UPDATES

ട്രംപ് Vs ബെസോസ്: ലോകത്തെ ഏറ്റവും ശക്തനും ധനികനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയിലെ പണച്ചാക്കുകള്‍ അറിഞ്ഞിരിക്കേണ്ടത്

സൗദി ബന്ധത്തെക്കുറിച്ചും ബെസോസ് തന്റെ ലേഖനത്തിൽ സൂചന നൽകിയിരുന്നു- എഡിറ്റോറിയല്‍

ചലച്ചിത്രമായി ഇനിയും വന്നിട്ടില്ലാത്ത ഏറ്റവും നാടകീയമായ ഒരു കഥയാണിത്. ഇത് പടര്‍ന്നു കിടക്കുന്നത് ഒരുപാട് മേഖലകളിലാണ്- ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനെതിരെ, തരംതാണതും മഹത്തായതുമായ മാധ്യമ പ്രവർത്തനം, മോശം പത്രപ്രവർത്തനം, സ്വകാര്യ അന്വേഷകർ, പരാജയപ്പെടുന്ന വിവാഹബന്ധങ്ങൾ, തകരുന്ന കുടുംബങ്ങൾ, എവറസ്റ്റ് കൊടുമുടിയേക്കാളും പൊക്കമുള്ള അഹംബോധം, എല്ലാമുണ്ട് ഇക്കഥയിൽ.

ധീരതയെക്കുറിച്ചുള്ള ഒരു പാഠവും, നമ്മുടെ രാജ്യത്തെ കോടീശ്വരന്മാർക്ക് വളരെ ശക്തമായ ഒരു സന്ദേശവും അതിലുണ്ട്. ജനാധിപത്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും കുറിച്ചും, വ്യക്തികളുടെ ആവശ്യകതയെക്കുറിച്ചും, ആ മൂല്യങ്ങൾ സംരക്ഷിക്കാനായി ഓരോ തലമുറയും പോരാടേണ്ടതിനെക്കുറിച്ചുമുള്ള നാടകീയാഖ്യാനങ്ങൾ ഒരുപക്ഷെ അതിലുണ്ട്.

കഥ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ നമുക്കിപ്പോൾ നമ്മുടെ വഴികളിൽ അതിനെ ഒന്ന് കാണാൻ ശ്രമിക്കാം.

ജനവരി 9-ന് , ഏതാണ്ട് 10 ലക്ഷം കോടി രൂപയുടെ വ്യക്തിഗത സമ്പത്തുള്ള
ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ, ആമസോൺ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയുടെ ഉടമ, ജെഫ് ബെസോസ് 25 വര്‍ഷമായി തന്റെ കൂടെയുള്ള നോവലെഴുത്തുകാരി മകെൻസീ ബെസോസുമായുള്ള വിവാഹബന്ധം വേർപെടുത്തുകയാണ് എന്ന് ട്വിറ്ററിൽ അറിയിക്കുന്നതോടെയാണ് നാടകീയമായ കഥയുടെ ഗതിവിഗതികൾ തുടങ്ങുന്നത്.

ഒരു ദിവസത്തിനു ശേഷം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്ന National Enquirer എന്ന ടാബ്ലോയിഡ്, ബെസോസിന് വിവാഹിതയായ മുൻ ടി വി അവതാരക ലോറെൻ സാഞ്ചെസുമായി ബന്ധമുണ്ടെന്ന വാർത്ത നൽകി. ബെസോസ് അവർക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും പ്രണയക്കുറിപ്പുകളും നൽകിയെന്ന് വാർത്തയിൽ പറയുന്നു. “ഞാൻ നിന്നിൽ ഉന്മത്തനായിരിക്കുന്നു. നിന്നില്‍ മുഴുവൻ,” എന്നാണ് ബെസോസ് എഴുതിയാതെന്നും ടാബ്ലോയിഡ് പറയുന്നു.

തന്റെ എതിരാളിയുടെ പ്രശ്നങ്ങളിൽ ആഹ്ളാദിക്കാനുള്ള അവസരം ട്രംപ് പാഴാക്കിയില്ല, പത്രത്തെ അഭിനന്ദിക്കാനും. ട്രംപ് ട്വീറ്റ് ചെയ്തു, “ജെഫ് ബെസോസ് ഒരു എതിരാളി പത്രത്തിന്റെ റിപ്പോർട്ടിൽ വീണുപോയ വാർത്തയറിഞ്ഞു ഖേദിക്കുന്നു. ആ വാർത്തകൾക്കാകട്ടെ അയാളുടെ ലോബീയിസ്റ്റ് പത്രമായ ആമസോൺ വാഷിംഗ്ടൺ പോസ്റ്റിനേക്കാൾ വിശ്വാസ്യതയുമുണ്ട്. ആ പത്രം കൂടുതൽ മെച്ചപ്പെട്ട, ഉത്തരവാദിത്തമുള്ള കൈകളിൽ എത്തട്ടെ എന്നാഗ്രഹിക്കാം.”
അതേസമയം എങ്ങനെയാണ് ടാബ്ലോയിഡിന് സന്ദേശങ്ങളും ചിത്രങ്ങളും കിട്ടിയത് എന്നറിയാൻ ബെസോസ് സ്വകാര്യ അന്വേഷകരെ നിയോഗിച്ചു.

ഇതിനകം തന്നെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ദുർവൃത്തികൾ മറച്ചുവെയ്ക്കാൻ നടത്തിയ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള National Enquirer പ്രസാധകന്‍ ഭീഷണിയും പണം തട്ടിച്ചെടുക്കലും നടത്തിയെന്ന് ആരോപിച്ചുകൊണ്ട് വെള്ളിയാഴ്ച്ച ബെസോസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

ടാബ്ലോയിഡിന് എങ്ങനെയാണ് വിവാഹേതര ബന്ധം വെളിവാക്കുന്ന സന്ദേശങ്ങൾ കിട്ടിയത് എന്നറിയാനുള്ള അന്വേഷണം നിർത്തിയില്ലെങ്കിൽ തന്റെ വളരെ സ്വകാര്യമായ ചിത്രങ്ങൾ പുറത്തുവിടുമെന്ന് യു എസ് പ്രസിഡണ്ടിന്റെ നീണ്ട നാളായുള്ള സുഹൃത്തായ National Enquirer ഉടമ ഡേവിഡ് പെക്കർ തനിക്കു താക്കീതു തന്നുവെന്ന് ബെസോസ് ആരോപിച്ചു.

ബെസോസിന്റെ അരക്കു താഴെയുള്ള ‘സെല്‍ഫി’, അയാൾ ഇറുകിപ്പിടിച്ച കാല്‍മുട്ടുവരെയുള്ള കുപ്പായത്തിലും ഒരു തോർത്ത് മാത്രമുടുത്തുള്ള ചിത്രങ്ങളും അയാളുടെ പെണ്‍സുഹൃത്ത് സാഞ്ചെസിന്റെ ശരീരം വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങളും അതിലുണ്ടെന്ന് ടാബ്ലോയിഡ് എഡിറ്റർ ഡിലൻ ഹൊവാഡ് അയച്ച ഒരു ഇ-മെയിലിൽ പറയുന്നു.

ബെസോസിനെക്കുറിച്ചുള്ള വാർത്ത നൽകിയത് അമ്പരപ്പുണ്ടാക്കുന്ന വിധമാണെന്നും ഭീഷണിയുണ്ടായെന്ന ബെസോസിന്റെ ആരോപണം വിശദമായി അന്വേഷിക്കുമെന്നും, ആവശ്യമായ നടപടികൾ എടുക്കുമെന്നും വെള്ളിയാഴ്ച പറഞ്ഞ American Media Inc (AMI ) യുടെ ചീഫ് എക്സിക്യൂട്ടീവ് ആവട്ടെ പെക്കർ ആണ്.

പക്ഷെ പെക്കർ ട്രംപിന്റെ അടുത്തയാളാണ്. ട്രംപ് പ്രസിഡണ്ടാകുന്നതിനെ സഹായിക്കാൻ അയാൾക്ക് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാൻ (catch and kill) തങ്ങൾ ശ്രമിച്ചിരുന്നു എന്ന് AMI സമ്മതിച്ചിരുന്നു.

തന്നെ നിരന്തരം ലക്‌ഷ്യം വെക്കുന്ന ട്രംപിനെപ്പോലുള്ള ശത്രുക്കളെ സൃഷ്ടിച്ച ഒരു സങ്കീർണതയാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ തന്റെ ഉടമസ്ഥതയെന്നാണ് ബെസോസ് പറഞ്ഞത്.

ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചും വെളിപ്പെടുത്തലുകൾ നടത്താതിരിക്കാൻ ഒരു Playboy model -നും പണം നല്കയതിനെക്കുറിച്ചുമുള്ള അന്വേഷണത്തിൽ സഹകരിക്കാൻ സമ്മതിച്ചതിന്റെ പേരിൽ വിചാരണയിൽ നിന്നും AMI -യെ ഒഴിവാക്കാൻ ഡിസംബറിൽ ന്യൂ യോർക്ക് പ്രോസിക്യൂട്ടർമാർ സമ്മതിച്ചിരുന്നു. ട്രംപുമായി ബന്ധമുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട കരേൻ മക്ഡോലിന്റെ വാർത്തയുടെ അവകാശം വാങ്ങുകയും അത് പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യാൻ (catch and kill ) ട്രംപിന്റെ പ്രചാരണ സംഘവുമായി ആസൂത്രണം നടത്തി എന്ന് AMI സമ്മതിച്ചിരുന്നു. മാക്ഡോലിനു 150000 ഡോളർ നൽകി അത് വാങ്ങി മൂടിവെക്കാൻ ഒത്തുകളിച്ചു എന്നാണു AMI സമ്മതിച്ചത്. AMI വിചാരണ പരിരക്ഷ കരാറിൽ ഏർപ്പെട്ട കാര്യം ബെസോസ് തന്റെ ബ്ലോഗിൽ സൂചിപ്പിച്ചിരുന്നു.

Also Read: നട്ടെല്ല് പണയം വച്ച ഇന്ത്യന്‍ മാധ്യമ മുതലാളിമാര്‍ക്ക് ന്യൂയോര്‍ക്ക് ടൈംസ് ഉടമയില്‍ നിന്ന് പഠിക്കാനുള്ളത്

ബെസോസ് പുറത്തുവിട്ട ഇ മെയിലുകൾ അനുസരിച്ച് AMI ഒരു ഔപചാരിക ധാരണ വാഗ്ദാനം ചെയ്തു: ബെസോസിന്റെ ചിത്രങ്ങൾ ടാബ്ലോയിഡ് പ്രസിദ്ധീകരിക്കില്ല. പകരം, Enquirer നൽകിയ വാർത്ത രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ളതും രാഷ്ട്രീയ സ്വാധീനം മൂലമാണെന്നും ഉള്ളതായി തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ബെസോസിന്റെ അന്വേഷകർ ഒരു പരസ്യ പ്രസ്താവന നല്കണം.

എന്നാൽ വ്യാപകയായി പ്രശംസ നേടിയ ഒരു നീക്കത്തിൽ, “ഈ ഭീഷണിക്ക് വിധേയമാകാതെ” അതുണ്ടാക്കുന്ന “വ്യക്തിപരമായ കുഴപ്പങ്ങൾക്കും അവർ ഭീഷണിപ്പെടുത്തുന്ന പ്രശ്നങ്ങൾക്കും” ഉള്ള സാധ്യതകളെ അവഗണിച്ചുകൊണ്ട് ഇ മെയിലുകൾ പരസ്യപ്പെടുത്താൻ ബെസോസ് തീരുമാനിച്ചു.

ബെസോസ് ഇതുകൂടി പറഞ്ഞു, “തീർച്ചയായും എന്റെ വ്യക്തിപരമായ ചിത്രങ്ങൾ പരസ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ അവരുടെ കുപ്രസിദ്ധമായ ഭീഷണി, രാഷ്ട്രീയ ആനുകൂല്യങ്ങൾ, അഴിമതി എന്നീ കാര്യങ്ങളിൽ ഉള്‍പ്പെടാനും ഞാനാഗ്രഹിക്കുന്നില്ല . ഞാൻ നിവർന്നു നിൽക്കാനും ഇതിനപ്പുറം ഉണ്ടാകുന്നത് എന്താണെന്ന് കാണാനുമാണ് പോകുന്നത്.”

AMI യെ കുറിച്ചുള്ള ബെസോസിന്റെ ആരോപണങ്ങൾ മറ്റ് മാധ്യമപ്രവർത്തകർ ഏറ്റെടുത്തു. ട്രംപുമായുള്ള National Enquirer -ന്റെ ധാരണകൾ പുറത്തുകൊണ്ടുവന്ന തനിക്കും മറ്റ് മാധ്യമ പ്രവർത്തകർക്കും ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ ഭീഷണിയുടെ ഇ മെയിലുകൾ AMI യിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് HBO-യിലും New Yorker-ലും അന്വേഷണാത്മക മാധ്യമ പ്രവർത്തകനായ റൊണാൻ ഫാരോ പറഞ്ഞു.

ഇതിലെല്ലാമുള്ള ട്രംപിന്റെ പങ്കാണ് ഈ കഥയെ ഒരു രാഷ്ട്രീയ നാടകമാക്കുന്നത്. ‘വ്യാജ മാധ്യമം എന്ന് ട്രംപ് ഇപ്പോഴും ആരോപിക്കുന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ ഉടമ ബെസോസുമായി വാക്പയറ്റിലാണ് ട്രംപ്. യു എസ് മാധ്യമ ചരിത്രത്തിലെ സുവർണ യുഗമെന്നു ചരിത്രം രേഖപ്പെടുത്തുന്ന തരത്തിൽ ട്രംപിനെ തുറന്നുകാട്ടുന്ന തരത്തിൽ വാർത്തകൾ നൽകുകയാണ് പോസ്റ്റും മറ്റു ലിബറല്‍ മുഖ്യധാര മാധ്യമങ്ങളും.

സംഭവത്തിൽ വൈറ്റ് ഹൌസ് മൗനം പാലിച്ചെങ്കിലും മറ്റ് രണ്ടു വാർത്തകൾക്കൂടി വന്നതോടെ ഈ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടുമുയർന്നു. ബെസോസിന്റെ സന്ദേശങ്ങൾ ഒരു സർക്കാർ ഏജൻസിക്കായിരിക്കാം ലഭിച്ചതെന്ന് ഒരു പോസ്റ്റ് റിപ്പോർട്ടർ ഒരു ടെലിവിഷൻ അഭിമുഖത്തിൽ സൂചന നൽകി.

സൗദി ബന്ധത്തെക്കുറിച്ചും ബെസോസ് തന്റെ ലേഖനത്തിൽ സൂചന നൽകിയിരുന്നു. ട്രംപിന്റെ സൗദി രാജകുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് വിമർശനാത്മകമായി എഴുതിയിരുന്ന വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി സർക്കാരിന്റെ വിമർശകനുമായ ജമാൽ ഖഷോഗി ഇസ്‌താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തിൽ കൊല്ലപ്പെട്ടിരുന്നു.

സംരംഭകത്വത്തിന്റെയും നൂതനസംരഭങ്ങളുടെയും ഒരു ലോകത്തിൽ ധനികരും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷരാകാം എന്നതാണ് ഇത് കാണിക്കുന്നത്. സാധാരണക്കാരേക്കാൾ എന്തുകൊണ്ടും വിഭവശക്തിയുള്ള ധനികർ അധികാരത്തിലിരിക്കുന്നവരുടെ വാലാട്ടിപ്പട്ടികളായാൽ ജനാധിപത്യം അപകടത്തിലാകും. ഇന്ത്യയിൽ അതാണ് സംഭവിക്കുന്നത്. ധനികർക്കും അധികാരത്തിലിരിക്കുന്നവർക്കെതിരെ ജനാധിപത്യത്തിനായി നിവർന്നുനിൽക്കാമെന്ന് ബെസോസിനെപ്പോലുള്ളവർ കാണിച്ചുതരുന്നു. അയാളുടെ സമ്പത്തിനെക്കുറിച്ചും മുതലാളിത്തത്തിന്റെ അന്യായമായ മത്സരരീതികളെക്കുറിച്ചുമുള്ള ചർച്ചകൾ മറ്റൊരു അവസരത്തിൽ നടത്തേണ്ടതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍