UPDATES

ദയാമരണം: എന്താണ് ചികിത്സാ വില്‍പ്പത്രം- അറിയേണ്ട കാര്യങ്ങള്‍

ദയാമരണം സംബന്ധിച്ച് ഇന്നലെ ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.

ദയാമരണം സംബന്ധിച്ച് ഇന്നലെ ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. രോഗഗ്രസ്ഥനായ ഒരാള്‍ക്ക് ചികിത്സ അവസാനിപ്പിക്കാനുള്ള അവകാശം ഉള്‍പ്പെടെയാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയാത്ത രോഗം ബാധിച്ചവര്‍ക്ക്, ദീര്‍ഘകാലം ദുരിതജീവിതം അനുഭവിക്കുന്നവര്‍ക്ക് ചികിത്സ വേണ്ടെന്നു വയ്ക്കാനും അവകാശമുണ്ടായിരിക്കും. ഇതൊരു പുരോഗമനപരമായ വിധിയെന്ന് പ്രകീര്‍ത്തിക്കപ്പെടുമ്പോഴും രാജ്യത്തെ ഭരണ, ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ എലീറ്റിസ്റ്റ് മനോഭാവം ഏറിവരുന്നതിന്റെ ഒരു സൂചനയും ഈ വിധിയില്‍ കാണാം. വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന വിഷയവുമാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധിയിലെ ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്.

എന്താണ് ചികിത്സാ വില്‍പ്പത്രം?

ചികിത്സാ വില്‍പ്പത്രം എന്നാല്‍ തന്റെ ജീവിതം സംബന്ധിച്ച് ഒരാള്‍ തീരുമാനിക്കുന്ന കാര്യമാണ്. തീരുമാനമെടുക്കാന്‍ കഴിയാത്ത, അത്യാസന്ന നിലയിലാകുന്നതിനു മുമ്പ് തന്റെ മരണം ഏതു സമയത്തായിരിക്കണം എന്നതിനെ കുറിച്ച് ഒരാള്‍ നേരത്തെ തയാറാക്കുന്ന രേഖയാണിത്.

ആര്‍ക്കാണ് ചികിത്സാ വില്‍പ്പത്രം തയാറാക്കാന്‍ കഴിയുക?

പൂര്‍ണ ബോധ്യത്തോടെ, ആരോഗ്യകരമായ മാനസികാവസ്ഥയുള്ള ഒരാള്‍ക്ക് മാത്രമേ അത് തയാറക്കാന്‍ സാധിക്കൂ. മറ്റാരുടേയും പ്രേരണയോ നിര്‍ബന്ധത്തിനോ വഴങ്ങി ചെയ്യരുത്.

എല്ലാവിധത്തിലുള്ള വ്യക്തതതോടെയും സംശയരഹിതമായും ആയിരിക്കണം ഇത് തയാറാക്കേണ്ടത്.

എന്താണ് അതില്‍ ഉള്‍പ്പെടുക?

ഏതു സാഹചര്യത്തിലാണ് ചികിത്സ അവസാനിപ്പിക്കേണ്ടത്, മരുന്നുകള്‍ നിര്‍ത്തേണ്ടത് എന്നത് വ്യക്തമാക്കിയിരിക്കണം.

ഏതു സമയത്തും വില്‍പ്പത്രം പുതുക്കാനും അതില്‍ അനുവദിക്കുന്ന സമ്മതം ഏതു സമയത്തും പിന്‍വലിക്കാമെന്നും അതില്‍ വ്യക്തമാക്കിയിരിക്കണം.

തനിക്ക് തീരുമാനമെടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ആര്‍ക്കാണ് തനിക്ക് വേണ്ടി തീരുമാനമെടുക്കാന്‍ സാധിക്കുന്നതെന്ന് അതില്‍ വ്യക്തമാക്കിയിരിക്കണം- അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍.

വില്‍പ്പത്രം എത്ര തവണ വേണമെങ്കിലും മാറ്റിയെഴുതാം. ഒടുവില്‍ പ്രസ്താവിക്കുന്ന കാര്യം മാത്രമേ പരിഗണിക്കൂ.

ഇതെങ്ങനെ സംരക്ഷിക്കും?

രണ്ട് സ്വതന്ത്രരായ സാക്ഷികള്‍ വില്‍പ്പത്രം സാക്ഷ്യപ്പെടുത്തിയിരിക്കണം. ജില്ലാ ജഡ്ജി ചുമതലപ്പെടുത്തുന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വില്‍പ്പത്രത്തില്‍ ഒപ്പു വയ്ക്കണം.

വില്‍പ്പത്രത്തിന്റെ പകര്‍പ്പ് മജിസ്‌ട്രേറ്റ് സൂക്ഷിക്കണം. ഇത് ഡിജിറ്റല്‍ രൂപത്തില്‍ ഓഫീസിലും സൂക്ഷിക്കണം. ഒരു പകര്‍പ്പ് തദ്ദേശസ്ഥാപനത്തിനും ഒന്ന് കുടുംബഡോക്ടര്‍ക്കും നല്‍കണം. ഒരു പകര്‍പ്പ് ജില്ലാ കോടതിയുടെ രജിസ്റ്ററിയിലും നല്‍കണം.

ദയാമരണം നടപ്പാക്കുന്നത് കുടുംബക്കാരെ അറിയിക്കുന്നില്ലെങ്കില്‍ മജിസ്‌ട്രേറ്റ് അത് അറിയിച്ചിരിക്കണം.

എന്താണ് ബാക്കി നടപടിക്രമങ്ങള്‍

രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍, അല്ലെങ്കില്‍ രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആശുപത്രിയുടെ മേധാവിയും മൂന്ന് വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം.

വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കേണ്ടി വരുന്ന അവസ്ഥ മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയാല്‍ അക്കാര്യം ഡോക്ടര്‍ ജില്ലാ കളക്ടറെ അറിയിക്കണം.

ജില്ലാ കളക്ടര്‍ ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിച്ച് അദ്ദേഹം അധ്യക്ഷനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ആ ബോര്‍ഡ് രോഗിയെ പരിശോധിക്കുകയും ആശുപത്രി മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തോട് യോജിക്കുകയും ചെയ്യണം.

ഈ തീരുമാനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മജിസ്‌ട്രേറ്റിനെ അറിയിക്കണം. മജിസ്‌ട്രേറ്റ് രോഗിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനു ശേഷം മാത്രം വില്‍പ്പത്രത്തിലെ കാര്യം നടപ്പാക്കാന്‍ അനുമതി നല്‍കണം.

മെഡിക്കല്‍ ബോര്‍ഡിന്റേയും ഹൈക്കോടതിയുടേയും അനുമതിയോടെ ഇനി ദയാവധം ആകാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍