UPDATES

ജന്തര്‍ മന്ദര്‍ ഒഴിപ്പിക്കുമ്പോള്‍; അനീതികള്‍ പെരുമഴ പോലെ പെയ്യുകയാണ്, മൈ ലോര്‍ഡ്‌

സമ്പന്ന വര്‍ഗത്തോടുള്ള കരുണ നൂറുകോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ നേരിടുന്ന അനീതികള്‍ കേള്‍ക്കാതിരിക്കുന്നതിന് കാരണമല്ല

ഡല്‍ഹിയില്‍ ഒരിക്കലെങ്കിലും വന്നിട്ടുള്ളവര്‍ക്ക് കേരള ഹൗസിനെക്കുറിച്ച് അറിയാതിരിക്കാന്‍ വഴിയില്ല. ജന്തര്‍ മന്ദറിന്റെ തൊട്ടടുത്ത്.

ജന്തര്‍ മന്ദര്‍ എന്ന ചരിത്ര സ്മാരകത്തിനും കേരള ഹൗസിനും ഇടയ്ക്കാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലം സ്ഥിതി ചെയ്യുന്നത്. ബഹളമയമായ, വൃത്തിഹീനമായ അന്തരീക്ഷമുള്ള, ദരിദ്രരും കര്‍ഷകരും അനാഥരും അലഞ്ഞു നടക്കുന്നവരും ഒക്കെ ഉള്‍പ്പെട്ടവര്‍ പ്രതിഷേധത്തിന് എത്തുന്ന സ്ഥലം. അവിടെ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നവരുണ്ട്, സ്വകാര്യ കമ്പനികളുടെ കൊള്ളക്കൊടുക്കലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരുണ്ട്, സുരക്ഷാ സേനയുടെ അതിക്രമങ്ങള്‍ക്കെതിരെ പൊരുതുന്നവരുണ്ട്, മലീനീകരണത്തിനെതിരെയും ആള്‍ദൈവങ്ങള്‍ക്കു വേണ്ടിയുമൊക്കെ പ്രതിഷേധിക്കുന്നവരുണ്ട്, വണ്‍-റാങ്ക്-വണ്‍ പെന്‍ഷന്‍ പദ്ധതിക്കു വേണ്ടി ധര്‍ണയിരിക്കുന്ന വിമുക്ത ഭടന്മാരുണ്ട്, അങ്ങനെ ഒരു ജനാധിപത്യത്തില്‍ നീതിക്ക് വേണ്ടി പൊരുതുന്ന നിരവധി പേരുണ്ട്, സംഘടനകളുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജന്ദര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചു കൊണ്ട് ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കാരണം, ജന്ദര്‍ മന്ദര്‍ റോഡിലെ ആറാം നമ്പര്‍ ആഡംബര സമുച്ചയത്തില്‍ ജീവിക്കുന്ന സമ്പന്നനായ 47-കാരന്‍ വരുണ്‍ സേത്തിന് മുകളില്‍ പറഞ്ഞ ഈ മനുഷ്യര്‍ ശല്യക്കാരാണ്. അയാളുടെ അഭിപ്രായത്തില്‍ ഈ ‘പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ശല്യമുണ്ടാക്കുന്നു, അര്‍ധ നഗ്നരായി ചുറ്റി നടക്കുന്നു, മതിലുകളില്‍ മൂത്രമൊഴിക്കുന്നു, പ്രദേശം മുഴുവന്‍ അഴുക്കാക്കുന്നു’.

ജന്ദര്‍ മന്ദര്‍ റോഡിലുള്ള എല്ലാ ധര്‍ണകളും ജനങ്ങള്‍ കൂട്ടം കൂടുന്നതും പൊതു പ്രസംഗങ്ങളും ലൗഡ് സ്പീക്കറുകളും നാലാഴ്ചയ്ക്കുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ട്രിബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനോടും ഡല്‍ഹി പോലീസ് കമ്മീഷണറോടും നിര്‍ദേശിച്ചിരിക്കുന്നത്.

ട്രിബ്യൂണലിന്റെ ഈ ഉത്തരവ് ഒരു പുതിയ കാര്യമല്ല. കാരണം, ഇന്ത്യന്‍ ജനാധിപത്യം കുറച്ചു കാലമായി നേരിട്ടു കൊണ്ടിരിക്കുന്ന, നമ്മുടെ എല്ലാ ഇന്‍സ്റ്റിറ്റ്യൂഷനുകളുടേയും ജനാധിപത്യ സ്വഭാവത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ ഒരു പ്രതിഫലനം മാത്രമാണ്. അങ്ങനെയൊരു കാലത്ത് ഇത്തരമൊരു ഉത്തരവിട്ട ജഡ്ജിക്ക് തെരുവുകളില്‍ പ്രതിഷേധിക്കുന്ന മനുഷ്യര്‍ അനുഭവിക്കുന്ന അനീതിയേക്കാള്‍ ആ സമ്പന്നനായ മനുഷ്യന്‍ നേരിടുന്ന ബുദ്ധിമുട്ടുകളോട് കൂടുതല്‍ കരുണയുണ്ടാകുന്നതും നമുക്ക് മനസിലാകാവുന്നതേയുള്ളൂ.

ഒരു ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കുന്ന, അധികാരവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രതിഷേധിക്കുന്നവരെ കൂടുതല്‍ ദൂരത്തേക്ക് ഓടിക്കുന്നതിനു പകരം, ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആ സമ്പന്നര്‍ക്ക് വീട്ടിലേക്കെത്തന്‍ മറ്റൊരു വഴിയൊരുക്കുകയോ അതുപോലുള്ള മറ്റ് സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയോ ചെയ്യുന്നതിനെ കുറിച്ച് ആ ജഡ്ജി ആലോചിച്ചില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.

പ്രതിഷേധിക്കുന്നവര്‍ക്ക് നിയമപരമായും അല്ലാതെയുമുള്ള സ്‌പേസ് ഉണ്ട് എന്നതാണ് ജനാധിപത്യം എന്ന സംവിധാനത്തെ കൂടുതല്‍ പ്രസക്തമാക്കുന്നത്. അതുകൊണ്ടാണ് ബാങ്ക് ജീവനക്കാരും അംഗനവാടി ടീച്ചര്‍മാരും ആദിവാസികളുമടക്കമുള്ളവര്‍ കേരളത്തില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുമൊക്കെ അധികാര വ്യവസ്ഥയുടെ തൊട്ടടുത്തേക്ക്, തങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ശ്രദ്ധ കിട്ടാന്‍ പ്രതിഷേധവുമായി എത്തുന്നത്. അതുകൊണ്ടാണ് ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ കേരള എക്‌സ്പ്രസിന്റെയും മറ്റും സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റുകളിലെയൊക്കെ ദുരിതവും മൂന്നു ദിവസത്തെ യാത്രയും പിന്നിട്ട് അവര്‍ ജന്ദര്‍ മന്ദറിലേക്ക് എത്തുന്നത്, അല്ലാതെ കേരള ഹൗസിലെ ബീഫ് കൂട്ടിയുള്ള ഊണ് കഴിക്കാനല്ല.

ജന്ദര്‍ മന്ദര്‍ ഉള്‍പ്പെടുന്ന, പ്രതാപത്തോടെ നില്‍ക്കുന്ന ല്യൂട്ട്യന്‍സ് ഡല്‍ഹിയില്‍ നിന്ന് പ്രതിഷേധക്കാരെ പുറത്താക്കുമ്പോള്‍ അധികാരികളുടെയും ദേശീയ ശ്രദ്ധയുമൊക്കെ കിട്ടാന്‍ ഇനി അവര്‍ എവിടേക്കാണു പോവുക? ഒരു പൊതുതാത്പര്യ ഹര്‍ജി കേള്‍ക്കാന്‍ തയാറല്ലെന്ന് കോടതികള്‍ പറഞ്ഞാല്‍ ജനാധിപത്യ വ്യവസ്ഥ എങ്ങനെ മുന്നോട്ടു പോകും? വിവരാവകാശ നിയമം നടപ്പാക്കാതിരിക്കുകയും ഭരണകൂടത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്താല്‍ എങ്ങനെയാണ് നമ്മുടെ ഭരണാധികാരികളെ അക്കൗണ്ടബിള്‍ ആക്കുക?

ന്യൂഡല്‍ഹിയിലെ ഈ പ്രതിഷേധ സമുച്ചയത്തിന് വലിയൊരു ചരിത്രമുണ്ട്.

രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്‌സീനാ ഹില്‍സിനും ഇന്ത്യാ ഗേറ്റിനും ഇടയ്ക്കുള്ള ബോട്ട് ക്ലബ് മൈതാനമായിരുന്നു 1993 വരെ ഡല്‍ഹിയിലെ പ്രതിഷേധ സ്ഥലം. എന്നാല്‍ 1988-ല്‍ മഹേന്ദര്‍ സിംഗ് ടിക്കായത്ത് എന്ന കര്‍ഷക നേതാവ് പ്രതിഷേധത്തിന് നൂറുകണക്കിന് പശുക്കളും ആടുകളും ആയിരക്കണക്കിന് കര്‍ഷകരുമായി എത്തി അധികാരത്തിലിരിക്കുന്നവരെ വിറപ്പിച്ചതോടെ പാര്‍ലമെന്റിനും സര്‍ക്കാരിന്റെ പ്രധാന ആസ്ഥാനങ്ങള്‍ക്കും സമീപമുള്ള പ്രതിഷേധങ്ങള്‍ നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച കൊണ്ട് ടിക്കായത്ത് കൊണ്ടു വന്ന മനുഷ്യരും മൃഗങ്ങളും പ്രദേശം ‘വൃത്തികേടാക്കി’യതാണ് അവിടെ പ്രതിഷേധം നിരോധിക്കാന്‍ കാരണമെന്ന് ഇവിടുത്തെ പഴമക്കാര്‍ പറയും.

അതിനെ തുടര്‍ന്നാണ് ജന്ദര്‍ മന്ദര്‍ പ്രതിഷേധ സ്ഥലമായി അനുവദിക്കപ്പെടുന്നത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ജന്ദര്‍ മന്ദര്‍ കാണാത്ത പ്രതിഷേധ പരിപാടികളില്ല, ഇവിടെയെത്തി പ്രസംഗിക്കാത്ത രാഷ്ട്രീയ നേതാക്കളില്ല. ചരിത്രമായ മാറിയ നിര്‍ഭയ പ്രതിഷേധ സമരത്തിനും ഇന്ത്യ എഗനസ്റ്റ് കറപ്ഷന്‍ പ്രതിഷേധത്തിനും എല്ലാം വേദിയായത് ഇവിടമാണ്.

ഈ പ്രദേശത്ത് താമസിക്കുന്ന സമ്പന്ന വര്‍ഗം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ യഥാര്‍ത്ഥമല്ല എന്ന് അര്‍ത്ഥമില്ല. പക്ഷേ എന്തിനാണോ ജനങ്ങള്‍ പ്രതിഷേധിക്കുന്നത് അവരെ അധികാരത്തിന്റെ കണ്ണെത്തുന്നതില്‍ നിന്ന് കൂടുതല്‍ അകലേക്ക് ഓടിക്കുകയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. രാംലീല മൈതാനത്തേക്ക് പ്രതിഷേധത്തിന് പൊയ്‌ക്കൊള്ളാനാണ് ട്രിബ്യൂണല്‍ പറഞ്ഞിരിക്കുന്നത്.

അധികാരത്തിലിരിക്കുന്നവര്‍ കേള്‍ക്കാതെ വരുമ്പോള്‍, തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ഒക്കെയാണ് മനുഷ്യര്‍ പ്രതിഷേധിക്കുക. അപ്പോള്‍ അധികാരത്തിലിരിക്കുന്നവരുടെ ചെവിയില്‍ ആ പ്രതിഷേധ ശബ്ദം കേള്‍ക്കണമെങ്കില്‍ കൂടുതല്‍ ഉറക്കെ വിളിച്ചുപറയേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ശബ്ദങ്ങളെ കൂടുതല്‍ അകലേക്ക് ആട്ടിപ്പായിക്കുന്നതിലൂടെ, ജനാധിപത്യത്തെ ‘ശുദ്ധീകരിച്ചെടുക്കാന്‍’ നടത്തുന്ന ശ്രമം ഏകാധിപത്യത്തിലേക്കുള്ള മറ്റൊരു വട്ടംകൂട്ടലാണ്.

ജന്ദര്‍ മന്ദറില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ നിയമവ്യവസ്ഥയും അതിന്റെ കാവലാളായ ജഡ്ജിമാരും തന്നെ മുന്നിട്ടിറങ്ങുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ‘അവര്‍ക്കും ജീവിക്കേണ്ടേ’ എന്ന സമ്പന്ന വര്‍ഗത്തോടുള്ള കരുണ നൂറുകോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ നേരിടുന്ന അനീതികള്‍ കേള്‍ക്കാതിരിക്കുന്നതിന് കാരണമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍