UPDATES

സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം: ദാ, നമ്മളെത്തി നില്‍ക്കുന്നതിവിടെയാണ്

ആ കുഞ്ഞുങ്ങളോട് ഏതെങ്കിലും വിധത്തില്‍ നീതി ചെയ്തുവെന്ന് നമുക്ക് പറയാന്‍ കഴിയുമോ?

കഴിഞ്ഞ ഒരാഴ്ചയായി ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒന്നാലോചിച്ചു നോക്കുക.

പുറംലോകം കണ്ടു തുടങ്ങി മണിക്കുറുകളോ ദിവസങ്ങളോ മാസങ്ങളോ മാത്രമായ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി പിടയുന്ന അവസ്ഥ. ഒടുവില്‍ ഓരോരുത്തരായി മരണത്തിനു കീഴങ്ങി. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലാകാന്‍ പ്രാപ്തിയില്ലാത്ത പ്രായത്തിലേ ജീവന്‍ വേര്‍പ്പെട്ട കുരുന്നുകള്‍.

നാസികളുടെ ഗ്യാസ് ചേംബര്‍ പോലെയായിരുന്നു ആ ആശുപത്രി. ഗോരഖ്പൂരില്‍ നടന്ന ആ ദാരുണമായ നരഹത്യക്ക് നാമോരുത്തരും ഉത്തരവാദികളാണ്, നമ്മുടെ നിശബ്ദതയും എല്ലാം ബിജെിപി സര്‍ക്കാരിന്റെ മാത്രം കുറ്റമാണെന്ന ഇരട്ടത്താപ്പും അത് തെളിയിക്കുന്നുണ്ട്.

അവര്‍ ഗോരഖ്പൂരിലെ ആ നരകത്തില്‍ നിന്ന് രക്ഷപെട്ട് പുറത്തു വന്നാല്‍, അവരോരുത്തരും തമ്മില്‍ പറയും, യാതൊരു ധാര്‍മികതയുമില്ലാത്ത രാഷ്ട്രീയക്കാര്‍ നിറഞ്ഞ, അഴിതിക്കാരായ ബ്യൂറോക്രറ്റുകളും സംവേദനക്ഷമത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹവുമൊക്കെയുള്ള എത്രമാത്രം ക്രൂരത നിറഞ്ഞ ഒരു ലോകത്തേക്കാണ് തങ്ങള്‍ പിറന്നു വീണതെന്ന്.

നമ്മുടെ രാഷ്ട്രീയക്കാരേയും ബ്യൂറോക്രറ്റുകളേയും മാത്രമേ ആ കുഞ്ഞുങ്ങള്‍ കുറ്റപ്പെടുത്തുകയുള്ളോ? അതോ നമ്മുടെ സമൂഹത്തെ നോക്കി അവരൊരു പൊള്ളയായ ചിരി ചിരിക്കുമോ, വ്യക്തികളെന്ന നിലയില്‍ നാമൊക്കെ ചുമന്നുകൊണ്ടു നടക്കുന്ന അധാര്‍മികതകളെ നോക്കി? ഈ ലോകത്ത് ജനിക്കേണ്ടിയിരുന്നില്ല എന്നവര്‍ക്കെപ്പോളെങ്കിലും തോന്നുമോ? കുഞ്ഞുങ്ങളേക്കാള്‍ പശുക്കളെ വിലപിടിച്ചതായി കാണുന്നവരുടെ, പരസ്പരം കുറ്റപ്പെടുത്തുന്നവരുടെ, എല്ലാ കുറ്റവും ഭരണകക്ഷിയായ ബി.ജെ.പിക്കു മേല്‍ മാത്രം ചുമത്തി ഇന്ത്യന്‍ ജനാധിപത്യം കടപുഴകി വീണുന്നതു കാണുമ്പോഴും അതിനു മേല്‍നോട്ടം വഹിക്കുന്നവരെപ്പോലെ നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്ള, ഭരണാധികാരികളായിരിക്കുന്നതിനു പകരം തങ്ങളുടെ വിദ്വേഷ അജണ്ട പ്രചരിപ്പിക്കുന്ന ഒരാള്‍ക്കൂട്ടമായി മാറിയ ബിജെപിയെ കാണുമ്പോള്‍? അവര്‍ക്കെന്തായിരിക്കും തോന്നിയിരിക്കുക?

ഒരാഴ്ച കൊണ്ടാണ് ഗോരഖ്പൂരില്‍ 70 കുട്ടികള്‍ മരിച്ചത്. എന്നിട്ടും എല്ലാമറിഞ്ഞവരെന്ന പോലെ നാമൊക്കെ കടുത്ത മൗനത്തിലാണ്. എവിടെയാണ് നഗരങ്ങളെ വിറപ്പിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്? അതോ, തങ്ങളുടെ നാടുകളില്‍ കുഞ്ഞുങ്ങള്‍ മരിച്ചാല്‍ മാത്രമേ നമ്മള്‍ പ്രതിഷേധിക്കുകയുള്ളോ? അതോ, ഗോരഖ്പൂരില്‍ കുട്ടികള്‍ മരിക്കുന്നത് ഒരു പുതിയ കാര്യമല്ലാത്തതു കൊണ്ട് ഇത്രയൊക്കെ മതി എന്നാണോ?

മനസലിവുള്ള ഒരു രാഷ്ട്രീയക്കാരന്‍ പോലുമില്ലേ നമ്മുടെയിടയില്‍? ഓക്‌സിജന്‍ ഇല്ലാതായല്ല, മറിച്ച് വൃത്തിയില്ലായ്മയാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് യോഗി ആദിത്യനാഥ് അയാളുടെ നാണംകെട്ട വിശകലനം നടത്തിയിരുന്നു. അയാളുടെ ആരോഗ്യമന്ത്രി പറഞ്ഞത് കുറച്ചുകൂടി വൃത്തികെട്ട രീതിയിലാണ്, ഓരോ ഓഗസ്റ്റ് മാസത്തിലും കുട്ടികള്‍ കൂട്ടത്തോടെ മരിക്കാറുണ്ടെന്ന്…

ലോകത്തെവിടെ കാറ്റടിച്ചാലും എന്തു ദുരന്തങ്ങളുണ്ടായാലും – അമേരിക്കയില്‍ ആളുകള്‍ വെടിയേറ്റു മരിക്കുമ്പോള്‍ മുതല്‍ പോര്‍ട്ടുഗലില്‍ കാട്ടുതീ പടരുന്നതുവരെ- ഉടന്‍ ട്വിറ്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വാതന്ത്ര്യദിനം വരെ കാത്തിരുന്നു, മരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍. രാജ്യം അവരോടൊപ്പമുണ്ടെന്ന് പറയാന്‍. അദ്ദേഹത്തിന്റെ വലംകൈയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞത്, ഇത്തരം ദുരന്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട് എന്നാണ്.

ദശകങ്ങളായി പൊതുജനാരോഗ്യ മേഖലയും ഒപ്പം, ഇന്ത്യന്‍ വ്യവസ്ഥാപിത സ്ഥാപനങ്ങളുമൊക്കെ തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയുമടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികളാകട്ടെ, ബി.ജെ.പിയെ കുറ്റപ്പെടുത്താനുള്ള തിരക്കിലാണ്.

ആ കുഞ്ഞുങ്ങളോട് ഏതെങ്കിലും വിധത്തില്‍ നീതി ചെയ്തുവെന്ന് നമുക്ക് പറയാന്‍ കഴിയുമോ? ഈ ദുരന്തങ്ങളെയൊക്കെ അതിജീവിച്ച് വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നാമെന്താണ് ബാക്കി വച്ചിട്ടുള്ളത്? കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും ധരിക്കുന്ന വസ്തത്ത്രിന്റെ പേരിലുമൊക്കെ മനുഷ്യര്‍ കൊല്ലപ്പെടുന്ന ഒരു നാട്ടിലല്ലേ അവര്‍ വളര്‍ന്നു വരുന്നത്? കുഞ്ഞുന്നാള്‍ മുതല്‍, അത് സ്‌കൂളില്‍ ഉള്‍പ്പെടെ, കേട്ടുവളരുന്ന അന്യവിദ്വേഷത്തില്‍ നിന്ന് അവരെങ്ങനെ മോചിതരാകും? ഭിന്നാഭിപ്രായങ്ങളുണ്ടാകാന്‍ പാടില്ലെന്നും സ്വന്തം അഭിപ്രായമുണ്ടാകുന്നത് രാജ്യദ്രോഹത്തോളം വരുന്ന കുറ്റകൃത്യമാണെന്നും അറിയുന്ന ആ നിമിഷം എന്തായിരിക്കും ആ വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ മനസിലുണ്ടാവുക? തങ്ങള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ സൈന്യത്തിന്റെ നിയന്ത്രണം വേണെമെന്നു പറയുന്ന അധികാരികള്‍ക്കു കീഴില്‍ എന്തായിരിക്കും അവര്‍ക്ക് ഭാവിയിലേക്ക് നീക്കി വയ്ക്കാനുണ്ടാവുക? അവരുടെ ദാരിദ്ര്യത്തെ എന്തു ചെയ്യും? നേരം ഇരുട്ടിയാല്‍ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പേടിക്കേണ്ടി വരുന്ന, പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ കൊന്നു കളയാന്‍ ഇന്നും യാതൊരു മടിയുമില്ലാത്ത ഒരു നാടിനെ ഓര്‍ത്ത് എന്താണ് അവര്‍ക്ക് അഭിമാനിക്കാനുണ്ടാവുക?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍