UPDATES

ഇന്ത്യ

കോണ്‍ഗ്രസാണോ ബിജെപിയാണോ മികച്ച ഹിന്ദു പാര്‍ട്ടി എന്നതാണോ ഈ രാജ്യം നേരിടുന്ന പ്രശ്നം?

ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ ഏറ്റവും പരിതാപകരവും മോശവുമായ അവസ്ഥയിലുടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്- എഡിറ്റോറിയല്‍

തെലങ്കാനയില്‍ ഡിസംബര്‍ ഏഴിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് തെലങ്കാനയില്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ഒരു കാര്യം നമുക്കുറപ്പിക്കാം: ഇരു നേതാക്കളും ഹിന്ദു മതവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള അവകാശവാദങ്ങള്‍ ഈ പ്രചരണങ്ങളില്‍ ഉറപ്പിക്കാന്‍ ശ്രമിക്കും. ന്യൂനപക്ഷങ്ങളെ കുറിച്ച് മിണ്ടുക പോലുമില്ല. പരസ്പരം കുറ്റപ്പെടുത്തുന്നതിനൊപ്പം, രാജ്യത്തിന്റെ തകര്‍ന്നു തരിപ്പണമായ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് നിശബ്ദത പാലിക്കും. ലോകം മുഴുവന്‍ വ്യാപിച്ചിട്ടുള്ള, ഓരോ ദിവസവും എന്നോണം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളെ കുറിച്ച് വാ തുറക്കില്ല. ബാങ്കിംഗ് മേഖലയിലെ പ്രശ്‌നങ്ങളോ, പശുവിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയുമൊക്കെ പേരില്‍ നൂറോളം ആളുകള്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ നിരവ് മോദി കഴിഞ്ഞയാഴ്ച പറഞ്ഞ കാര്യങ്ങളെ കുറിച്ചോ ഒരു ലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ചെയ്തതിനെ കുറിച്ചോ മിണ്ടില്ല.

ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ ഏറ്റവും പരിതാപകരവും മോശവുമായ അവസ്ഥയിലുടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് സംരക്ഷണം ഉറപ്പാക്കുന്ന, സാമുദായിക സൗഹാര്‍ദം ഉറപ്പാക്കുന്ന എല്ലാ പുരോഗമന മൂല്യങ്ങളെയും മാറ്റി നിര്‍ത്തിക്കൊണ്ട് തങ്ങളുടെ കൈയിലുള്ള ഹിന്ദു കാര്‍ഡ് കളിക്കുന്ന തിരക്കിലാണ് ഇരു പാര്‍ട്ടികളും. അതുവഴി ഈ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ പൊതുശ്രദ്ധയെ വഴി തിരിച്ചുവിടുകയും ചെയ്യുന്നു.

ശനിയാഴ്ച രാഹുല്‍ ഗാന്ധി ചോദിച്ചത്, മോദിക്ക് ഹിന്ദൂയിസത്തിന്റെ അടിസ്ഥാനമെന്താണ് എന്നതിനെ കുറിച്ച് എന്തെങ്കിലും ബോധ്യമുണ്ടോ എന്നാണ്. “എന്താണ് ഹിന്ദൂയിസത്തിന്റെ സത്ത? എന്താണ് ഗീതയില്‍ പറഞ്ഞിട്ടുള്ളത്? അത് എല്ലാവരുടേയും പക്കലുള്ള അറിവാണ്… അതെല്ലായിടത്തുമുണ്ട്. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹം ഹിന്ദുവാണ് എന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദൂയിസത്തിന്റെ അടിസ്ഥാനമെന്താണ് എന്നു പോലും അറിയില്ല. പിന്നെ എന്തുതരം ഹിന്ദുവാണ് അദ്ദേഹം?”– രാഹുല്‍ ഗാന്ധി ചോദിച്ചു.

ഇതു കേട്ടതോടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ചാടിയിറങ്ങി. ഷാ ഇങ്ങനെ പറഞ്ഞു: “കോണ്‍ഗ്രസ് ഇപ്പോള്‍ ഞങ്ങളെ ഹിന്ദൂയിസത്തെ കുറിച്ച് പഠിപ്പിക്കുകയാണ്…. അവര്‍ ഞങ്ങള്‍ക്ക് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുകയാണ്”. സുഷമ സ്വരാജാകട്ടെ, രാഹുല്‍ ഗാന്ധിയുടെ പൂണൂല്‍ അടക്കമുള്ള കാര്യങ്ങളുമായി ചര്‍ച്ച കൊണ്ടു പോയി.

രാഹുല്‍ ഗാന്ധിയുടെ ‘കുലം’ (Gotra) എന്താണ് എന്നായിരുന്നു കഴിഞ്ഞ കുറെ ആഴ്ചകളായുള്ള ചര്‍ച്ച. രാജ്യത്തെ ശാസ്ത്രവകുപ്പ് ഭരിക്കുന്ന മന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഇതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയ ഒരാള്‍. ഒപ്പം, ഇക്കാര്യത്തില്‍ തങ്ങളുടെ വാദങ്ങള്‍ ഉറപ്പിക്കുന്ന തിരക്കിലായിരുന്നു കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍.

അതിനിടെ, രാജ്യത്തെ ഏറ്റവും മോശം ഭരണം നിലനില്‍ക്കുന്ന ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആകട്ടെ, തെലങ്കാനയില്‍ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ ചട്ടം പഠിപ്പിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം. ബിജെപി അധികാരത്തില്‍ വന്നാല്‍ നിസാം ഹൈദരാബാദില്‍ നിന്ന് പലായനം ചെയ്തതു പോലെ ഒവൈസി ഓടുമെന്നായിരുന്നു യോഗിയുടെ പ്രസംഗം. പ്രവാചകനായ ആദം സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്നത് ഇന്ത്യയിലേക്കാണ് എന്നാണ് തന്റെ വിശ്വാസമെന്നും അതിനാല്‍ ഇത് തന്റെ പിതാവിന്റെ മണ്ണാണെന്നും ഇവിടെ നിന്ന് തന്നെ ആരും ഓടിക്കില്ലെന്നും മോദിയെ അള്ളാഹു അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്നും ഒവൈസി മറുപടിയും പറഞ്ഞു.

കേരളം അടുത്തിടെ വരെ ഇത്തരത്തിലുള്ള തുറന്ന അന്യമത വിദ്വേഷവും പിന്തിരിപ്പനും, വര്‍ഗീയ വിഷം തുപ്പുകയും ചെയ്യുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നില്ല. എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ നാളുകളായി നാട്ടില്‍ നടക്കുന്ന തെറിവിളികളും പോര്‍വിളികളും നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. ഒരുകാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്: ഭരണഘടന എന്താണ് അനുശാസിക്കുന്നത് എന്നത് പാലിക്കാതിരിക്കുന്നതില്‍. ഭരണഘടനാനുസൃതമായി സുപ്രീം കോടതി വിധി പറഞ്ഞ കാര്യം നടപ്പാക്കാതിരിക്കാന്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസും ബിജെപിയും മുതല്‍ അത് നടപ്പാക്കുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കാത്ത ഇടതുപക്ഷവും കുറ്റക്കാര്‍ തന്നെയാണ്. എവിടെയാണ് കേരളത്തിലെ പ്രളയം തകര്‍ത്ത ജീവിതങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍?

രാജ്യം ഒട്ടാകെ തന്നെ വളരെ പിന്തിരിപ്പനായ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് കുറെക്കാലമായി വേദിയായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ ഭരണഘടനാ സ്ഥാപങ്ങളെയും തകര്‍ത്തുകൊണ്ട് രാഷ്ട്രീയ സംവാദങ്ങളും ചര്‍ച്ചകളും ഒക്കെ വളരെ താഴ്ന്ന നിലയിലേക്ക് കൊണ്ടുവരുന്നതില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലാണ് രാജ്യം മുന്നോട്ടു പോകുന്നതെങ്കില്‍ ഒരു ആഭ്യന്തര കലാപത്തിലേക്ക് രാജ്യം പെട്ടെന്ന് നടന്നെത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അയോധ്യയെ മുന്‍നിര്‍ത്തി ഭരണകക്ഷി പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ മുമ്പാകെയുണ്ട്. വെറുപ്പിന്റെയും അക്രമത്തിന്റെയും ആ അന്തരീക്ഷം ഈ രാജ്യത്തെ തന്നെ കത്തിച്ചു കളയാന്‍ പോന്നതാണ്.

എന്നാല്‍ ഈ നേതാക്കള്‍ക്കൊന്നും അഡ്രസ് ചെയ്യാന്‍ താത്പര്യമില്ലാത്ത, മന:പൂര്‍വം മാറ്റി നിര്‍ത്തുന്ന വസ്തുതകള്‍? ഇന്നു രാവിലെ വരുന്ന വാര്‍ത്തകള്‍ നോക്കുക. രാജ്യത്തെ ബാങ്കുകള്‍ നിലനില്‍പ്പിനായി പൊരുതിക്കൊണ്ടിരിക്കുകാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2000 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി മൂന്ന് അക്കൗണ്ടുകള്‍ ലേലത്തിനു വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ നവംബര്‍ 22-ന് 1,019 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി 11 എന്‍പിഎ അക്കൗണ്ടുകള്‍ ഇപ്രകാരം എസ്ബിഐ ലേലം ചെയ്തിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 69 ശതമാനം കുറവാണ് തങ്ങളുടെ ആകെ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്.

ഓയില്‍ ഇന്ത്യയാണെങ്കില്‍ 1100 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കാരണം, കടക്കെണിയിലായ കേന്ദ്ര സര്‍ക്കാരിന് നിലനില്‍ക്കണമെങ്കില്‍ അതില്‍ നിന്നുള്ള ലാഭത്തിന്റെ വിഹിതം വേണം. ഇത് ഓയില്‍ ഇന്ത്യയുടെ ധന ഇടപാടിനുള്ള ശേഷിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ് ഫിച്ച് റേറ്റിംഗ്‌സ് പോലുള്ളവ പറയുന്നത്.

ഒപ്പം, മറ്റൊരു ചെറിയ കാര്യം കൂടി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചു ചെന്നാല്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ആള്‍ക്കൂട്ട ആക്രമണം (Mob Lynching) ഉണ്ടാകാമെന്നുമാണ് കോടികള്‍ ഇന്ത്യയില്‍ നിന്ന് കടത്തി രാജ്യം വിട്ട ഡയമണ്ട് ബിസിനസുകാരന്‍ നിരവ് മോദി ഒരു കോടതിയില്‍ വ്യക്തമാക്കിയത്. ഇതേ വിധത്തില്‍ രാജ്യം വിട്ട് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ഇത്തരത്തിലുള്ള ഭയം വെളിപ്പെടുത്തിയിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം തങ്ങളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കുമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും യാതൊരു പേടിയുമില്ല.

എന്നാല്‍ ജോലിയില്ലാത്ത, വര്‍ഗീയ വിഷം ഉള്ളില്‍ നിറഞ്ഞ, ഓരോ നിമിഷവും അത്തരത്തിലുള്ള കാര്യങ്ങള്‍ മാത്രം ചെവിയില്‍ കയറുന്ന, അതിലേക്കായി മാത്രം പരിശീലിപ്പിക്കപ്പെടുന്ന, ഭാവിയെക്കുറിച്ച് ആശങ്കകള്‍ മാത്രമുള്ള, ആരേയും കൊല്ലാന്‍ തയാറെടുത്തിരിക്കുന്ന മനുഷ്യരെ പേടിക്കുന്നതില്‍ നിരവ് മോദിയേയും മെഹുല്‍ ചോക്‌സിയേയും നമുക്ക് കുറ്റപ്പെടുത്താന്‍ സാധിക്കുമോ?

നിരവ് മോദി പറയുന്നത് ഒരുപക്ഷേ ശരിയായിരിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഈ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈ വിധമാക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുള്ള പങ്കിനെ കുറ്റപ്പെടുത്താന്‍ നാം തയാറാകുമോ?

രാജ്യം ഒരു വമ്പന്‍ അഴിമതിയുടെ വിവരങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്

ഡോ. അംബേദ്‌ക്കറിന്റെ പ്രതിമയ്ക്ക് സംരക്ഷണം കൊടുക്കേണ്ടി വരുന്ന ഇന്ത്യയിലാണ് നമ്മളിന്ന് ഭരണഘടനാ ദിനം ആഘോഷിക്കുന്നത്

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍