UPDATES

മാധ്യമങ്ങളെ, നിങ്ങളുടെ കള്ളക്കഥകള്‍ അവസാനിപ്പിക്കാനാണ് ഈ പിതാവ് കരഞ്ഞു പറയുന്നത്

ഇന്ത്യ എന്ന ആശയം നിലകൊള്ളുന്നത് ആക്രോശങ്ങളും വെറുപ്പും മാത്രം പുറപ്പെടുവിക്കുന്ന ടി.വി സ്റ്റുഡിയോകളിലോ രാഷ്ട്രീയക്കാരുടെ ചുമലിലോ അല്ല; യശ്പാലിനെ പോലുള്ളവരിലാണ്

ദേശീയ തലസ്ഥാനത്തിന്റെ പടിഞ്ഞാറെ അതിരിലുള്ള ഒരു കുടുംബം കടുത്ത ദു:ഖത്തിനിടയിലും രാജ്യത്തോട് അപേക്ഷിക്കുകയാണ്. ഇന്ത്യ എന്ന ആശയം നശിപ്പിക്കരുതേയെന്ന്. പൊതുജനങ്ങളോടു മാത്രമല്ല, തങ്ങളുടെ മകന്റെ കൊലപാതകം വര്‍ഗീയവത്ക്കരിക്കാനും മുതലെടുപ്പ് നടത്താനും ശ്രമിക്കുന്ന രാഷ്ട്രീയക്കാരോടും മുഖ്യധാരാ മാധ്യമങ്ങളോടും ഒക്കെ കൂടിയാണ് അവരുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അങ്കിത് സക്‌സേന എന്ന യുവ ഫോട്ടോഗ്രാഫറെ മുസ്ലീം സമുദായത്തില്‍പ്പെട്ട അയാളുടെ കാമുകിയുടെ കുടുംബം കൊലപ്പെടുത്തിയത്.

“എനിക്കൊരു മകനേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് നീതി കിട്ടിയെങ്കില്‍ അത് നല്ല കാര്യം. അതുണ്ടായില്ല എങ്കില്‍ പോലും ഒരു സമുദായത്തോട് എനിക്ക് വിദ്വേഷമൊന്നുമില്ല. ഞാന്‍ അങ്ങനെ സാമുദായികമായി ചിന്തിക്കുന്നയാളല്ല. എന്തിനാണ് മാധ്യമങ്ങള്‍ ഇക്കാര്യം ഈ വിധത്തില്‍ കാണിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നതേയില്ല”– ശനിയാഴ്ച വൈകിട്ട് തന്നെ കാണാനെത്തിയ ഡല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരിയോട് അങ്കിതിന്റെ പിതാവ് യശ്പാല്‍ പറഞ്ഞ വാക്കുകളാണിത്.

അവര്‍ (മാധ്യമങ്ങള്‍) എന്നോട് വന്ന് വളരെ സ്‌നേഹത്തോടെയും കരുതലോടെയും ഒക്കെ സംസാരിച്ചിട്ടു പോയി. എന്നാല്‍ അവര്‍ ടി.വിയില്‍ അവര്‍ കാണിച്ചത് മറ്റു ചില കാര്യങ്ങളാണ്. അയല്‍ക്കാരും ബന്ധുക്കളുമൊക്കെ വന്നു പറയുമ്പോഴാണ് ടി.വിയില്‍ എന്താണ് പോകുന്നതെന്ന് ഞാന്‍ അറിയുന്നത്. അവര്‍ ‘പ്രേമി’, ‘മുസ്ലീം, ‘മസാഹ്ബ്’ എന്ന വാക്കുകളൊക്കെ ഉപയോഗിക്കുന്നു. വസ്തുതകള്‍ വളച്ചൊടിക്കുന്നു. അവര്‍ കഥകളുണ്ടാക്കുകയാണ്”. ആരോ ഒരു മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച വീഡിയോയില്‍ യശ്പാല്‍ പറയുന്നു.

23 വയസുള്ള അങ്കിതിനെ വ്യാഴാഴ്ച രാത്രി പടിഞ്ഞാറന്‍ ഡല്‍ഹയിലുള്ള മെട്രോ സ്‌റ്റേഷനടുത്ത് വച്ച് യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് ജനങ്ങള്‍ നോക്കി നില്‍ക്കെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

കള്ളം പൊളിഞ്ഞ് അര്‍ണബ്; കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ; ഡിലീറ്റ് ചെയ്ത വീഡിയോയും തിരിച്ചെത്തി

വ്യാഴാഴ്ച വൈകിട്ട് യുവതി വീട്ടില്‍ മടങ്ങിയെത്താതിരുന്നതോടെ അങ്കിത് ഇവരെ തട്ടികൊണ്ടു പോയി എന്ന സംശയത്തിലായിരുന്നു യുവതിയുടെ കുടുംബം. രാത്രി ഒമ്പതു മണിയോടെ യുവതിയുടെ കുടുംബം അങ്കിതിനെ കണ്ടെത്തുകയും തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനും വഴക്കിനുമൊടുവില്‍ യുവതിയുടെ പിതാവ് അങ്കിതിനെ കുത്തുകയായിരുന്നു.

ഒരുമിച്ച വളര്‍ന്നവരായിരുന്നു അങ്കിതും യുവതിയും. പിന്നീട് അവര്‍ പ്രണയത്തിലുമായി. എന്നാല്‍ ഷഹ്‌സാദി എന്ന പെണ്‍കുട്ടിയുടെ കുടുംബം ഇതിനോട് എതിര്‍പ്പിലുമായിരുന്നു. യുവതിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍, പ്രായപൂര്‍ത്തിയാവാത്ത ഇളയ സഹോദരന്‍ എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

ശബ്ദം കുറയ്ക്കൂ അര്‍ണബ് ഗോസ്വാമി!

പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി ആരെ പങ്കാളിയായി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ദുരഭിമാനത്തിന്റേയും പാട്രിയാര്‍ക്കിയുടേയും അനന്തരഫലമായിരുന്നു അവിടെയുണ്ടായ പ്രശ്‌നങ്ങള്‍. എന്നാല്‍ അത് മതത്തിന്റെയും ജാതിയുടെയും കണ്ണിലൂടെ കടത്തിവിട്ട് അതില്‍ നിന്ന് ഫലം കൊയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ‘ലവ് ജിഹാദ്’ കഥകള്‍ ആയിരുന്നില്ല, ഏതെങ്കിലും ആശയങ്ങളുടെ പുറത്ത് ആള്‍ക്കൂട്ടം ചേര്‍ന്ന് ഒരു യുവാവിനെ കൊലപ്പെടുത്തുകയുമായിരുന്നില്ല. അത് രണ്ടു യുവാക്കള്‍ തമ്മിലുള്ള പ്രണയത്തോട് കുടുംബം എന്ന വ്യവസ്ഥയ്ക്കുള്ള എതിര്‍പ്പായിരുന്നു, അഭിമാനത്തിന്റെ, ദുരഭിമാനത്തിന്റെ ഒക്കെ ബാക്കിപത്രം.

എന്നാല്‍ മാധ്യമങ്ങള്‍ ചെയ്തത്, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍, ഏതെങ്കിലും വിധത്തില്‍ ഇതൊരു ഹിന്ദു-മുസ്ലീം വിഷയമായി മാറ്റിയെടുക്കാനായിരുന്നു.

ആരാണ് അര്‍ണാബ് ഗോസ്വാമി? അയാള്‍ ചെയ്തതും ചെയ്യുന്നതും

ഇന്ത്യ എന്ന ആശയം നിലകൊള്ളുന്നത് ആക്രോശങ്ങളും വെറുപ്പും മാത്രം പുറപ്പെടുവിക്കുന്ന ടി.വി സ്റ്റുഡിയോകളിലല്ല. വിദ്വേഷവും തന്‍കാര്യവും മാത്രം നോക്കുന്ന രാഷ്ട്രീയ സംഘടനകളുടെ ചുമലിലുമല്ല. അത് ഇന്ത്യയിലെ സാധാരണക്കാരുടെ കുടുംബങ്ങളിലൂടെയാണ്, അന്യര്‍ക്കെതിരെ വെറുപ്പ് പടര്‍ത്താന്‍ പാടില്ലെന്നുള്ള അവരുടെ തിരിച്ചറിലുടെയാണ്. എത്ര വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് ആളിപ്പടരാതിരിക്കാന്‍ അവര്‍ കാണിക്കുന്ന പക്വതയില്‍ നിന്നാണ്. സമാധാനവും പുരോഗമനപരമായ സഹവര്‍ത്തിത്തവും ഉറപ്പാക്കുന്ന ഭരണഘടന നിലനില്‍ക്കുന്നതിനെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് അവര്‍ ഇന്ത്യ എന്ന ആശയത്തെ മുറുകെ പിടിക്കുന്നത്.

ആ ഭരണഘടനാ മൂല്യങ്ങളുടെ കാത്തുസൂക്ഷിപ്പുകാരാണ് യശ്പാലിനെ പോലുള്ള മനുഷര്‍. അവരെയാണ് നിങ്ങള്‍ വര്‍ഗീയവാദിയും വെറുപ്പു പടര്‍ത്തുന്നവനുമാക്കാന്‍ ശ്രമിക്കുന്നത്.

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കൊല; യുവ ഫോട്ടോഗ്രാഫറുടെ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍