UPDATES

സ്വന്തം പൗരന്മാരുടെ സ്വകാര്യതയെ ഭയക്കുന്ന ഭരണകൂടം ഒരു മുന്നറിയിപ്പാണ്

പാര്‍ലമെന്റിനോട് യാതൊരു വിധത്തിലുള്ള അക്കൗണ്ടബിലിറ്റി കാര്യങ്ങളുമില്ലാത്ത ജനാധിപത്യ ലോകത്തെ അപൂര്‍വം ഏജന്‍സികളിലൊന്നാണ് ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍- എഡിറ്റോറിയല്‍

രാജ്യത്തുള്ള ഏതു കമ്പ്യൂട്ടറില്‍ നിന്നുമുള്ള വിവരങ്ങള്‍ രാജ്യത്തെ 10 കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാമെന്നുള്ള ഡിസംബര്‍ 20-ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സമീപഭാവിയിലൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നിര്‍ദ്ദയവും ഒപ്പം വ്യക്തിഗത സ്വാതന്ത്ര്യത്തിന്മേലുള്ള അതിതീവ്രമായ കടന്നുകയറ്റവുമാണ്.

ഓരോ ദിവസം ചെല്ലുന്തോറും ഭരണകൂടം കൂടുതല്‍ കൂടുതല്‍ ശക്തമാവുകയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമാവുകയും പൗരന്മാര്‍ നിസഹായരാവുകയും ചെയ്യുക എന്നതാണ് ഇന്ന് രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അത് ഓരോ ദിവസവും വ്യക്തമായി തെളിയിച്ചു കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. പൗരന്മാര്‍ക്കുള്ള വ്യക്തിഗത സ്വാതന്ത്ര്യം എന്നത് ഉറപ്പാക്കുക എന്നത് തങ്ങളുടെ താത്പര്യത്തില്‍ വരുന്ന കാര്യമല്ലെന്നും ഇത്തരത്തിലുള്ള ഉത്തരവുകളിലൂടെ മോദി സര്‍ക്കാര്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

സാധാരണഗതിയില്‍ ഒരു സമൂഹം ഉദാര ജനാധിപത്യത്തിലേക്ക് കടക്കുമ്പോള്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. അതായത്, ഭരണകൂടം കൂടുതല്‍ കൂടുതല്‍ അക്കൗണ്ടബിള്‍ ആവുകയും ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ കൂടുതല്‍ ശക്തമാവുകയും ജനാധിപത്യത്തിന്റെ സത്ത തന്നെയായ വ്യക്തിഗത സ്വാതന്ത്ര്യത്തെക്കുറിച്ച് പൗരന്മാര്‍ കൂടുതല്‍ ബോധ്യമുള്ളവരാകുകയും ചെയ്യുകയാണ് വേണ്ടത്. ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്. ഈ മഹത്തായ ജനാധിപത്യ രാജ്യം ഓരോ നിമിഷവും ഒരു ഭൂരിപക്ഷതാവാദ ഭരണകൂടമായി മാറിക്കൊണ്ടിരിക്കുന്നു, ഒപ്പം, ജനാധിപത്യധ്വംസനത്തിന്റെ ഏറ്റവും വലിയ ഉദാഹരണവുമായും.

നമ്മുടെ ഓരോ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും സംഭവിക്കുന്നത് കൂടിക്കൊണ്ടിരിക്കുന്ന ഈ ആശങ്കയെ കൂടുതല്‍ ശക്തമാക്കുന്നതാണ്. നമ്മുടെ ഉന്നത കോടതികളില്‍ നിന്ന് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന പല വിധികളും അതുകൊണ്ടു തന്നെ സംശയത്തിന്റെ നിഴലിലാവുന്ന സാഹചര്യമുണ്ട്, ‘പുറത്തു നിന്നുള്ള ഇടപെടല്‍’ സംബന്ധിച്ച് നിയമവൃത്തങ്ങളില്‍ തന്നെ മുറുമുറുപ്പുകള്‍ ഉയരുന്നുമുണ്ട്. ന്യൂസ് റൂമുകളില്‍ സെന്‍സര്‍ഷിപ്പ് എന്നത് ഒരു നിയമം തന്നെയായി മാറിയിട്ടുണ്ട്. ഏതൊക്കെ വിധത്തില്‍ സാധിക്കാമോ ആ വിധത്തിലൊക്കെ സര്‍ക്കാരിന്റെ കൈകള്‍ പൗരന്മാരെ ദ്രോഹിക്കുന്നതിലേക്ക് നീണ്ടു കൊണ്ടിരിക്കുന്നു.

ഇതുവരെയുള്ള ഏതു സര്‍ക്കാരുകളും സ്വീകരിച്ചിട്ടുള്ള നിര്‍ദ്ദയമായ നടപടികളിലേതിനേക്കാള്‍ വലിയ കടന്നുകയറ്റം തന്നെയാണ് 10 ഏജന്‍സികള്‍ക്ക് ഏതു കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ളതും അവിടേക്ക് എത്തുന്നതും അവിടെ നിന്നു പോകുന്നതുമായിട്ടുള്ള മുഴുവന്‍ വിവരങ്ങളും നിരീക്ഷിക്കാനും പരിശോധിക്കാനും അവയെ ഡിക്രിപ്റ്റ് ചെയ്‌തെടുക്കാനും അധികാരം നല്‍കുന്ന വ്യാഴാഴ്ച പുറത്തിറക്കിയ നിയമം. സ്വകാര്യത ഏറ്റവും വലിയ മൗലികാവകാശങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ള 2017-ലെ സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനവുമാണത്.

കടന്നുകയറുന്നത്, നിര്‍ദ്ദയമായത്

കഴിഞ്ഞ ദിവസത്തെ ഉത്തരവോടെ വിവരങ്ങള്‍ പരിശോധിക്കാനുള്ള അധികാരം വിവിധ ഏജന്‍സികള്‍ക്ക് നല്‍കുന്നത് ആദ്യമായാണ്. ഇതുവരെ സംശയമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ അവര്‍ കൈമാറുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. അതും കേന്ദ്രത്തിലാണെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെയും സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിയുടെയും രേഖാമൂലമുള്ള ഉത്തരവിന്റെ പിന്‍ബലത്തില്‍ മാത്രം.

Information Technology Act, 2000- 69 (1) വകുപ്പിന്റെയും Information Technology (Procedure and Safeguards for Interception, Monitoring and Decryption of Information) Rules, 2009-ലെ ചട്ടം 4-ഉം അടിസ്ഥാനമാക്കിയാണ് ഉത്തരവ് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ ഉത്തരവ് അനുസരിച്ച് ഒരു കമ്പ്യൂട്ടറില്‍ ശേഖരിച്ചതും സൂക്ഷിച്ചു വച്ചിട്ടുള്ളതും അവിടെ നിന്ന് ഉണ്ടാക്കിയിട്ടുള്ളതുമായ വിവരങ്ങള്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ ഈ ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ഇതിലെ മറ്റൊരു അപകടം, ഇത്തരത്തില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കുന്നതിലൂടെ, ഒരു സ്വകാര്യ വ്യക്തി ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലും ഫോണിലുമൊക്കെ എത്തുന്ന ഡാറ്റയില്‍ കൃത്രിമം നടത്താനും ദുരുപയോഗിക്കാനും ഈ ഏജന്‍സികള്‍ക്ക് കഴിയും.

ഫോണ്‍ ചോര്‍ത്തുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനും നിലവില്‍ ഉള്ള ഉത്തരവുകളെ മുഴുവന്‍ മറികടക്കുന്നതാണ് പുതിയ ഉത്തരവ്. ഇത്തരത്തില്‍ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ വ്യക്തികളും ഒപ്പം സര്‍വീസ് പ്രൊവൈഡര്‍മാരും ബാധ്യസ്ഥരുമാണ്. അതായത്, ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിങ്ങള്‍ക്കരുകിലെത്തി നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് വിവരങ്ങള്‍, വാട്‌സ്ആപ് മെസേജുകള്‍, ഫേസ്ബുക്ക് ഇടപാടുകള്‍, അങ്ങനെ എന്തിനെ സംബന്ധിച്ചുള്ളതും കൈമാറാന്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ട്, അതവര്‍ക്ക് ഡിക്രിപ്റ്റ് ചെയ്‌തെടുക്കുകയും ചെയ്യാം. അതുപോലെ തന്നെ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ നിങ്ങള്‍ ഇന്റര്‍നെറ്റ് ഏതൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നോ അതൊക്കെ കൈമാറേണ്ടി വരും.

ഇനി സ്വകാര്യത വേണ്ടെന്ന് കേന്ദ്രം; എല്ലാവരുടേയും കംപ്യൂട്ടറുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും

ഈ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത

ഇന്റലിജൻസ് ബ്യൂറോ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി റവന്യൂ ബോര്‍ഡ്, റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്, സിബിഐ, എൻഐഎ, കാബിനറ്റ് സെക്രട്ടേറിയറ്റ് (റിസർച് ആൻഡ് അനാലിസിസ് വിങ്), ഡയറക്ടറേറ്റ് ഓഫ് സിഗ്‌നൽ ഇന്റലിജൻസ് (കശ്മീരിനും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കുമായി), ഡൽഹി പൊലീസ്, കമ്മീഷണര്‍- ഈ ഏജന്‍സികളെയാണ് സര്‍ക്കാര്‍ വിവരങ്ങള്‍ പരിശോധിക്കാനും പിടിച്ചെടുക്കാനും നിയോഗിച്ചിരിക്കുന്നത്.

ഇതിലെ പ്രധാനപ്പെട്ടതും ആശങ്കപ്പെടുത്തുന്നതുമായ മറ്റൊരു കാര്യം നിങ്ങളുടെ വിവരങ്ങള്‍ കൈവശപ്പെടുത്താന്‍ അധികാരമുള്ള ഈ ഏജന്‍സികളുടെ വിശ്വാസ്യതയെ സംബന്ധിച്ച കാര്യങ്ങളാണ്.

പാര്‍ലമെന്റിനോട് യാതൊരു വിധത്തിലുള്ള അക്കൗണ്ടബിലിറ്റി കാര്യങ്ങളുമില്ലാത്ത ജനാധിപത്യ ലോകത്തെ അപൂര്‍വം ഏജന്‍സികളിലൊന്നാണ് ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍. അവര്‍ അവര്‍ക്ക് വേണ്ടി എന്തു ചെയ്യുന്നു, അവരുടെ രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി എന്തു ചെയ്യുന്നു എന്നതൊക്കെ അവരുടെ തന്നെ സംരക്ഷണയില്‍ ആയതിനാല്‍ പുറംലോകം കാണില്ല. പാര്‍ലമെന്റ് അടക്കമുള്ള നിരീക്ഷണ, പരിശോധനാ സംവിധാനങ്ങളില്ലാത്ത ഈ ഏജന്‍സികള്‍ നിരവധി തവണ ഭരണഘടനാ തത്വങ്ങളെ തങ്ങള്‍ തെല്ലും മാനിക്കുന്നില്ലെന്നും രാജ്യത്തെ മറ്റേത് ഇന്‍സ്റ്റിറ്റ്യൂഷനുകളേയും പോലെ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാവുന്ന ഒന്നാണെന്നും നിരവധി തവണ തെളിയിച്ചിട്ടുള്ളതുമാണ്.

സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം, കോടതി വിധിയെ അപഹസിക്കല്‍

‘ജീവിതത്തിന്റയും സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും സഹജമായ’ ഒന്നാണ് സ്വകാര്യതയ്ക്കുള്ള അവകാശമെന്നും മൗലികമായ നിരവധി അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്താല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ് അതെന്നും 2017 ഓഗസ്റ്റ് 24-ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് വിധി പറയുകയുണ്ടായി.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സ്വകാര്യത എന്നത് സംരക്ഷിക്കപ്പെടുന്നില്ല എന്ന തങ്ങളുടെ തന്നെ എട്ടംഗ ബഞ്ചിന്റെയും ആറംഗ ബഞ്ചിന്റെയും വിധികളെ മറികടന്നു കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള ഒമ്പതംഗ ബഞ്ച് സ്വകാര്യത പരമമായ മൗലികാവകാശമായി വിധി പറഞ്ഞത്.

എന്നാല്‍ മറ്റ് കൂടിയാലോചനകളോ കാര്യങ്ങളോ ഒന്നുമില്ലാതെ ആഭ്യന്തര സെക്രട്ടറിയുടെ ഒരു ഒപ്പ് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കും സ്വകാര്യ നിമിഷങ്ങള്‍ക്കും മുകളില്‍ ഒരു വലിയ അടിയായി ഇപ്പോള്‍ വീണുകിടക്കുന്നു. ഒപ്പം, അത് വരാനിരിക്കുന്ന ചില വലിയ കാര്യങ്ങള്‍ക്കുള്ള മുന്നോടിയുമാണ്‌.

ഇവിടൊരു പാര്‍ലമെന്‍റുണ്ട്; രഹസ്യാന്വേഷണക്കാരോട് മോദി പറയേണ്ട കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍