UPDATES

ബിജെപി വന്ദേ മാതരം എന്ന ആധാര്‍ കാര്‍ഡില്‍ ദേശസ്നേഹം ഉരച്ചുനോക്കുന്നത് ഇങ്ങനെയാണ്

“വൈകിട്ട് ദേശീയ ഗീതം പാടുമ്പോള്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജിയുമായി ഒരാള്‍ വീട്ടിലേക്ക് പോവുകയും അവിടെ സമയം ഗുണകരമായി ചെലവഴിക്കുകയും ചെയ്യാം”- ജെയ്പൂര്‍ മേയര്‍

ഒരുകണക്കില്‍ പറഞ്ഞാല്‍ ഈ ദേശീയതാ പരീക്ഷണത്തില്‍ ബി.ജെ.പി തന്നെ പൊറുതി മുട്ടിയിരിക്കുകയാണന്നു വേണം പറയാന്‍. ഇതാ ആ പാര്‍ട്ടിയുടെ വക്താവായ നവീന്‍ കുമാര്‍ സിംഗിനെ നോക്കൂ, ബി.ജെ.പി എന്ന പാര്‍ട്ടിയുടെ അവസരവാദ നിലപാടുകള്‍ ഇതിലും മെച്ചമായി മറ്റാര് പുറത്തു കൊണ്ടുവരും?

നരേന്ദ്ര മോദിക്കു കീഴില്‍ ബി.ജെ.പിക്ക് സംഭവിക്കുന്ന കാര്യങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമാണ് നവീന്‍ കുമാര്‍. ടി.വി സ്റ്റുഡിയോകളില്‍ വന്നിരുന്ന് ദേശീയതയെ കുറിച്ച് വലിയ ധാര്‍മിക പ്രസംഗങ്ങള്‍ നടത്തുന്നത് ഇന്ന് വലിയ സംഭവമായിട്ടുണ്ട്, അത് എളുപ്പവുമാണ്, അത് ചിലപ്പോള്‍ കുറഞ്ഞ കാലത്തേക്ക് നിങ്ങള്‍ക്ക് വോട്ടും കൊണ്ടുവരും. എന്നാല്‍ ദീര്‍ഘകാല പരിപാടിയായി നോക്കിയാല്‍ ഇതൊന്നും ഒരു കാര്യവുമല്ലെന്ന് മനസിലാകും. വിശപ്പടക്കാന്‍ എന്തെങ്കിലുമുണ്ടോ എന്ന അടിസ്ഥാന ചോദ്യം മുതല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വരെയുള്ള കാര്യങ്ങളായിരിക്കും ഇക്കാര്യത്തില്‍ പരിഗണനാര്‍ഹമായി വരിക. ഇന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യം മുഴുവന്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിഷേധം സൂചിപ്പിക്കുന്നത് ആ യാഥാര്‍ത്ഥ്യം തന്നെയാണ്.

എന്നിരുന്നാല്‍ തന്നെയും മിക്ക ബി.ജെ.പി നേതാക്കള്‍ക്കും ഇതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നു കാണാം.

ഒരു ടി.വി ചര്‍ച്ചയില്‍ നവീന്‍ കുമാര്‍ സിംഗ് ആവശ്യപ്പെട്ടത് വന്ദേമാതരം പാടുക എന്നത് ദേശസ്‌നേഹം തെളിയിക്കാനുള്ള ഒരു ലിറ്റ്മസ് ടെസ്റ്റായി മാറ്റണമെന്നാണ്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക്. ചര്‍ച്ച മുറുകി വന്നപ്പോള്‍ തന്റെ ദേശസ്‌നേഹം തെളിയിക്കാന്‍ താന്‍ തന്നെ വന്ദേമാതരം പാടിക്കേള്‍പ്പിക്കാമെന്ന് അയാള്‍ വ്യക്തമാക്കുകയും ചെയ്തു. പിന്നെല്ലാം പെട്ടെന്നായിരുന്നു. വന്ദേമാതരത്തിന്റെ വരികള്‍ക്കായി ഗൂഗിളില്‍ തപ്പുകയാണ് ആദ്യം ചെയ്യുന്നത്. പിന്നെ കേട്ടതൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട മൊഴി മുത്തുകളാണ്. അതിങ്ങനെ പോകുന്നു:

വന്ദേ മാതരം
സുജലാം
ബ്ലാാ
ബ്ലാാ
പുല്‍ക്കിസ്ഥാന്‍
സുമിത ധുമാല്‍
സുനാമി
സുഹാസിനി
വന്ദേ മാതരം

ഇതില്‍ ഒരു നവീന്‍ കുമാര്‍ സിംഗിന് ആ ഗാനത്തിന്റെ വരികള്‍ അറിയാത്ത പ്രശ്‌നമായിട്ടല്ല കാണേണ്ടത്, മറിച്ച് എല്ലാവരും പാടണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഒന്ന് അയാള്‍ക്ക് അറിയാമോ എന്നതാണ്. അതിനൊപ്പം, ബി.ജെ.പി മുന്നോട്ടു വയ്ക്കുന്ന ദേശീയതയുടെ പൊള്ളത്തരം കൂടിയാണ് അയാളെപ്പോലുള്ളവര്‍ വെളിപ്പെടുത്തുന്നത്.

ഇതിനു മുമ്പ് സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ ന്യൂനപക്ഷകാര്യ സഹമന്ത്രി ബല്‍ദേവ് സിംഗ് ഔലാഖ് ആയിരുന്നു ഇത്തരത്തില്‍ തന്റെ ദേശസ്‌നേഹം ‘തെളിയിക്കാന്‍’ ബുദ്ധിമുട്ടിയ ഒരാള്‍. ടി.വി ചര്‍ച്ചയ്ക്ക് വന്നിട്ട് വന്ദേമാതരത്തിന്റെ ഒരു നാലു വരി പാടാന്‍ പറഞ്ഞപ്പോള്‍ അത് പാടാതിരിക്കാനായി ഔലഖ് ആറു മിനിറ്റോളമാണ് വാചകമടി കൊണ്ട് പിടിച്ചു നില്‍ക്കാന്‍ നോക്കിയത്. അതിവിടെ കാണാം.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വന്ദേമാതരം പാടുന്നത് നിര്‍ബന്ധമാക്കിയപ്പോള്‍ ബി.ജെ.പി എം.എല്‍.എ രാജ് പുരോഹിതിന്റെ ആവശ്യം ഇത് എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണം എന്നായിരുന്നു. എന്നാല്‍ എം.എല്‍.എ അതൊന്ന് പാടിക്കേള്‍പ്പിക്കാന്‍ പറഞ്ഞപ്പോള്‍ രണ്ട് വരി, അതും തെറ്റിച്ച് പാടി അയാള്‍ തലയൂരി.

വന്ദേമാതരം ഒരാള്‍ക്ക് അറിയാമോ എന്നതല്ല പ്രശ്‌നം. മറ്റുള്ളവരെല്ലാം ദേശസ്‌നേഹ പരീക്ഷ പാസാകാന്‍ വന്ദേമാതരം പാടണമെന്നും തങ്ങള്‍ക്ക് അത് ബാധകമല്ല എന്നുമുള്ള ഇരട്ടത്താപ്പാണ്.

ഒരാളില്‍ നിന്നും ഈ രാജ്യത്ത് രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കേണ്ട ആവശ്യം ഈ രാജ്യത്ത് ജീവിക്കുന്നവര്‍ക്കില്ല. അതുപോലെ തങ്ങളുടെ രാജ്യസ്‌നേഹം മറ്റൊരാളുടെ മുമ്പില്‍ തെളിയിക്കേണ്ടതുമില്ല. പക്ഷേ, രാജ്യസ്‌നേഹം തെളിയിക്കാനുള്ള ആധാര്‍ കാര്‍ഡായി വന്ദേമാതരത്തെ ബി.ജെ.പി പ്രതിഷ്ഠിക്കുമ്പോള്‍, കുറഞ്ഞ പക്ഷം ഈ വായിട്ടലയ്ക്കുന്ന വക്താക്കള്‍ക്കെങ്കിലും അത് അറിഞ്ഞിരിക്കണമെന്ന് പറയുന്നത് ഒരു തെറ്റല്ല. പ്രസംഗിക്കുന്നത് പ്രയോഗത്തില്‍ വരുത്താനും അറിഞ്ഞിരിക്കണമല്ലോ.

ജയ്പൂരില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ രാജ്യസ്‌നേഹം വര്‍ധിപ്പിക്കാനുള്ള മറ്റൊരു പരീക്ഷയാണ് ബി.ജെ.പിയുടെ മേയര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9.50-ന് എല്ലാവരും ഓഫീസുകളില്‍ വന്ദേമാതരം പാടിയിരിക്കണം, അതു കഴിഞ്ഞ് ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം അവസാനിക്കും. അതുപോലെ ഓഫീസ് സമയം കഴിയുന്ന 5.55-നും ജീവനക്കാര്‍ അറ്റന്‍ഷനായി നിന്ന് വന്ദേമാതരം പാടി ദേശസ്‌നേഹം ഊട്ടിയുറപ്പിച്ച ശേഷമേ വീട്ടിലേക്ക് പോകാന്‍ പാടുള്ളൂ.

“ദേശീയ ഗീതം പാടുന്നതിലൂം വലിയൊരു പോസിറ്റീവ് എനര്‍ജി കിട്ടാനില്ല” എന്നാണ് ജയ്പൂര്‍ മേയര്‍ അശോക് ലാഹോട്ടി പറയുന്നത്. “വൈകിട്ട് ദേശീയ ഗീതം പാടുമ്പോള്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജിയുമായി ഒരാള്‍ വീട്ടിലേക്ക് പോവുകയും അവിടെ സമയം ഗുണകരമായി ചെലവഴിക്കുകയും ചെയ്യാം”- അയാള്‍ പറയുന്നു. പക്ഷേ, ഇതാര്‍ക്കെങ്കിലും പാലിക്കാന്‍ താത്പര്യമില്ലെങ്കിലോ, നിങ്ങള്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാം, അത്ര തന്നെ.

ഇങ്ങനെയാണ് പ്രകടനപരമായ ദേശീയത വളര്‍ത്തുന്നത്. ദേശീയത എന്നത് ഇങ്ങനെ വാരിയണിഞ്ഞ് നടന്നു പ്രദര്‍ശിപ്പിക്കേണ്ട ഒന്നല്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടും അത് കൂടുതല്‍ ഉറക്കെ പ്രകടിപ്പിക്കാനാണ് സര്‍ക്കാര്‍ നമ്മോട് ആവശ്യപ്പെടുന്നത്.

മറ്റുള്ളവര്‍ എന്തു ചെയ്യണമെന്ന് നവീന്‍ കുമാര്‍ സിംഗിനെപ്പോലുള്ളവര്‍ പറയുമ്പോള്‍ സാധാരണക്കാര്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലാതെ പോവും. മാതൃരാജ്യത്തെ ദൈവമായി ആരാധിക്കുന്ന ഈ ഗീതത്തോട്, വിശ്വാസം മുന്‍നിര്‍ത്തി ചില മുസ്ലീങ്ങളെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതു കൊണ്ട് ഈ സംസ്‌കൃതം കലര്‍ന്ന ബുദ്ധിമുട്ടേറിയ ബംഗാളി പാട്ട് പാടുന്നത് നിര്‍ബന്ധമാക്കണമെന്ന് ചിലര്‍ക്ക് തോന്നുന്നത് പുതിയ ഇന്ത്യയില്‍ നമുക്ക് മനസിലാകുന്ന കാര്യമാണ്. 1938-ല്‍ മുഹമ്മദാലി ജിന്ന ഇങ്ങനെ എഴുതി: ‘വന്ദേ മാതരമോ അതുപോലെ മുസ്ലീം വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ ഗീതങ്ങള്‍ ദേശീയ ഗാനമായി അംഗീകരിക്കുന്നതിനോട് മുസ്ലീങ്ങള്‍ക്ക് താത്പര്യമില്ല’.

മുസ്ലീങ്ങള്‍ വന്ദേമാതരം പാടരുതെന്ന് 2009-ല്‍ ദിയോബന്ദിലെ മതപണ്ഡിതര്‍ ഫത്‌വ ഇറക്കിയതും കാര്യങ്ങളെ കൂടുതല്‍ ചൂടു പിടിപ്പിച്ചു.

ഇപ്പോള്‍ വന്ദേമാതരം മറ്റൊരു വിധത്തില്‍ ഉപയോഗിക്കപ്പെടാന്‍ പോവുകയാണ്. വന്ദേമാതാരം പാടാത്തവരെ വളഞ്ഞ വഴിയില്‍ കൂടി ദേശവിരുദ്ധരായി പ്രഖ്യാപിക്കാനുള്ള ഒരു കെണി, അതോടൊപ്പം ‘ജന ഗണ മന’ ദേശീയ ഗാനമായി തെരഞ്ഞെടുത്ത സമയത്തെ കാര്യങ്ങള്‍ക്കുള്ള കണക്ക് തീര്‍ക്കാനുമായിരിക്കും അത് ഉപയോഗിക്കപ്പെടുക. അടുത്തിടെ, മീററ്റില്‍ വന്ദേമാതരം പാടിയപ്പോള്‍ ഏഴ് മുസ്ലീം കൗണ്‍സിലമാര്‍ പുറത്തിറങ്ങിപ്പോയി. അതുകഴിഞ്ഞ് അവര്‍ തിരിച്ചു ചെന്നപ്പോള്‍ അവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. “ഇത് എല്ലാവരുടേയും തീരുമാനമാണ്. ദേശീയ ഗീതം പാടുന്ന സമയത്ത് ബഹിഷ്‌കരിച്ചവര്‍ തുടര്‍ന്നും ബഹിഷ്‌കൃതരായിരിക്കും”- മേയര്‍ ഹരികാന്ത് അഹ്‌ലുവാലിയ വ്യക്തമാക്കി.

എന്നാല്‍ നവീന്‍ കുമാര്‍ സിംഗ് തെളിയിച്ചത് മറ്റുള്ളവര്‍ക്കായി ശ്രദ്ധാപൂര്‍വം ഒരുക്കിയ ട്രാപ്പില്‍ തങ്ങളുടെ തന്നെ നേതാക്കള്‍ പെട്ടു പോകുന്നു എന്നതാണ്. അതോടൊപ്പം, വന്ദേ മാതരം ദേശീയ ഗീതമെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതിനേക്കാള്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീങ്ങള്‍ ഈ രാജ്യത്തോട് കൂറില്ലാത്തവരാണ് എന്നു തെളിയിക്കാന്‍ ഉപകരിക്കുന്ന ഒരു ഉപകരണമായിക്കൂടിയാണ്.

സാരേ ജഹാം സേ അച്ഛാ പോലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുണ്ടായ പ്രധാനപ്പെട്ട ഗാനങ്ങളിലൊന്നാണ് വന്ദേമാതരം; അതിലെ ഉള്ളടക്കത്തോട് നിരവധി പേര്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ പോലും. അത് ഏതു വിധത്തിലും പ്രചരിപ്പിക്കുന്നതിനെ ബി.ജെ.പി സ്വാഗതം ചെയ്യുമ്പോള്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ള ഒരു കാര്യമുണ്ട്, ഭരണഘടനയിലൊരിടത്തും ദേശീയ ഗീതം എന്ന ആശയമില്ല എന്ന്. വന്ദേ മാതരം പ്രചരിപ്പിക്കുക ഒരു സര്‍ക്കാര്‍ നയമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബിജെപി നേതാവ് കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്. ഭരണഘടനയുടെ 51എ അനുചേ്ഛദം അനുസരിച്ച് മൗലിക കര്‍ത്തവ്യങ്ങളുടെ കാര്യത്തില്‍ ദേശീയ ഗീതം വരുന്നില്ല. അവിടെ ദേശീയ പതാകയും ദേശീയ ഗാനമായ ‘ജന ഗണ മന’യും മാത്രമേയുള്ളൂ എന്നു തന്നെ പരമോന്നത കോടതി വ്യക്തമാക്കുകയായിരുന്നു.

വന്ദേ മാതരം വിഷയത്തില്‍ യോഗി ആദിത്യനാഥ് പ്രതിപക്ഷത്തെ വിളിച്ചത് ഇടുങ്ങിയ മന:സ്ഥിതിക്കാര്‍ എന്നാണ്. തന്റെ പാര്‍ട്ടി അനുയായിയായ നവീന്‍ കുമാര്‍ സിംഗ് ആ ഗീതം പാടുന്നത് കേട്ടാല്‍ മതിയാകും, യോഗിയുടേയും കൂട്ടരുടേയും ഇരട്ടാത്താപ്പ് എന്താണെന്ന് മനസിലാകാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍