UPDATES

ട്രെന്‍ഡിങ്ങ്

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

പ്രണബ് മുഖര്‍ജി ഇന്ന് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുമ്പോള്‍ ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മുഖത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത് അദ്ദേഹത്തിന്റെ മകള്‍ തന്നെയാണെന്നു കാണാം

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്ത സന്ദര്‍ശനം കോണ്‍ഗ്രസിന് ഉണ്ടാക്കുന്ന ആശയ പ്രതിസന്ധിക്ക് പുറമെ അദ്ദേഹത്തെ മകളെ പോലും അസ്വസ്ഥതപ്പെടുത്തുന്നതാണ്. അതിനൊപ്പമാണ്, 2019-നു ശേഷമുള്ള ഇന്ത്യ എന്തായിരിക്കും എന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍.

കഴിഞ്ഞ കുറെ നാളുകളായി രാഷ്ട്രീയവൃത്തങ്ങളില്‍ നടക്കുന്ന ശക്തമായ ചര്‍ച്ചകളിലൊന്നാണ് നരേന്ദ്ര മോദി- അമിത് ഷാ ദ്വന്ദം അധികാരം മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നതും ആര്‍എസ്എസിന് ഇരുവരോടും വര്‍ധിച്ചു വരുന്ന താത്പര്യക്കുറവും അടുത്ത പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങളെ എങ്ങനെ മാറ്റിത്തീര്‍ക്കും എന്നത്. അതിനേക്കാളേറെ, രാഷ്ട്രീയ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ‘ബോംബെ ക്ലബി’നുള്ള അതിയായ താത്പര്യമാണ് മറ്റൊന്ന്.

1993 നവംബറില്‍ ഈ ബോംബെ ക്ലബ് ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ ഒരു കുറിപ്പ് ഇന്ത്യയിലെ എട്ട് വ്യവസായ കുടുംബങ്ങള്‍ അന്നത്തെ ധനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കൈമാറിയപ്പോഴായിരുന്നു അത്. ലാല ഭരത് റാം, ലളിത് മോഹന്‍ താപ്പര്‍, ഹരി ശങ്കര്‍ സിംഘാനിയ, എം.വി അരുണാചലം, ബി.കെ മോദി, സി.കെ ബിര്‍ള, രാഹുല്‍ ബജാജ്, ജ്യംഷിദ് ഗോദ്‌റേജ് എന്നിവരായിരുന്നു ആ എട്ടു പേര്‍.

എന്നാലിന്ന്, ആ ബോംബെ ക്ലബ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തീരുമാനിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ശക്തരായ വ്യവസായികള്‍ അടങ്ങിയ ഒരു ഫെഡറേഷനായി മാറിയിരിക്കുന്നു. അതായത്, ഈ ബോംബെ ക്ലബ് മോദിയുടെ കീഴിലുള്ള തളര്‍ന്ന സമ്പദ്‌വ്യവസ്ഥയില്‍ അസ്വസ്ഥരാണ് എന്നാണ് അഭ്യൂഹങ്ങള്‍. അതിനൊപ്പമാണ് ഏതാനും ചില വ്യവസായികളോട് മാത്രമുള്ള മോദിയുടെ മമതയും. ഹിന്ദുത്വ സംഘടനകള്‍ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ അവസ്ഥയും നിക്ഷേപാന്തരീക്ഷത്തിന് അതുണ്ടാക്കിയിരിക്കുന്ന തിരിച്ചടികളും കൂടി ഈ വമ്പന്‍ വ്യവസായികളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍.

പ്രണബ് മുഖര്‍ജി ഭാവിയിലെ പ്രധാനമന്ത്രിയായി വരട്ടെ എന്നാണ് ഈ സംഘം മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദേശം എന്നാണ് നടക്കുന്ന ചര്‍ച്ചകളിലെ സത്ത. എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വീകാര്യനാണ് എന്നതുകൊണ്ട് സമവായത്തിലൂടെയുള്ള ഒരു സര്‍ക്കാരിനെ നയിക്കാന്‍ മുഖര്‍ജിക്ക് കഴിയും എന്നതാണ് ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റ് നില വളരെയധികം താഴെപ്പോകുമെന്നും അധികാരം പിടിക്കുക മോദിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും അവര്‍ കരുതുന്നു.

മോദി-ഷാ അധികാര കേന്ദ്രത്തോട് ആര്‍എസ്എസിന് വര്‍ധിച്ചു വരുന്ന അതൃപ്തിയുടെ കൂടി പശ്ചാത്തലത്തില്‍ പ്രണബ് മുഖര്‍ജിയുടെ പേര് ആര്‍എസ്എസിന് മുന്നില്‍ വച്ചത് ഈ ബോംബെ ക്ലബാണെന്നും സംശയിക്കപ്പെടുന്നുണ്ട്. നിരവധി പേര്‍, മന്ത്രിമാരും എം.പിമാരും ഉള്‍പ്പെടെ മോദി-ഷാമാരുടെ ഏകാധിപത്യ രീതിയിലുള്ള ഭരണ-പെരുമാറ്റങ്ങള്‍ക്കെതിരെ ആര്‍എസ്എസിന് മുമ്പില്‍ പരാതിപ്പെടുന്നുണ്ട്. പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചതിലൂടെ ആര്‍എസ്എസ് ഒരു ശക്തമായ മുന്നറിയിപ്പ് തന്നെയാണ് മോദിക്ക് നല്‍കിയിരിക്കുന്നത്. അതായത്, 1984-ല്‍ രാജീവ് ഗാന്ധിക്ക് തങ്ങളുടെ പ്രവര്‍ത്തകര്‍ സജീവ പിന്തുണ നല്‍കി എന്ന കാര്യം മറന്നു പോകരുത് എന്ന്.

കൗശലക്കാരനായ മുഖര്‍ജിയാകട്ടെ, ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ ജീവിതം ഇനിയും അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുക കൂടിയാണ്. ഇതുമൂലമുണ്ടാകുന്ന ആശയപരമായും വൈകാരികമായും ഉള്ള കാര്യങ്ങള്‍ എന്തൊക്കെ എന്നുള്ളത് പിന്നീട് വന്നു ചേരുന്നതാണ്. അതായത്, രാഷ്ട്രീയത്തില്‍ കണക്കുകൂട്ടലുകള്‍ നടത്തുക എളുപ്പമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്നത് പലപ്പോഴും അതിന് അനുസരിച്ചാവണം എന്നില്ല. അതുകൊണ്ടു തന്നെ 2019-ല്‍ ഒരു രാഷ്ട്രീയ മാറ്റം ഇന്ത്യയില്‍ ഉണ്ടാകും എന്നതിന്റെ എല്ലാ സൂചനകളും നിലനില്‍ക്കുന്നുണ്ട്, അതല്ലെങ്കില്‍ നാടകീയമായ എന്തെങ്കിലും വരും മാസങ്ങളില്‍ രാജ്യത്ത് സംഭവിക്കണം.

ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചതോടു കൂടി പ്രണബ് മുഖര്‍ജി ചെയ്തിരിക്കുന്നത് ആ സംഘടനയ്ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കിക്കൊടുക്കുക എന്ന കാര്യം കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഫാസിസ്റ്റും നിഷ്ഠൂരവുമായ സംഘടന എന്ന ലേബല്‍ മാറ്റണമെങ്കില്‍ ആശയപരമായി അവര്‍ക്ക് മാറ്റങ്ങള്‍ കൊണ്ടു വന്നേ തീരൂ. അതിനുള്ള വഴികൂടിയാണ് മുഖര്‍ജിയിലൂടെ ആര്‍എസ്എസ് ആലോചിക്കുന്നത്.

പ്രണബ് മുഖര്‍ജി ഇന്ന് ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുമ്പോള്‍ ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മുഖത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത് അദ്ദേഹത്തിന്റെ മകള്‍ തന്നെയാണെന്നു കാണാം. “നാഗ്പൂരില്‍ പോകുന്നത് വഴി താങ്കള്‍ ചെയ്യുന്നത് കള്ളങ്ങള്‍ ഉണ്ടാക്കാനും പ്രചരിപ്പിക്കാന്‍ ആര്‍എസ്എസ്-ബിജെപിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയാണ്” എന്ന് ബുധനാഴ്ച ശര്‍മിഷ്ട മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു. അവര്‍ കോണ്‍ഗ്രസ് വിടുകയാണെന്നും ബംഗാളില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ടായിരുന്നു അവരുടെ മറുപടി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പ്രധാനമന്ത്രിക്ക് നേരെ വധശ്രമം? പൂനെ പോലീസിന്റെ നടപടികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

‘അച്ഛൻ പറയുന്നത് ആളുകൾ മറക്കും, പക്ഷെ ആർഎസ്എസ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ നിലനിൽക്കും’: പ്രണബിനെ വിമർശിച്ച് മകൾ

അക്രമം, അസഹിഷ്ണുത അവസാനിപ്പിക്കൂ, ആര്‍എസ്എസ് വേദിയില്‍ പ്രണാബ് മുഖര്‍ജി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍