UPDATES

ഇത് വഞ്ചനയല്ലെങ്കില്‍ പിന്നെന്താണ്? എല്‍ഐസി നിക്ഷേപകരുടെ പണവും ഇനി സമ്പന്നവര്‍ഗത്തിന്

വളരെ മതിപ്പുളവാക്കുന്ന ഒരു ബാലന്‍സ് ഷീറ്റാണ് എല്‍ഐസിക്കുള്ളതും-ആകെ സ്വത്ത് 30 ലക്ഷം കോടി രൂപയുടേത്.

ഇന്ത്യ പോലെ ഒരു സാധാരണമായ ഒരു വികസ്വര രാജ്യത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. അവിടെ സാമൂഹ്യ സുരക്ഷയില്ല, സര്‍ക്കാര്‍ നല്‍കുന്ന ആശ്വാസ പെന്‍ഷനോ ആരോഗ്യ ഇന്‍ഷ്വറന്‍സോ ഇല്ല, വരുമാനമുള്ള ഏക ആള്‍ പെട്ടെന്നു മരിച്ചാല്‍ ആ കുടുംബത്തെ നോക്കാനും ആരുമുണ്ടാകില്ല. നിരവധി പേരാണ് വിവിധ കാരണങ്ങള്‍ മൂലം ഓരോ ദിവസവും മരിക്കുന്നത്, അല്ലെങ്കില്‍ കൊല്ലപ്പെടുന്നത്- നമ്മുടെ റോഡുകളിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും ചെറിയ ചെറിയ വഴക്കുകളെ തുടര്‍ന്നും വ്യാജ ഏറ്റുമുട്ടലുകളിലും അസുഖം മൂലവും ഒക്കെയായി നിരവധി പേര്‍.

യാഥാര്‍ത്ഥ്യങ്ങള്‍ ഇത്ര രൂക്ഷമാണെന്നിരിക്കെ അവിടുത്തെ സാധാരണ ജനങ്ങള്‍- കൂടുതലും മധ്യവര്‍ഗങ്ങള്‍, സമ്പന്നരുടെ കാര്യമല്ല- ആശ്രയിക്കുന്നത് അവരുടെ ചെറിയ വരുമാനം കൂട്ടിവച്ച് എടുക്കുന്ന ഇന്‍ഷ്വറന്‍സ് പോളിസികളെയാണ്; അത് പെട്ടെന്നുണ്ടാകുന്ന ഏതൊരു ദുരന്തത്തിലും തങ്ങളുടെ കുടുംബത്തിന് ആശ്രയമായിരിക്കും കരുതുന്നവരാണവര്‍. ആ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ പരിരക്ഷയുണ്ട്; അതൊരിക്കലും പരാജയപ്പെടില്ല എന്നു തന്നെ ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ നാലിലൊന്ന് ജനങ്ങളെങ്കിലും ജീവിക്കുന്നത് ഈ ഇന്‍ഷ്വറന്‍സ് നല്‍കുന്ന ഉറപ്പിന്റെ മേലാണ്.

ഈ രാജ്യത്തൊരു സര്‍ക്കാരുണ്ട്. പൊതുമേഖലാ ബാങ്കുകളില്‍ നടക്കുന്ന കൊള്ളക്കൊടുക്കലുകള്‍ അവസാനിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത, രാജ്യത്തെ സമ്പദ്‌രംഗം പൂര്‍ണമായി തകര്‍ച്ചയിലെത്തിച്ചതിന് ഉത്തരവാദികളായ ഒരു ഭരണകൂടം. ആ സര്‍ക്കാരിന് അതിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി വില്‍ക്കണം, പക്ഷേ വാങ്ങാന്‍ ആളില്ല. ഓഹരി വിറ്റഴിക്കലുകളിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന കാര്യങ്ങളൊന്നും നടപ്പാകുന്നില്ല. സര്‍ക്കാര്‍ ഖജനാവ് ഓരോ ദിവസവും ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സമ്പന്നവര്‍ഗമാകട്ടെ, യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ സ്വന്തമാക്കുന്നു, മിക്കവരും അത് തിരിച്ചടയ്ക്കാതെ രാജ്യം തന്നെ വിട്ടുപോകുന്നു, സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു.

മിക്ക ബാങ്കുകളും, അതിലൊരു ബാങ്കിനെ തത്കാലം X എന്നു വിളിക്കാം, രാജ്യത്തെ സമ്പന്ന വര്‍ഗത്തിന് ഏറ്റവും എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാകുന്ന ബാങ്ക് എന്നാണ് അതിന്റെ വിളിപ്പേര് തന്നെ. അവിടെ നിന്ന് അടുത്തിടെ ഒരു വന്‍ വായ്പ ലഭിച്ചവരിലൊരാള്‍ ശക്തനായ ഒരു കേന്ദ്രമന്ത്രിയും അയാളുടെ കുടുംബവുമാണ്. ആ ബാങ്കു തന്നെ തകര്‍ന്നു പോയേക്കാം.

നമ്മള്‍ ആ മുകളില്‍ ചൂണ്ടിക്കാണിച്ച സാധാരണ മനുഷ്യര്‍ അവരുടെ മുഴുവന്‍ ജീവിതത്തിന്റേയും പ്രതീക്ഷയെന്ന നിലയില്‍ നിക്ഷേപിച്ചിട്ടുള്ള ഇന്‍ഷ്വറന്‍സ് പണമാണ് തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന, ഒരു വിധത്തിലും ശരിയാക്കി എടുക്കാന്‍ കഴിയാത്ത ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. അതായത്, സമ്പന്നര്‍ തേച്ചുമുടിച്ച ഒരു ബാങ്കിനെയും അവിടുത്തെ ഉദ്യോഗസ്ഥരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനായി പാവപ്പെട്ടവര്‍ നിക്ഷേപിക്കുന്ന ചില്ലറകള്‍ പെറുക്കിക്കൂട്ടി കൊടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.

ഇത് നമ്മെ ഓരോരുത്തരേയും ബാധിക്കുന്ന പ്രശ്‌നമാണ്. അതായത്, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ എന്ന എല്‍ഐസിയില്‍ നിന്ന് പോളിസി എടുത്തിട്ടുള്ള 25 കോടിയിലധികം വരുന്ന ഇന്ത്യക്കാരെ ബാധിക്കുന്ന കാര്യം. ഇന്ന് രാജ്യത്തെ ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന ബാങ്കായ ഐഡിബിഐ ബാങ്കിനെ രക്ഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗമാണിത്.

വെള്ളിയാഴ്ച ഇന്‍ഷ്വറന്‍സ് റെഗലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) എടുത്ത തീരുമാനം എല്‍ഐസി പോളിസി ഉടമകളെ വഞ്ചിക്കുന്നതു മാത്രമല്ല, പൊതുജനത്തിന്റെ താത്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനം കഴിവുകെട്ടതും ദീര്‍ഘവീക്ഷണമില്ലാത്തതുമായ ഒരു സര്‍ക്കാരിന്റെ കൈയിലെ റബര്‍ സ്റ്റാമ്പായി മാറുക കൂടിയാണ് ചെയ്തിട്ടുള്ളത്.

ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിട്ടുള്ളവരുടെ താത്പര്യം സംരക്ഷിക്കുക എന്നതാണ് IRDAI-യുടെ ജോലി. എന്നാല്‍ ഇന്നലെയുണ്ടായ തീരുമാനം, രാജ്യത്തെ മുഴുവന്‍ ഇന്‍സ്റ്റിറ്റ്യൂഷനുകളുടേയും അടിവേരറത്തുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന്റെ ഒടുവിലുത്തെ തീരുമാനത്തിന് പരവതാനി വിരിക്കുന്നതായി പോയി.

വെള്ളിയാഴ്ചയുണ്ടായ IRDAI-യുടെ തീരുമാനമനുസരിച്ച് ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം എല്‍ഐസിക്ക് വന്നു ചേരും. അതായത്, കടക്കെണിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഇനി എല്‍ഐസിയുടെ ഭാഗമാകും.

എന്താണ് IRDAI തീരുമാനിച്ചത്? അതായത്, ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയും മറ്റേതെങ്കിലും കമ്പനിയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്ന അതിന്റെ തന്നെ ചട്ടം മറികടക്കുകയാണ് അവര്‍ ഇന്നലെ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി കമ്പനികളില്‍ 15 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കാന്‍ എല്‍ഐസിക്ക് മാത്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയുണ്ടായ തീരുമാനമാകട്ടെ, കൂട്ടായ കൊള്ളയടിയും വഞ്ചനയും മാത്രമാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിനുണ്ടായിരുന്ന ഓഹരി 80.96 ശതമാനവും എല്‍ഐസിക്ക് ഉണ്ടായിരുന്നത് 10.8 ശതമാനവുമാണ്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മെയില്‍ 7,881 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുകയും അതുവഴി ഐഡിബിഐയിലെ ഓഹരി 85.96 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

ഐഡിബിഐയുടെ ഓഹരി ഏറ്റെടുക്കാനുള്ള തീരുമാനം എല്‍ഐസി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള കര്‍ശനവും പ്രഖ്യാപിതവുമായ നിലപാടുകളുടെ ലംഘനമാണ്. റിസര്‍വ് ബാങ്കിന്റെ Prompt Corrective Action പദ്ധതി അനുസരിച്ചും കടക്കെണിയിലായ പൊതുമേഖലാ ബാങ്കുകളിലെ ഓഹരി നിക്ഷേപങ്ങളില്‍ കുറവു വരുത്തണമെന്നുമുള്ള തീരുമാനത്തെയാണ് എല്‍ഐസി ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്. അതായത്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, കോര്‍പറേഷന്‍ ബാങ്ക്, ദേനാ ബാങ്ക് തുടങ്ങിയവയിലെ ഓഹരികള്‍ കുറയ്ക്കാന്‍ എടുത്ത തീരുമാനത്തിന്റെ ലംഘനം.

ഇപ്പോള്‍ എല്‍ഐസി ഉപഭോക്താക്കളോട് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഈ നയം ഇത്തരത്തിലുള്ള ആദ്യത്തേത് അല്ല എന്നും കാണാം. മുമ്പും, ഇത്തരത്തിലുള്ള തങ്ങളുടെ ക്രമേക്കടുകള്‍ മറയ്ക്കാനും മറ്റുമായി പാവപ്പെട്ടവരുടെ, എന്നാല്‍ അധികമാരും ചോദ്യം ചെയ്യാന്‍ വരാത്ത ഈ പണം സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ട്.

എല്‍ഐസിയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാട് നിര്‍ദ്ദയമാണ് എന്നും കാണാം. എന്നൊക്കെ തങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ക്ക് തടസം നേരിടൂന്നോ അപ്പോഴൊക്കെ എല്‍ഐസിയെ ഒരു നിക്ഷേപകരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ടു വര്‍ഷം മുമ്പ് പല പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പാ തട്ടിപ്പുകളുടേയും കിട്ടാക്കടങ്ങളുടേയും വാര്‍ത്തകള്‍ പുറത്തു വരുന്നതിന് തൊട്ടുമുമ്പ് മിക്ക പൊതുമേഖലാ ബാങ്കുകളുടേയും 10 ശതമാനം മുതല്‍ 14 ശതമാനം വരെ ഓഹരികള്‍ സര്‍ക്കാര്‍ എല്‍ഐസിയെക്കൊണ്ട് എടുപ്പിച്ചിരുന്നു. മാത്രമല്ല, റെയില്‍വേയ്ക്ക് ഉദാരമായി, എന്നാല്‍ ഏറെ സംശയാസ്പദമായ രീതിയില്‍ വായ്പ അനുവദിപ്പിക്കുക, ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന ബോണ്ടുകളൂടെ വരിക്കാരാക്കുക, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് നിക്ഷേപം നടത്തിക്കുക തുടങ്ങിയവും എല്‍ഐസിയെക്കൊണ്ട് സര്‍ക്കാര്‍ ചെയ്യിച്ചു പോന്നു.

നമ്മുടെ ഇന്‍ഷ്വറന്‍സ്, അവരുടെ പണം

ഇന്‍ഷ്വറന്‍സ് മേഖലയില്‍ രണ്ടു ദശകം മുമ്പ് സ്വകാര്യവത്ക്കരണം കൊണ്ടു വന്നു എങ്കിലും ആദ്യവര്‍ഷ പ്രീമിയം ശേഖരണത്തിന്റെ കണക്കെടുത്താല്‍ ഇന്‍ഷ്വറന്‍സ് വിപണിയില്‍ ഇന്നും 70 ശതമാനം കൈകാര്യം ചെയ്യുന്നത് എല്‍ഐസി തന്നെയാണ്.

25 കോടിയിലധികം ആളുകളുടെ ഇന്‍ഷ്വറന്‍സ് കരാറുകളും 30 കോടിയിലധികം ഇന്‍ഷ്വറന്‍സ് പോളിസികളും ഉള്ള സ്ഥാപമാണത്. ഓരോ വര്‍ഷവും പ്രീമിയം ഇനത്തില്‍ അത് മൂന്നു ലക്ഷം കോടി രൂപയലധികം വരുമാനം നേടുന്നു. ഓരോ വര്‍ഷവും രണ്ടു കോടിയിലധികം പോളിസികള്‍ പുതുതായി ചേര്‍ക്കുന്നു.

വളരെ മതിപ്പുളവാക്കുന്ന ഒരു ബാലന്‍സ് ഷീറ്റാണ് എല്‍ഐസിക്കുള്ളതും-ആകെ സ്വത്ത് 30 ലക്ഷം കോടി രൂപയുടേത്.

ഇതുമായി താരതമ്യപ്പെടുത്തിയാല്‍ ഐഡിബിഐ തകര്‍ന്നു തരിപ്പണമായ സ്ഥാപനമാണ്. 2017-ല്‍ ഈ ബാങ്കിന്റെ കിട്ടാക്കടം 44,753 കോടി രൂപയായിരുന്നു എങ്കില്‍ 2018 മാര്‍ച്ചില്‍ ഇത് 55,888 കോടി രൂപയായി വര്‍ധിച്ചു. അതിന്റെ വായ്പാ ഇനത്തിലെ 28 ശതമാനവും ഇത്തരത്തിലുള്ള NPA-യാണ്. ഏത് ഇന്ത്യന്‍ ബാങ്കിനെ വച്ച് നോക്കിയാലും ഏറ്റവുമധികം. അതിനൊപ്പമാണ് വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം നാള്‍ക്കു നാള്‍ പെരുകി വരുന്നതും.

2018 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഐഡിബിഐയുടെ നഷ്ടം 5,663 കോടി രൂപയായിരുന്നു. 2017-ല്‍ 3,200 കോടി രൂപയായിരുന്നതില്‍ നിന്ന് 77 ശതമാനം വര്‍ധിച്ചാണ് ഈ തുകയില്‍ എത്തിയത് എന്നോര്‍ക്കണം. ഈ ബാങ്കിനെ രക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ഇന്‍ഷ്വറന്‍സ് തുകകള്‍ നിക്ഷേപിച്ചിട്ടുള്ള എല്‍ഐസിയെ ആയുധമാക്കുന്നതും അതുവഴി വീണ്ടും കോടികള്‍ സമ്പന്ന വര്‍ഗത്തിനായി വായ്പാ ഇനത്തില്‍ തീറെഴുതാന്‍ തയാറെടുക്കുന്നതും.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

എസ്ബിഐയില്‍ എന്താണ് നടക്കുന്നത്?

വിജയ് മല്യയുടെ കടം എഴുതിത്തള്ളുന്ന ബാങ്ക് ലക്ഷംവീട് കോളനിയിലെ ഹമീദാ ബീവിയുടെ പെന്‍ഷന്‍ കാശ് കൊള്ളയടിക്കുന്നു

യുപിയിലെ റേഷന്‍ കടക്കാരില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ‘ഭരണകൂടത്തെ പിടിച്ചടക്കി’യവരിലേക്ക് വളര്‍ന്ന ഗുപ്ത കുടുംബം

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍