UPDATES

ജസ്റ്റിസ് ചെലമേശ്വര്‍ ഡല്‍ഹി വിടുമ്പോള്‍

ജുഡീഷ്യറിയുടേയും അതുവഴി ജനാധിപത്യത്തിന്റേയും അന്ത:സത്ത സംരക്ഷിക്കാന്‍ മുന്നില്‍ നിന്നു കൊണ്ട് കഴിഞ്ഞ ഏഴു വര്‍ഷമായി ഈ നിയമവിശാരദന്‍ ദേശീയ തലസ്ഥാനത്ത് തലയുയര്‍ത്തിപ്പിടിച്ചു തന്നെ നിന്നു- എഡിറ്റോറിയല്‍

വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ ലൂട്യന്‍സ് ഡല്‍ഹി മേഖല ഒരു അസാധാരണ രംഗത്തിന് സാക്ഷ്യം വഹിച്ചു.

ഈ മേഖലയിലെ വലിയൊരു വീട്ടില്‍ താമസിച്ചിരുന്ന ഒരു ഭാര്യയും ഭര്‍ത്താവും അദ്ദേഹം ജോലിയില്‍ നിന്നു വിരമിക്കുന്ന അന്നു തന്നെ വീട് ഒഴിഞ്ഞ് തങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി.

സാധാരണ ഗതിയില്‍ ഈ മേഖലയില്‍ ഒരു വീട് ലഭിച്ചാല്‍ അവരെ അവിടെ നിന്ന് ഒഴിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. പല വീടുകളും ഈ രീതിയില്‍ പിതാവില്‍ നിന്ന് മകനിലേക്ക്, ഭര്‍ത്താവില്‍ നിന്ന് ഭാര്യയിലേക്ക് (തിരിച്ചും), കുടുംബങ്ങളില്‍ നിന്ന് കുടുംബങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അത് ഒഴിയാതിരിക്കാന്‍ അവര്‍ നിരവധി കാര്യങ്ങളും കണ്ടു പിടിച്ചിരിക്കും. 1975-ല്‍ അങ്ങനെയൊരു സ്ത്രീ വീട് ഒഴിയേണ്ടതില്ലെന്ന് തീരുമാനിച്ച ആ സമയത്തായിരുന്നു ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടത്.

എന്നാല്‍ ഇന്നലെ നാലാം നമ്പര്‍ തുഗ്ലക്ക് റോഡിലെ ആ വസതി ഏറെ പ്രസക്തമാകുന്നത് അതിലെ വ്യക്തികളെ കൊണ്ട് മാത്രമല്ല, മറിച്ച്, അവര്‍ ഇന്ത്യക്ക് മുന്നില്‍ വയ്ക്കുന്ന ആശയങ്ങളുടെ ദൃഡത കൊണ്ടു കൂടിയാണ്. അത്തരത്തിലുള്ള ആളുകള്‍ വല്ലപ്പോഴും മാത്രമേ ഉണ്ടാകാറുള്ളൂ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷകരായി അതിന്റെ മുകള്‍ത്തട്ടില്‍ എത്തുമ്പോഴും ചില രാഷ്ട്രീയക്കാരെപ്പോലെ അവിടെക്കിടന്ന് അട്ടഹസിക്കുകയോ  കള്ളക്കണ്ണീരൊഴുക്കുകയോ അല്ല അവര്‍ ചെയ്യുന്നത്.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ഇന്നലെ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞ് വീട്ടിലേക്ക് വിമാനം പിടിക്കും മുമ്പ് താന്‍ അവശേഷിപ്പിച്ചു പോകുന്ന ചരിത്രപരമായ ഇടപെടലുകളെ കുറിച്ച് ചെറിയൊരു കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു: “എന്നെ ഏല്‍പ്പിച്ചിരുന്ന കര്‍ത്തവ്യം എന്റെ കഴിവിന്റെ പരമാവധിയില്‍ ചെയ്തു”.

ഓരോ ദിവസവും കൈകടത്തലുകള്‍ക്ക്, ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ സൂക്ഷിപ്പുകാരനായി, ജുഡീഷ്യറിയുടേയും അതുവഴി ജനാധിപത്യത്തിന്റേയും അന്ത:സത്ത സംരക്ഷിക്കാന്‍ മുന്നില്‍ നിന്നു കൊണ്ട് കഴിഞ്ഞ ഏഴു വര്‍ഷമായി ഈ നിയമവിശാരദന്‍ ദേശീയ തലസ്ഥാനത്ത് തലയുയര്‍ത്തിപ്പിടിച്ചു തന്നെ നിന്നു.

വീട് ഒഴിഞ്ഞതു കൂടാതെ താന്‍ പറഞ്ഞ വാക്ക് പാലിക്കുക കൂടിയാണ് അദ്ദേഹം ചെയ്തത്. അതായത്, വിരമിച്ചു കഴിഞ്ഞാല്‍ ഒരു ദിവസം പോലും ഡല്‍ഹിയില്‍ തുടരില്ല എന്നത്. ദി ഹിന്ദു ദിനപത്രത്തിന്റെ പ്രതിനിധി ഇന്നലെ ജസ്റ്റിസ് ചെലമേശ്വറിനെ ഫോണില്‍ വിളിക്കുമ്പോള്‍ അദ്ദേഹം അതിനകം തന്നെ നഗരം വിട്ടിരുന്നു. “ഞാനിപ്പോള്‍ ഹൈദരാബാദ് എയര്‍പോര്‍ട്ടിലാണ്. എന്റെ നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുന്നു”, ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് സുപ്രീം കോടതി ജസ്റ്റിസുമാര്‍ ജനുവരി 12-ന് പത്രസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതികളില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പുകള്‍ പരസ്യമാക്കിയത്. ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രീം കോടതി നിസഹായമായിരിക്കുന്ന അവസ്ഥ തന്നെയായിരുന്നു അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളതില്‍ പ്രധാനവും.

ഇന്നലെ നാട്ടിലേക്ക് തിരിക്കും മുമ്പ് ജസ്റ്റിസ് ചെലമേശ്വറിനെ കണ്ട ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം താന്‍ കടന്നു വന്ന വഴികള്‍ വിശദീകരിച്ചു. നാട്ടിന്‍ പുറത്തെ ചോര്‍ന്നൊലിക്കുന്നതോ ചിലപ്പോള്‍ മേല്‍ക്കുര തന്നെയോ ഇല്ലാത്ത താന്‍ പഠിച്ച സ്‌കൂളിനെ കുറിച്ച്, അങ്ങനെയുള്ള ദിവസങ്ങളില്‍ മഴക്കാലമായിരുന്നു തങ്ങളുടെ അവധികള്‍ തീരുമാനിച്ചിരുന്നത് എന്നതിനെ കുറിച്ച് ഒക്കെ. ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടിയ ഒരു പ്രധാന കാര്യം, എങ്ങനെയാണ് യാതൊരു അനുകൂല സാഹചര്യങ്ങളുമില്ലാതെ വളര്‍ന്നു വരുന്ന ഒരു ഇന്ത്യന്‍ പൗരന്‍ തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന്- തന്റെ സ്വന്തം ജീവിതം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അത് പറഞ്ഞത്.

അദ്ദേഹം ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്റെ സംഭാവനകളാകട്ടെ, അടുത്ത കാലത്തൊന്നും വിസ്മരിച്ചു പോകാനും സാധ്യമല്ലാത്തതും. ഒരു ജഡ്ജിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലാണെങ്കിലും ഒഴിവാക്കുന്ന കാര്യത്തിലാണെങ്കിലും കൊളീജിയം അക്കാര്യം രേഖാമൂലം രേഖപ്പെടുത്തിയിരിക്കണം എന്ന് ആവശ്യപ്പെട്ടത് അദ്ദേഹമാണ്. ജഡ്ജിമാര്‍ തന്നെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിനു പകരം സര്‍ക്കാര്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ്‌സ് കമ്മീഷന്‍ (NJAC) കൊണ്ടു വന്നപ്പോള്‍ അത് റദ്ദാക്കിയ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ ഏക എതിര്‍സ്വരം ജസ്റ്റിസ് ചെലമേശ്വറിന്റേതായിരുന്നു.

ജഡ്ജിമാരെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ സര്‍ക്കാരിനെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്നത് ജനാധിപത്യ തത്വങ്ങള്‍ അനുസരിച്ച് ശരിയായ നടപടിയല്ല എന്നു ചൂണ്ടിക്കാട്ടിയായയിരുന്നു അദ്ദേഹം NJAC-യുടെ സാംഗത്യം ശരിവച്ചത്. തന്റെ വിയോജനക്കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതി: “ഭരണഘടനാപരമായ ഭരണനിര്‍വഹത്തില്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ് സുതാര്യത. വിവേചനബോധത്തിന്റെ ഒരു ഭാഗം തന്നെയാണ് ആ സുതാര്യത. നിയമന കാര്യങ്ങളിലാകുമ്പോള്‍ ആ സുതാര്യതയുടെ കാര്യം കൂടുതല്‍ പ്രസക്തമാണ്. കൊളീജിയത്തിലെ നടപടി ക്രമങ്ങള്‍ ഏറെ ദുര്‍ഗ്രഹവും അതില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിനോ പിന്നീട് ചരിത്രത്തിനോ യാതൊരു പിടിയുമില്ല, ഇടയ്ക്ക് ചില വിവരങ്ങള്‍ ചോര്‍ന്ന് പുറത്തു വരുന്നു എന്നല്ലാതെ”.

മറ്റൊരു മനുഷ്യന്‍, മറ്റൊരു സമയം

ഇന്നലെ ജസ്റ്റിസ് ചെലമേശ്വര്‍ വീടൊഴിഞ്ഞു പോകുന്നത് മറ്റു ചിലരുടെ കാര്യങ്ങളും ഓര്‍മിപ്പിക്കുന്നതായിരുന്നു. ജനാധിപത്യത്തെ അതിന്റെ അന്ത:സത്തയില്‍ നിലനിര്‍ത്തുന്നതിന് തങ്ങളാലാവുന്ന സംഭാവനകള്‍ നല്‍കിയ, വിരമിച്ച അന്നു തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞ മറ്റൊരാള്‍. 2004-ലായിരുന്നു അത്.

ആറു ബാഗുകള്‍, ഏതാനും പുസ്തകങ്ങള്‍, ഒരു ചെറിയ പായ്ക്കറ്റ് ബ്രെഡ്, കുറച്ച് ആപ്പിളുകള്‍, ഒരു തൊപ്പി, മൂന്ന് വളര്‍ത്തു നായ്കള്‍, തന്റെ പുതിയ ടൊയോട്ട ക്വാളിസ് കാറില്‍ വീടിനു പുറത്തേക്ക് ഇറങ്ങിക്കൊണ്ട് ജയിംസ് മൈക്കല്‍ ലിംഗ്‌തോ എന്ന ജെ.എം ലിംഗ്‌തോ അന്ന് ഇങ്ങനെ പറഞ്ഞു: “ഒരിക്കലും ഇവിടെ ചുറ്റിത്തിരിയരുത്”.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കുമ്പോള്‍ ലിംഗ്‌തോ മുറുകെപ്പിടിച്ച ഏക കാര്യം ഭരണഘടനയായിരുന്നു. അത് രാഷ്ട്രീയക്കാര്‍ രൂക്ഷമായ എതിര്‍പ്പുകളുമായി രംഗത്തു വന്നപ്പോഴും അദ്ദേഹത്തെ ‘സമൂഹത്തിലെ ക്യാന്‍സര്‍’ എന്നു വിശേഷിപ്പിച്ചപ്പോഴും നിലപാടില്‍ മാറ്റമില്ലാതെ ലിംഗ്‌തോ നിന്നു.

ഗുജറാത്ത് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലാണ് അന്ന് ആക്രമിച്ചത്.

അന്ന് വഡോദരയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ മോദി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ വിശേഷിപ്പിച്ചത് ‘ഇറ്റാലിയന്‍’ എന്നാണ്. ഒപ്പം, ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനുള്ള കാരണമായി ആരോപിച്ചത് ലിംഗ്‌തോ ക്രിസ്ത്യാനിയായതു കൊണ്ടാണെന്നും.

മോദി ഇങ്ങനെ പറഞ്ഞു: “അടുത്തിടെ ചില പത്രക്കാര്‍ എന്നോടു ചോദിച്ചു. ‘ഈ ജയിംസ് മൈക്കല്‍ ലിംഗ്‌തോ ഇറ്റലിയില്‍ നിന്നു വന്നതാണോ’ എന്ന്. ഞാന്‍ പറഞ്ഞു, ‘എനിക്കയാളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഒന്നും അറിയില്ല. ഞാനിക്കാര്യം രാജീവ് ഗാന്ധിയോട് ചോദിക്കാം’. അപ്പോള്‍ പത്രക്കാര്‍ ചോദിച്ചു, ‘അവര്‍ പള്ളിയില്‍ വച്ചാണോ കാണാറ്’? ഞാന്‍ പറഞ്ഞു, ‘ആയിരിക്കാന്‍ സാധ്യതയുണ്ട്”.

ഇക്കാര്യം അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടേയും മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയുടേയും മുമ്പാകെ എത്തി. വാജ്‌പേയി യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള മോദിയുടെ ഇത്തരം ഒട്ടും മാന്യമല്ലാത്തതും കുത്തുവാക്കുകള്‍ നിറഞ്ഞതുമായ വാക്കുകള്‍ക്കെതിരെ ഒരു പ്രസ്താവന തന്നെ പുറത്തിറക്കി.

ലിംഗ്‌തോ ഇന്ന് ഹൈദരാബാദിനു പുറത്ത് വിശ്രമജീവിതം നയിക്കുകയാണ്. ജസ്റ്റിസ് ചെലമേശ്വറിന്റെ ഗ്രാമത്തില്‍ നിന്ന് ഏറെ ദൂരെയല്ലാതെ തന്നെ. ചിലപ്പോള്‍ അവര്‍ കൂടിക്കണ്ടേക്കാം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അവര്‍ കുറിപ്പുകള്‍ കൈമാറിയേക്കാം. എന്നാല്‍ സംശയത്തിനിടയില്ലാതെ പറയാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്, തങ്ങളുടെയൊക്കെ ഇത്രയധികം ശ്രമങ്ങളുണ്ടായിട്ടും സ്ഥാപനവത്കൃതമായ സംവിധാനം ഇപ്പോഴും നിലനില്‍ക്കുമ്പോഴും തീരുമാനിച്ചുറപ്പിച്ചിറങ്ങിയിരിക്കുന്ന ഒരു വ്യക്തിക്ക് ജനാധിപത്യത്തില്‍ ഏറെക്കാലത്തേക്ക് നീണ്ടു നില്‍ക്കുന്ന ഇത്രയേറെ ദുരന്തങ്ങള്‍ വിതയ്ക്കാന്‍ കഴിയും എന്ന യാഥാര്‍ത്ഥ്യം ഒരു പക്ഷേ അവരെ അമ്പരപ്പിച്ചേക്കാം എന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബാക്കി വയ്ക്കുന്നത്

മിക്ക സ്ഥാപനങ്ങളുടെയും അടിവേരിളക്കി; അടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്; ഒപ്പം ജനാധിപത്യവും

ജനാധിപത്യത്തിന്റെ അവസാന തുരുത്താണ്; വിശ്വാസ്യത തിരിച്ചുപിടിച്ചേ തീരൂ

ജുഡീഷ്യറിയോട് ജനാധിപത്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയ ആ നാലുപേരെക്കുറിച്ച്‌

നമ്മുടെ രാജ്യം എത്തി നില്‍ക്കുന്ന അവസ്ഥ!

ശേഷന്‍ ഇന്നൊരു വൃദ്ധസദനത്തിലാണ്; വിചാരണ പോലുമില്ലാതെയാണ് ജനാധിപത്യത്തെ നിങ്ങള്‍ തൂക്കിലേറ്റിയത്, തെരഞ്ഞെടുപ്പ് കമ്മീഷന്‍

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍