UPDATES

രാഷ്ട്രീയ വിഡ്ഢിത്തം പറയലല്ല ആര്‍മി തലവന്റെ പണി

ജനറല്‍ റാവത്ത് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയാണ്

നമ്മുടെ ആര്‍മി തലവന്‍ രാഷ്ട്രീയം സംസാരിക്കുന്നുണ്ടെങ്കില്‍ അത് രണ്ടു തരത്തില്‍ എടുക്കാം, ഒന്നുകില്‍ നിങ്ങള്‍ക്കത് അവഗണിച്ചു കളയാം, ഒരു അബദ്ധം സംഭവിച്ചതാണ് എന്ന മട്ടില്‍. മറ്റൊന്ന് അത് നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നു എന്ന രീതിയില്‍ വേണം എടുക്കാന്‍. എന്തായാലും നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ ഇപ്പോഴത്തെ ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിനേക്കാള്‍ മികച്ച ഒരുദാഹരണം ഇല്ല എന്നു തന്നെ പറയേണ്ടി വരും.

കഴിഞ്ഞ ബുധനാഴ്ചയാണ് ജനറല്‍ റാവത്ത് അസമില്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടി(AIUDF) ന്റെ വളര്‍ച്ച ബിജെപിയേക്കാള്‍ വേഗത്തിലാണെന്ന പ്രസ്താവന നടത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ Centre for Joint Warfare Studies and Headquarters Integrated Defence Staff ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച North East Region of India — Bridging Gaps and Securing Borders എന്ന സെമിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് ജനറല്‍ റാവത്ത് ഇങ്ങനെ പറഞ്ഞു: “അസമില്‍ AIUDF എന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്. വര്‍ഷങ്ങള്‍ക്കൊണ്ട് ബിജെപി രാജ്യത്ത് വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അവര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. അതായത്, പാര്‍ലമെന്റില്‍ ജനസംഘിന് രണ്ട് എം.പിമാര്‍ മാത്രമുണ്ടായിരുന്ന കാലത്തു നിന്ന് ഇന്ന് അവര്‍ എത്തി നില്‍ക്കുന്ന അവസ്ഥ ആലോചിച്ചാല്‍ അതിനേക്കാള്‍ വളരെ വേഗത്തിലാണ് അസമില്‍ AIUDF വളര്‍ന്നുകൊണ്ടിരിക്കുന്നത്”.

ഒന്ന്, ആര്‍മി ചീഫ് പറഞ്ഞതില്‍ വസ്തുതാപരമായി പിഴവുകളുണ്ട്. ജനസംഘിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെങ്കില്‍ അത് ആരംഭിച്ചത് 1951-52-ല്‍ ലോക്‌സഭയില്‍ മൂന്നംഗങ്ങളുമായാണ്. ഇനി ജനറല്‍ റാവത്ത് പറയുന്നത് ബിജെപിയെക്കുറിച്ചാണെങ്കില്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകമുണ്ടാക്കിയ സഹതാപ തരംഗത്തിലുടെ രാജീവ് ഗാന്ധി അധികാരം പിടിച്ച 1984-ല്‍ ബിജെപി രണ്ടു സീറ്റില്‍ ഒതുങ്ങി. ഗുജറാത്തിലെ മെഹ്‌സാനയില്‍ നിന്ന് വിജയിച്ച ഡോ. എ.കെ പട്ടേലും ആന്ധ്രയിലെ ഹനംകോണ്ടയില്‍ നിന്ന് വിജയിച്ച ചന്ദ്പുതാല ജംഗ റെഡ്ഡിയും. ഇവിടെ വസ്തുതാപരമായ പിഴവാണ് വിഷയം എന്നതു ചൂണ്ടിക്കാട്ടി എന്നു മാത്രം.

വാസ്തവത്തില്‍ ആര്‍മി ചീഫ് പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്നത് ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞു കയറ്റം മൂലം അസമില്‍ AIUDF-ന്റെ ജനപ്രീതി വന്‍തോതില്‍ വര്‍ധിക്കുന്നു എന്നാണ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ഇന്ത്യയിലേക്ക് ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അതും AIUDF-ന്റെ വളര്‍ച്ചയുമായി ബന്ധമില്ല എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. 1931-ല്‍ തന്നെ ഇന്ത്യന്‍ സെന്‍സസ് പ്രകാരം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമുണ്ട്. അത് തുടര്‍ വര്‍ഷങ്ങളില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

AIUDF-ന്റെ വളര്‍ച്ചയെ മറ്റൊരു വിധത്തിലാണ് നോക്കിക്കാണേണ്ടത്. പെര്‍ഫ്യൂം രാജാവ് എന്നറിയപ്പെടുന്ന മൗലാനാ ബദറുദ്ദീന്‍ അജ്മല്‍ 2005-ല്‍ സ്ഥാപിച്ച പാര്‍ട്ടിയാണിത്. മുസ്ലീം സമൂഹത്തിനിടയില്‍ കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടതും ബിജെപിയുടെ വളര്‍ച്ചയും അവരെ ഒരു സമുദായ പാര്‍ട്ടിയായ AIUDF-ലേക്ക് എത്തിക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിശക്തമായിക്കൊണ്ടിരിക്കുന്ന ധ്രുവീകരണത്തിന്റെ ഒക്കെ കൂടി ഭാഗമാണിത്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ബിജെപി. പ്രത്യേകിച്ച് ബാബറി മസ്ജിദ് തകര്‍ത്തതിനു ശേഷമുള്ള രാഷ്ട്രീയ സമൂഹത്തില്‍. 2011-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ അജ്മലിന്റെ പാര്‍ട്ടി അസമില്‍ 18 സീറ്റ് നേടുകയും സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി മാറുകയും ചെയ്തു.

പക്ഷേ, ഇന്ത്യന്‍ ആര്‍മിയുടെ തലവന്‍, അദ്ദേഹം ഒരു രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ആണെന്ന് പറയാന്‍ പറ്റില്ല, ഇത്തരത്തില്‍ ഭരിക്കുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്താനായി വസ്തുതകളുടേയോ കണക്കുകളുടേയോ അടിസ്ഥാനത്തിലല്ലാതെ സംസാരിക്കുമ്പോള്‍ അത് വഞ്ചിക്കുന്നത് നിരവധി കാര്യങ്ങളെയാണ്. അത് മറ്റു ചില കാര്യങ്ങളെ കൂടി വഞ്ചിക്കുന്നുണ്ട്, വര്‍ഗീയത നിറഞ്ഞു നില്‍ക്കുന്ന ബിജെപിയുടെ പക്ഷപാതപരമായ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തുകയും മറിച്ച് അനധികൃത മുസ്ലീം കുടിയേറ്റക്കാരാണ് ഈ പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് കാരണമെന്ന നിലവിലുള്ള പൊതുബോധത്തെ അത് തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതാണത്.

മറ്റൊരു വിഡ്ഡിത്തം നിറഞ്ഞ കാര്യം കൂടി ജനറല്‍ റാവത്ത് അവിടെ പറഞ്ഞു. “ഈ മേഖല പ്രശ്‌നഭരിതമായി നിലനിര്‍ത്താന്‍ വേണ്ടി നമ്മുടെ പടിഞ്ഞാറന്‍ അയല്‍ക്കാരുടെ കാര്‍മികത്വത്തില്‍, വടക്കന്‍ അയല്‍ക്കാരുടെ പിന്തുണയോടെ കരുതിക്കൂട്ടിയുള്ള നുഴഞ്ഞുകയറ്റമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ മേഖല ആ രീതിയില്‍ നിലനിര്‍ത്തുന്നതിന് ഇനിയും ഇത്തരത്തിലുള്ള നുഴഞ്ഞു കയറ്റങ്ങള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കും” എന്നായിരുന്നു അത്. പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് ഇന്ത്യയിലേക്ക് ഈ നുഴഞ്ഞു കയറ്റം നടപ്പാക്കുന്നു എന്നായിരുന്നു ജനറല്‍ പറഞ്ഞത്.

എന്നാല്‍ മറ്റൊരു കാര്യം പറയാം, മനുഷ്യരുടെ കുടിയേറ്റ ചരിത്രത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളാണ് താങ്കളെന്ന് പറയേണ്ടി വരും, ജനറല്‍. തീര്‍ച്ചയായും ഇടക്കിടെ അപകടകരമായ നുഴഞ്ഞു കയറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മനുഷ്യരുടെ പ്രവാഹത്തിന് മറ്റൊരു കാരണമാണുള്ളത്. അത് ഈ മേഖലയിലെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതുകൊണ്ടാണ്. വിശപ്പു മാറ്റാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ഒരു ജോലി അന്വേഷിച്ചുള്ള പലായനങ്ങളാണ് ആ കുടിയേറ്റങ്ങളില്‍ ഭൂരിഭാഗവും.

അസം കത്തുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ

ഈ യാഥാര്‍ത്ഥ്യങ്ങളെ ഇനിയെങ്കിലും വിസ്മരിച്ചുകൂടാ. അതുകൊണ്ടു തന്നെ കുടിയേറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള സുരക്ഷാ ഏര്‍പ്പാടുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ രൂപം കണ്ടെത്തേണ്ടതുണ്ട്. തുടര്‍ന്ന് ഒരു പക്വതയെത്തിയ ജനാധിപത്യ രാജ്യത്തെ പോലെ പെരുമാറുകയും വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവ നല്‍കുകയും, അതിര്‍ത്തികളില്‍ ഇത്തരത്തില്‍ വിസാ നടപടികള്‍ ലഘൂകരിക്കുകയും അഭയാര്‍ത്ഥികള്‍ ഒരു യാഥാര്‍ത്ഥ്യമാണ് എന്നത് അംഗീകരിക്കുകയുമാണ് വേണ്ടത്. ഈ വലിയ, മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന് മറ്റുള്ള മനുഷ്യരോട് സഹാനുഭൂതി വേണ്ടതുണ്ട്, അതോടൊപ്പം, മനുഷ്യകുലത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ധാരണയും ഉണ്ടാവേണ്ടതുണ്ട്- അല്ലാതെ വിഡ്ഡിത്തം പറയലല്ല വേണ്ടത്.

പക്ഷേ, ജനറല്‍ റാവത്ത് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. നിങ്ങള്‍ക്ക് തീരുമാനിക്കാം, ഇത്തരത്തില്‍ സംസാരിക്കുന്ന ഒരാള്‍ പക്ഷപാതപാരമായി പെരുമാറുന്നതാണോ അതോ വെറും വിഡ്ഡിത്തരം പറയുന്നതാണോ എന്ന്. ഇനി അതുമല്ലെങ്കില്‍ ഈ പറഞ്ഞ രണ്ടും കൂടി ചേര്‍ന്ന, ഇന്നത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ അധിനിവേശ ഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണോ എന്നും ആലോചിക്കാം.

രണ്ട് പേരെ മറികടന്നു കരസേനാ മേധാവിയായുള്ള ബിപിന്‍ റാവത്തിന്റെ നിയമനം ഇന്ത്യന്‍ സൈന്യത്തില്‍ അപൂര്‍വം

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍