UPDATES

ഡല്‍ഹിയിലെ സര്‍ക്കസ്

ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ചതുരത പ്രകടിപ്പിച്ചില്ല. അവര്‍ ഒന്നിന് പിറകെ ഒന്നായി തോല്‍ക്കുന്ന പോരാട്ടങ്ങള്‍ തെരഞ്ഞെടുക്കുകയാണ്- അത് ഡല്‍ഹി പോലീസായാലും ഡല്‍ഹി ഉദ്യോഗസ്ഥവൃന്ദമായാലും. 

ഓരോ തലസ്ഥാന നഗരവും തനിമയുള്ളതാണ്; അതുണ്ടായ വഴി, അതിന്റെ വാസ്തുവിദ്യ, നഗരവും ദേശീയ രാഷ്ട്രീയവും ദേശീയ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം, അന്തിമമായി എങ്ങനെയാണ് ആ നഗരത്തിന്റെ ഭരണം എന്നും. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടക്കുന്ന വിചിത്രമായ നാടകങ്ങള്‍ ഇതിന്റെ പശ്ചാത്തലത്തില്‍ വേണം കാണാനും ഇന്ത്യന്‍ തലസ്ഥാനത്തെ അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാനും.

ലോകത്തെങ്ങും തലസ്ഥാന നഗരങ്ങള്‍ക്ക് അവ ഭരിക്കുന്ന രാജ്യങ്ങളുടെ വലിയ ആഖ്യാനങ്ങള്‍ പറയാനുണ്ടാകും- രക്തച്ചൊരിച്ചിലിന്റെ, കച്ചവടത്തിന്റെ, ഒത്തുതീര്‍പ്പുകളുടെ… അങ്ങനെയങ്ങനെ.

ഒരറ്റത്ത് നമുക്ക് കാണാവുന്നത് ലണ്ടനും പാരീസും പോലെ ചരിത്രമാതൃകകളായ തലസ്ഥാന നഗരങ്ങളാണ്. ഇവ ദേശീയ സര്‍ക്കാരുകളുടെ നീണ്ട നാളായുള്ള അധികാര കേന്ദ്രങ്ങളും മുമ്പ് കൊളോണിയല്‍ അധികാരത്തിന്റെ കേന്ദ്രങ്ങളുമായിരുന്നു. ഈ നഗരങ്ങള്‍ അത്യാകര്‍ഷകവും വളരെ പ്രതീകാത്മകമായ വാസ്തുവിദ്യയും ഉള്ളവയാണ്. ഭരണനിര്‍വഹണത്തിന്റെ സങ്കീര്‍ണതകളെ കൈകാര്യം ചെയ്യാന്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്ന സംവിധാനവുമുണ്ട്.

ഇതിന്റെ അങ്ങേയറ്റത്ത് രാജ്യത്തിന്റെ ഭരണനിര്‍വഹണത്തിനായി പണിതുണ്ടാക്കിയ നഗരങ്ങളാണ്. സാധാരണഗതിയില്‍ അവ ഒരു ഒത്തുതീര്‍പ്പെന്ന നിലയിലോ, ഒരു സ്വേച്ഛാധിപത്യ തീരുമാനമായോ ആണ് ഉണ്ടാക്കാറുള്ളത്. ആസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറ ഇതിന്റെ ഒരു ശരിയായ ഉദാഹരണമാണ്: എതിരാളികളായ സിഡ്നിക്കും മെല്‍ബണിനും ഇടയില്‍ ഒരു ഒത്തുതീര്‍പ്പെന്ന നിലയിലാണ് 1908-ല്‍ അതിനെ തെരഞ്ഞെടുത്തത്. പ്രാഥമികമായി ഒരു ദേശീയ തലസ്ഥാനമെന്ന നിലയിലുള്ള, ഒരു വന്‍ നഗരമല്ലാത്ത ഇത്തരം നഗരങ്ങളെ ഭരിക്കാന്‍ എളുപ്പമാണ്.

ഒരു തലസ്ഥാന നഗരം പണിയാനുള്ള പട്ടാള ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഫലമായാണ് മ്യാന്‍മര്‍ തലസ്ഥാനമായ നെയ് പി ഡൌ ഉണ്ടാകുന്നത്. ഒരു കേന്ദ്രഭരണ പ്രദേശമായ ഇത് ജനജീവ്തം വളരെ കുറഞ്ഞ, കൂറ്റന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിറഞ്ഞ ഒരു പ്രേതനഗരമാണ്. വാഷിംഗ്ടണ്‍ ഡി സിയും യു എസിന്റെ തലസ്ഥാനമാക്കാന്‍ ഉണ്ടാക്കിയതാണ്. ഇവിടെയും ഭരണനിര്‍വഹണ സംവിധാനങ്ങള്‍ മികച്ച രീതിയിലാണ്. ഒന്നിലേറെ തലസ്ഥാനങ്ങളുള്ള രാജ്യങ്ങളുണ്ട്: ഹോളണ്ടിലെ ആംസ്റ്റര്‍ഡാമും ഹേഗും ദക്ഷിണാഫ്രിക്കയിലെ മൂന്നു നഗരങ്ങളും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.

1871-ല്‍ ഒരു ഐക്യ ദേശ-രാഷ്ട്ര തലസ്ഥാനമായ ബെര്‍ലിന് മുറിഞ്ഞുപോയ ചരിത്രമാണുള്ളത്. 1999-ലാണ് അത് വീണ്ടും തലസ്ഥാനമായത്. ഇവിടെയും ഫെഡറല്‍ സര്‍ക്കാരിന്റെയും പ്രാദേശിക ജനതയുടെയും ഭരണാവശ്യങ്ങള്‍ക്കായി വ്യതിരിക്തമായ സംവിധാനങ്ങള്‍ രൂപം കൊണ്ടു.

ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹിയുടേതാകട്ടെ തനതായ കഥയാണ്, ഇതെഴുതുമ്പോഴും അത് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

ചരിത്രത്തിലുടനീളം ഡല്‍ഹി സാമ്രാജ്യങ്ങളുടെ ശവപ്പറമ്പായിരുന്നു. അത് കൊള്ളയടിക്കപ്പെട്ടു, തകര്‍ത്ത് തരിപ്പണമാക്കപ്പെട്ടു, പലതവണ കെട്ടിപ്പടുത്തു, വീണ്ടും പണിതു. ഒടുവിലായി 1911-ല്‍ ബ്രിട്ടീഷ് അധീന പ്രദേശങ്ങളുടെ തലസ്ഥാനം കല്‍ക്കട്ടയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയതായി ബ്രിട്ടീഷ് സാമ്രാജ്യം പ്രഖ്യാപിച്ചു. 1927-ല്‍ അതിന്റെ പേര് ന്യൂ ഡല്‍ഹി എന്നാക്കി. 1931-ല്‍ പുതിയ തലസ്ഥാനം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം അതിനെ ഇന്ത്യയുടെ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിരവധി വര്‍ഷങ്ങളായി പാര്‍ലമെന്റിലും രാഷ്ട്രീയക്കാര്‍ക്കിടയിലും നിരീക്ഷകര്‍ക്കിടയിലും ന്യൂ ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായതിലെ അപൂര്‍ണതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. ഭൂമിശാസ്ത്രപരമായി അത് ഇന്ത്യയുടെ കേന്ദ്രഭാഗത്തല്ല. ഭോപ്പാലോ മറ്റ് ചില നഗരങ്ങളോ ആണ് അതിനു യോജിക്കുക. വര്‍ഷത്തിലൊരിക്കല്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളനമെങ്കിലും ബാംഗളൂരുവില്‍ നടത്തണമെന്നതിനെക്കുറിച്ച് ഗൌരവമായ ചര്‍ച്ചകള്‍ കാലങ്ങളായി നടക്കുന്നു.

1952-ലാണ് ഡല്‍ഹിക്ക് ഒരു നിയമനിര്‍മ്മാണസഭ ഉണ്ടാകുന്നത്. പക്ഷേ അത് 1956-ല്‍ നിര്‍ത്തലാക്കി. പിന്നീട് ഭരണഘടനയുടെ 69-ആം ഭേദഗതി 1991 പ്രകാരം 1993-ലാണ് ഇത് വീണ്ടും വരുന്നത്. 69-ആം ഭേദഗതി, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയെ ‘ഡല്‍ഹി ദേശീയ തലസ്ഥാന മേഖല’ (National Capital Territory of Delhi- NCT Delhi) എന്നാക്കി പുന:നാമകരണം ചെയ്തു.

ഡല്‍ഹിയുടെ ഭരണസംവിധാനം ഒരു സങ്കീര്‍ണ വലയാണ് അഥവാ ആകെ കുഴഞ്ഞുമറിഞ്ഞ ഒരു സംവിധാനം. ഉടനടി പരിഹാരമൊന്നും സാധ്യമല്ലാത്ത ഒരു വിഷയത്തിലാണ് അരവിന്ദ് കേജ്രിവാളും അയാളുടെ പാര്‍ട്ടിയും ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്. ഈ സമരം ഒരു നേര്‍ത്ത കരച്ചിലോടെ അവസാനിക്കാനാണ് സാധ്യതയും. കാരണം നരേന്ദ്ര മോദി വ്യക്തിപരമായി വിചാരിച്ചാല്‍ പോലും കേജ്രിവാളിനെ സഹായിക്കാനാകാത്ത അത്രയും ഭരണഘടനാ സങ്കീര്‍ണതകള്‍ ഇതിലുണ്ട്. ആപ് സര്‍ക്കാര്‍ നല്കിയ ഒരു അപ്പീല്‍ ഹര്‍ജിയില്‍ ഡല്‍ഹി NCT യും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളും സുപ്രീം കോടതി പരിശോധിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ആസ്ഥാനം ഡല്‍ഹിയിലാണ്. പാര്‍ലമെന്‍റ്, രാഷ്ട്രപതിഭവന്‍, സൌത്ത് ബ്ലോക്, നോര്‍ത്ത് ബ്ലോക്, മറ്റ് നിര്‍ണായക സ്ഥാപനങ്ങള്‍ എന്നിവയും ന്യൂ ഡല്‍ഹിയിലാണ്. അതിന്റെ ദൈനംദിന നടത്തിപ്പ് ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (NDMC) കയ്യിലാണ്. പോലീസ് ഡല്‍ഹി പോലീസാണ്. കേന്ദ്ര സര്‍ക്കാര്‍ ആസ്ഥാനമായതുകൊണ്ട് സൈന്യം, എന്‍ എസ് ജി, എസ് പി ജി എന്നിവയും ഇവിടെയുണ്ട്.

ഡല്‍ഹി NCT-ക്കു NDMC-യില്‍ ചില പ്രാതിനിധ്യമുണ്ടെങ്കിലും പൂര്‍ണ നിയന്ത്രണമില്ല. ന്യൂ ഡല്‍ഹിയുടെ നഗരനിര്‍മ്മാണം നടത്തിയ ബ്രിട്ടീഷ് വാസ്തുവിദ്യാവിദഗ്ധന്‍ എഡ്വിന്‍ ല്യൂട്യന്‍സിന്‍റെ പേരില്‍ ല്യൂട്യന്‍സ് ഡല്‍ഹി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

ന്യൂ ഡല്‍ഹിക്ക് പുറത്ത് നാല് നഗരസഭകളുണ്ട്- മൂന്നെണ്ണം ജനവാസ പ്രദേശങ്ങള്‍ക്കും ഡല്‍ഹി കന്‍റോണ്‍മെന്‍റ് ബോര്‍ഡ് സൈനിക പ്രദേശത്തിനുമാണ്. ഈ മൂന്നെണ്ണത്തിനും മുകളിലാണ് ഡല്‍ഹി (NCT) സര്‍ക്കാര്‍. അതിനു പോലീസ്, തലസ്ഥാനത്തെ ഭൂരിഭാഗം വരുന്ന ഭൂമി എന്നിവയുടെ മേലൊന്നും നിയന്ത്രണമില്ല. ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ്. ഡല്‍ഹിയിലെ പാര്‍പ്പിടം, അടിസ്ഥാന സൌകര്യം, വാണിജ്യ, വിനോദ സൌകര്യങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി വികസന അതോറിറ്റിയുടെ (DDA) കീഴിലാണ്.

പക്ഷേ ഡല്‍ഹി സര്‍ക്കാരിന്റെ നഗരസഭ അധികൃതര്‍ കെട്ടിടം പണിയുന്നില്ലെന്നോ ഉദ്യാനങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നോ ഇതിനര്‍ത്ഥമില്ല.

ഇത്തരത്തില്‍ സങ്കീര്‍ണമായ ഭരണ സംവിധാനങ്ങള്‍ ലോകത്തെ തലസ്ഥാന നഗരങ്ങളില്‍ അപൂര്‍വമല്ല. രാജ്യത്തെ കേന്ദ്ര സര്‍ക്കാരാണ് നിര്‍ണായകം എന്നിരിക്കെ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി കിട്ടാനും സാധ്യതയില്ല. എന്നാല്‍ എല്ലാ കേന്ദ്ര സര്‍ക്കാരുകളും ഡല്‍ഹി സര്‍ക്കാരുമായി, അവര്‍ എതിര്‍ കക്ഷിയില്‍പ്പെട്ടവരായിരുന്നാല്‍ പോലും ഒരു പരസ്പര സഹകരണ ധാരണ പുലര്‍ത്താറുണ്ട്. എന്നാല്‍ ബിജെപിയെയും മോദിയെയും തകര്‍ത്തുകൊണ്ട് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതുമുതല്‍ ഈ ധാരണ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു.

ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ചതുരത പ്രകടിപ്പിച്ചില്ല. അവര്‍ ഒന്നിന് പിറകെ ഒന്നായി തോല്‍ക്കുന്ന പോരാട്ടങ്ങള്‍ തെരഞ്ഞെടുക്കുകയാണ്- അത് ഡല്‍ഹി പോലീസായാലും ഡല്‍ഹി ഉദ്യോഗസ്ഥവൃന്ദമായാലും.

വൈരം മറന്ന് പിണറായിയും മമതയും; ഒപ്പം നായിഡുവും കുമാരസ്വാമിയും; കെജ്രിവാളിനെ പിന്തുണച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ ചടുല രാഷ്ട്രീയ നീക്കം

എന്നാല്‍ ഇവിടെയൊരു വലിയ ചോദ്യം ഉയരുന്നുണ്ട്, അത് എ‌എ‌പിക്ക് ഇപ്പോഴും ശരിക്ക് ചോദിക്കാനായിട്ടില്ല. അത് രാഷ്ട്രീയ മര്യാദയുടെയും പ്രദേശവാസികളോടുള്ള ബഹുമാനത്തിന്റെയും അവഗണിക്കപ്പെട്ട ഡല്‍ഹി ജനതയുടെ ക്ഷേമത്തേയും കുറിച്ചുള്ള  ചോദ്യമാണ്. പക്ഷേ ലഫ്. ഗവര്‍ണരുടെ വീട്ടില്‍ നാടകീയ സമരം നടത്തിയല്ല നിങ്ങളതിനുവേണ്ടി പോരാടേണ്ടത്. നിയമപരവും ഭരണപരവുമായ മാര്‍ഗത്തിലൂടെ, ബുദ്ധിപരമായി, കൌശലത്തോടെ, ഒത്തുതീര്‍പ്പുകളും കൂടി ഉണ്ടാക്കിയാണ്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുതല്‍ കെജ്രിവാളും മൂന്ന് മന്ത്രിമാരും കഴിയുന്നത് ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വീടിന്റെ സ്വീകരണമുറിയിലാണ്. ഇപ്പോള്‍ നാലു മുഖ്യമന്ത്രിമാര്‍ കൂടി കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി എന്നതിനേക്കാള്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചിട്ടുള്ള നിസഹകരണ കാര്യം പതിയെ മുന്നോട്ട് വന്നിരിക്കുന്നു. സംസ്ഥാന പദവി എന്ന കാര്യത്തില്‍ ഒറ്റ രാത്രി കൊണ്ട് തീരുമാനമെടുക്കാന്‍ സാധിച്ചേക്കില്ല, എന്നാല്‍ ഡല്‍ഹിയിലെ ഭരണസ്തംഭനം അവസാനിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. കാരണം, ആ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ലഫ്. ഗവര്‍ണറാണ്, അദ്ദേഹത്തിന് മുകളിലുള്ളത് കേന്ദ്രവും. അതുകൊണ്ടു തന്നെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാതെ, രാഷ്ട്രീയ വൈര്യം മാറ്റി വച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന പിണറായി വിജയന്‍, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, കുമാരസ്വാമി തുടങ്ങിയവര്‍ കൂടി ഉന്നയിക്കുന്ന കാര്യം ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങുന്നതും അല്ല. ഇനി ഒരു അടിയന്തിര തീരുമാനം വരേണ്ടത് മോദിയില്‍ നിന്നാണ്, അത് ഡല്‍ഹി എന്ന തലസ്ഥാന നഗരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും ജീവിതത്തെ കൂടി ബാധിക്കുന്നതുമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍