UPDATES

ട്രെന്‍ഡിങ്ങ്

അനില്‍ അംബാനി ജയിലില്‍ പോയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച റാഫേല്‍ ആയിരിക്കും

ഈ പദ്ധതികളെല്ലാം പൊളിയുകയാണെങ്കില്‍ അനില്‍ അംബാനി ജയിലില്‍ പോകേണ്ടി വന്നേക്കാം. അങ്ങനെ വന്നാല്‍ റാഫേല്‍ കരാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമാകും.

അനില്‍ അംബാനിയെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. തന്റെ പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന യുവാവായ അനില്‍ അംബാനിയുടെ ദുര്‍ബലമായ ശരീരപ്രകൃതിയെ ഇകഴ്ത്തി ചില വിദേശനിക്ഷേപകര്‍ സംസാരിച്ചതിനെ തുടര്‍ന്ന്, അദ്ദേഹം ഒരു ദീഘദൂര ഓട്ടത്തിന് പോയതിനെക്കുറിച്ച്. എല്ലാ പ്രധാന ബിസിനസ് ചര്‍ച്ചകള്‍ക്കും മുമ്പ് ന്യൂഡല്‍ഹിയിലെ യുഎന്‍ഐ കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തുന്ന അനില്‍ അംബാനിയെക്കുറിച്ച്. ബോളിവുഡിലെ അറിയപ്പെട്ട നടികളിലൊരാളായ ടീന മുനീമിനെ വിവാഹം കഴിച്ചതിനെക്കുറിച്ച്. ഇത്തരം കഥകള്‍ക്കെല്ലാം പുറമെ പുതിയ ചില കഥകള്‍ കൂടി എഴുതിച്ചേര്‍ക്കപ്പെടാം – ബിജെപിക്ക് വലിയ നാശമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ചിലത്.

എറിക്‌സണ്‍ കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ നല്‍കിയില്ലെങ്കില്‍ അംബാനി സഹോദരന്മാരില്‍ ഇളയ ആളായ അനില്‍ അംബാനി ജയിലില്‍ പോകേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ അത് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കൂടുതല്‍ നാടകീയമായ കാര്യങ്ങളിലേയ്ക്ക് വഴി തെളിയിക്കാനിടയുണ്ട്. കാരണം ദാസോള്‍ട്ട് ഏവിയേഷനുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറിലെ ഓഫ് സെറ്റ് പങ്കാളിയായി അനില്‍ അംബാനിയെ തിരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരമാണ്.

അനില്‍ അംബാനി അസാധാരണമായ ഒരു കഥയാണ്

പണം നല്‍കിയവരെ ആട്ടിയകറ്റിയും കടത്തില്‍ മുങ്ങിയ തന്റെ വ്യവസായ സാമ്രാജ്യത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തുമാണ് സമീപകാലത്ത് അനില്‍ അംബാനി മുന്നോട്ടുപോകുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്യുക എന്നതാണ് അനില്‍ അംബാനിയുടെ അടുത്തകാലത്തെ ഒഴിവുസമയ വിനോദങ്ങളിലൊന്ന്. കടം തിരിച്ചുനല്‍കിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന സുപ്രീം കോടതി വിധിയോടെ പക്ഷെ അനില്‍ അംബാനിയുടെ ഈ കളികളെല്ലാം അവസാനിക്കാറായിരിക്കുന്നു. കണക്കുകൂട്ടലുകള്‍ തെറ്റുന്നു.

സ്വീഡിഷ് ടെലികോം നിര്‍മ്മാതാക്കളായ എറിക്‌സണ്‍ എബിക്ക് നല്‍കാനുള്ള 453 കോടി രൂപ തന്റെ ഫോണ്‍ കമ്പനി നല്‍കണമെന്ന കോടത് ഉത്തരവ് നാലാഴ്ചയ്ക്കകം അനുസരിച്ചില്ലെങ്കില്‍ അനില്‍ അംബാനി മൂന്ന് മാസം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് ഫെബ്രുവരി 20ന് സുപ്രീം കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവ് അനുസരിക്കുമെന്നും പറഞ്ഞ സമയത്തിനുള്ളില്‍ എറിക്‌സണ് പണം നല്‍കുമെന്നുമാണ് അനില്‍ അംബാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. 2008ല്‍ ലോകത്തെ ഏറ്റവും വലിയ് ആറാമത്തെ സമ്പന്നനായി ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്ത ഒരു ബിസിനസുകാരന്റെ അസാധാരണമായ വന്‍ വീഴ്ചയാണ്. നഷ്ടങ്ങളുടേയും വലിയ തിരിച്ചടികളുടേയും വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് അംബാനിക്കെതിരായ കോടതി വിധി വരുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ വിപണിയല്‍ കടുത്ത മത്സരം നടക്കുകയും അനില്‍ അംബാനിയുടെ വ്യവസായങ്ങള്‍ വലിയ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു.

തങ്ങളുടെ പിതാവ് പടുത്തുയര്‍ത്തിയ വ്യവസായ സാമ്രാജ്യത്തിന്റെ പേരിലുള്ള അവകാശത്തര്‍ക്കത്തില്‍, ജ്യേഷ്ഠ സഹോദരനായ മുകേഷ് അംബാനിയുമായി പോരടിച്ചാണ് മാരത്തോണ്‍ ഓട്ടക്കാരനായ അനില്‍ അംബാനി ടെലികോം ബിസിനസിന്റെ ഉടമസ്ഥത നേടിയെടുത്തത്. വില്‍പത്രം തയ്യറാക്കി മക്കള്‍ക്ക് സ്വത്ത് ഭാഗിക്കാതെയാണ് 2002ല്‍ പിതാവ് ധിരുഭായ് അംബാനി മരിച്ചത്. പിതാവിന്റെ മരണത്തിന് മുമ്പ് മുകേഷും അനിലും റിലയന്‍സ് കമ്പനി എക്‌സിക്യൂട്ടീവുകളായിരുന്നു. ധിരുബായ് അംബാനി മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം റിലയന്‍സിനെ രണ്ട് ഗ്രൂപ്പുകളാക്കി വിഭജിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. രണ്ട് അംബാനിമാരും ഇന്ത്യയിലെ വലിയ സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചു.

റിലയന്‍സ് രണ്ടായി വിഭജിച്ചതിന് പിന്നാലെ ഇരു സഹോദരന്മാരും വ്യത്യസ്ത വഴികളിലാണ് പോയത്. മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ആധുനിക ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ മേഖലകളിലു നിശബ്ദവും ഭീമാകാരവുമായ സാന്നിദ്ധ്യങ്ങളിലൊന്നായി മുകേഷ് അംബാനി മാറി. അതേസമയം അനില്‍ അംബാനി വെറും നിഴലായി ഒതുങ്ങി. റാഫേല്‍ കരറിലെ അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും കുരുങ്ങുകയും ചെയ്തു. 2005ല്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കം ഒത്തുതീര്‍പ്പായപ്പോള്‍ മുകേഷിന് റിലയന്‍സ് കുടുംബത്തിന്റെ ഏറ്റവും പ്രധാന ബിസിനസുകളായ ഓയില്‍ റിഫൈനിംഗ്, പെട്രോ കെമിക്കല്‍ വ്യവസായങ്ങളുടെ ഉടമസ്ഥത ലഭിച്ചു. അതേസമയം അനിലിന് കിട്ടിയത് പുതിയ ബിസിനസുകളായ ഊര്‍ജ്ജോല്‍പ്പാദനവും ധനകാര്യ സര്‍വീസുകളും ടെലികോം മേഖലയുമാണ്. ടെലികോം മേഖലയാണ് ഏറ്റവും വളര്‍ച്ച നേടുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരുന്നത്.

അനിലിന്റെ കമ്പനി മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ വെല്ലുന്ന മത്സരത്തില്‍, കൂടുതല്‍ വരുമാനങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തേടി. വലിയ തോതില്‍ പണം കടമെടുക്കാന്‍ തുടങ്ങി. സഹോദരന്മാര്‍ തമ്മിലുള്ള പരസ്പര ധാരണ (നോണ്‍ കോംപീറ്റന്റ് ക്ലോസ്) പ്രകാരം മുകേഷ് അംബാനി ടെലികോം മേഖലയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. എന്നാല്‍ 2010ല്‍ ഈ കരാര്‍ പൊളിഞ്ഞു. 2016ല്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി മുകേഷ് അംബാനി ടെലികോം രംഗത്തേയ്ക്ക് ചുവടുവയ്ക്കുകയും രാജ്യവ്യാപകമായി ഫോര്‍ ജി വയര്‍ലെസ് നെറ്റ്‌വര്‍ക്കുമായി വലിയ വളര്‍ച്ച നേടുകയും ചെയ്തു. ടെലികോം രംഗത്തേയ്ക്കുള്ള ജിയോയുടെ രംഗപ്രവേശം അനില്‍ അംബാനിയുടേതടക്കമുള്ള മറ്റ് ടെലികോം കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കി. സൗജന്യ കോളുകളും കുറഞ്ഞ നിരക്കിലെ ഇന്റര്‍നെറ്റ് ഡാറ്റ പ്ലാനുകളുമായി മറ്റ് ടെലികോം സേവന ദാതാക്കളുടെ ഉപഭോക്തോക്കളെ റിലയന്‍സ് ജിയോ വലിയ തോതില്‍ സ്വന്തമാക്കി.

ടെലികോം കമ്പനിയുടേതടക്കമുള്ള സ്വത്തുക്കള്‍ വിറ്റ് പണം സമാഹരിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അത് മറ്റ് ബിസിനസുകളേയും ബാധിച്ചു. യുദ്ധ കപ്പലുകളും മുങ്ങിക്കപ്പലുകളും നിര്‍മ്മിക്കുന്ന റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനിയറിംഗ് ലിമിറ്റഡിന്റെ ഓഹരികള്‍ നഷ്ടത്തിലായി. ഊര്‍ജ്ജോല്‍പ്പാദന കമ്പനിയായ റിലയന്‍സ് പവര്‍ ലിമിറ്റഡ് 2008 മുതലുള്ള നഷ്ടത്തിലും സ്റ്റോക്ക് ഡിക്ലൈനിലും കരകയറാനാവാതെ നിന്നു. മാസങ്ങള്‍ നീണ്ട ഉരുണ്ടുകളികള്‍ക്കും ശണ്ഠക്കും ശേഷമാണ് സുപ്രീം കോടതിയുടെ കര്‍ക്കശമായ മുന്നറിയിപ്പ് വന്നത്.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ (ആര്‍ കോം) നിന്ന് തങ്ങള്‍ക്ക് ലഭിക്കാനുള്ള പണത്തിനായി എറിക്‌സണ്‍ രംഗത്തുവന്നതോടെയാണ്. 2018 മേയില്‍ ആര്‍ കോം, എറിക്‌സണുമായി ഒത്തുതീര്‍പ്പിലെത്തി. എന്നാല്‍ സമയപരിധിക്കുള്ളില്‍ പണം നല്‍കാന്‍ ആര്‍ കോമിനായില്ല. നിയമയുദ്ധം നീണ്ടു. എയര്‍വേവ്‌സും ഫൈബറും ടെലികോം സ്വത്തുക്കളും വിറ്റ് പണം കണ്ടെത്താന്‍ ആര്‍ കോം, ജിയോയുമായി ധാരണയിലെത്തി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിയമപരമായ തടസങ്ങളും ഈ ധാരണ പ്രാവര്‍ത്തികമാകുന്നത് തടഞ്ഞു. ആര്‍ കോമിന്റെ കടം ഏറ്റെടുക്കാനാവില്ലെന്ന് ടെലികോ വകുപ്പിനെ അറിയിച്ച ജിയോ കരാറില്‍ നിന്ന് പിന്മാറി. പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ കോം, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചു.

കോടതി ഉത്തരവ് പ്രകാരം പണം തിരിച്ചുനല്‍കുന്നതിനായി ഇന്‍കം ടാക്‌സ് റീഫണ്ട് അടക്കമുള്ളവയ്ക്ക് ശ്രമിക്കുകയാണെന്നും ഈ വഴി ലഭിക്കാനുള്ള 260 കോടി രൂപ പ്രതീക്ഷിക്കുന്നതായും ആര്‍ കോം പറയുന്നു. നിലവില്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം റിലീസ് ചെയ്യണമെന്നാണ് ആര്‍ കോം ആവശ്യപ്പെടുന്നത്. 120 കോടി രൂപ സുപ്രീം കോടതി രജിസ്ട്രിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതേസമയം നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസെറ്റ് മാനേജ്‌മെന്റിന്റെ പൂര്‍ണ നിയന്ത്രണം നിപ്പോണ്‍ ഏറ്റെടുത്തുകൊണ്ട് അനില്‍ അംബാനിയുടെ റിലയന്‍സ് കാപ്പിറ്റല്‍ ലിമിറ്റഡിന് പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്‌റ്റേറ്റ്‌മെന്റ് പറയുന്നു. ഈ പദ്ധതികളെല്ലാം പൊളിയുകയാണെങ്കില്‍ അനില്‍ അംബാനി ജയിലില്‍ പോകേണ്ടി വന്നേക്കാം. അങ്ങനെ വന്നാല്‍ റാഫേല്‍ കരാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമാകും.

കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍