UPDATES

(അ)വിശുദ്ധ തസ്കരന്മാർ

ചെന്നൈയിലുള്ള ആ മനുഷ്യനെക്കുറിച്ചും രണ്ടു വാക്ക് പറയേണ്ടതുണ്ട്. നരസിംഹൻ റാം എന്ന എന്‍. റാം- എഡിറ്റോറിയല്‍

ആരെങ്കിലുമൊന്ന് കാലിഫോർണിയയിലെ യോർബ ലിൻഡയിലേക്ക് ചെന്ന് ആ റിച്ചാഡ് നിക്സനെ ഒന്ന്എഴുന്നേല്പിക്കണം. വന്‍ അഴിമതിയുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജി വയ്ക്കേണ്ടി വന്ന നിക്സന്, ഇന്ത്യയിലെ പുതിയ നീതിവിചാരങ്ങൾ അന്ന് കിട്ടിയിരുന്നെങ്കിൽ, കുഴിമാടത്തിൽപ്പോലും അവമതിയോടെ കിടക്കേണ്ട ഗതികേട് അങ്ങേർക്ക് വരില്ലായിരുന്നു.

വേറെയാരെങ്കിലും സ്റ്റോക്‌ഹോമിലേക്ക് ഒന്ന് പോണം. ആൽഫ്രെഡ് നൊബേലിനെ ഒന്ന് കാണാനാണ്. ഒരു പുതിയ ഇനം കൂടി നോബൽ സമ്മാനത്തിന് ചേർക്കണം എന്നാവശ്യപ്പെടാനാണ്- മഹത്തായ വിവേകത്തിനുള്ള നോബൽ സമ്മാനം; അല്ലാതെങ്ങനെയാണ് ലോകം ഇന്ത്യയില്‍ നിന്നുത്ഭവിച്ച ഈ ജ്ഞാനവിസ്ഫോടനത്തെയും ചരിത്രത്തിലെ നിർണായക ബോധോദയത്തേയും ആഘോഷിക്കുക? നിലവിലെ ശാസ്ത്ര ശാഖകൾക്കൊന്നും ഈ മഹാബുദ്ധിവൈഭവത്തെ ഉൾക്കൊള്ളാനുള്ള ശേഷിയില്ല

അറ്റോർണി ജനറൽ പരിശോധിച്ച് കൈക്കുറ്റപ്പാട് തീർത്ത്, പൊന്നപ്പനല്ല തങ്കപ്പൻ തന്നെ എന്ന് സാക്ഷ്യപ്പെടുത്തിയ സർക്കാരിന്റെ കൂട്ടായ വിവേകം, ലോകത്തെ ഏതാണ്ടെല്ലാ പ്രശ്നങ്ങൾക്കും അത്ഭുതകരമായ, എന്നാൽ ലളിതമായ പരിഹാരം കണ്ടെത്തിയ നിർണ്ണായകദിനമായി മാർച്ച് 6, 2019 ചരിത്രത്തിൽ രേഖപ്പെടുത്തും. രാജ്യത്തെ പരമ്മോന്നത ന്യായാസനത്തിനു മുന്നിൽ അദ്ദേഹം പ്രഖ്യാപിച്ചു: ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചതും മറ്റുള്ളവയുമായ റാഫേൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയതാണ്. അതായത് നിങ്ങൾ പലരും കരുതുന്ന പോലെ കൊണ്ടാടപ്പെടേണ്ട അന്വേഷണാത്മക മാധ്യമ ഷെർലക് ഹോംസ് കഥയല്ല അത്, വെറും കളവ് പോലുമല്ല, മോഷണമാണ്, തനി മോഷണം.

ഈ പുതിയ വിവേകം വളരെ ലളിതമാണ് എന്നു മനസിലായില്ലേ? മികച്ച മാധ്യമ പ്രവർത്തനം, ചിലർ വിമതപ്രവർത്തനം എന്ന് വിളിക്കുന്ന മിക്ക പ്രവർത്തികളും, വെറും മോഷണങ്ങൾ മാത്രമാണ്.

മാനവചരിത്രത്തിലുടനീളം വലിയ പൊല്ലാപ്പുകളായിരുന്ന മോഷണം, കവർച്ച, എന്നിങ്ങനെയുള്ള പ്രവർത്തികളെക്കുറിച്ചുള്ള തങ്ങളുടെ സർക്കാരിന്റെ അസാധാരണവും ചരിത്രപ്രധാനവുമായ കണ്ടുപിടിത്തത്തിൽ ദേശവാസികളെ ആനന്ദിപ്പിൻ, ആഘോഷിപ്പിൻ. വാസ്തവത്തിൽ ഈ പുതിയ ജ്ഞാനസിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ മാനവചരിത്രത്തിന്റെ ഗതിയെ ഇക്കണ്ട മോഷ്ടാക്കളൊക്കെ പലപ്പോഴായി അലങ്കോലപ്പെടുത്തുകയായിരുന്നു.

ഇന്ത്യയുടെ ഈ പുതിയ വിവേകഭാഷ്യം ചരിത്രം തിരുത്തിയെഴുതാൻ നിക്സനെ തീർച്ചയായും സഹായിക്കും. വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടർമാർ എന്ന ഭാവേന വന്ന രണ്ടു കള്ളന്മാരെ പിടിച്ചു നല്ല രണ്ടിടിയും കൊടുത്ത് അകത്തിടണം. വാട്ടർഗേറ്റ് അഴിമതി എന്ന ആ ചീത്തപ്പേര് കടലിലൊഴുക്കിക്കളയണം.

ഒരു പ്രത്യേക പ്രതിനിധി സംഘത്തെ നമുക്ക് റുവാണ്ടയിലേക്ക് അയക്കണ്ടെ? 1994-ലെ ഒരു വേനലിൽ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് എട്ടു ലക്ഷത്തിലേറെ മനുഷ്യരെ കൂട്ടക്കശാപ്പ് നടത്തിയെന്ന് ചില കവർച്ചക്കാർ സാമൂഹ്യ വിദ്വേഷത്തിന്റെ രഹസ്യ അലമാര കുത്തിപ്പൊളിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞു. എന്തൊരു നാണമില്ലാത്ത മോഷണം. ലജ്ജാഹീനരായ കള്ളന്മാർ.

നമ്മുടെ കാര്യാലയങ്ങളിലും പത്തായപ്പുരകളിലുമൊക്കെ കടന്നുകയറി രാജ്യത്തിന്റെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന രേഖകൾ മോഷ്ടിക്കുന്ന തസ്കരന്മാരെക്കുറിച്ച് നാം ലോകത്തെ അറിയിക്കേണ്ടതല്ലേ? ലോകത്ത് ഇങ്ങനെ ഒരുപാട് കളവുകൾ നടക്കുന്നുണ്ട്. സർക്കാരുകളും കോർപ്പറേഷനുകളും നേതാക്കളുമൊന്നും ഇതറിയാതെ പോവുകയാണ്. ഇന്ത്യയുടെ പുതിയ വിചാരവിപ്ലവം ലോകമാകെ പരക്കട്ടെ. കഴിഞ്ഞ നൂറ്റാണ്ടിൽ ഈ വിചാരധാര ലോകത്തിനു കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നൊന്നാലോചിക്കൂ. പെന്റഗൺ രേഖകളുടെ നാണക്കേടില്ലാതെ അമേരിക്കൻ സർക്കാരിന് വിയത്നാമിലെ യുദ്ധം തുടരാമായിരുന്നു. ലോകത്തെങ്ങുമുള്ള തങ്ങളുടെ രഹസ്യ കേന്ദ്രങ്ങളിൽ അന്യായ തടങ്കലും പീഡനവും നടത്തി രസിക്കാമായിരുന്നു. അയൽക്കാരനായ നവാസ് ഷെരീഫിന് അഴിമതിക്കുറ്റത്തിന് തടവിൽ കിടക്കാതെ നാട്ടരചനായി വാഴാമായിരുന്നു. വ്ലാദിമിർ പുട്ടിന് തന്റെ ആഗോള എതിരാളികളെ കൈകാര്യം ചെയ്ത് ഒതുക്കാമായിരുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാ ഭരണാധികാരികൾക്കും നാമീ വിവേകത്തിന്റെ വെളിച്ചമെത്തിക്കണം. എത്ര ശാന്തസുന്ദരമായൊരു ലോകമായിരിക്കുമത്!

ഈ മോഷ്ടാക്കൾ ലോകത്തുണ്ടാക്കുന്ന കുഴപ്പങ്ങളെന്തൊക്കെയാണ്.

നമ്മുടെ ചരിത്രത്തിൽ നിന്നും മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ഒരു ദേശീയപദ്ധതി തുടങ്ങണം. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായിരിക്കും അത്. ലോകത്തെ സംസ്കാരം പഠിപ്പിക്കാനുള്ള ഭാരം ഏറ്റെടുത്ത ആ സദ്ഗുണസമ്പന്നരായ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും അവരുടെ അവകാശം കട്ടെടുത്ത അർദ്ധ നഗ്നനായ ആ ഫക്കീറിൽ നിന്നുതന്നെ തുടങ്ങിയാലോ? നമ്മുടെ പുത്തൻ വിവേകത്തിന്റെ നടത്തിപ്പിന് വേണ്ട ആയുധമായ ഔദ്യോഗിക രഹസ്യ നിയമം അവരുടെ സൃഷ്ടിയായതിനാൽ നമ്മുടെ കൊളോണിയൽ യജമാനന്മാർക്കുള്ള തക്കതായ ആദരവുകൂടിയാകുമത്. നൂറ്റാണ്ടുകൾക്കപ്പുറവും നമ്മുടെ പ്രജ്ഞയെ ഊതിക്കത്തിക്കാൻ പാകത്തിൽ നിലകൊള്ളുന്ന ഈ ആയുധം നിർമ്മിച്ചുതന്ന ബ്രിട്ടീഷ് രാജിന്റെ ദീർഘദർശിത്വത്തിനു എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.

ചരിത്രത്തെ വെറുതെ വിടരുത്, ഭൂതക്കണ്ണാടി വെച്ച് നോക്കണം. ഈ രാജ്യം ഭരിക്കാനുള്ള ഇന്ദിരാഗാന്ധിയുടെയും അവരുടെ അനുചരവൃന്ദത്തിന്റെയും അവകാശത്തെ അടിയന്തരാവസ്ഥക്കാലത്ത് കട്ടെടുത്ത സകല കള്ളന്മാരെയും പിടിക്കണം. ഗുജറാത്തിലും മുംബൈയിലും ഡൽഹിയിലുമൊക്കെ ഒളിവിലിരുന്നുകൊണ്ട് ഭരണം തട്ടിയെടുക്കാൻ നോക്കിയ ചെറുപ്പക്കാരായിരുന്ന കള്ളന്മാർ.

എന്തൊരു തെളിച്ചമാണ് നമുക്കിപ്പോൾ… കുറച്ചു പോക്കറ്റടിക്കാർ, കവർച്ചക്കാർ, മോഷ്ടാക്കൾ അവരാണ് ഇക്കണ്ട അലങ്കോലങ്ങൾക്കെല്ലാം കാരണം. ഈ മഹത്തായ ആശയം ലോകമെങ്ങും പ്രചരിപ്പിക്കണം.

അഭിഭാഷകരിലും സാമൂഹ്യപ്രവർത്തകരിലുമുണ്ട് ഇത്തരത്തിലുള്ള കള്ളന്മാർ. അവരാണ് അടുത്തകാലത്ത് ഇത്തരത്തിൽ മോഷ്ടിച്ച രേഖകളുമായി വന്ന് ഇന്ത്യയിൽ വലിയ കുഴപ്പങ്ങളുണ്ടാക്കിയത്-2G അഴിമതി, കൽക്കരി അഴിമതി, അന്വേഷണത്തിലിരിക്കുന്ന പ്രതിയുമായി സിബിഐ മേധാവി പല ഏർപ്പാടുകളുമുണ്ടാക്കിയെന്ന സംഭവം, അങ്ങനെയെന്തൊക്കെ പൊല്ലാപ്പുകൾ. ഈ വിവാദങ്ങളൊന്നും കുത്തിപ്പൊക്കിയില്ലായിരുന്നുവെങ്കിൽ എത്ര ശാന്തസുന്ദരസുരഭിലമായേനെ ഈ ലോകം, സങ്കല്പിക്കുമ്പോൾ പോലും കുളിരുന്നില്ലേ?

അവസാനമായി ചെന്നൈയിലുള്ള ആ മനുഷ്യനെക്കുറിച്ചും രണ്ടു വാക്ക് പറയേണ്ടതുണ്ട്. നരസിംഹൻ റാം എന്ന എന്‍. റാം. അയാളൊരു സ്ഥിരം കുറ്റവാളിയാണ്. കൊടുംകളവുകൾ നടത്തുന്ന തസ്കരപ്രമാണി. നമ്മെ ഭരിക്കുന്ന മഹത്തായ, വിശുദ്ധരായ, കാര്യക്ഷമതയുള്ള ഈ സനാതന സർക്കാരിൽ നിന്നും പലതും മോഷ്ടിച്ചെടുക്കുന്ന അങ്ങനെ ചിലരുണ്ട്. ഇവരീ ടി വി ചാനലുകൾ കാണുകയോ, മറ്റു പത്രങ്ങൾ വായിക്കുകയോ, ഐക്യമത്യം മഹാബലം എന്ന് പാടുന്ന പുതിയ ഇന്ത്യയെക്കുറിച്ചുള്ള ദിനംതോറുമുള്ള ആഘോഷങ്ങൾ കാണുകയോ ഒന്നും ചെയ്യുന്നില്ലേ?

ഇത്രയും കാലം, റാമിന്റെ മറ്റൊരു വലിയ മോഷണത്തെ, ബോഫോഴ്സ് രേഖകളുടെ മോഷണത്തെ ആഘോഷിച്ചത് എന്തിനാണെന്ന് ആരെങ്കിലും നമ്മുടെ സനാതന കക്ഷിയുടെ നേതാക്കളോട് ഏതെങ്കിലും വിവരദോഷി ചോദിച്ചാല്‍, ഒട്ടും വൈകിക്കണ്ട അവനെ രാജ്യദ്രോഹിയാക്കി തുറുങ്കിലടച്ചേക്കൂ. അതെ, ഭരണകക്ഷിയെ ചോദ്യം ചെയ്യുന്ന ആരും രാജ്യദ്രോഹികളാണ്, മികച്ച മാധ്യമപ്രവർത്തനം എന്നൊന്നില്ല, മോഷണവും മോഷ്ടാക്കളും മാത്രമാണ്. ശാന്തിയും ഐശ്വര്യവും വിളയാടുന്നൊരു ഇന്ത്യക്കായി നമുക്കീ മോഷ്ടാക്കളെ തുരത്തേണ്ടിയിരിക്കുന്നു. അവർ ബുദ്ധിജീവികളും രാഷ്ട്രീയ വിമതരും, സാമൂഹ്യ പ്രവർത്തകരും, കടുത്ത വിമർശനമുന്നയിക്കുന്ന മാധ്യമ പ്രവർത്തകരും ഒക്കെയായി വരും. അത്തരം മോഷ്ടാക്കളെ ആസൂത്രിതമായി, ചിട്ടയായി തുടച്ചുനീക്കുക എന്നതാണ് സാമൂഹ്യപുരോഗതിയിലേക്കുള്ള രാജപാത എന്ന് നാം ഒന്നുകൂടി ഉറക്കെപ്പറയേണ്ടിയിരിക്കുന്നു.

രേഖകളുടെ ഫോട്ടോകോപ്പികള്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു എന്ന പുതിയ വിശദീകരണവും എ.ജി നടത്തിയിട്ടുണ്ട്. അതായത്, ആ കള്ളന്മാര്‍ രേഖകള്‍ അടങ്ങിയ സേഫ് മൊത്തത്തോടെ പൊക്കിക്കൊണ്ട് പോവുകയല്ല, മറിച്ച്, ഫോട്ടോസ്റ്റാറ്റ് എടുക്കുകയായിരുന്നുവത്രേ എന്നാണ് വിശദീകരണം. ഇതിനെ നമ്മള്‍ മാനിക്കണം, കാരണം, അദ്ദേഹം അത് അത്രയേറെ ഉറപ്പോടെ പറഞ്ഞതാകണം, ഫോട്ടോസ്റ്റാറ്റ്, ഫോട്ടോഷോപ്പ് എന്നിവയ്ക്കൊക്കെയുള്ള അനന്തസാധ്യതകള്‍  എത്രയോ മുമ്പ് തന്നെ ഈ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചവരാണ് ഈ സനാതന സര്‍ക്കാരിനു നേതൃത്വം നല്‍കുന്നവര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍