ജോലിക്കെടുക്കുന്നവരേയും ഉപദ്രവിച്ചുകൊണ്ട് ‘ക്രമസമാധാനം’ ‘സംരക്ഷിക്കും’. ഇങ്ങനെയാണ് ഒരു ഭൂരിപക്ഷ വര്‍ഗീയ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങള്‍ നിലവില്‍ വരുന്നത്.

2002-നും 2014-നുമിടയ്ക്ക് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എങ്ങനെയാണ് ആദ്യം കലാപം കൊണ്ട് മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി വിതച്ചും പിന്നീട് ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി ഒന്നും ചെയ്യാതെയും നിയമ സംവിധാനങ്ങള്‍ അപ്രാപ്യമാക്കിയും പിന്നീട് കോളനികളിലേയും ചേരികളിലേയും ദുരിത ജീവതങ്ങളില്‍ അവരെ ഒറ്റപ്പെടുത്തിയതെന്നും സംബന്ധിച്ച് നിരീക്ഷകര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയത്തില്‍ അപ്രസക്തരായ ഒരു വിഭാഗമാക്കി മുസ്ലീങ്ങളെ മാറ്റി. 2012 ആയപ്പോഴേക്ക് 182 നിയമസഭ സീറ്റുകളുള്ള ഗുജറാത്തില്‍ രണ്ട് മുസ്ലീം എംഎല്‍എമാര്‍ മാത്രമാണുണ്ടായിരുന്നത്. ബിജെപിയില്‍ നിന്ന് ഒരൊറ്റ മുസ്ലീം എംഎല്‍എ പോലുമുണ്ടായിരുന്നില്ല. ജനസംഖ്യയുടെ 10 ശതമാനം മുസ്ലീങ്ങളുള്ള ഗുജറാത്തില്‍ 2002 മുതലുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും ബിജെപി മത്സരിപ്പിച്ചില്ല. കഴിഞ്ഞ യുപി ലോക്സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ അവിടെ ഉണ്ടായിട്ടും ഒരൊറ്റ മുസ്ലീങ്ങള്‍ക്ക് പോലും ബിജെപി സീറ്റ് നല്‍കിയില്ല.

ബുലന്ദ്ഷഹറില്‍ പോലീസുകാരന്റെ മരണത്തിന് കാരണമായ കലാപം ആസൂത്രിതമെന്ന് കൂടുതല്‍ തെളിവുകള്‍, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്?

ന്യൂനപക്ഷങ്ങളെ നിശബ്ദരാക്കിക്കൊണ്ടും പാര്‍ശ്വവത്കരിച്ചുകൊണ്ടുമുള്ള ഈ പ്രവണതകളുടെ ഭീതിദമായ പുതിയ തലങ്ങളിലേക്കാണ് യുപി പോകുന്നത്. ഇത് അവസാനിച്ചേ മതിയാകൂ. കോടതികളടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ഇതില്‍ ശക്തമായും സജീവമായും ഇടപെടണം. അതല്ലെങ്കില്‍ യുപി കൂടുതല്‍ നാടകീയമായി വലിയ അക്രമങ്ങളിലേയ്ക്കും ദുരന്തത്തിലേക്കും പോകുന്നത് കാണേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍