UPDATES

ട്രെന്‍ഡിങ്ങ്

വനത്തിലെ ഒരുതുണ്ട് ഭൂമിയില്‍ നിന്ന് ഇറക്കി വിടാതിരിക്കാന്‍ ആദിവാസികളോട് സാറ്റലൈറ്റ് ഇമേജ് ചോദിക്കുന്ന സര്‍ക്കാര്‍; വംശഹത്യയുടെ ഇന്ത്യന്‍ പാഠങ്ങള്‍

ഇതില്‍ കൂടുതല്‍ ഇന്‍സെന്‍സിറ്റീവ് ആവാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല. എന്നിട്ടും സുപ്രീം കോടതി എന്തുകൊണ്ട് അത് അനുവദിച്ചു? – എഡിറ്റോറിയല്‍

ക്യാപ്റ്റന്‍ ജയിംസ് കുക്ക് ആദ്യമായി ഓസ്‌ട്രേലിയയില്‍ കാലുകുത്തിയ 1770-ല്‍ ലോകം ആകെപ്പാടെ കുഴപ്പം പിടിച്ച സാഹചര്യങ്ങളിലായിരുന്നു. ഇന്ത്യ അതിന്റെ ഏറ്റവും രൂക്ഷമായ വറുതിയിലൂടെ കടന്നു പോകുന്ന, ‘ബംഗാള്‍ ക്ഷാമം’ എന്ന അറിയപ്പെടുന്ന പട്ടിണി കാരണം ഒരു കോടിയോളം ജനങ്ങള്‍ മരിച്ചു പോയത് ഈ സമയത്താണ്. അമേരിക്ക അതിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ നിന്ന് കേവലം ആറു വര്‍ഷം മാത്രം അകലെയായിരുന്നു അപ്പോള്‍. ഇതിനെല്ലാം പുറമെ, അപരിചിതമായ പുതിയ വെല്ലുവിളികള്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന സമയവുമായിരുന്നു അത്.

ക്യാപ്റ്റന്‍ കുക്കിന്റെ കപ്പല്‍ കടലിലൂടെ നടത്തിയ സഞ്ചാരത്തിനു പിന്നിലുണ്ടായിരുന്നത് വെറും സാഹസികത മാത്രമായിരുന്നില്ല. മറിച്ച് മറ്റു പല ഗൂഡോദ്ദേശ്യങ്ങളും അതിനു പിന്നിലുണ്ടായിരുന്നു. 1770-ല്‍ ഓസ്‌ട്രേലിയയില്‍ ഇറങ്ങിയ കുക്ക് അത് ബ്രിട്ടന്റെ പ്രദേശമാണെന്ന് അവകാശപ്പെട്ടു. അതിനു ശേഷം എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, അപ്പോഴേക്കും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ അമേരിക്കയ്ക്ക് ഒപ്പം, ബ്രിട്ടന് തങ്ങളുടെ ക്രിമിനലുകളെ പുറന്തള്ളാന്‍ ഒരു സ്ഥലമുണ്ടായിരുന്നില്ല. അതായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യം നേരിട്ടിരുന്ന ആ വെല്ലുവിളി.

1778-ല്‍ ഓസ്‌ട്രേലിയയിലേക്കുള്ള വിശദമായ ആദ്യ കോളനിവത്ക്കരണം ആരംഭിച്ചു. 11 ഫ്‌ളീറ്റ് കപ്പലുകളില്‍ 736 കുറ്റവാളികളുമായി എത്തിയ ബ്രിട്ടീഷ് പട്ടാളവും ഒരു ഗവര്‍ണറും ചേര്‍ന്ന് ന്യൂ സൗത്ത് വെയ്‌സില്‍ ആദ്യ കോളനി സ്ഥാപിച്ചു. അന്നു മുതല്‍ അടുത്ത 60 വര്‍ഷം കൊണ്ട് 1,60,000 കുറ്റവാളികളെ അവിടെ കൊണ്ടു പോയി തള്ളിയ ബ്രിട്ടീഷ് സാമ്രാജ്യം ആ മനോഹരമായ ദ്വീപിന്റെ പ്രകൃതി തന്നെ മാറ്റി. ഇതിനൊപ്പം തന്നെ, ബ്രിട്ടീഷ് സാമ്രാജ്യം ചെയ്തത് ഓസ്‌ട്രേലിയയിലെ ആദിമ നിവാസികളായ മനുഷ്യരുടെ വിധി കൂടി ഇതിനൊപ്പം മാറ്റി മറിക്കുകയായിരുന്നു.

ഏകദേശം 65,000 വര്‍ങ്ങളായി അവിടെ ജീവിച്ചിരുന്നവരാണ് ഓസ്‌ട്രേലിയയിലെ തദ്ദേശീയരായ ജനങ്ങള്‍. എന്നാല്‍ ഇവിടെ അധിനിവേശം നടത്തിയ കൊളോണിയല്‍ ശക്തികള്‍ ആ ജനങ്ങളുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചു. ബ്രിട്ടീഷ് പട എത്തി ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ അവിടെ വസൂരി പിടിപെട്ട് ആയിരക്കണക്കിന് തദ്ദേശീയരായ ഓസ്‌ട്രേലിയക്കാര്‍ മരിച്ചു. തുടര്‍ന്ന് വംശഹത്യയടക്കം എല്ലാവിധ പീഡനങ്ങളും ആ ജനങ്ങള്‍ നേരിട്ടു. അങ്ങനെ പുതിയ ഓസ്‌ട്രേലിയയുടെ അരികിലേക്ക് തദ്ദേശീയരായ ജനത എല്ലാക്കാലത്തേക്കുമായി പുറന്തള്ളപ്പെട്ടു.

ഇതിനു സമാനമായ സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്

ഇക്കഴിഞ്ഞ ഫെബ്രുവരി 13-നാണ് വനഭൂമിയിലുള്ള അവകാശം നിഷേധിക്കപ്പെട്ട, പത്തുലക്ഷത്തിലധികം വരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്.

2006-ല്‍ പാസാക്കിയ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. തലമുറകളായി വനത്തില്‍ കഴിയുന്ന, പക്ഷേ വനഭൂമിയില്‍ അവര്‍ക്ക് ഉടമസ്ഥാവകാശ രേഖകള്‍ നല്‍കാന്‍  കഴിയാത്തതിനാല്‍, വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസികള്‍ക്കും പരമ്പരാഗതമായി വനത്തെ ആശ്രയിച്ചു കഴിയുന്ന മറ്റ് വിഭാഗങ്ങള്‍ക്കും വനഭൂമിയിലും വിഭവങ്ങളിലുമുള്ള അവകാശവും തൊഴിലും ഉറപ്പിക്കുന്നതായിരുന്നു 2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പാസാക്കിയ വനാവകാശ നിയമം.

കേന്ദ്ര പട്ടികവകുപ്പ് മന്ത്രാലയത്തെ പ്രതിനിധീകരിച്ച അഭിഭാഷകന്റെ ദുര്‍ബലമായ വാദങ്ങളും നമ്മുടെ വനമേഖലകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പരമോന്നത നീതിപീഠത്തിനുള്ള അജ്ഞതയുമാണ് ഇത്തരത്തിലുള്ള ഒരു വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമാണ് ഈ കേസ് സുപ്രീം കോടതിയുടെ പല ബഞ്ചുകളിലായി മാറി മാറി ഇഴഞ്ഞു നീങ്ങിയിരുന്നത്. എന്നിട്ടും നിയമത്തിന്റെ ഭരണഘടനാ സാധുതയെപ്പറ്റി സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചിട്ടുമില്ല.

ഇവിടെ പരമപ്രധാനമായി ഉന്നയിക്കേണ്ടി വരുന്ന ചോദ്യങ്ങള്‍ പ്രധാനമായും നീതിപീഠത്തെക്കുറിച്ചു തന്നെയാണ്, ഇന്ത്യയെന്ന ആശയത്തെക്കുറിച്ച് അവര്‍ക്കുള്ള ധാരണയെക്കുറിച്ചും. ഇന്ത്യ ഈ നാട്ടിലെ വിശേഷാധികാരമുള്ള ഒരു കൂട്ടം പ്രബലര്‍ക്കു മാത്രമായി മാറുകയാണോ? നടപ്പുകാലത്തിന്റെ രീതികളെ മറികടക്കാന്‍ എന്തുകൊണ്ട് ഭരണഘടനാ ധാര്‍മികതയ്ക്ക് സാധിക്കുന്നില്ല? ഇന്ത്യയിലെ ആദിമ നിവാസികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് കണ്ണു തുറന്നു നോക്കാന്‍ നീതിപീഠത്തിന് സാധിക്കുന്നില്ല എന്നുണ്ടോ? ഓസ്‌ട്രേലിയയിലേക്ക് അവിടുത്തെ ആദിമ ജനത കുടിയേറിയ അതേ കാലത്ത് ഇവിടെ പാര്‍പ്പുറപ്പിച്ചവരാണ് ഇന്ത്യയിലെ ആദിവാസികളും.

Also Read: വനാവകാശം കാറ്റിൽ പറക്കുമ്പോൾ 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍ വനത്തിനു പുറത്തേക്ക്; കോർപ്പറേറ്റ് അട്ടിമറിക്ക് കുട പിടിച്ച് കേന്ദ്ര സർക്കാരും പരിസ്ഥിതി സംഘടനകളും

വനത്തിനു മേല്‍ അവര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചുള്ള രേഖകള്‍ പരിശോധിക്കുന്ന നടപടികളുടെ സമയത്ത് ഒരാളെ പോലും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന് വനാവകാശ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് എന്തുകൊണ്ടാണ് സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും അവഗണിച്ചത്?

തങ്ങള്‍ക്കുള്ള അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന് നിയമം വ്യക്തമാക്കുമ്പോഴും എന്തുകൊണ്ടാണ് അക്കാര്യം പരിഗണിക്കാതിരുന്നത്? എന്തുകൊണ്ടാണ് അവരുടെ അവകാശം നിഷേധിക്കപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓരോരുത്തരോടും വ്യക്തമാക്കണമെന്നും അതനുസരിച്ച് അവര്‍ക്ക് അപ്പീല്‍ നല്‍കുകയും ചെയ്യാമെന്ന് നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ സംഭവിക്കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന ഫോറസ്റ്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കുടിയൊഴിപ്പിക്കപ്പെടും എന്നതാണ്.

ഇവരുടെ അവകാശങ്ങള്‍ പരിഗണിക്കുന്നതിലുള്ള നടപടി ക്രമങ്ങളില്‍ പിന്തുടരുന്ന വീഴ്ചകളോടും തീര്‍ത്തും പരിതാപകരമായ അതിന്റെ നടത്തിപ്പിനോടും എന്തുകൊണ്ടാണ് സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും കണ്ണടച്ചത്? പരിഗണിച്ച 41 ലക്ഷം അപേക്ഷകളില്‍ 18 ലക്ഷത്തിന് അനുമതി നല്‍കിയപ്പോള്‍ മൂന്നു ലക്ഷം ഇപ്പോഴും പരിഗണനയിലാണ്. ബാക്കിയുള്ള 20 ലക്ഷത്തോളം അപേക്ഷകള്‍ തള്ളുകയും ചെയ്തു. ഈ രീതിയിലാണ് ഒരു കാര്യത്തിന്റെ പരിഹാര നടപടികള്‍ കാണുന്നതെങ്കില്‍ ഈ രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ഒരു ജനതയ്ക്ക് ഈ സര്‍ക്കാരില്‍ നിന്ന് എന്തു നീതിയാണ് പ്രതീക്ഷിക്കാന്‍ കഴിയുക? എന്തുകൊണ്ട് കോടതി അക്കാര്യം ആലോചിച്ചില്ല?

അപേക്ഷകള്‍ തള്ളിപ്പോവുന്നത് പലപ്പോഴും അതിന് യോഗ്യത ഇല്ല എന്നതുകൊണ്ടല്ല. വനത്തെ ആശ്രയിച്ചു ജീവിക്കുന്ന മിക്ക സമൂഹങ്ങള്‍ക്കും വനഭൂമിയിന്മേലുള്ള തങ്ങളുടെ അവകാശം സഥാപിക്കാനായി യോഗ്യതാ പത്രങ്ങള്‍ ഹാജരാക്കുക എന്നത് അവരെ അങ്ങേയറ്റം പീഡിപ്പിക്കുന്നതിന് തുല്യമാണ്.

നമ്മുടെ ഭരണകൂടവും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഇപ്പോള്‍ ചെയ്യുന്നത് സ്വകാര്യ വ്യവസായ മേഖലയ്ക്ക് വേണ്ടി വനഭൂമിയെ ഏതു വിധത്തിലും ചൂഷണം ചെയ്യാനായി വനത്തെ തീറെഴുതി കൊടുക്കാന്‍ കളമൊരുക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലേയും വനംവകുപ്പ് തന്നെയാണ് ആ വനത്തിനും അവിടുത്തെ യഥാര്‍ത്ഥ താമസക്കാരായ ആദിമ ജനതയ്ക്കും വനത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും വനം ആവാസവ്യവസ്ഥയായ മൃഗങ്ങള്‍ക്കുമുള്ള ഏറ്റവും വലിയ ഭീഷണി.

നോക്കൂ, ഏതൊക്കെ വിധത്തിലാണ് ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ നമ്മുടെ ഭരണകൂടങ്ങളും കോടതികളുമൊക്കെ കണ്ണടയ്ക്കുന്നത് എന്ന്.

ഝാര്‍ഖണ്ഡും ഹിമാചല്‍ പ്രദേശുമാകട്ടെ, ആദിവാസികള്‍ അല്ലാത്ത വനത്തെ ആശ്രയിച്ചു കഴിയുന്നവരുടെ- Other Traditional Forest Dwellers- അപേക്ഷകള്‍ പോലും സ്വീകരിക്കാന്‍ തയാറായില്ല. വനത്തില്‍ കഴിയുന്നവരോ വനത്തെ ആശ്രയിച്ചു കഴിയുന്നവരോ എന്ന് ഈ സമൂഹത്തെ നിയമത്തില്‍ വ്യക്തമായി നിര്‍വചിച്ചിട്ടു പോലുമുണ്ട്.

ഗുജറാത്ത് സര്‍ക്കാര്‍ ഈ അക്ഷേകരോട് പറഞ്ഞതാകട്ടെ, അവര്‍ അവകാശം ഉന്നയിക്കുന്ന ഭൂമിയുടെ സാറ്റലൈറ്റ് ഇമേജുകള്‍ അടക്കമുള്ള തെളിവുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാനാണ്.

ആലോചിക്കണം, വനാവകാശത്തിനായി അപേക്ഷ സമര്‍പ്പിക്കുന്ന ആദിവാസികളോട് നമ്മുടെ സര്‍ക്കാരുകള്‍ പെരുമാറുന്നത് ഇങ്ങനെയാണ്.

ദൈനംദിന ജീവിതത്തിനായി വനത്തില്‍ നിന്നു കിട്ടുള്ള വിഭവങ്ങളെ ആശ്രയിക്കുന്ന ഏറ്റവും ദുര്‍ബലരും വംശമറ്റു പേകാനിടയുള്ളതുമായ, സാങ്കേതിക വിദ്യ എന്നത് ഒരു വിധത്തിലും ജീവിതത്തിന്റെ ഭാഗമായിട്ടില്ലാത്ത ഒരു ജനതയോട് അവരുടെ ഒരു തുണ്ട് ഭൂമിയുടെ അവകാശം സ്ഥാപിക്കാന്‍ സാറ്റലൈറ്റ് ഇമേജുകള്‍ അടക്കം സമര്‍പ്പിക്കാന്‍ പറഞ്ഞവരുടെ ബോധത്തെ എങ്ങനെയാണ് വിശേഷിപ്പിക്കാന്‍ സാധിക്കുക?

ഇതില്‍ കൂടുതല്‍ ഇന്‍സെന്‍സിറ്റീവ് ആവാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ല. എന്നിട്ടും സുപ്രീം കോടതി എന്തുകൊണ്ട് അത് അനുവദിച്ചു?

Also Read: വനത്തിൽ നിന്നും 10 ലക്ഷം ആദിവാസികളെ പുറത്താക്കണമെന്ന് സുപ്രീം കോടതി; നിർദേശം കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതിരുന്നതോടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍