UPDATES

റാം മാധവിന്റെ ലൈംഗിക സിഡിയും നാഗാലാന്‍ഡിലെ നാടകീയ തെരഞ്ഞെടുപ്പ് പോരാട്ടവും

അക്രമങ്ങള്‍ തകര്‍ത്തിട്ടിരിക്കുന്ന നാഗാലാന്‍ഡില്‍ സമാധാനം കൊണ്ടു വരുന്ന കാര്യത്തില്‍ മാത്രം ആര്‍ക്കും വാഗ്ദാനങ്ങളൊന്നും നല്‍കാനില്ല

ദേശീയ രാഷ്ട്രീയത്തിന്റെ തിരക്കുകളില്‍ നിന്നകന്ന് രാജ്യത്തെ തന്നെ ഏറ്റവും നാടകീയമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു വടക്കു കിഴക്കന്‍ സംസ്ഥാനം വേദിയാവുകയാണ്. നാഗാലാന്‍ഡ്. ഒരുപക്ഷേ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനവും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള കാര്യങ്ങളാണ് അവിടെ നടക്കുന്നത്. ഈ മാസം 27-നാണ് അവിടെ തെരഞ്ഞെടുപ്പ്.

ജനുവരി ആദ്യം മാത്രം സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള www.thenewsjoint.com എന്ന പേരിലാരു വെബ്‌സൈറ്റ് ഒരാഴ്ച മുമ്പ് ഒരു സെന്‍സേഷണല്‍ വാര്‍ത്ത പുറത്തു വിട്ടു. സംസ്ഥാന തലസ്ഥാനമായ ദിമാപൂരിലെ ഒരു ഹോട്ടലില്‍ രണ്ട് നാഗാ സ്ത്രീകള്‍ക്കൊപ്പമുള്ള ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ ലൈംഗിക കേളികളുടെ ഒരു വീഡിയോ അവിടുത്തെ ഏറ്റവും ശക്തമായ ഒരു നാഗാ സായുധ സംഘത്തിന്റെ പക്കലുണ്ട് എന്നതായിരുന്നു അത്. വാര്‍ത്ത വന്‍ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ വെബ്‌സൈറ്റ് കിട്ടാതെയുമായി.

മുഖ്യമന്ത്രി ടി.ആര്‍ സെലിയാംഗിന്റെ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (NPF) അല്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇതിനു പിന്നിലെന്നായിരുന്നു ബിജെപിയുടെ സംശയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള റാം മാധവിനെ അപകീര്‍ത്തിപ്പെടുത്തുകയും അതുവഴി നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. സെലിയാംഗിന്റെ പാര്‍ട്ടിയുമായി വര്‍ഷങ്ങളായുണ്ടായിരുന്ന ബന്ധം ബിജെപി ഈയിടെ വേര്‍പ്പെടുത്തിയിരുന്നു.

എന്തായാലും വാര്‍ത്ത വന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. എന്നാല്‍ അതിനു ശേഷമായിരുന്നു കൂടുതല്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പിറ്റേന്ന് ദേശീയ സുരക്ഷാ ഏജന്‍സി (NIA) സെലിയാംഗിന്റെ മൂന്ന് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി: തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായിരുന്നു ഇത്.

NSCN (K), NSCN (IM) നാഗാ നാഷണല്‍ കൗണ്‍സില്‍ എന്നിവയുമായി ബന്ധപ്പെട്ട് 14 സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ ധനാപഹരണ കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

നാഗാ സമാധാനക്കാരാര്‍ ഒപ്പുവയ്ക്കുന്നതു വരെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന നാഗാ ഗ്രൂപ്പുകളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാനത്തുണ്ടാക്കിയത് വലിയ നാടകീയ സംഭവങ്ങളാണ്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സായുധകലാപത്തിന്റെ ഭാവി ഇനിയെന്തായിരിക്കും?

അധികാരക്കളികള്‍

2014-ല്‍ നെയ്ഫ്യൂ റിയോ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിലെ തന്നെ സെലിയാംഗ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്. 15 വര്‍ഷത്തോളമായി ബിജെപിയുമായി സഖ്യമുള്ള പാര്‍ട്ടി കൂടിയായിരുന്നു NPF. സംസ്ഥാനം ഭരിക്കുന്നതും NPF-BJP സഖ്യമാണ്. രണ്ടു ബിജെപി മന്ത്രിമാര്‍ സെലിയാംഗ് മന്ത്രിസഭയിലുണ്ട് താനും.

എന്നാല്‍ NPF-ലെ പടലപ്പിണക്കങ്ങള്‍ മൂര്‍ച്ഛിക്കുകയും റിയോ NPF വിട്ട് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് (NDPP) എന്ന പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബിജെപിയും NPF-മായുള്ള സഖ്യം ഉപേക്ഷിച്ച് NDPP-യുമായി കൂട്ടു ചേര്‍ന്നു.

27-നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ NDPP 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. NPF-ന്റെ ചുപ്ഫുവോ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതോടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

മണിപ്പൂരിന് മുകളില്‍ വംശീയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍

സിഡിയിലെ കളികള്‍

ഏതായാലും വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ബിജെപിയുടെ നാഗാലാന്‍ഡ് യൂണിറ്റ് പോലീസില്‍ പരാതി നല്‍കി. “ഞങ്ങളുടെ ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിനെ സ്വഭാവഹത്യ നടത്താനും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള വ്യാജവാര്‍ത്തായിരുന്നു” അതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

അരുണാചലിലെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ നബാം ടുക്കിയാണ് വെബ്‌സൈറ്റിനു പിന്നിലെന്ന സംശയവും ബിജെപി ഉന്നയിച്ചിരുന്നു. റാം മാധവിന്റെ ചില അടുപ്പക്കാര്‍ പ്രധാനമായും സംശയിക്കുന്നതും ടുക്കിയുടെ പങ്കാളിത്തമാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തങ്ങളുടെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങളൊന്നാണ് ബിജെപി പറയുന്നത്.

അതേ സമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണം ടുക്കി നിഷേധിക്കുകയും ചെയ്തു.

സൈന്യവും കലാപകാരികളും ചവിട്ടിമെതിക്കുന്ന വടക്ക് കിഴക്കന്‍ ഇന്ത്യ

തീവ്രവാദ ഫണ്ടിംഗ്

മുഖ്യമന്ത്രിയുടെ ഒഎസ്ഡി റുവോക്വോവിസോ ചുപ്‌നോ, രണ്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് തീവ്രാവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

NPF പ്രസ് സെക്രട്ടറി സെബാസ്റ്റ്യന്‍ സുമ്‌വു ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “എന്‍.ഐ.എയുടെ നടപടി ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഞങ്ങളുമായി സഖ്യത്തിലില്ല എന്ന സാഹചര്യത്തില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇതാണ്. എന്‍.ഐ.എ കേന്ദ്ര ഏജന്‍സിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സ്ഥാനാര്‍ഥികളും അവരുടെ കുടുംബങ്ങളുമൊക്കെ വന്‍തോതില്‍ പണം പിന്‍വലിച്ച കാര്യം കൂടി അവര്‍ അന്വേഷിക്കുകയായിരുന്നു കൂടുതല്‍ നല്ലത്”.

ജനുവരി 18-ന് എന്‍ഐഎ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പരിശോധന നടത്തുകയും രണ്ടു കോടി രൂപ നല്‍കിയതിന്റെ രസീതുകള്‍ അടക്കം കണ്ടെടുക്കുകയുമുണ്ടായി.

തങ്ങളുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ എന്‍ഐഎ പറഞ്ഞത്, “ഈ രസീതുകള്‍ പ്രഥമദൃഷ്ട്യാ തെളിയിക്കുന്നത് ചില സര്‍ക്കാര്‍ വകുപ്പുകള്‍ നാഗാലാന്‍ഡിലെ വിവിധ അണ്ടര്‍ഗ്രൗണ്ട് സംഘടനകള്‍ക്ക് ഫണ്ട് ചെയ്യുന്നുണ്ട്” എന്നാണ്.

2016 ജൂലൈ 31-ന് NSCN (K)ന്റെ ഒരു മുതിര്‍ന്ന പ്രവര്‍ത്തകനായ എസ്. ഖെട്ടോഷെ സുമിയെ അസം റൈഫിള്‍സ് ദിമാപൂരില്‍ നിന്ന് പിടികൂടിയിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്. താന്‍ സംഘടനയുടെ ധനകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന ആളാണെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അനധികൃതമായ നികുതികളിലൂടെ ഉണ്ടാക്കുന്ന പണം ശേഖരിക്കുകയാണ് തന്റെ ജോലിയെന്നും സുമി പറഞ്ഞതായാണ് എന്‍ഐഎ പറയുന്നത്.

ഇതിനു പിന്നാലെ 2016 സെപ്റ്റംബര്‍ 28-ന് മറ്റൊരു നേതാവ് വിക്‌ടോ സ്വു എന്ന വി.കെ സുമിയെ എന്‍ഐഎ കൊഹിമയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. നിരവധി അറസ്റ്റുകള്‍ അതിനു പിന്നാലെയുണ്ടായി.

നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള കളികള്‍ അരങ്ങേറുന്നത്. അക്രമങ്ങള്‍ തകര്‍ത്തിട്ടിരിക്കുന്ന നാഗാലാന്‍ഡില്‍ സമാധാനം കൊണ്ടു വരുന്ന കാര്യത്തില്‍ മാത്രം ആര്‍ക്കും വാഗ്ദാനങ്ങളൊന്നും നല്‍കാനില്ല.

കുരിശോ തൃശൂലമോ! ഹിന്ദുത്വ അധിനിവേശം നാഗാലാന്‍ഡില്‍ അനുവദിക്കരുതെന്ന് ക്രിസ്ത്യന്‍ സംഘടന

അന്യദേശക്കാരന്‍ എന്ന ശത്രു; ദിമാപ്പൂര്‍ കൊലയുടെ പാഠങ്ങള്‍

ഭരിച്ചു മുടിപ്പിക്കുന്നതിന് പുറമെ ജനത്തിന്റെ കാശെടുത്ത് കള്ളപ്രചാരണവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍