UPDATES

ആവണിയുടെ ഒറ്റയ്ക്കുള്ള പറക്കല്‍ നാം എന്തുകൊണ്ട് ആഘോഷമാക്കേണ്ടതുണ്ട്

ആൺയുക്തിയിൽ വിടരുന്ന അനവധി വിശദീകരണങ്ങൾ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന അവസ്ഥയ്ക്ക് കാരണമായി പറഞ്ഞ് കേൾക്കാറുണ്ട്

കഴിഞ്ഞ തിങ്കളാഴ്ച ആവണി ചതുര്‍വേദിയെന്ന വൈമാനിക (ഫ്ലൈയിംഗ് ഓഫീസര്‍)  സ്വന്തമാക്കിയ നേട്ടം ഒരുപക്ഷേ കേവലം പ്രതീകാത്മകം മാത്രമാകാം, എന്നിരുന്നാലും അത് കൊണ്ടാടാൻ നമുക്ക് നിരവധി കാരണങ്ങളുണ്ട്. മിഗ്-21 ബൈസൺ ഫൈറ്റർ എയർക്രാഫ്റ്റ് ഒറ്റയ്ക്ക് പറത്തിയാണ് ആവണി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായത്.

ജാംനഗർ എയർ ബേസിനു മുകളിലൂടെ റഷ്യൻ നിർമ്മിത ജെറ്റ് വിമാനം അര മണിക്കൂർ പറത്തിയാണ് ആവണി ആ ദൌത്യം പൂർത്തീകരിച്ചത്. 23-ആം സ്ക്ക്വാഡ്രൻ (പാന്തേഴ്സ്) അംഗമായ ആവണി, 2016 ജൂണിൽ കമ്മീഷൻ ചെയ്ത മൂന്നംഗ വനിത ഫൈറ്റർ പൈലറ്റുമാരുടെ ആദ്യ ബാച്ചിലെ അംഗമാണ്. കഴിഞ്ഞ വാരം വരേയ്ക്കും രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിംഗ് ജെറ്റുകളിൽ, വൈമാനിക വിദഗ്ദ്ധർക്കൊപ്പം അവരുടെ നിർദ്ദേശാനുസാരം മാത്രമേ ഫ്ലൈ ചെയ്തിരുന്നുള്ളു. എയർഫോഴ്സ് അക്കാദമിയിലെ പിലാത്തസ് എയർക്രാഫ്റ്റിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ആവണി ഹക്കിമ്പേട്ടിൽ വച്ച് കിരൺ ട്രെയിനിംഗ് ജെറ്റുകളിൽ ആറ് മാസത്തെ പരിശീലനവും, അതേ തുടർന്ന് ബിദാർ എയർബേസിൽ ഹാക്ക് അഡ്വാൻസ്ഡ് ട്രെയിനർ ജെറ്റുകളിൽ ഒരു വർഷത്തെ പരിശീലനവും നേടുകയുണ്ടായി.

ആവണിക്ക് പിന്നാലെ സഹപ്രവർത്തക കൂടിയായ ഭാവനാ കാന്തും, ഉടൻ തന്നെ മിഗ്-21 ബൈസൻ വിമാനത്തിൽ പരീക്ഷണ പറക്കലിന് തയ്യാറെടുക്കുകയാണ്. അംബാലയിലെ  മൂന്നാം സ്ക്വഡ്രൻ അംഗമാണ് ഭാവന.

വനിത ഫൈറ്റർ പൈലറ്റുമാരെ നിയമിക്കുവാൻ ഇന്ത്യൻ എയർ ഫോഴ്സ് കൈക്കൊണ്ട തീരുമാനത്തെ തുടർന്ന് ആദ്യ അഞ്ച് കൊല്ലത്തേക്ക്’പരീക്ഷണാടിസ്ഥാനത്തിലാണ് ആവണിയും ഭാവനയും ഫൈറ്റർ പൈലറ്റുകളായി നിയമിക്കപ്പെട്ടത്. ഇവരെ കൂടാതെ ഫ്ലൈയിംഗ് ഓഫീസർ മോഹനാ സിംഗ് കൂടി ഉൾപ്പെട്ട മൂന്നംഗ ആദ്യ ബാച്ചിനെ തുടർന്ന്, രണ്ട് പേരടങ്ങിയ രണ്ടാം ബാച്ച് ബിദാറിൽ അഡ്വാൻസ്ഡ് ഹാക്ക് ജെറ്റുകളിൽ പരിശീലനം നേടി വരികയാണ്.

പല നിലകളിലും ആവണിയുടെ ഈ നേട്ടം വിലപ്പെട്ടതാണ്. തന്ത്രപ്രധാനങ്ങളായ ജോലികളിൽ നിന്നും സ്ത്രീകളെ അകറ്റി നിറുത്തുന്ന ഇന്ത്യൻ മിലിട്ടറിയുടെ ചില്ല് കൂടാരത്തെ ഭേദിച്ച് കടക്കുകയാണ് ആവണി ചെയ്തത്. നേവി സബ് മൈറൈനുകളിലോ, ആർമിയുടെ കാലാൾ, വിഭാഗങ്ങളിലോ, തന്ത്രപ്രധാനമായ പദവികളിലൊന്നും സ്ത്രീകളെ കാണാൻ കഴിയുകയില്ല. സേനയിൽ ഉൾപ്പെടുന്ന അപൂർവ്വം വനിതകളാകട്ടെ അഡ്മിനിസ്ട്രേഷൻ സംബന്ധിയായ ജോലികളിലേക്കും, യുദ്ധരംഗത്തെ മറ്റ് അപ്രധാന ജോലികളിലേക്കും ഒതുക്കി നിര്‍ത്തപ്പെടുന്നു.

ആവണി ചതുര്‍വേദി, മോഹന സിംഗ്, ഭാവന കാന്ത്

ആൺയുക്തിയിൽ വിടരുന്ന അനവധി വിശദീകരണങ്ങൾ ഈ അവസ്ഥയ്ക്ക് കാരണമായി പറഞ്ഞ് കേൾക്കാറുണ്ട് – യുദ്ധത്തടവുകാരാകേണ്ടുന്ന സാഹചര്യങ്ങളിൽ നേരിട്ടേക്കാവുന്ന പീഢനങ്ങളെ സഹിക്കാനുള്ള സഹജമായ കരുത്ത് കുറവ് തുടങ്ങി, ഗര്‍ഭിണിയാകുന്ന പക്ഷം പാഴായി പോകാവുന്ന മിലിട്ടറി ട്രെയ്നിംഗിന്റെ ഭാരിച്ച ചെലവുകൾ വരെ പറഞ്ഞ് കേൾക്കാറുണ്ട്.

ഇത്തരം അർത്ഥശൂന്യങ്ങളായ വാദങ്ങള്‍ അനവധി നൂറ്റാണ്ടുകളായി സ്ത്രീകളെ അടുക്കളകളിലും കിടപ്പറകളിലും തളച്ചിടുന്നതിന് ന്യായീകരണമായി ഇന്ത്യയിൽ പറഞ്ഞ് കേൾക്കാറുള്ളാതാണ്. വാസ്തവത്തിൽ  ഉദ്യോഗസ്ഥ തലത്തിലെ വനിതാ പ്രാതിനിധ്യത്തെ കണക്കിലെടുത്താൽ അത്യന്തം പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ലോക രാജ്യങ്ങളിലേതിന് സമാനമാകും ഇന്ത്യയുടെ അവസ്ഥ.

– 2004-05 നും 2011-12നുമിടയിൽ 2 കോടി സ്ത്രീകൾ തൊഴിലുപേക്ഷിച്ചു

– ആകെ മൊത്തം തൊഴിൽ വിഭവശേഷിയിലെ സ്ത്രീ പങ്കാളിത്തത്തിന്റെ തോത് 1993-94ലെ 42 ശതമാനത്തില്‍ ത്തിനിന്ന് 2011-12 ആകുമ്പോൾ 31 ശതമാനമായി ചുരുങ്ങി.

– ഗ്രാമങ്ങളില്‍ താമസിക്കുന്ന 15 – 24 മധ്യേ പ്രായമുള്ള പെൺകുട്ടികളാണ് കൊഴിഞ്ഞ് പോകുന്നതിന്റെ സിംഹഭാഗവും (53 ശതമാനം)

– ഗ്രാമീണ മേഖലകളിൽ വനിത തൊഴില്‍ പങ്കാളിത്തത്തിന്റെ നിരക്ക്  2004-05നും 2009-10നുമിടയിൽ 49 ശതമാനത്തില്‍ നിന്നും 37.8 ശതമാനമായി കുറഞ്ഞു.

– 2004-05 മുതൽ 2009-10 വരെയുള്ള കാലയളവിൽ 2.4 കോടി പുരുഷന്മാർ തൊഴിൽ ശക്തി നേടിയെങ്കിൽ വനിതകളിൽ 2.17 കോടിയുടെ ഇടിവാണ് സംഭവിച്ചത്.

ഈ യാഥാർത്ഥ്യങ്ങളെയും സ്ത്രീ വിവേചനത്തിന്റെ മറ്റനുബന്ധ വസ്തുതകളെയും കണക്കിലെടുത്താൽ തിങ്കളാഴ്ച ആ വനിത യുവ പൈലറ്റ് വിജയകരമായി പൂർത്തിയാക്കിയ തനിച്ചുള്ള പറക്കൽ അത്യധികം പ്രാധാന്യമർഹിക്കുന്നു.

യോഗിതയെ പരിചയപ്പെടൂ; ജീവിതം ഒറ്റയ്ക്ക് കെട്ടിപ്പടുത്ത, ഒരു ഗ്രാമത്തെ രക്ഷിച്ചെടുത്ത 17-കാരിയെ

തമിഴ്നാട്, കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന രൂപ ഐപിഎസിനെ പരിചയപ്പെടൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍