UPDATES

ട്രെന്‍ഡിങ്ങ്

മോദി ശരിക്കും മുഴുവന്‍ ഇന്ത്യയുടേയും പ്രധാനമന്ത്രിയാണോ? കോടതികള്‍ക്ക് ഓര്‍മിപ്പിക്കേണ്ടി വരുന്നത്

ഭരണകര്‍ത്താക്കളോട് കോടതി തന്നെ അവരുടെ ഭരണഘടനാ ഉത്തരവാദിത്തങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ഒരു പ്രധാനമന്ത്രിയോട്, പറയേണ്ടി വരുന്നത് അത്ര ചെറിയ കാര്യമായിരുന്നില്ല

National integration and law and order are above everything. We are one nation, not a party nation. Politicians need to understand that the nation is one. It is the Prime Minister of India, not BJP. It is the Chief Minister of the state, not BJP. You are Additional Solicitor General of India, not of any party”: ശനിയാഴ്ച ഹരിയാന-പഞ്ചാബ് ഹൈക്കോടതി പറഞ്ഞ വാക്കുകള്‍.

ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നാം കരുതുക ഡല്‍ഹിയിലും സംസ്ഥാന ഭരണകൂടങ്ങളുടേയും തലപ്പത്തിരിക്കുന്നവരുടെ ചെവികളില്‍ ഇത് ഉച്ചത്തില്‍ ആഞ്ഞടിക്കുമെന്നും അതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമെന്നുമാണ്. ഭരണകര്‍ത്താക്കളോട് കോടതി തന്നെ അവരുടെ ഭരണഘടനാ ഉത്തരവാദിത്തങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ഒരു പ്രധാനമന്ത്രിയോട്, പറയേണ്ടി വരുന്നത് അത്ര ചെറിയ കാര്യമായിരുന്നില്ല. ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയില്‍ ഇന്ത്യ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്ന നടപടികള്‍ കണ്ട് ഭരണഘടനയെ മാനിക്കൂ എന്ന് കോടതിക്ക് തന്നെ പറയേണ്ടി വന്നത് അക്ഷരംപ്രതി നടപ്പാകും എന്നാണ് നമ്മള്‍ കരുതിയത്.

നഷ്ടപ്പെട്ട ഒരു ഇന്ത്യയെക്കുറിച്ചുള്ള ഒരു വേവലാതിയല്ല നമ്മള്‍ പങ്കുവയ്ക്കുന്നത്. മറിച്ച് ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കേണ്ടവര്‍ തന്നെ അതിന്റെ അടിത്തറ മാന്തുന്നത് കാണുമ്പോള്‍ ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരെപ്പോലെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ആശങ്കകളാണ്.

ഇനി മറ്റൊരു പ്രസ്താവന കേള്‍ക്കൂ: “നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. കുറ്റക്കാരെ ശിക്ഷിക്കും. വിശ്വാസത്തിന്റെ പേരില്‍ അക്രമം അനുവദിക്കില്ല. ഉത്സവങ്ങളുടെ കാലത്ത് അക്രമത്തിന് സ്ഥാനമില്ല. ബുദ്ധന്റേയും മഹാത്മാ ഗാന്ധിയുടേയും നാട് സമാധാനത്തിന്റേതാണ്. അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടന എല്ലാവര്‍ക്കും നീതിയും പ്രശ്‌നപരിഹാരവുമാണ് വാഗ്ദാനം ചെയ്യുന്നത്“- പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞതാണിത്.

ഇനി ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവച്ച് വായിച്ചു നോക്കുക. മോദി പറഞ്ഞതില്‍ രണ്ട് കാര്യങ്ങളുണ്ട്. വിശ്വാസത്തിന്റെ പേരില്‍ അക്രമം അനുവദിക്കില്ല, അംബേദ്ക്കര്‍ തയാറക്കിയ ഭരണഘടന. അങ്ങനെയെങ്കില്‍ 2002-ലെ ഗുജറാത്ത് കൂട്ടക്കൊല എന്തിനു വേണ്ടിയായിരുന്നു എന്ന് നമുക്ക് ചോദിക്കേണ്ടി വരും. 1991-ല്‍ ബാബറി മസ്ജിദ് പൊളിച്ചതും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതും വിശ്വാസത്തിന്റെ പേരിലായിരുന്നില്ലേ എന്നും പ്രധാനമന്ത്രി കൂടി അംഗമായ ആര്‍.എസ്.എസിന് ഇതിലൊക്കെയുള്ള പങ്ക് എന്താണെന്നും ചോദിക്കേണ്ടി വരും. പ്രധാനമന്ത്രിയായതിനു ശേഷം മോദി മാറിയെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ അദ്ദേഹം അധികാരമേറ്റതിനു ശേഷം നടന്നിട്ടുള്ള ആള്‍ക്കൂട്ട കൊലകള്‍, പശുവിന്റെ പേരില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ 30-ലേറെ വരും. ഇന്നലെയാണ് ബംഗാളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടത്. രജൗറിയില്‍ 70 വയസുള്ള വൃദ്ധനെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ മൃതപ്രായനാക്കിയത്. അപ്പോള്‍ ഇതൊന്നും വിശ്വാസത്തിന്റെ പേരിലായിരുന്നില്ലേ എന്നും നമുക്ക് ചോദിക്കേണ്ടി വരും.

അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടന എല്ലാവര്‍ക്കും നീതിയും പ്രശ്‌നപരിഹാരവും വാഗ്ദാനം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിന് ഏതാനും ദിവസം മുമ്പ് സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്ര പ്രസിദ്ധമായ ആ വിധി, സ്വകാര്യത മൗലികാവകാശമാണെന്ന ആ വിധിയെക്കുറിച്ച് അദ്ദേഹം അറിയാതെയായിരിക്കില്ല. കോടതിയില്‍ നടന്ന വാദത്തിനിടയില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വാദിച്ചത് സ്വകാര്യത മൗലികാവകാശമായി കണക്കാക്കാന്‍ കഴിയില്ല എന്നും സാമൂഹ്യക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ അവര്‍ ചിലത് ത്യജിച്ചേ പറ്റൂ എന്നുമാണ്. എന്നാല്‍ കോടതി വിധി പുറത്തു വന്നയുടനെ അദ്ദേഹത്തിന്റെ മന്ത്രിമാര്‍ പ്രസ്താവിച്ചത് എല്ലാം തങ്ങള്‍ പറഞ്ഞതു തന്നെയാണ് കോടതി വിധിയിലും ഉള്ളതെന്നാണ്. അങ്ങനെയെങ്കില്‍ പേര്‍ട്ടുഗലിലെ കാട്ടുതീയെക്കുറിച്ച് വരെ ഉടന്‍ ട്വീറ്റ് ചെയ്യുന്ന പ്രധാനമന്ത്രി അതറിയാതെ പോയതാവില്ലല്ലോ? മന്‍ കി ബാത്തിലും ഇത് സ്ഥാനം പിടിക്കാതെ പോയത് എന്തുകൊണ്ടാവാം? അതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിലുണ്ടായ മുത്തലാഖ് വിധി വന്നയുടന്‍ തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നല്ലോ? എന്തായിരുന്നു അതിന്റെ കാരണം?

അപ്പോള്‍ കോടതി എന്തു പറഞ്ഞു എന്നതല്ല, ഭരണഘടന എന്തു പറയുന്നു എന്നതല്ല, മറിച്ച് കോടതി തന്നെ ചൂണ്ടിക്കാണിച്ചതു പോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനുള്ള കാര്യങ്ങള്‍ മാത്രമാണ് ഹരിയാനയില്‍ നടന്നത് എന്നത് സമ്മതിക്കേണ്ടി വരും. കുറ്റവാളികള്‍ രക്ഷപെടില്ലെന്നും വിശ്വാസത്തിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്നും പ്രസ്താവിച്ചതു വഴി ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെ മോദി രക്ഷിച്ചെടുക്കുകയാണ് ചെയ്തത് എന്നതാണ് നമുക്ക് മനസിലാക്കാന്‍ കഴിയുക. ഇത്ര രൂക്ഷമായ പ്രതികരണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഭരണഘടനയെ ചൂണ്ടിക്കാട്ടി തന്നെയുള്ളതായിരുന്നു. എന്നാല്‍ നമ്മള്‍ നേരത്തെ പറഞ്ഞതു പോലെ, ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളാണ് പറയുന്നത്, ഈ രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കൂ എന്ന്. അപ്പോള്‍ മോദി ഭരണഘടനയെക്കുറിച്ച് പറയേണ്ടതും ചോദിക്കേണ്ടതും സ്വയവും ഒപ്പം തന്റെ ഭരണകൂടത്തോടും, കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ പേരില്‍ മനുഷ്യരെ കൊല്ലാന്‍ നടക്കുന്ന അക്രമി സംഘങ്ങളെ വളര്‍ത്തുന്ന സ്വന്തം പ്രസ്ഥാനത്തോടുമാണ്. അതുകൊണ്ട് മഹത്തായ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യ എന്ന റിപ്പബ്ലിക്കിനെ അത് സംരക്ഷിക്കേണ്ടവര്‍ തന്നെ നശിപ്പിക്കുന്നത് എന്ന കാര്യത്തില്‍ ആത്മപരിശോധനയാണ് വേണ്ടത് എന്നര്‍ത്ഥം.

എന്താണ് ശരിക്കും ഹരിയാനയില്‍ നടന്നത്?
ഗുര്‍മീത് റാം റഹീം കുറ്റക്കാരന്നെ വിധി വന്നതിന്റെ തൊട്ടുപിന്നാലെ ഹരിയാനയില്‍ നടന്ന വ്യാപക അക്രമങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നു എന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മനസിലാക്കേണ്ട ഒരു കാര്യം അയല്‍ സംസ്ഥാനമായ പഞ്ചാബില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്. ദേര സച്ച സൗദയ്ക്ക് ഹരിയാനയിലെ പോലെ തന്നെ പിന്തുണക്കാരുള്ള സംസ്ഥാനമാണ് പഞ്ചാബും. സ്ഥിതിഗതികളെ നേരിടാന്‍ പഞ്ചാബ് പോലീസ് സജ്ജമായിരുന്നു എന്നും നേരത്തെ തന്നെ ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ അവര്‍ നല്‍കിയിരുന്നു എന്നുമാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. അതില്‍ രാഷ്ട്രീയവും ഇല്ലാതില്ല. കാരണം, ഉന്നത ജാതിക്കാരും ജാട്ടുകളും നിറഞ്ഞു നില്‍ക്കുന്ന സിഖ് രാഷ്ട്രീയത്തില്‍ ദളിതരും പിന്നോക്കക്കാരും പിന്തുണയ്ക്കുന്ന ദേര സച്ച സൗദയ്ക്ക് അല്‍പ്പം പോലും ഇടം കൊടുക്കരുത് എന്ന രാഷ്ട്രീയമാണത്: അവരുടെ വോട്ടുകള്‍ക്കായി പലപ്പോഴും റാം റഹീമിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും. ജാട്ട് സിഖാണ് റാം റഹീമെങ്കിലും ദേര സച്ച സൗദയില്‍ വിശ്വസിക്കുന്ന അഞ്ചു കോടിയോളം വരുന്ന അനുയായികളില്‍ ഭൂരിപക്ഷവും ദളിതരും പിന്നോക്കക്കാരുമാണ്.

പക്ഷേ, ഹരിയാനയില്‍ അതായിരുന്നില്ല സ്ഥിതി. ബലാത്സംഗം ചെയ്തുവെന്ന് കോടതി കണ്ടെത്തിയ റാം റഹീം വെറുമൊരു കുറ്റവാളിയല്ല അവിടെ. അദ്ദേഹം ഹരിയാനയില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ പിന്തുണക്കാരില്‍ ഒരാളാണ്. മോദി അദ്ദേഹത്തെ പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. അമിത് ഷാ പിന്തുണ തേടി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഖട്ടറും അദ്ദേഹത്തിന്റെ മന്ത്രിമാരും റാം റഹീം പറയുന്നിടത്തു ചെല്ലുമായിരുന്നു- അതാണ് വ്യത്യാസം. അതു കോടതിക്കും മനസിലായി എന്നതു കൊണ്ടായിരിക്കണം, അവര്‍ ഭരണഘടനാ ദൗത്യങ്ങളെ കുറിച്ച്, പ്രധാനമന്ത്രി ബി.ജെ.പിയുടെയല്ല, രാജ്യത്തിന്റെയാണെന്ന് ഓര്‍മിപ്പിക്കേണ്ടി വന്നത്.

മോദി ശരിക്കും മുഴുവന്‍ ഇന്ത്യയുടേയും പ്രധാനമന്ത്രിയാണോ?
ശനിയാഴ്ച, ഹരിയാനയില്‍ നിന്ന് ഏറെയകലെയൊന്നുമല്ലാത്ത കാശ്മീരില്‍ ജനങ്ങള്‍ രാത്രി മുഴുവന്‍ പേടി കൊണ്ട് ഉണര്‍ന്നിരിക്കുകയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അതൊരു സാധാരണ ദിവസം മാത്രം. അന്നാണ് എട്ട് സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 10 പേര്‍ കാശ്മീരില്‍ കൊല്ലപ്പെട്ടത്. മോദി സര്‍ക്കാരിനു കീഴില്‍ അവര്‍ക്ക് അതും ഒരു സാധാരണ ദിവസം മാത്രം.

കാശ്മീരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാനുമെന്ന്  നിശ്ചയിച്ചുറപ്പിച്ചുള്ള അന്തിമ പോരാട്ടത്തിലാണ് മോദി സര്‍ക്കാര്‍. എന്നാല്‍ അതിന്റെ ഫലം നേരെ എതിരാണ് എന്നതാണ് വാസ്തവം: കൂടുതല്‍ യുവാക്കള്‍ തീവ്രവാദത്തിലേക്ക് തിരിയുന്നു, കൊല്ലപ്പെടുന്ന തീവ്രവാദികളുടെ എണ്ണവും കൂടിവരുന്നു; സൈനികരുടെയും.

സമാധാനം എന്നത് കാശ്മീരികള്‍ക്ക് ഇന്നൊരു കിട്ടക്കാനിയാണ്. അതിനു പകരം ഭയത്തിന്റേയും അരക്ഷിതാവസ്ഥയുടേയും അക്രമത്തിന്റേയും ദിവസങ്ങളാണ് ഓരോ ദിവസവും. കാശ്മീരില്‍ ജോലി ചെയ്യുന്ന സുരക്ഷാ ഭടന്മാരുടെ വീടുകളിലേക്ക് അവരുടെ തുണിയില്‍ പൊതിഞ്ഞ ശരീരങ്ങളും കൂടുതലായി എത്തിച്ചേരുന്നു. 2017 കാശ്മീരിനെ സംബന്ധിച്ച് ഈ ദശകത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് എന്നതു കാണാം. കൊല്ലപ്പെടുന്ന സുരക്ഷാ ഭടന്മാരുടെ കാര്യവും ഇതു തന്നെ. പിതാവിനെ നഷ്ടപ്പെടുന്ന മക്കള്‍, ഭര്‍ത്താവിനെ നഷ്ടപ്പെടുന്ന ഭാര്യ, മകനെ നഷ്ടപ്പെടുന്ന മാതാപിതാക്കള്‍: ഈ യാഥാര്‍ത്ഥ്യവും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം.

കാശ്മീരില്‍ നടക്കുന്ന അക്രമങ്ങളുടേയും അതിക്രമങ്ങളുടേയും ഫലം രാജ്യത്തിന്റെ മറ്റു ഭാഗത്ത് കൊയ്യാന്‍ നടക്കുന്ന ബി.ജെ.പിയുടെ പ്രധാനമന്ത്രിയല്ല, മറിച്ച് സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കളെന്ന് ആരാണ് മോദിയോട് മുഖത്തു നോക്കി പറയുക?

ഇതുകൊണ്ടും തീര്‍ന്നിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് രണ്ട് ട്രെയിന്‍ അപകടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചത്. എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഇനി മുതല്‍ ആഭ്യന്തര സര്‍വീസുകളില്‍ പച്ചക്കറി ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചയാളാണ് ഇനി റെയില്‍വേ ബോര്‍ഡിനെ നന്നാക്കാന്‍ എത്തിയിരിക്കുന്നത്. അപകടങ്ങളെ തുടര്‍ന്ന് സുരേഷ് പ്രഭുവിന്റെ മുഖത്ത് രാജി എന്ന ധാര്‍മികത തെളിഞ്ഞെങ്കിലും മോദി അത് അംഗീകരിച്ചിട്ടുമില്ല.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കൂടി ഒന്നു പരിശോധിക്കാം. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കിയ അലയൊലികള്‍ ഇന്നും സമ്പദ്‌വ്യവസ്ഥയില്‍ നിന്നു മാറിയിട്ടില്ല. മറിച്ച് അടിത്തറ ഓരോന്നായി നിലംപൊത്തിക്കൊണ്ടിരിക്കുന്നു. ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം കറന്‍സി നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതും യാതൊരു മുന്നൊരുക്കവുമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതുമൊക്കെ ഒരു പരിഷ്‌കൃത രാജ്യത്തിന് ചേര്‍ന്നതാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജി.എസ്.ടിയുടെ പേരില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞു തരേണ്ട കാര്യവുമില്ല.

ഈ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനം എന്തെന്നാല്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം ആഭ്യന്തര വളര്‍ച്ച 6.1 ശതമാനമായി താഴ്ന്നു എന്നതാണ്. അതായത്, ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ചു നോക്കിയാല്‍ ഒരു ശതമാനം ഇടിവ്. ഒരു കടുത്ത സാമ്പത്തിക മാന്ദ്യം അടുത്തു തന്നെ രാജ്യം അനുഭവിക്കാന്‍ പോകുന്നു എന്നതാണ് സര്‍ക്കാരും ആര്‍.ബി.ഐയും നല്‍കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കും, പ്രത്യേകിച്ച് വളര്‍ന്നു വരുന്ന ഒരു സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ രാജ്യത്തെ തൊഴിലില്ലായ്മയുടെ കാര്യമെടുത്താല്‍. അതോ, ഈ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് മുഴുവന്‍ ഗോരക്ഷകരും സോഷ്യല്‍ മീഡിയയിലെ വിദ്വേഷ സംഘവുമായി ജോലി കൊടുക്കാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?

കേവലം 31 ശതമാനം മാത്രം ഇന്ത്യക്കാരുടെ വോട്ടു വാങ്ങി അധികാരത്തിലെത്തിയ ആളാണ് മോദി. എന്നാല്‍ തന്റെ ഉത്തരവാദിത്തം ഈ 31 ശതമാനത്തെ മാത്രം സേവിക്കലല്ല, മറിച്ച് ഇന്ത്യയെ മുഴുവന്‍ സേവിക്കലാണെന്ന് എന്നാണ് മോദി മനസിലാക്കുക? രാജ്യത്തിന്റെ മുഴുവനല്ല, മറിച്ച് ബി.ജെ.പിയുടെ മാത്രം പ്രധാനമന്ത്രിയായി അദ്ദേഹം എത്രകാലം തുടരും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍